പത്മനാഭ ക്ഷേത്രത്തിലെ ശ്രീഭണ്ഡാരം ചരിത്ര പൈതൃകം
ഡോ. കെ എന്‍ ഗണേശ്
ഒരു സുപ്രീംകോടതി വിധിപ്രകാരം തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ വമ്പിച്ച സ്വര്‍ണശേഖരം ഒരു ചര്‍ച്ചാവിഷയമാണ്. സ്വര്‍ണശേഖരം ക്ഷേത്രത്തിന്റെ സമ്പത്താണെന്നും രാജാവിന്റെ സമ്പത്താണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതിനെ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും ഒരു ദേശീയ മ്യൂസിയമായി നിലനിര്‍ത്തണമെന്നുമുള്ള അഭിപ്രായങ്ങള്‍ ചരിത്രകാരന്മാരും ജനാധിപത്യവാദികളായ വ്യക്തികളും സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. ഒരുലക്ഷം കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണശേഖരം എന്തു ചെയ്യണമെന്നതിനും ചര്‍ച്ചകള്‍ നടക്കുന്നു.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മുതല്‍ ബിപിഎല്ലില്പ്പെട്ടവരുടെ ആരോഗ്യപരിപാലനം വരെ നിരവധി നിര്‍ദ്ദേശങ്ങള്‍ വരുന്നു. സ്വര്‍ണശേഖരത്തിന്റെ മതിപ്പുവിലയെക്കുറിച്ച് ഊഹാപോഹങ്ങള്‍ നിരവധിയാണ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇന്നത്തെ കമ്പോളവിലയനുസരിച്ചുള്ള മതിപ്പുകണക്കുകളാണ് അവയെല്ലാം. ചരിത്രപരമായ പ്രാധാന്യമുള്ള ഇത്തരം ശേഖരത്തിന് കമ്പോള സമ്പദ്വ്യവസ്ഥയുടെ മാനദണ്ഡങ്ങളല്ല ഉപയോഗിക്കേണ്ടത്. നാടിന്റെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടാനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ഉപാധിയായി ആകസ്മികമായി കണ്ടെത്തിയ ഇത്തരം ശേഖരങ്ങളെ കണക്കാക്കുന്നത് യുക്തിസഹമല്ല. ഇത്തരമൊരു ശേഖരത്തിന്റെ ചരിത്രപരമായ വേരുകള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.
തിരുവിതാംകൂര്‍ രാജാവും ക്ഷേത്രവും
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് പത്മനാഭക്ഷേത്രം. വൈഷ്ണവരുടെ "പാടല്‍പെറ്റ തിരുപ്പതികള്‍" എന്നു പറയുന്ന 108 ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ചുരുങ്ങിയത് ആയിരം വര്‍ഷമെങ്കിലും പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്റെ വളര്‍ച്ചയും വേണാട്ടില്‍ നാടുവാഴിത്തത്തിന്റെ വളര്‍ച്ചയും സമാന്തരമായാണ് മുന്നോട്ടുപോകുന്നത്.
13-ാം നൂറ്റാണ്ടിന്റെ ആദ്യം ക്ഷേത്രത്തിന്റെ ഭരണം എട്ടരയോഗം എന്ന സഭയുടെ കീഴില്‍ വന്നു. പോറ്റിമാരും ശ്രീകരണം പള്ളിയാടി എന്ന ഉദ്യോഗസ്ഥനും രാജാവും ചേര്‍ന്നതായിരുന്നു ഈ സഭ. വേണാട്ട് തൃപ്പാപ്പൂര്‍ കോവിലകത്തിലെ മൂത്ത തിരുവടിക്ക് ക്ഷേത്രത്തില്‍ നിയന്ത്രണപരമായ സ്ഥാനം ഉറപ്പുവരുത്തി. പിന്നീട് നടന്ന ക്ഷേത്രസംബന്ധിയായ എല്ലാ തീരുമാനങ്ങളിലും തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുത്തിരുന്നു. ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ വേണാട്ടിലെ മറ്റു കോവിലകങ്ങളിലെ തിരുവടികളും ക്ഷേത്രയോഗങ്ങളില് പങ്കെടുക്കാറുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉല്സവങ്ങള് രാജ കല്പനയനുസരിച്ചാണ് നടത്തിയിരുന്നത്. അതേസമയം ക്ഷേത്രയോഗങ്ങളിലെ തീരുമാനം കൂട്ടായ തീരുമാനമായിരുന്നതുകൊണ്ട് പോറ്റിമാര്‍ക്കും തുല്യസ്ഥാനമാണുണ്ടായിരുന്നത്.
