Sunday, May 17, 2015

റോഹിങ്ക്യകള്‍

റോഹിങ്ക്യകള്‍; ചെകുത്താനും കടലിനുമിടയില്‍ രാഷ്ട്രമില്ലാത്ത ഒരു ജനത രക്ഷതേടി അലയുമ്പോള്‍; അഭയം നല്‍കാന്‍ വിസമ്മതിച്ച് അയല്‍ രാജ്യങ്ങളും

Sunday, May 17, 2015 - 16:37

രാജ്യമില്ലാത്ത ഒരു ജനത. റോഹിങ്ക്യകളെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്നും വംശീയ കലാപം ഭയന്ന് കപ്പല്‍ കയറിയ റോഹിങ്ക്യകള്‍ ആന്‍ഡമാന്‍ കടലില്‍ ഗതികിട്ടാതെ അലയുകയാണ്. നിരവിധി ബോട്ടുകളിലും കപ്പലുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ കത്തുന്ന സൂര്യന് താഴെ ദുരിതം പേറി നടുകടലില്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്.
"ഇത്രയും ദുരിതപൂര്‍ണമാണ് കടല്‍യാത്ര എന്നറിഞ്ഞിരുന്നെങ്കില്‍ മ്യാന്‍മറില്‍ കലാപകാരികളാല്‍ മരിച്ചുവീഴുന്നതായിരുന്നു നല്ലത്." ഇന്തോനേഷ്യന്‍ നാവിക സേന രക്ഷപ്പെടുത്തിയ ബോട്ടിലുണ്ടായിരുന്ന 19കാരിയായ മനു അബ്ദുസലാമിന്റെ വാക്കുകളാണിത്. ഇന്തോനേഷ്യയിലെ അച്ചെ തീരത്തണഞ്ഞ ബോട്ടിലാണ് ആഴ്ച്ചകളായി മനു അബ്ദുസ്സലാം ഇതുവരെ കഴിച്ചുകൂട്ടിയത്. നടുകടലില്‍ 800ഓളം പേരുമായി മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിനെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ മുറവിളി ഉയര്‍ന്നതോടെയാണ് ഇന്തോനേഷ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാജ്യമില്ലാത്ത ഒരു ജനത. റോഹിങ്ക്യകളെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്നും വംശീയ കലാപം ഭയന്ന് കപ്പല്‍ കയറിയ റോഹിങ്ക്യകള്‍ ആന്‍ഡമാന്‍ കടലില്‍ ഗതികിട്ടാതെ അലയുകയാണ്. നിരവിധി ബോട്ടുകളിലും കപ്പലുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ കത്തുന്ന സൂര്യന് താഴെ ദുരിതം പേറി നടുകടലില്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്. അഭയം നല്‍കേണ്ടവര്‍ ഇവരെ ആട്ടിപ്പായിക്കുന്നു. തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ തീരത്തോട് ചേര്‍ന്ന് കടലില്‍ കുടിയേറ്റക്കാരുമായുള്ള ബോട്ടുകള്‍ ഒഴുകി നടക്കുകയാണ്. എവിടെയും പ്രവേശനാനുമതിയില്ല. ആര്‍ക്കും ഇവരെ ആവശ്യവുമില്ല.
ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ മുസ്ലിംകളായ റോഹിങ്ക്യ വംശജര്‍ വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. റോഹിങ്ക്യ എന്ന വാക്കിന് പോലും വിലക്കുള്ള മ്യാന്‍മറില്‍ ബംഗാളി കുടിയേറ്റക്കാരായാണ് ഇവരെ കാണുന്നത്. 1960 മുതലെ മ്യാന്‍മറിലെ വിവിധ ഭരണകൂടങ്ങള്‍ റോഹിങ്ക്യകളെ അടിച്ചമര്‍ത്താനുള്ള നയങ്ങള്‍ ഒന്നൊന്നായി ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നു. ഇപ്പോഴും തുടരുന്നു. രാജ്യത്ത് ഏതൊരു പൗരനും ലഭിക്കേണ്ട അടിസ്ഥാന സേവനങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. രാജ്യത്തിനകത്ത് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.
2011ല്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ കൊണ്ടുവന്ന പരിഷ്‌ക്കാര നടപടികളാണ് റോഹിങ്ക്യകള്‍ക്കെതിരായ അത്രിക്രമത്തിന് തീവ്രത കൂട്ടിയത്. 2010 ജൂണ്‍-ഓക്ടോബര്‍ കാലയളവില്‍ റോഹിങ്ക്യകള്‍ അധിവസിക്കുന്ന രഖിനെ സംസ്ഥാനം കലാപഭൂമിയായി. വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്നിക്കരിയാക്കി. നൂറുകണക്കിനാളുകളെ കൂട്ടക്കൊല ചെയ്തു. വ്യാപക കൊള്ളയും കൊള്ളിവെപ്പും അരങ്ങേറി.

