Saturday, October 26, 2013

ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം

Oliyambukal Maareechan
ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം... (ആദ്യത്തേതും അവസാനത്തേതും)...
=================================================
2007 ഒക്ടോബര്‍ 27. അന്നാണ് സിംഗപ്പൂരില്‍ കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടോ, എന്നന്വേഷിച്ച് സിംഗപ്പൂരിലെ Accounting and Corporate Regulatory Authority (ACRA)യ്ക്ക് ഒരു മെയിലയച്ചത്. നവംബര്‍ 1ന് മറുപടി വന്നു. ആ മറുപടി ഇതാ...

Dear Sir/Madam,

I refer to your email below.

Our record does not show the name requested. Please re-confirm the company's name.

You may want to search for the business name under 'Directory of Companies/Businesses/Limited Liability Partnership/Public Accounting Firm names' in the Bizfile at www.bizfile.gov.sg.

If you require further assistance, please do not hesitate to e-mail us. We will do our best to assist you.

Please be informed that this feedback box will no longer be in use. If you have any enquiry on ACRA services, please visit our interactive web service at www.acra.gov.sg/askacra.

You may contact the ACRA helpdesk at 62486028 if you encounter any problems with Bizfile. The Helpdesk is available daily from 7am to 12 midnight (including Sundays and Public Holidays).

Thank you.

Warmest Regards,

Rusiah Yusof (Ms)
Customer Service Officer | Client Contact Centre | Accounting and Corporate Regulatory Authority (ACRA)
DID:(65)6248 6028 | Fax:(65)6225 1676 | Homepage: http://www.acra.gov.sg/

ACRA - providing a responsive and trusted regulatory environment for businesses and public accountants.

പറഞ്ഞുവന്നത്, അടക്കാനാവാത്ത ജിജ്ഞാസയോടും കൗതുകത്തോടും കൂടി ലാവലിന്‍ കേസിന്‍റെ പുറകെ കൂടിയിട്ട് വര്‍ഷം ആറു പിന്നിടുന്നു.

സിംഗപ്പൂരിലെ കമല ഇന്‍റര്‍നാഷണല്‍ ആരുടെ സ്ഥാപനമാണെന്ന് വ്യക്തമാക്കണമെന്ന് 2006 ഫെബ്രുവരി 21ന് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആവശ്യപ്പെട്ട വിവരം തൊട്ടുപിറ്റേന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അഡ്വ. കെ. രാംകുമാര്‍ മുഖേനെ 2006 ഏപ്രില്‍ 5ന് ക്രൈം നന്ദകുമാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതിലെ ആരോപണം ഇതായിരുന്നു.

>>>സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പേരിലുളളതാണ്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്ന ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പു നിര്‍വഹിക്കുന്നത് പിണറായി വിജയന്‍റെ മകനും ഇംഗ്ലണ്ടില്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയുമായ വിവേക് തൈക്കണ്ടിയാണ്. <<<<

ഇങ്ങനെയൊരു കമ്പനിയുണ്ടെങ്കില്‍ അതിനൊരു കോര്‍പറേറ്റ് ഓഫീസുണ്ടാകണം. അതിനു വിലാസം വേണം. സിഇഒയും എംഡിയും ഉണ്ടാകണം. എന്താണ് എക്സ്പോര്‍ട്ടു നടത്തുന്നത് എന്നറിയണം. ബാലന്‍സ് ഷീറ്റു വേണം. പണച്ചെലവും മറ്റധ്വാനങ്ങളുമില്ലാതെ അതേക്കുറിച്ചന്വേഷിക്കാനുളള ഏറ്റവും എളുപ്പ മാര്‍ഗം ഇന്‍റര്‍നെറ്റാണ്. അന്വേഷണത്തിനിടെയാണ് സിംഗപ്പൂരിലെ രജിസ്റ്റേഡ് കമ്പനികളെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിക്കാനുളള വെബ് സൈറ്റിന്‍റെ ലിങ്കു ലഭിച്ചത്. മെയിലയച്ചു. മറുപടിയും കിട്ടി. ആ മറുപടിയാണ് മേലുദ്ധരിച്ചത്.