ശ്രീഭണ്ടാരത്തിന്റെ വികാസം
ക്ഷേത്രം ആദ്യകാലംമുതല്‍ ധാരാളം തീര്‍ത്ഥാടകരെ ആകര്‍ഷിച്ചിരുന്നു. ഇവര്‍ ധാരാളമായി സമ്പത്ത് ദാനം ചെയ്യുകയും പതിവായിരുന്നു. ക്ഷേത്രത്തിന്റെ ആദ്യകാലംമുതല്‍ വണിക്കുകളും നാടുവാഴികളും മറ്റു തീര്‍ത്ഥാടകരും ദാനം ചെയ്തുപോന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ രേഖകളിലുണ്ട്. ഇവയെല്ലാം സൂക്ഷിച്ചുവെയ്ക്കുകയും ക്ഷേത്രാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയുമായിരുന്നു ചെയ്തുപോന്നത്.സ്വര്ണ്ണപ്പണയത്തിന്മേല് കൃഷി ചെയ്യാനുള്ള ഭൂമി പതിച്ചുകൊടുക്കുകയും അതില്‍നിന്നുള്ള ഉല്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രച്ചെലവ് നടത്തുകയുമായിരുന്നു സാധാരണപതിവ്. ഇങ്ങനെ കൊടുക്കപ്പെട്ട ഭൂമിയുടെ ഈടായി സ്വര്‍ണം ശ്രീഭണ്ടാരത്തില് സൂക്ഷിച്ചുവെച്ചു.
15-ാം നൂറ്റാണ്ടോടെ ക്ഷേത്രഭൂമികള്‍ മുഴുവന്‍ രണ്ടായി വേര്‍തിരിക്കപ്പെട്ടു. ശ്രീപണ്ടാര കണക്കും നിത്യനടച്ചെലവു കണക്കും. ശ്രീപണ്ടാരം വഴി നടത്തുന്ന ക്ഷേത്രച്ചെലവുകള്ക്കു വേണ്ടിവന്ന ഭൂമികളാണ് ശ്രീപണ്ടാര ചെലവു ചേരിക്കലില്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട ഉല്സവങ്ങള് , രാജാവിന്റെ അടിയന്തരങ്ങള്‍ , പുറമെനിന്നുള്ള നാടുവാഴികളും മറ്റു പ്രമുഖരും ഏര്‍പ്പാടു ചെയ്ത ചെലവുകള്‍ എന്നിവയെല്ലാം ശ്രീപണ്ടാരകണക്കില്പ്പെട്ടു. ഈ ചെലവുകളെല്ലാം നടത്താനുള്ള സ്വര്‍ണം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ശ്രീഭണ്ടാരത്തില് സൂക്ഷിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെട്ട ഭൂമികളില്നിന്നുള്ള വരുമാനം ചെലവിനായി ഉപയോഗിക്കുകയും ചെയ്തുവന്നു. നിത്യനടച്ചെലവ് ക്ഷേത്രത്തിന്റെ സ്ഥിരം പൂജകള്‍ക്കും അടിയന്തരങ്ങള്ക്കുമുള്ള ചെലവാണ്. ശ്രീപണ്ടാരകണക്കിനോളം ആസ്തികള്‍ ഇതിനാവശ്യമുണ്ടായിരുന്നില്ല. എങ്കിലും പല ഭൂമികളും പണയത്തിന്മേലും പണയസ്വഭാവമുള്ള ഒറ്റി (മറ്റു പ്രദേശങ്ങളില്‍ കാണം) എന്ന ഭൂവിനിയോഗ സമ്പ്രദായത്തിലും നല്കിയിരുന്നതുകൊണ്ട് ആ വകയില്‍ ലഭിച്ച സ്വര്‍ണവും സൂക്ഷിക്കപ്പെട്ടു. ഇതാണ് നിത്യാദി അറ എന്ന അറയില്‍നിന്ന് ലഭിച്ച സ്വര്‍ണം.
