ക്ഷേത്രങ്ങൾ പൊതുസ്വത്ത് : സംഘപരിവാര കുതന്ത്രങ്ങൾ തിരിച്ചറിയണം
ലേഖനങ്ങൾ April 25, 2014
നിലപാടുകൾ : ഇ എം സതീശൻ
കേരളത്തിൽ സ്വകാര്യ-കുടുംബസ്വത്തുക്കളല്ലാത്ത എല്ലാ ക്ഷേത്രങ്ങളും നിയമസഭ പാസാക്കിയ ദേവസ്വം നിയമത്തിനുവിധേയമായി രൂപീകരിച്ച ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ക്ഷേത്ര നടത്തിപ്പ് ജനാധിപത്യപരവും സുതാര്യവുമാക്കുന്നതിന് ഈ സംവിധാനം പര്യാപ്തമാണ്. അഴിമതിയും കെടുകാര്യസ്ഥതയുമടക്കം പൊതുവായുള്ള പോരായ്മകളും പരിമിതികളും കണ്ടേക്കാമെങ്കിലും ജനങ്ങൾക്ക് പൊതുവേ സ്വീകാര്യമായ സംവിധാനമാണ് നിലവിലുള്ളതെന്നു പറയാം. എന്നാൽ, വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ നേതാക്കൾ ഇതിനെതിരാണ്. അവർ ചോദിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളുടെ ഭരണവും സ്വത്തുക്കളും കയ്യടക്കുന്ന സർക്കാർ എന്തുകൊണ്ടാണ് മുസ്ലിം – ക്രിസ്ത്യൻ ആരാധനാലയങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാത്തത്. മാത്രവുമല്ല, ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങിയ സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾക്കുവേണ്ടി സർക്കാർ വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച് സങ്കുചിത ഹൈന്ദവചിന്താഗതിക്കാരായ കുറെച്ചെങ്കിലും വിശ്വാസികളെ തങ്ങൾക്കനുകൂലമായി ഇളക്കിവിടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ഹീനവും സങ്കുചിതവുമായ വർഗീയ പ്രചരണങ്ങളിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
സ്വാതന്ത്ര്യത്തിനുമുമ്പുവരെ, കേരളത്തിൽ നാടുവാഴി – ജന്മി വ്യവസ്ഥയായിരുന്നുവല്ലൊ നിലനിന്നുപോന്നത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് സ്വത്തവകാശവും യാതൊരുവിധ പൗരാവകാശങ്ങളും അക്കാലത്ത് ഉണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവാറും എല്ലാ ക്ഷേത്രങ്ങളും രാജാക്കന്മാരുടേയോ ജന്മിമാരുടേയോ സ്വകാര്യ സ്വത്തുക്കളായിരുന്നു. ക്ഷേത്രങ്ങളുടെ പേരിൽ ഭൂസ്വത്തുക്കൾ എഴുതിവയ്ക്കുന്നതും അക്കാലത്ത് പതിവായിരുന്നു. രാജാധികാരം നാടുനീങ്ങിയതോടെ രാജാക്കന്മാരുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും പൊതുസ്വത്തുക്കളായി പരിണമിച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്. ജനായത്ത വ്യവസ്ഥ സംജാതമായതോടെ അങ്ങനെ നിർമിച്ച ക്ഷേത്രങ്ങളും അനുബന്ധ സ്വത്തുവകകളും പൊതുജനങ്ങളുടേതായി മാറി. ഇത്തരത്തിൽ കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളും സ്വത്തുക്കളും പരിപാലിക്കാനും നടത്തിക്കൊണ്ടുപോകാനുമാണ് ദേവസ്വം നിയമങ്ങളും ദേവസ്വം ബോർഡുകളും അതിനൊരു സർക്കാർ വകുപ്പും ഉണ്ടായത്.