ക്രൈം നന്ദകുമാറിന്‍റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം കമല ഇന്‍റര്‍നാഷണലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരും അന്വേഷിച്ചു. സിംഗപ്പൂരില്‍ ഇങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് സിംഗപ്പൂര്‍ ഫോറിന്‍ ടാക്സ് ഡിവിഷന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസിനെ (CBDT) അറിയിച്ച വിവരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍ നായര്‍ സത്യവാങ്മൂലമായി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് 2008 ജൂലൈ 24ന്. 2007 നവംബര്‍ 1ന് ഞാനറിഞ്ഞ വിവരം എട്ടു മാസങ്ങള്‍ക്കു ശേഷം കേരള ഹൈക്കോടതിയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

പിണറായി വിജയനെക്കുറിച്ച് നിയമസഭയിലും കേരള ഹൈക്കോടതിയിലും ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ നിജസ്ഥിതി നേരിട്ടു ബോധ്യപ്പെട്ട മുഹൂര്‍ത്തമാണിത്. ആരോപണങ്ങളും പ്രചരണങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍, ഒരു കൗണ്ടര്‍ ചെക്കു നടത്തി നോക്കണമെന്നു തോന്നാന്‍ വലിയ ബുദ്ധിവൈഭവവും ഗവേഷണത്വരയുമൊന്നും വേണ്ട. സിംഗപ്പൂരിലെ കമ്പനിയെക്കുറിച്ചു ആരോപണമുയരുമ്പോള്‍ ആ കമ്പനിയുടെ വിലാസമെങ്കിലും അന്വേഷിച്ചറിയാന്‍ മെനക്കെടാത്തവര്‍ക്ക് എന്തൊക്കെ യോഗ്യതയുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന് പറ്റിയവരല്ല. അവരെഴുതിവിടുന്ന വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമാണ് പ്രചരണ സാഹിത്യം എന്ന വിശേഷണം ചേരുക. അവയുടെ മറുവശം തേടുന്നതിനല്ല.

ഇങ്ങനെയൊക്കെ ചിന്തിക്കാനുളള ശേഷി ലോകത്ത് എനിക്കു മാത്രമൊന്നുമല്ല. 2009ല്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്ന കാലത്ത് ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അതു മനസിലാകും. കിരണും സൂരജും മൂര്‍ത്തിയും പ്രശാന്ത് ആലപ്പുഴയുമൊക്കെയുണ്ടായിരുന്ന സംഘമാണ് ലാവലിന്‍ രേഖകളും ഫയലുകളും വെളിപ്പെടുത്തലും കീറി മുറിച്ചു പഠിക്കാനിരുന്നത്. സൂരജും ഞാനും കൂടിയാണ് ഫയലുകള്‍ വല്ലതും കിട്ടുമോന്നറിയാന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്. ചിലതൊക്കെ കിട്ടി. സംശയങ്ങള്‍ ആധികാരികമായിത്തന്നെ വിശദീകരിച്ചുതരാന്‍ കെല്‍പ്പുളള ചിലരെ പരിചയപ്പെട്ടു. ജീവിതത്തിലെ വിലപ്പെട്ട സൗഹൃദങ്ങളായാണ് അതു പിന്നീട് വികസിച്ചത്.. സൂരജിനും എനിക്കും മറ്റു പലര്‍ക്കും...