ഇത്രയും പറഞ്ഞതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഏതെങ്കിലും രാജാവിന്റെ കാലത്ത് പെട്ടെന്നുണ്ടായതല്ല ഈ സ്വര്‍ണശേഖരം. നൂറ്റാണ്ടുകളായി നിരവധി തീര്‍ത്ഥാടകരുടെ കയ്യില്‍നിന്ന് കാണിക്കയും കാഴ്ചയുമായി ലഭിച്ചതും ക്ഷേത്രഭൂമികള്‍ കൈവശംവയ്ക്കാനും അതില്‍ പണിയെടുക്കുന്നവരുടെ അധ്വാനത്തെ ക്ഷേത്രാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനുമായി ഉപയോഗിച്ചതുമാണ് ഈ സ്വര്‍ണശേഖരം. "ഭഗവാന്റെ സമ്പത്തെ"ന്നതിനെക്കാള്‍ നാട്ടുകാരുടെ സമ്പത്താണ് അവിടെ കുമിഞ്ഞുകൂടിക്കിടക്കുന്നത്. അതിനുമേല്‍ വ്യക്തമായ നിയന്ത്രണം തൃപ്പാപ്പൂര്‍ മൂത്തതിരുവടിക്കുണ്ടായിരുന്നു.
പ്രായശ്ചിത്തങ്ങളും മറ്റും
അറകളില്‍ കണ്ട വെള്ളിക്ക് മറ്റൊരു കഥയുണ്ട്. ക്ഷേത്ര ഭൂമികള്‍ അതിക്രമിച്ചു കടക്കുന്നവരും ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തടസ്സം നില്‍ക്കുന്നവരും പ്രായശ്ചിത്തം നല്‍കണമായിരുന്നു. ഇവ കൂടാതെ ക്ഷേത്രത്തിനുകീഴില് വരുന്ന കുറ്റങ്ങള്‍ക്ക് സാധാരണയായി നല്കിപ്പോന്ന ശിക്ഷ പിഴയായിരുന്നു. പ്രായശ്ചിത്തം സാധാരണയായി വെള്ളിക്കുടം, വെള്ളിപ്പാത്രങ്ങള്‍ എന്നിങ്ങനെയാണ് നല്‍കേണ്ടത്. 17-ാം നൂറ്റാണ്ടുമുഴുവനും ഒരു വേണാടു തിരുവടിയും അതിക്രമങ്ങള്‍ക്ക് പ്രായശ്ചിത്തം നടത്താന്‍ തയ്യാറാകാത്തതുകൊണ്ട് മാര്ത്താണ്ഡവര്മയ്ക്ക് വമ്പിച്ച സംഖ്യയാണ് പ്രായശ്ചിത്തമായി നല്‍കേണ്ടിവന്നത്. പിഴയടയ്ക്കുന്നത് സ്വര്ണനാണയങ്ങളിലുമാകണം. ഇവ കൂടാതെ സ്വന്തം പേരില്‍ ഉല്‍സവങ്ങളും പൂജകളും നടത്തുന്നതിന് രാജാക്കന്മാര് തന്നെ സ്വര്‍ണവും ഭൂമിയും ദാനമായി നല്‍കുകയും ആഭരണങ്ങള്‍ തയ്യാറാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. സ്വര്‍ണത്തിലുള്ള വിഷ്ണുവിന്റെ വിഗ്രഹം (അതാണ് ഇപ്പോള്‍ ലഭിച്ചതെന്ന് തോന്നുന്നു) ഭൂമീദേവിയുടെ വിഗ്രഹം, ശീവേലി എഴുന്നള്ളത്തിനുപയോഗിച്ച ശീവേലിപ്പൊന്നുടച്ച് (വിഷ്ണുവിഗ്രഹം), നിരവധി മാലകളും ആഭരണങ്ങളും തുടങ്ങിയവയെക്കുറിച്ച് രേഖകളില്‍ പരാമര്‍ശമുണ്ട്. ഇവയെല്ലാം സൂക്ഷിച്ചുവെച്ച അറകളും ശ്രീഭണ്ടാരത്തിന്റെ ഭാഗമാണ്.