കേരളത്തിൽ ഒരു ക്ഷേത്രം പോലും നിർബന്ധപൂർവ്വം സർക്കാർ കയ്യടക്കിയിട്ടില്ല. എല്ലാം നിലനിൽപ്പിന്റേയും നടത്തിപ്പിന്റേയും ഭാഗമായി സർക്കാർ അധീനതയിൽ വന്നു ചേർന്നതാണ്. രാജഭരണകാലത്ത് ജനങ്ങളുടെ നികുതിപ്പണംകൊണ്ട് നിലനിന്നിരുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളാണ് ജനായത്ത ഭരണക്രമത്തിൽ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിൽ വന്നത.് കൂടാതെ ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് അന്തിത്തിരികത്തിക്കാൻ പോലും വകയില്ലാതെ ഗതികേടിലായ ജന്മിമാരുടെ വക കുടുംബക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളും കാലക്രമത്തിൽ ദേവസ്വം ബോർഡുകളിൽ ചെന്നുചേർന്നു. വരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച് തിരികത്തിക്കാൻ വകയില്ലാത്ത സാധാരണ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന വലിയ ഉത്തരവാദിത്വമാണ് ദേവസ്വം ബോർഡുകൾ നിർവഹിച്ചുവരുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളും എല്ലാം പാലിച്ചുകൊണ്ട്, പ്രദേശവാസികളായ ഭക്തന്മാരുടെ ആഗ്രഹാഭിലാഷങ്ങൾക്കനുസരിച്ചാണ് എല്ലാ ദേവസ്വം വക ക്ഷേത്രങ്ങളും ഇന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യവും ജനാധിപത്യപരവും നിയമപരവുമായ പൊതുനിയന്ത്രണമാണ് ദേവസ്വം വക ക്ഷേത്രങ്ങൾക്കുള്ളത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് നിർമിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലുള്ള അപൂർവം ചില മഹാക്ഷേത്രങ്ങൾ, രാജഭരണം നാടുനീങ്ങിയ ഇന്നത്തെ കാലത്തും സ്വകാര്യ കുടുംബട്രസ്റ്റ് വകയായി നിലനിൽക്കുന്നു എന്നത് സ്മരണീയമാണ്. ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ നിർബന്ധപൂർവം ശ്രമിക്കുന്നില്ലെന്നതിനും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉദാഹരണമാണ്.
കേരള നിയമസഭയിൽ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ, “ദേവസ്വം ബോർഡുകൾ വഴി ലഭിക്കുന്ന വരവ്” എന്ന ഒരു `ഹെഡ്ഡ്` നിലവിലില്ല. അതിനർഥം ദേവസ്വം ബോർഡുകളുടെ വരവു-ചെലവുകൾ പൂർണമായും കൈകാര്യം ചെയ്യുന്നത് ദേവസ്വം ബോർഡുകളാണ് എന്നുതന്നെയാണ്. അതേസമയം ദേവസ്വംവകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും പൊതുഖജനാവിൽ നിന്നാണ് എന്ന കാര്യം വിസ്മരിക്കാനാവില്ല. കൂടാതെ, കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് വർഷംതോറും വൻതുകകൾ ധനസഹായമായി നൽകുന്നുണ്ട്. ഉദാഹരണത്തിന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് പ്രതിവർഷം 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകിവരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഹിന്ദുക്കൾ ക്ഷേത്രത്തിൽ നൽകുന്ന കാണിക്കയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാർ മറ്റാവശ്യങ്ങൾക്കായി ധൂർത്തടിക്കുകയാണെന്ന വാദം കല്ലുവെച്ച വലിയ നുണയാണെന്നാണ്. ഇക്കാര്യം വിശ്വാസികൾ തിരിച്ചറിയുകതന്നെ വേണം.
