സ: വി.എസ്. അച്യുതാനന്ദന്‍ ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ പരസ്യവിമര്‍ശനങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വി.എസിന്റെ പരസ്യമായ ഇത്തരം പറച്ചിലുകള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പി.ബിയുടെ പ്രസ്താവന വന്നതിനുശേഷം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ബി കാര്യങ്ങള്‍ ശരിയായി ധരിക്കാതെയാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും വി.എസ് മാധ്യമ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് പി.ബിയെ തന്നെ തള്ളിപ്പറയലും പി.ബിയെ വെല്ലുവിളിക്കുന്നതിനു തുല്യവുമാണ്. ഈ സാഹചര്യത്തില്‍ പി.ബി പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ലെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്.
പാര്‍ട്ടിയുടെ നേതൃത്വം കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ സെക്രട്ടറി ഒറ്റയാന്‍ പ്രവര്‍ത്തനമല്ല നടത്തുന്നത്. കൂട്ടായ ആലോചനയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നതും പരസ്യമായി പ്രതികരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കല്‍പ്പകഥകള്‍ മെനഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത്തരം നുണപ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുംവിധത്തിലും വിശ്വാസ്യത നല്‍കുംവിധത്തിലും ആണ് സ: വി.എസ്. അച്യുതാനന്ദന്‍ പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്.
17, 18, 19, 20, 21 പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചും സ: വി.എസ് ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ചും പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തോടൊപ്പം വിലയിരുത്തിയതാണ്. കഴിഞ്ഞ അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വ്യക്തത വരുത്തിയ പ്രശ്‌നങ്ങളാണ് സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത്.
ജനങ്ങളുടെ കടുത്ത അവമതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനദ്രോഹ നടപടികളും അഴിമതിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയാവട്ടെ ഏറെ തകര്‍ന്നിരിക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തകര്‍ക്കപ്പെടുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഭരണം ഇല്ല എന്ന ഗുരുതരമായ സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഇതിനു പുറമെ, മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവസ്ഥയും ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. നിരവധിയായ ഇത്തരം പ്രശ്‌നങ്ങളുടെ ഫലമായി വന്‍ ജനവികാരം യു.ഡി.എഫിനെതിരെ സംസ്ഥാനത്താകെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
യു.ഡി.എഫ് ആകട്ടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലാവട്ടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുകയും ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയുമാണ്. ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതകളും മൂര്‍ച്ഛിക്കുകയാണ്. യു.ഡി.എഫിലെ ഓരോ കക്ഷിക്കകത്തും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. യു.ഡി.എഫ് എന്ന നിലയില്‍ യോജിച്ചുനിന്ന് ജാഥ നടത്തുന്നതിനുപോലും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ ചെന്നുപെട്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുമാറ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനാവുംവിധം പാര്‍ട്ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന സ: വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചു.
കേരളത്തിലെ പാര്‍ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവന ആദ്യമായല്ല സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തന്നെ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്. ചര്‍ച്ചയുടെ അവസാനം പാര്‍ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധനല്ല എന്ന് മുമ്പുതന്നെ പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരുന്നു എന്നും രാഷ്ട്രീയ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലും മറ്റും പാര്‍ട്ടി നിലപാടില്‍നിന്ന് പാര്‍ടി കേരള നേതൃത്വത്തിന് വ്യതിയാനം സംഭവിച്ചു എന്നുമാണ് സ: വി.എസ് കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാളും കൂടുതല്‍ പ്രശ്‌നങ്ങള്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരായി സ: അച്യുതാനന്ദന്‍ നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വിലയിരുത്തിയ ഭാഗം താഴെ കൊടുക്കുന്നു:
10. പോളിറ്റ് ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ: വി.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിന്മേല്‍ പി.ബിയുടെ ഇടപെടലുകളെത്തുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.''
കേരളത്തില്‍ പാര്‍ട്ടി തുടര്‍ന്നുവന്ന അടവുനയവും രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടിയുടെ പൊതു നിലപാടില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന സ: വി.എസിന്റെ ആരോപണം തള്ളിക്കളഞ്ഞ കേന്ദ്രകമ്മിറ്റി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി, പാര്‍ട്ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും പി.ബിയും മുന്നോട്ടുവച്ച നയങ്ങളാണ് പാലിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ചു. കേന്ദ്രകമ്മിറ്റി 2012-ല്‍ തന്നെ തള്ളിയ ആരോപണങ്ങള്‍ സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുമ്പോള്‍ അതിനു പിന്നില്‍ പാര്‍ട്ടി താല്‍പ്പര്യം ഒട്ടുമില്ലെന്ന് വ്യക്തമാണ്.