ശ്രീഭണ്ഡാരത്തിന്റെ നിയന്ത്രണം
ഭണ്ഡാരത്തിന്റെ വസ്തുവകകള്‍ പൊതുവില്‍ യോഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിനായി ശ്രീപണ്ടാര കണക്ക് എന്ന ഒരുദ്യോഗസ്ഥനെ ആദ്യഘട്ടത്തില്‍ കാണുന്നുണ്ട്. പിന്നീട് ക്ഷേത്രത്തിലെ സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും കണക്കു സൂക്ഷിക്കുന്നതിനായി കരുവുകരകണക്ക് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. പ്രായശ്ചിത്തവും പിഴയും മറ്റുമായി സ്വര്‍ണവും വെള്ളിയും അടിയറവെയ്ക്കുന്നതിനെ കരുവകെട്ട് എന്നാണ് പറഞ്ഞുവന്നിരുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ നടന്നുവന്ന കൃഷിയുടെയും മറ്റ് ആദായങ്ങളുടെയും കണക്കു സൂക്ഷിക്കുന്ന കരുവുകരത്തില്‍ പിള്ളമാര്‍ പില്ക്കാലത്തുണ്ടായി. ശ്രീഭണ്ഡാരം കൂടാതെ അമൂല്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി കരുവേലപ്പുര എന്ന ഒരു സംവിധാനം വര്‍ക്കലയില്‍ പിന്നീട് നിര്‍മ്മിച്ചു. ക്ഷേത്രത്തിന് എന്തെങ്കിലും ഭീഷണികളുണ്ടാകുമ്പോള്‍ അമൂല്യവസ്തുക്കള്‍ വര്‍ക്കലയിലേക്കു മാറ്റി സൂക്ഷിക്കുന്ന പതിവും ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വര്ക്കലയിലെകരുവേലപ്പുര നശിപ്പിക്കപ്പെടുകയും എല്ലാ വസ്തുക്കളും ക്ഷേത്രത്തിനുള്ളില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ക്ഷേത്രത്തിനു ചുറ്റും മതിലകം എന്ന കോട്ട പണിതത് ക്ഷേത്രത്തെ മാത്രമല്ല ക്ഷേത്ര ഭണ്ഡാരത്തെയും സംരക്ഷിക്കുന്നതിനായിരുന്നു.
ഭണ്ഡാരത്തിന്റെ സുരക്ഷിതത്വം
ഇത്രയെല്ലാം ശ്രദ്ധ ചെലുത്തിയിരുന്നെങ്കിലും ഭണ്ഡാരം സ്ഥിരമായി കൊള്ളയടിക്കപ്പെട്ടിരുന്നതായും രേഖകളുണ്ട്. "കപ്പലില്‍ കള്ളന്" എന്നു പറയുന്നതുപോലെ ക്ഷേത്രസേവകരായ പോറ്റിമാരായിരുന്നു മോഷണം നടത്തിയത്. 16-ാം നൂറ്റാണ്ടുമുതല്‍ 18-ാം നൂറ്റാണ്ടുവരെ പല തവണ ശ്രീഭണ്ഡാരത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ആദ്യം ശീവേലി പൊന്നുടമ്പടക്കം കൊള്ളയടിക്കപ്പെടുന്നുണ്ട്. കൊള്ള മുതല്‍ തിരുവിതാംകൂറിനു പുറത്തുകൊണ്ടുപോയി വില്ക്കാന് ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം അറകളുടെ മേല്‍ ഉള്ള സംരക്ഷണം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ കാണുന്ന ലോഹനിര്‍മ്മിതമായ വാതിലുകളും മറ്റും ഇതിന്റെ ഫലമാണ്.
ക്ഷേത്ര ഭണ്ഡാരങ്ങള്‍ ആരുടെ?