വർഗീയവാദികൾ വളരെ എളുപ്പത്തിൽ ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചോദ്യമാണ് `എന്തുകൊണ്ട് ക്രിസ്ത്യൻ-മുസ്ലിം ദേവാലയങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നില്ലാ` എന്നത്. നിരർഥകമായ ഒരു പ്രകോപനമാണിത്. കേരളത്തിൽ അധികപക്ഷവും ഭരണം നടത്തിയത് ഹിന്ദു വിശ്വാസികളായ രാജാക്കന്മാരാണെന്ന് ചരിത്രം പഠിച്ചവർക്കറിയാം. കണ്ണൂരിൽ ഒരു അലിരാജ ഒഴിച്ചാൽ, കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം രാജഭരണം നിലനിന്നിട്ടില്ല. അതുകൊണ്ട് രാജഭരണത്തിന്റെ ഭാഗമായി നിർമിച്ച, പൊതുഖജനാവിൽ നിന്ന് പണം മുടക്കി ഉണ്ടാക്കിയ പള്ളികളോ മോസ്കുകളോ കേരളത്തിൽ ഉണ്ടായിരുന്നില്ല. വിശ്വാസികൾ സ്വന്തം ചെലവിലും അധ്വാനത്തിലും പണിതുയർത്തിയ പള്ളികളും മോസ്കുകളുമാണ് കേരളത്തിലുള്ളത്. അവയുടെ മേൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ, രാജഭരണത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രങ്ങൾ, ജനായത്ത വ്യവസ്ഥയിൽ സർക്കാരിന്റെ ഭാഗമായതോടെ, അവയെ നിലനിർത്താനും കൊണ്ടുനടക്കാനുമുള്ള സാമൂഹ്യവും നിയമപരവുമായ സംവിധാനമായി ദേവസ്വം ബോർഡുകൾ സ്വാഭാവികമായി രൂപീകരിക്കപ്പെടുകയാണുണ്ടായത്.
സ്വകാര്യ മുസ്ലിം-ക്രിസ്ത്യൻ ദേവാലയങ്ങൾ ഉള്ളതുപോലെ വ്യക്തികളുടേയും വിവിധ ജാതിസംഘടനകളുടേയും നിരവധി ക്ഷേത്രങ്ങൾ ഇന്നുകേരളത്തിലുണ്ട്. എൻ എസ് എസ്, എസ് എൻ ഡി പി പോലുള്ള ജാതിസംഘടനകളുടെ കൈവശം നൂറുകണക്കിന് വൻ ആസ്തിവകകളുള്ള ക്ഷേത്രങ്ങൾ ഉള്ളതായി നമുക്കറിയാം. അവയെല്ലാം അതത് സമുദായാംഗങ്ങൾ സ്വന്തം ചെലവിൽ പണംമുടക്കി നിർമിച്ചു പരിപാലിച്ചു പോരുന്നവയാണ്. അത്തരം ആരാധനാലയങ്ങളൊന്നും ദേവസ്വം ബോർഡുകളുടേയോ സർക്കാരിന്റേയോ നിയന്ത്രണങ്ങളിൽ വരുന്നില്ല എന്ന കാര്യം മറക്കരുത്.
സർക്കാർ വക ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്പിക്കണമെന്നാണ് സംഘപരിവാർ വർഗീയവാദികൾ ആവശ്യപ്പെടുന്നത്. ഇത് ജനാധിപത്യവിരുദ്ധമായ ആശയമാണ്. കാരണം, കേരള നിയമസഭയിലെ ഹിന്ദുമതക്കാരായ അംഗങ്ങൾ വോട്ടുചെയ്ത് ഭൂരിപക്ഷം ലഭിക്കുന്നവരാണ് ദേവസ്വം അംഗങ്ങളായി നിയമിക്കപ്പെടുന്നത്. ദേവസ്വം അംഗങ്ങൾ നിയമവിധേയമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ്. നിയമത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും നടക്കുന്ന വെട്ടിപ്പുകളും തട്ടിപ്പുകളും ഇന്ന് അങ്ങാടിപ്പാട്ടാണ്. അതുപോലെ, കേരളമാകെ ക്ഷേത്രനടത്തിപ്പ് കയ്യടക്കിവെച്ച സംഘപരിവാരത്തിന് സർവതന്ത്രസ്വതന്ത്രമായി ക്ഷേത്രങ്ങളുടെ ഭരണം വിട്ടുനൽകി വിശ്വാസവാണിഭവും വെട്ടിപ്പും വ്യാപകമാക്കാൻ അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്പിക്കണമെന്നു പറയുന്നതിലൂടെ സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന് വിവേകമുള്ളവർ തിരിച്ചറിയണം.
No comments:
Post a Comment