കഴിഞ്ഞ മാര്‍ച്ചില്‍ മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യകള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നിരിക്കുകയാണ്. ആയിരക്കണക്കിന് റോഹിങ്ക്യകള്‍ക്ക് ഇതിനകം തന്നെ വൈറ്റ് കാര്‍ഡ് നല്‍കിക്കഴിഞ്ഞു. പൗരത്വമില്ലെന്ന് തെളിയിക്കുന്ന ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശം പോലും റോഹിങ്ക്യകള്‍ക്കില്ലാതാകും. മ്യാന്‍മറിലെ സൈനിക ഭരണത്തിനെതിരെ പോരാട്ടം നയിച്ച ഓങ് സാങ് സൂകി പോലും റോഹിങ്ക്യകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
മൂന്ന് കൊല്ലത്തിനിടെ 1.20 ലക്ഷത്തിലധികം റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തതെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ കാല്‍ ലക്ഷം പേരാണ് മ്യാന്‍മര്‍ വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അരലക്ഷത്തോളം പേരും രാജ്യം വിട്ടു. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രഖിനെയില്‍ നിന്നുള്ളവരാണ് ഇതില്‍ പകുതിയലധികവും.
ചെകുത്താനും കടലിനും ഇടയില്‍

ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള എണ്ണായിരത്തിലധികം കുടിയേറ്റക്കാര്‍ ഇപ്പോള്‍ നടുകടലില്‍ അലഞ്ഞുതിരിയുന്ന ബോട്ടുകളില്‍ കഴിയുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ പറയുന്നു. മനുഷ്യക്കടത്ത് തടയുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന തായ്‌ലന്റ് സര്‍ക്കാര്‍ മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റ ബോട്ടുകളെയൊന്നും തീരത്തണയാന്‍ അനുവദിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കാന്‍ ഒട്ടും തയ്യാറാകുന്നുമില്ല.
ആരാണ് റോഹിങ്ക്യകള്‍
  • മ്യാന്‍മറിലെ കുടിയേറ്റക്കാരായ മുസ്ലിം വംശജര്‍
  • ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മറില്‍ കുടിയേറിയ മുസ്ലിം വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാര്‍
  • ബംഗ്ലാദേശ്, സൗദി അറേബ്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും റോഹിങ്ക്യകളുണ്ട്.
  • അടിമകളെ പോലെയാണ് റോഹിങ്ക്യകളെ മ്യാന്‍മര്‍ കൈകാര്യം ചെയ്യുന്നത്.
  • മ്യാന്‍മറില്‍ ഇവര്‍ക്ക് ഭൂവുടമസ്ഥാവകാശമോ സഞ്ചാര സ്വാതന്ത്ര്യമോ ഇല്ല.
  • ബംഗ്ലാദേശില്‍ പരമദരിദ്രര്‍. മതിയായ രേഖകളില്ല.
  • വടക്കന്‍ മ്യാന്‍മറിലെ രഖിനെയില്‍ (അരാകാനില്‍) അധിവസിക്കുന്നു.
  • റോഹിങ്ക്യ ഭാഷ സംസാരിക്കുന്നതിനാല്‍ റോഹിങ്ക്യകള്‍ എന്നറിയപ്പെടുന്നു. 
  • ജനസംഖ്യ 15 ലക്ഷം. എട്ട് ലക്ഷം പേരും മ്യാന്‍മറില്‍
റോഹിങ്ക്യകളും അയല്‍ രാജ്യങ്ങളും

വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെങ്കിലും ബോട്ടുമുങ്ങി കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിക്കുന്നത് തടയാനെങ്കിലും അവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ആന്‍ഡമാന്‍ തീരത്തെ ഒരു രാഷ്ട്രങ്ങളും റോഹിങ്ക്യകളോട് ഈ ദയപോലും കാണിക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. മ്യാന്‍മറിന്റെ അയല്‍ രാജ്യങ്ങളും റോഹിങ്ക്യകളോടുള്ള അവരുടെയ സമീപനവും ഇങ്ങനെ:
തായ്‌ലന്റ്: നടുകടലില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെന്ന് തായ്‌ലന്റ് നാവികസേന പറയുന്നു. തങ്ങളുടെ തീരത്ത് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിക്കാനും തായ്‌ലന്റ് സജ്ജമാണ്. പക്ഷെ, സ്ഥിരമായി തങ്ങാന്‍ പറ്റില്ല. സ്ഥിരതാമസം നടക്കില്ലെങ്കിലും കുറച്ചു റോഹിങ്ക്യകള്‍ ഇവിടെ തങ്ങണമെന്ന് ആഗ്രഹിക്കുന്നു.
മലേഷ്യ: മുസ്ലിം ഭൂരിപക്ഷ രാജ്യമായതിനാല്‍ ഏറ്റവും സുരക്ഷിതമെന്ന് റോഹിങ്ക്യകള്‍ കരുതുന്ന രാജ്യം. അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്ന മലേഷ്യയ്ക്ക് റോഹിങ്ക്യകള്‍ ഒരു തരത്തില്‍ ഗുണമാണ്. എന്നാല്‍ ഇവരുടെ കൂട്ടകുടിയേറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് മലേഷ്യ. റോഹിങ്ക്യന്‍ ബോട്ടുകളെ തിരിച്ചയയ്ക്കാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മലേഷ്യ.
ബംഗ്ലാദേശ്: റോഹിങ്ക്യകള്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന രാജ്യം. 20 വര്‍ഷമായി റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നു. തെക്കു കിഴക്കന്‍ അതിര്‍ത്തികളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയാന്‍ അനുവദിക്കുക്കാറുണ്ട്. ചിലപ്പോള്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കും. കൊടുംദുരിതമാണെങ്കിലും രണ്ട് ലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ട്.
ഇന്തോനേഷ്യ: മുസ്ലിം രാഷ്ട്രമാണെങ്കിലും റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്ന കാര്യത്തില്‍ മലേഷ്യയെ പോലെ തന്നെയാണ് ഇന്തോനേഷ്യയും. കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തീരത്തേക്ക് അടുപ്പികരുതെന്ന് നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനകം തീരത്തണഞ്ഞവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

നടുകടലില്‍ ബോട്ടുകളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നുമെത്തിക്കല്‍ അയല്‍ രാജ്യങ്ങളായ തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വാദിക്കുന്നു. ഈ രാഷ്ട്രങ്ങളെല്ലാം അഭയാര്‍ത്ഥികളുടെ ജീവന്‍ നിലിര്‍ത്താനാവശ്യമായ സഹായങ്ങളെത്തിക്കുന്നുണ്ടെങ്കിലും അത്ര ഉത്സാഹത്തോടെയല്ല ഇതു ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാണ്.
അഭയാര്‍ത്ഥികളെ അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള നാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയയ്ക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമായതിനാലാണ് ഈ രാജ്യങ്ങള്‍ കടുത്ത നിലപാടെടുക്കാത്തതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അഭയാര്‍ത്ഥികളോടുള്ള കടമ ഓര്‍ക്കണമെന്നും അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അയല്‍ രാജ്യങ്ങളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തീരമണയുന്ന ബോട്ടുകളെ തിരിച്ചയയ്ക്കരുതെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്.
മ്യാന്‍മറിന്റെ ഭീഷണി

റോഹിങ്ക്യകളെ ആട്ടിപ്പായിക്കുകയാണെന്ന ആരോപണം നിഷേധിച്ച മ്യാന്‍മര്‍ ഈ ആരോപണം തുടര്‍ന്നാല്‍ തായ്‌ലന്റില്‍ നടക്കുന്ന ഉഭയകക്ഷി യോഗം ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഉഭയകകക്ഷി ചര്‍ച്ചയ്ക്കുള്ള ക്ഷണത്തില്‍ റോഹിങ്ക്യ എന്ന് പരാമര്‍ശിച്ചാല്‍ യോഈ മാസം 29ന് തായ്‌ലന്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

http://www.southlive.in/news-world/why-are-so-many-rohingya-migrants-stranded-sea/8378

No comments:

Post a Comment