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്നതിനെ തുടര്‍ന്ന് പരേതനായ അങ്കിളിന്‍റെ ബ്ലോഗിലാണ് ലാവലിന്‍ കേസിനെ സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നത്. ആ ചര്‍ച്ച ഒന്നു കൂടി വെളിപ്പെടുത്തി. ഞങ്ങളുടെ സംഘം മാത്രമല്ല, ഈ അന്വേഷണത്തിനിറങ്ങിയത്. പഠിക്കാനും വാദിക്കാനും ശക്തമായി അണിനിരന്ന ജിവി, അഭിലാഷ് അട്ടേറ്റില്‍, ഫല്‍ഗുണന്‍ തുടങ്ങിയവരെ അന്നും ഇന്നും വ്യക്തിപരമായി അറിയില്ല. പക്ഷേ വിവരങ്ങള്‍ അന്വേഷിക്കാനും യുക്തിപൂര്‍വം കാര്യങ്ങള്‍ പഠിക്കാനും വേറെയും ആളുകളുണ്ടെന്ന് അറിഞ്ഞതോടെ വാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. സുനില്‍ കൃഷ്ണന്‍, വിജി പിണറായി, വിനോദ് നാരായണന്‍, നൊടിച്ചില്‍, രാമകുമാര്‍, പ്രതീഷ് പ്രകാശ് അങ്ങനെ എത്രയോ പേരെ ഈ ജനുസില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എനിക്കറിയാത്തതും പരിചയപ്പെടാത്തതുമായ മറ്റെത്രയോ പേര്‍... സര്‍വ മാധ്യമങ്ങളും രൂപപ്പെടുത്തിയ പൊതുബോധത്തിനെതിരെ അണിനിരക്കുമ്പോള്‍ സമാന മനസ്കരെ കണ്ടുമുട്ടുന്നത് സന്തോഷപ്രദമായ അനുഭവമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും പക്ഷം പറയാന്‍ അണിനിരന്നവരില്‍ എനിക്കേറ്റവും ബഹുമാനം തോന്നിയിട്ടുളളത് പ്രശാന്ത് ആലപ്പുഴയോടാണ്. അതിനു കാരണമുണ്ട്. സിപിഎം, സിപിഐ പക്ഷം പിടിച്ച് പോരുകോഴികളെപ്പോലെ തമ്മില്‍ത്തല്ലുമ്പോഴും ലാവലിന്‍ വിവാദത്തെ ഒരു മുന്‍വിധിയുമില്ലാതെ പരിശോധിക്കാനും ചര്‍ച്ചകളില്‍ ഇടപെടാനും എന്നും പ്രശാന്ത് മുന്നിലുണ്ടായിരുന്നു. സിപിഎമ്മിനോട് പലകാര്യങ്ങളും വിയോജിപ്പും വിമര്‍ശനവും തുറന്നു പറയുമ്പോഴും ലാവലിന്‍ കേസു സംബന്ധിച്ച് അദ്ദേഹം പുല‍ര്‍ത്തുന്ന ക്ലാരിറ്റി ഉജ്ജ്വലവും സമാനതകളില്ലാത്തതുമാണ്.

ഇപ്പോഴിതൊക്കെ എഴുതുന്നത് ചരിത്രത്തില്‍ കുറേ കസേരകള്‍ വട്ടത്തിലിട്ട് ഒരു ഒരു സംഘത്തിനൊപ്പം അതില്‍ കേറിയിരിക്കാനുളള കൊതികൊണ്ടല്ല. "പിണറായി ഭക്തന്‍", "പിണറായി ഫാന്‍", "പിണറായിയുടെ സിന്‍ഡിക്കേറ്റ്", "പിണറായിയുടെ കൂലിയെഴുത്തുകാരന്‍" എന്നീ ചെല്ലപ്പേരുകള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കിട്ടിത്തുടങ്ങിയിട്ട് കൊല്ലം കുറെയായി എന്ന് ചിലരെ ഓര്‍മ്മിപ്പിക്കാനാണ്. ആ ലേബലിനെ അന്നും പേടിക്കുന്നില്ല, ഇന്നും. സിപിഐ പക്ഷപാതം തുറന്നു പ്രകടിപ്പിക്കുന്ന പ്രശാന്ത് ആലപ്പുഴയെ ആ ലാവലിന്‍ ലേബല്‍ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. എന്നിരിക്കെ, അതു പൊക്കിക്കാണിച്ച് എന്‍റെ എഴുത്തിന്‍റെ രീതിയും ശൈലിയും മാറ്റാമെന്നോ, ആക്ഷേപിച്ച് നാണം കെടുത്തി നിശബ്ദനാക്കാമെന്നോ കരുതുന്നുവെങ്കില്‍, മെനക്കെടുന്നത് വെറുതേയാണ്.