ക്ഷേത്ര ഭണ്ഡാരങ്ങള്‍ "ഭഗവാേന്റ"താണെന്നും മതവിഭാഗങ്ങള്‍ക്കാണ് അവകാശമുള്ളതെന്നും വാദിക്കാറുണ്ട്. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. മധ്യകാലക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങളായിരുന്നില്ല. പത്മനാഭക്ഷേത്രം, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടന്ന വന്‍തോതിലുള്ള ഭൂസ്വത്തിന്റെ അധിപന്മാരായിരുന്നു. അവര്‍ക്ക് കാഴ്ചയായും കാണിക്കയായും പിഴയായും മറ്റും കിട്ടിയിരുന്ന സ്വര്‍ണം മുഴുവന്‍ ഒറ്റിപ്പണയത്തിന്റെ രൂപത്തില്‍ ഭൂമിയായി മാറ്റിയിരുന്നു. ക്ഷേത്രങ്ങള്‍ പണം പലിശയ്ക്ക് കടം കൊടുക്കുന്ന ബാങ്കുകളുടെ രൂപത്തിലും പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി ജനങ്ങളുടെ അധ്വാനവും വിഭവങ്ങളും സമാഹരിച്ച് ഉപയോഗിക്കുകയും കൈമാറുകയും ചെയ്ത ഒരു സ്ഥാപനമെന്ന നിലയിലായിരുന്നു ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ ഉല്‍സവങ്ങളും പൂജകളും മറ്റ് അടിയന്തിരങ്ങളും പ്രധാന പങ്കുവഹിച്ചിരുന്നു. പത്മനാഭസ്വാമിക്ഷേത്രം നാട്ടിന്‍പുറത്തെ ഒരു കാവല്ല, ഒരു രാജകീയ ക്ഷേത്രമായിരുന്നു. അതായത് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്നുവന്ന ക്ഷേത്രം.
രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ (തിരുമാട്ടംപും പടിയേറ്റവും) നടന്നത് ഈ ക്ഷേത്രത്തില്‍വെച്ചാണ്. രാജാവിന്റെ "വിളംബരഘോഷയാത്ര"യായ ആറാട്ടുല്‍സവം ഈ ക്ഷേത്രത്തിലേക്കാണ് നടക്കുന്നത്, 13-ാം നൂറ്റാണ്ടുമുതല്‍ . സ്ഥാനാരോഹണം കഴിഞ്ഞ രാജാക്കന്മാര് പത്മനാഭപാദ ദാസന്മാരായാണ് സ്വയം വിശേഷിപ്പിച്ചത്. 1750ല്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിലേക്ക് സര്‍വസ്വ ദാനം നടത്തിയതോടെ തിരുവിതാംകൂര്‍ "ദൈവത്തിന്റെ സ്വന്തം രാജ്യ"മായി. ക്ഷേത്രവും രാജാവും തമ്മിലുള്ള ഈ ബന്ധം സൂചിപ്പിക്കുന്നത് പത്മനാഭക്ഷേത്രം ഭരണകൂടത്തിന്റെ ഘടകമായിരുന്നുവെന്നാണ്. ഇതുകൊണ്ടുതന്നെയാണ് 1740ലെ മല്ലന്ശങ്കരന്റെ കണ്ടെഴുത്തില് തിരുവിതാംകൂറിലെ ഭൂമികള്‍ മുഴുവന്‍ പണ്ടാരവക, ശ്രീപണ്ടാരവക, ജന്മം വക എന്നിങ്ങനെ തിരിക്കുന്നത്. പണ്ടാരവക സര്‍ക്കാര്‍ ഭൂമിയാണെങ്കില് ശ്രീപണ്ടാരവക ക്ഷേത്രം ഭൂമിയാണ്. ഏറ്റവും വലിയ ഭൂവുടമ പത്മനാഭക്ഷേത്രവുമാണ്. ഭരണകൂടത്തിന്റെ ഘടനയില്‍ ശ്രീഭണ്ഡാരത്തിനും ശ്രീപണ്ടാരവക ഭൂമിക്കുമുള്ള പ്രാധാന്യം ഇതില്‍നിന്ന് വ്യക്തമാണ്. ശ്രീഭണ്ഡാരം തിരുവിതാംകൂറുകാരുടെ സമ്പത്ത് സമാഹരിച്ച് സൂക്ഷിച്ചുവെച്ച ഒരു ഇടവുമായിരുന്നു.
