Thursday, April 17, 2014

വീയെസ് മലപ്പുറത്തെ കുറിച്ച് പറഞ്ഞത്

മലപ്പുറത്തെ കുട്ടികൾ മുഴുവൻ കോപ്പി അടിച്ചാണ് പരീക്ഷ പാസാകുന്നത് എന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ടോ?

ഇപ്പോഴും മുസ്ളീം ലീഗുകാർ അടക്കം വി.എസിന് എതിരെ ഉന്നയിക്കുന്ന ഒരു ആരോപണമാണത്. ഈയിടെ മലപ്പുറം ജില്ലയിൽ വി.എസ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വലിയ ജനസാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതേ തുടർന്ന് വീണ്ടും ആ പഴയ പ്രചരണം ആവർത്തിച്ചു തെറ്റിദ്ധാരണ പടർത്താൻ ആണ് ചിലര്‍ ശ്രമിക്കുന്നത്.

2005-ലെ എന്‍ട്രന്‍സ്‌ പരീക്ഷാ ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് "അന്വേഷണം നടത്തണം" എന്നുമാത്രമാണ് വി.എസ് പറഞ്ഞത്. ഏതു സന്ദര്‍ഭത്തില്‍ ആണ് വി.എസ് അങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.


മുസ്ലീം ലീഗ് നേതാവ്‌ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്ട്രോളര്‍ ആയ അല്‍ഫോന്‍സ് കണ്ണന്താനം കേരളാ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ വിദ്യാഭാസ കച്ചവടങ്ങളും അഴിമതികളും കൊടികുത്തിവാണ സമയമായിരുന്നു 2001-2004 കാലഘട്ടം. അതെ തുടര്‍ന്ന് നാലകത്ത് സൂപ്പിക്ക് മന്ത്രിസ്ഥാനം രാജിവേക്കെണ്ടിയും വന്നു. പിന്നീട് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറായിട്ടും ഇല്ല..


വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആയ അല്‍ഫോന്‍സ് കണ്ണന്താനം സൂപ്പിക്കെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സമ്പന്നരുടെ മക്കള്‍ നേടുന്ന അവിഹിത വിജയത്തെ കുറിച്ചുള്ള അന്വേഷണം ആണ് താന്‍ ആവശ്യപ്പെട്ടത്. ഒരു പ്രത്യേക സമുദായത്തെയോ, വിഭാഗത്തെയോ മാത്രം ഉദ്ദേശിച്ചല്ല. വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ഉണ്ടായ ഗുരുതരമായ ആരോപണങ്ങളെ കുറിച്ചും പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത് എന്നും പിന്നീട് വി.എസ് വിശദീകരണം നൽകിയിരുന്നു.


2006-മാര്‍ച്ചില്‍ പരീക്ഷ ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് മലപ്പുറത്തെ കുട്ടികളുടെ വിജയത്തെ പ്രത്യേകമായി തന്നെ അനുമോദിച്ചിരുന്നു. 2006-ലെ 46% ശതമാനത്തില്‍ നിന്ന് 2010 ആയപ്പോഴേക്കും 86% ആയി മലപ്പുറത്തെ വിജയശതമാനം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് 2010 ഏപ്രില്‍-11-ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് മലപ്പുറം ജില്ലയിലെ കുട്ടികളുടേത് കഠിനാധ്വാനത്തിന്റെ വിജയം എന്നാണ്.
ഇക്കാലത്ത് തന്നെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത്‌ സൂപ്പിയെ സി.ബി.ഐ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതും, ഡെപ്യൂട്ടി ഡയറക്ടര്‍ വി. സാനുവിനെ അറസ്റ്റ്‌ ചെയ്യുന്നതും എല്ലാം. ലക്ഷങ്ങള്‍ കോഴ വാങ്ങിയുള്ള പ്ലസ്‌ ടൂ സീറ്റ്‌ കച്ചവടത്തിന്റെ പേരില്‍ അക്കാലത്ത്‌ നിരവധി കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. മലബാര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പീലിക്സിനോസിനോട് ബി- എഡ്‌ കോളേജുകള്‍ അനുവദിക്കുന്നതിന് വേണ്ടി സിറ്റിംഗ് എം.എല്‍.എ-മാര്‍ അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കള്‍ നിര്‍ബന്ധതിതമായി കോഴ ആവശ്യപ്പെടതും, ഇതിന്‍റെ പേരില്‍ ചിലരെ അറസ്റ്റ്‌ ചെയ്തതും ഈ കാലയളവില്‍ തന്നെയാണ്. ഈ വിവരം പത്രക്കാരുടെയും, മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയ മാര്‍ പിലിക്സിനോസിനെ പെരുന്തല്‍മണ്ണ-യിലെ ഒരു പരിപാടിയില്‍ വച്ച് വര്‍ഗീയ വാദി എന്നാണ് അന്നത്തെ ലീഗ് മന്ത്രി വിശേഷിപ്പിച്ചത്.
ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദികള്‍ എന്ന ലേബല്‍ ഒട്ടിച്ച്, ലീഗ് എന്നാല്‍ സമുദായം ആണ് എന്ന രീതിയില്‍ ഉള്ള പ്രചരണം ആണ് കാലാകാലങ്ങളില്‍ അവര്‍ നടത്തിപ്പോരാറുള്ളത്. അപേക്ഷ നല്‍കാത്ത 18 വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന് പ്രവേശനം നല്‍കണമെന്ന് മന്ത്രി സൂപ്പി തന്നോട് ആവശ്യപ്പെട്ടതായി അഴീക്കോട്ടെ സീതി സാബിബ് സ്മാരക ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ അബ്ദുള്‍ കരീം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതും ആ സമയത്ത് തന്നെയായിരുന്നു.


മലബാറില്‍,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ ലീഗ് നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ വിപ്ളവം സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളക്കച്ചവടം മാത്രമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. മെഡിക്കല്‍-എന്‍ജിനിയറിങ്, അപ്ളൈഡ് സയന്‍സ് - മാനേജ്‌മെന്റ് തലത്തില്‍ ഒരൊറ്റ പൊതുസ്ഥാപനംപോലും മലപ്പുറത്ത് കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല. ബിഎഡ് കോളേജുകളും, ട്രെയിനിംഗ് സ്കൂളുകളും, സ്വകാര്യഏയ്‌ഡഡ്‌ സ്ഥാപനങ്ങളും എല്ലാം വ്യക്തികള്‍ക്ക് പതിച്ചുനല്‍കി പണത്തോട് ഉള്ള പ്രതിബദ്ധത കാട്ടുകയാണ് മന്ത്രിമാര്‍ ചെയ്തത്. ഈയിടെ വ്യവസായ മന്ത്രിയുടെ നാട്ടില്‍ അനുവദിച്ച സര്‍ക്കാര്‍ കോളേജ് ചില ലീഗ് നേതാക്കളുടെ താല്‍പര്യപ്രകാരം സ്വകാര്യ മേഘലയില്‍ അനുവദിക്കുകയാണ് ചെയ്തതും..


(Sreejith Kondotty)

No comments:

Post a Comment