രാഷ്ട്രീയവും സംഘടനാപരവും ആയ ചില ആരോപണങ്ങളാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിക്കെതിരെ സ: വി.എസ്. അച്യുതാനന്ദന്‍ ഇത്തവണയും ഉന്നയിക്കുന്നത്. സ: വി.എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയതാണ്.
13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ: വി.എസ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.'' (പാര്‍ടി സി.സിയുടെ 2012 ലെ പ്രമേയം)
14. പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ: വി.എസിനെ ശക്തമായി വിമര്‍ശിക്കുവാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ വാചകമാണ് ഇവിടെ ഉദ്ധരിച്ചത്. ഏതൊരു പാര്‍ട്ടി സഖാവും പാര്‍ടി തീരുമാനം അംഗീകരിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടിരിക്കുന്നെങ്കിലും തനിക്ക് അത്തരം സംഘടനാ തത്വങ്ങളൊന്നും ബാധകമല്ലെന്നാണ് ഇത്തരം ആവര്‍ത്തനങ്ങളിലൂടെ സ: വി.എസ് വ്യക്തമാക്കുന്നത്.
എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാര്‍ട്ടി കേന്ദ്രകമ്മിറ്റി സ: വി.എസിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം.
15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' പാര്‍ട്ടിയുടെ അത്യുന്നത ഘടകം സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമമാണ് ഏതൊരു സഖാവില്‍നിന്നും ഉണ്ടാവുക. പക്ഷെ, സ: വി.എസ് തിരുത്താന്‍ തയ്യാറില്ലെന്നു മാത്രമല്ല, പഴയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസ്സും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം സൃഷ്ടിക്കുമാറ് ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഇത് വ്യക്തിപരമായ തന്റെ ഒരു അജണ്ടയാണെന്നു തോന്നുമാറാണ് സ: വി.എസ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ''ഞാന്‍ മുന്‍കൈ എടുത്തുകൊണ്ടിരിക്കുകയാണ്'', ''കിട്ടുന്ന അവസരങ്ങളൊക്കെ ഞാന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'' എന്നൊക്കെ സ: വി.എസ് പ്രസ്താവിച്ചിരിക്കുന്നത്. അതോടൊപ്പം, പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ ഇതിന്റെ ഭാഗമായി തന്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കാനും വി.എസ് തയ്യാറാവുകയാണ്. ''പാര്‍ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെപ്പോലുള്ള ലീഡേഴ്‌സ് അവിടെ പാര്‍ലമെന്റില്‍ ചെല്ലുമ്പോഴും അല്ലാത്തപ്പോഴും ഇവരെല്ലാമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകുന്ന തരത്തില്‍ സമീപനമെടുത്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, അതിന് നിങ്ങള്‍ സഹകരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സമീപനം എടുത്തുകൊണ്ടിരിക്കുകയാണ്.''
പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് സ: വി.എസ് ശ്രമിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന യു.ഡി.എഫിന്റെ ഭാഗമായ പാര്‍ടികള്‍ക്ക് അവര്‍ സ്വീകരിച്ച തെറ്റായ നിലപാട് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലേ തിരുത്തലുണ്ടാകൂ. യു.ഡി.എഫിന്റെ ഭാഗമായ ഒരു പാര്‍ടിക്ക് അവിടെ തുടര്‍ന്നുകൊണ്ട് എല്‍.ഡി.എഫില്‍ പ്രവേശിക്കാനാവില്ല എന്ന സാമാന്യധാരണ ഏതൊരാള്‍ക്കും ഉണ്ടാകും. അപ്പോള്‍ ആദ്യം വേണ്ടത് അത്തരം പാര്‍ടികള്‍ യു.ഡി.എഫ് വിടലാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.പിയെക്കുറിച്ച് പരാമര്‍ശിച്ചത് പാര്‍ടി നയത്തെ അടിസ്ഥാനപ്പെടുത്തിയും ആര്‍.എസ്.പി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടിയായും ആണ്. ഇത്തരം പാര്‍ടികള്‍ തുടരുന്ന തെറ്റായ രാഷ്ട്രീയ നിലപാട് തുറന്നുകാണിക്കല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമര്‍ശിച്ച സ: വി.എസിന്റെ നടപടി തെറ്റാണ്.