മതശക്തികളുടെ വാദം
പത്മനാഭക്ഷേത്രം ഹൈന്ദവക്ഷേത്രമാണെന്നത് നേരാണ്. പക്ഷേ, അതിനേക്കാളേറെ ഒരു ഭരണകൂടത്തിന്റെ ആശയസംഹിതയില്‍ അതിന് പ്രധാന പങ്കുണ്ട്. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ഹിന്ദുക്കളായിരുന്നെങ്കിലും അത് ഒരു മതരാഷ്ട്രമായിരുന്നില്ല. ക്ഷേത്ര ഭണ്ഡാരത്തില് കിടന്ന സ്വത്ത് സമാഹരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, നാടുവാഴിത്ത ചൂഷണമുറകളുടെ അടിസ്ഥാനത്തിലായിരുന്നു. അതുപയോഗിച്ചത് ക്ഷേത്രത്തിലെ നിത്യനടച്ചെലവുകള്ക്കു മാത്രമായിരുന്നില്ല. ക്ഷേത്രത്തില്‍നിന്ന് നാടുവാഴികള്‍ ആവശ്യപ്പെടുന്ന ചെലവുകളെല്ലാം നടത്തേണ്ടിവന്നു. ഈ സാഹചര്യങ്ങളില്‍ , ശ്രീഭണ്ഡാരം ഹൈന്ദവ സ്ഥാപനങ്ങളെ ഏല്പിക്കണമെന്നു വാദിക്കുന്നതില്‍ യുക്തിയില്ല. ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജാവും ഭണ്ഡാരത്തിന്റെ മേല്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. പത്മനാഭക്ഷേത്ര ഭരണത്തില്‍ ഇന്ന് രാജാവിനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണിത്. തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷേത്രത്തിനുമേലുള്ള അവകാശം എട്ടരയോഗത്തില്‍ രാജാവിനുണ്ടായിരുന്ന സ്ഥാനത്തിന്റെ ഭാഗമാണ്. ക്ഷേത്രം രാജാവിന്റെ സ്വകാര്യസ്വത്തല്ല. രാജാവിന്റെ സ്വന്തം ഭൂമികളെ കണ്ടുഴവ് എന്നും അദ്ദേഹത്തിന്റെ കയ്യിലുള്ള ഉരുപ്പടികളെ ചെല്ലം എന്നുമാണ് വിളിച്ചിരുന്നത്. ഇവയൊന്നും ക്ഷേത്രം വകയല്ല. ക്ഷേത്രത്തിന്റെ ശ്രീ ഭണ്ഡാരത്തില് സ്വന്തം നിലയ്ക്ക് കൈകടത്താന്‍ അദ്ദേഹത്തിന് അവകാശവുമുണ്ടായിരുന്നില്ല.
പിന്നെയുള്ളത് ഹൈന്ദവ നേതാക്കളാണ്. മുമ്പു സൂചിപ്പിച്ചതുപോലെ ക്ഷേത്രത്തില്‍ മോഷണവും കൊള്ളയും നടത്തിയത് പുറമെ നിന്നുള്ളവരല്ല, പൂജാരിമാരും മറ്റു സേവകരും തന്നെയായിരുന്നു. എത്ര വിശ്വാസികളായിരുന്നാലും മഞ്ഞലോഹത്തിന്റെ ഭ്രമത്തില്‍നിന്ന് അവരും മോചിതരായിരുന്നില്ല. അതുകൊണ്ടൊക്കെയാണ് ഈ അമൂല്യശേഖരം ആരുമറിയാതെ ഇത്രയും കാലം അറയില്‍ കിടന്നത്.