അവതരിപ്പിക്കുന്ന യുക്തിയ്ക്കോ അതിനാധാരമാക്കുന്ന വസ്തുതകളിലോ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്താന്‍ ഒരു മടിയുമില്ല. തെറ്റുസമ്മതിച്ച് ആരുടെ മുന്നിലും തലകുനിക്കാന്‍ വൈക്ലബ്യവുമില്ല. പക്ഷേ, ഫേസ് ബുക്കിലോ ഗൂഗിള്‍ പ്ലസിലോ ആക്ടീവായ ഒരു അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ എപ്പോഴൊക്കെയോ സമാനമായ ചില രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും കരുതി തലയ്ക്കു മീതെ കസേര വലിച്ചിട്ടിരുന്ന് ചിന്താരീതി ഡിക്ടേറ്റു ചെയ്യാമെന്ന മോഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതങ്ങു മനസില്‍ വെച്ചാ മതി.

"നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്", "നല്ല കഴിവൊക്കെയുളള ആളല്ലേ, കുറേക്കൂടി മികച്ച രീതിയില്‍ കാര്യങ്ങള്‍ പറയൂ", "സ്ക്കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കിടന്ന് തെറിവിളിക്കേണ്ട ആളല്ല നിങ്ങള്‍" എന്നൊക്കെയുളള ഉപദേശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പിന്നില്‍ പതിയിരിക്കുന്നത് സ്നേഹത്തിന്‍റെയോ സൗഹൃദത്തിന്‍റെയും ജനാധിപത്യബോധത്തിന്‍റെയും ഊഷ്മളതയല്ല, 'എന്‍റെ മുന്‍വിധിയ്ക്കൊപ്പിച്ചാണ് നീയെഴുതേണ്ടത്' എന്ന ആജ്ഞുടെ പിച്ചാത്തിമുനയാണ് എന്നു തിരിച്ചറിയാനുളള പഠിപ്പൊക്കെ ഇതിനകം തികഞ്ഞിട്ടുണ്ട്. അതിനു വഴങ്ങി അഭിപ്രായം പറയാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. വിമര്‍ശിക്കുന്നവരോടോ തെറി വിളിക്കുന്നവരോടോ ഏതെങ്കിലും നിലയിലൊക്കെ സംവദിക്കാം. പക്ഷേ, ഈ മനോഭാവവുമായി ഇറങ്ങുന്നവരോട് വയ്യ...

വിമര്‍ശിക്കാം. അതെത്ര കഠിനമോ ക്രൂരമോ ആയ ഭാഷയിലാവട്ടെ, സ്വാഗതം ചെയ്യുന്നു. പക്ഷേ, എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും എങ്ങനെ ചിന്തിക്കണമെന്നും ദയവായി ഉപദേശിക്കരുത്. ഏതുതരത്തിലായാലും അതൊരു കല്‍പ്പനയാണ്. വഴങ്ങാനും സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും സൗകര്യമില്ല... സോറി...

ലാവലിന്‍ കേസിനെക്കുറിച്ച് നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചകളുടെ നിഗമനങ്ങള്‍ ക്രോഡീകരിച്ച് സെബിന്‍ തയ്യാറാക്കിയ വിശദമായ ചോദ്യോത്തരം അദ്ദേഹത്തിന്‍റെ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെബിന്‍ തന്നെ അതു കൂടുതല്‍ വിപുലപ്പെടുത്തി ഉടന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ലാവലിന്‍ കേസിനെ സംബന്ധിക്കുന്ന വസ്തുതാപഠനം സൈബര്‍ മീഡിയയില്‍ ഇത്രത്തോളം വികസിക്കുമ്പോള്‍, തുടക്കം മുതല്‍ അതില്‍ സജീവമായി സഹകരിച്ചവരില്‍ ഒരാളെന്ന നിലയില്‍ എനിക്ക് ചെറുതല്ലാത്ത അഭിമാനബോധമുണ്ട്.

കാര്യങ്ങള്‍ അങ്ങനെയൊക്കെയിരിക്കെ, ലാവലിന്‍ കേസിനെ അറിയാനും പഠിക്കാനും ഇനിയൊരു ട്യൂഷന്‍ മാസ്റ്ററുടെ സഹായം ആവശ്യമില്ല. അതേത് ന്യൂജെനറേഷന്‍ കാറല്‍ മാര്‍ക്സായാലും.
http://www.bizfile.gov.sg/
https://www.facebook.com/oliyambukal/posts/404002469728890