യു.ഡി.എഫ് ഘടകകക്ഷികളുടെ നേതാക്കളെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കളോ സംസ്ഥാന നേതാക്കളോ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: സീതാറാം യെച്ചൂരിയെ വിവിധ പാര്‍ടി നേതാക്കള്‍ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില നേതാക്കള്‍ തന്നെ കണ്ടതും സംസാരിച്ചതും പാര്‍ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അതിനെക്കുറിച്ച് വി.എസിന്റെ മനോനില വച്ചുകൊണ്ടുള്ള വക്രീകരണം ഉണ്ടായതിന്റെ ഭാഗമായാണ് മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, സഹകരിക്കണം എന്ന് ജനറല്‍ സെക്രട്ടറി തന്നെ കണ്ട നേതാക്കളോട് സംസാരിച്ചു എന്ന വി.എസിന്റെ ഭാഷ്യം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയില്‍ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്. മുന്നണി വികസനത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ടി കോണ്‍ഗ്രസ്സിന്റെ കാഴ്ചപ്പാടനുസരിച്ച് കേന്ദ്രകമ്മിറ്റിയും പി.ബിയും ആവിഷ്‌കരിക്കുന്ന രാഷ്ട്രീയ നയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തില്‍ മുന്നണി വികസിപ്പിക്കുന്ന കാര്യം ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ സമയത്ത് പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ സ: വി.എസിനും അദ്ദേഹത്തിന്റേതായ അഭിപ്രായം പാര്‍ടിയില്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തില്‍ സംസാരിച്ചതിനുശേഷം വി.എസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതിവിടെ ഉദ്ധരിക്കാം ''അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനെ ശക്തമായി നേരിടാന്‍ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങള്‍ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്.'' പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന 'ഞങ്ങള്‍' ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാര്‍ട്ടി നേതൃത്വത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണോ വി.എസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ടി വച്ചുപൊറുപ്പിക്കില്ല.
പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ തന്നെയാണ് എന്നതിന്റെ സൂചനയാണെന്ന് വി.എസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാര്‍ട്ടി അംഗീകരിച്ച നിലപാടാണ് പരസ്യമായി സംസാരിക്കുന്നത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കുമ്പോള്‍ പഴയതും പുതിയതും തമ്മില്‍ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാര്‍ട്ടി നിലപാടിനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമര്‍ശനം ഉയര്‍ന്നത്.
''2004 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 20-ല്‍ 18 സീറ്റിലും വിജയിച്ചു. അതിനെ ഉലയ്ക്കത്തക്കവിധത്തില്‍, നശിപ്പിക്കത്തക്കവിധത്തില്‍ പിന്നീട് അധികാരത്തില്‍ വന്ന നേതൃത്വം തെറ്റായ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് 2009-ലും 2014-ലുമൊക്കെ തന്നെ മുന്നണി ശിഥിലമായതും കോണ്‍ഗ്രസ്സിന് ഗുണം കിട്ടിയതും.'' 2004, 2005, 2006 കേരളത്തില്‍ ലോക്‌സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രശംസനീയമായ വിജയം എല്‍.ഡി.എഫ് നേടുമ്പോള്‍ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാര്‍ട്ടിക്ക് 2009-ലും 2014-ലും തുടര്‍ന്നത്. വി.എസ് ആരോപിക്കുംപോലെ പുതിയ ഏതെങ്കിലും ഒരു നേതൃത്വം അധികാരത്തില്‍ വന്നതിന്റെ ഭാഗമായോ നേതൃത്വം തെറ്റായ രീതി സ്വീകരിച്ചതുകൊണ്ടോ അല്ല പിന്നീട് പരാജയപ്പെട്ടത്. പരാജയപ്പെടാനിടയായ കാരണങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പാര്‍ടി വിലയിരുത്തിയിരുന്നു. അതിലേക്കാകെ ഇപ്പോള്‍ പോകുന്നില്ലെങ്കിലും സ: വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന അച്ചടക്ക നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്.
''കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സീനിയറായ നേതാവാണ് സ: വി.എസ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ടിയുടെ സംഘടനാ തത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പ് പല ഘട്ടങ്ങളിലും പി.ബിയും സി.സിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ക്ഷമിക്കുവാനാകില്ല.
അതിനാല്‍, സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.''
യു.ഡി.എഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. 2013 ഫിബ്രവരി 11ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ: വി.എസിന്റെ ഇത്തരം സമീപനങ്ങളെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ''പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം സ: വി.എസ്. അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കേരളത്തിലെ പാര്‍ടിയെ വന്‍ പ്രതിസന്ധിയിലെത്തിക്കുന്നു. യു.ഡി.എഫും കേരളത്തിലെ വലതുപക്ഷവും വന്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ സ: വി.എസ് സ്വീകരിക്കുന്ന സമീപനം പലപ്പോഴും അവരുടെ രക്ഷയ്ക്കുതകുന്നു.'' യു.ഡി.എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുമ്പ് സ്വീകരിച്ച സമീപനം വി.എസ് തുടരുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകള്‍.
കേരളത്തിലെ ഏറ്റവും സീനിയറായ പാര്‍ട്ടി നേതാവായ സ: വി.എസ്. അച്യുതാനന്ദനോട് മുമ്പ് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.
''പാര്‍ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്.
സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങണം.''
http://www.mathrubhumi.com/story.php?id=547572
No comments:
Post a Comment