ഭണ്ഡാരം എന്ന ചരിത്രപൈതൃകം
ശ്രീ ഭണ്ഡാരം ഒരു ചരിത്ര പൈതൃകമാണ്. ആയിരം വര്‍ഷക്കാലം ഒരു ക്ഷേത്രത്തില്‍ കുമിഞ്ഞുകൂടി സമ്പത്തിന്റെയും നാടുവാഴിത്ത സമൂഹത്തിന്റെ ഘടനയും ഗതിയും നിര്‍ണയിക്കുന്നതില്‍ അതിനുണ്ടായിരുന്ന പങ്കിന്റെ തെളിവുമാണത്. ഇത് ഏതെങ്കിലും ഭഗവാന്റെയോ മതത്തിന്റെയോ സ്വകാര്യസ്വത്തല്ല. ഒരു വലിയ ജനസമൂഹത്തിന്റെ അധ്വാനത്തിന്റെയും വ്യവഹാരങ്ങളുടെയും സൃഷ്ടിയാണ്. ഈ ചരിത്രപൈതൃകം അംഗീകരിക്കപ്പെടണം. ആക്രിക്കച്ചവടക്കാര്‍ ചെയ്യുന്നതുപോലെ ഇപ്പോഴത്തെ കമ്പോളവിലയ്ക്ക് തൂക്കി വില്‍ക്കാനും അതുവഴി നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ശേഖരം പ്രയോജനപ്പെടുകയില്ല. അതിനുപകരം ഈ ശേഖരത്തിന്റെ ഉറവിടങ്ങളെ സശ്രദ്ധം പഠിക്കാനും, അവയുടെ കാലപ്പഴക്കം നിര്‍ണയികാനും അതുവഴി അവയുടെ യഥാര്‍ത്ഥ ചരിത്രമൂല്യം കണ്ടെത്താനുമാണ് ശ്രമിക്കേണ്ടത്. ഇതു സാധിക്കണമെങ്കില്‍ ഇതൊരു ചരിത്ര പൈതൃകമായും ഒരു ദേശീയ ആസ്തിയായും (National Asset) പ്രഖ്യാപിക്കപ്പെടണം. Treasure Trove മുതലായ നിയമങ്ങള്‍ ഉപയോഗിച്ച് ഇവയെ ഒരു നിധിയായി സംരക്ഷിക്കണം. ഇതിനാവശ്യമായ സംരക്ഷണ രൂപങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുണെസ്കോ പോലുള്ള ഏജന്‍സികളുടെ സഹായം തേടാം. ഇവ സൂക്ഷിക്കുന്ന അറകള്‍ ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കുകയും അത് ഇന്ത്യാ ഗവണ്‍മന്റെിന്റെ Protection of Monuments Act ന്റെ കീഴില്‍ കൊണ്ടുവരികയും വേണം.
ഈജിപ്തില്‍ തൂതന്‍ഖാമന്റെ കല്ലറ പോലുള്ള അമൂല്യമായ സ്മാരകങ്ങള്‍ സംരക്ഷിച്ചുപോരുന്ന അതേ മാതൃകയിലാകണം ഇതും സംരക്ഷിക്കപ്പെടേണ്ടത്. അതിനാവശ്യമായ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും സഹായം തേടാനും സര്‍ക്കാര്‍ സന്നദ്ധമാകണം. ഏറ്റവും പ്രധാനമായി തിരുവനന്തപുരംകാരനായ ഒരു വക്കീലും തിരുവിതാംകൂര്‍ മഹാരാജാവും തമ്മിലുള്ള തര്‍ക്കമാണ് ഈ ശേഖരം പുറത്തുകൊണ്ടുവന്നത്. സുപ്രീംകോടതി ഈ തര്‍ക്കത്തില്‍ അന്തിമവിധി പറയാനിരിക്കുകയാണ്. ഗവണ്‍മന്റെ് മേല്പറഞ്ഞ വാദങ്ങളുടെ വെളിച്ചത്തില്‍ ഈ കേസില്‍ കക്ഷിചേരുകയും ശേഖരത്തെ ഒരു ദേശീയ ആസ്തിയായും ചരിത്രപൈതൃകമായും സംരക്ഷിക്കാന്‍ സന്നദ്ധമാണെന്ന് കോടതിയില്‍ പറയുകയും വേണം. ശേഖരത്തിന്റെയും അറകളുടെയും പൂര്‍ണനിയന്ത്രണം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാകണം.
ചിന്ത വാരിക 15 ജൂലൈ 2011