തഴച്ചുവളരുന്ന ജയില്‍വ്യവസായം
എം.പി.വീരേന്ദ്രകുമാര്‍
http://www.mathrubhumi.com/books/welcome/printpage/1689
വര്‍ണവെളിച്ചങ്ങള്‍ പെയ്തിറങ്ങുന്ന അമേരിക്കന്‍ നഗരങ്ങളിലൂടെ അന്തമില്ലാതെ നീണ്ടുപോകുന്ന രാജവീഥിയോരങ്ങളില്‍, നിയോണ്‍ വെളിച്ചത്തിന്റെ ആലക്തിക പ്രഭാപൂരത്തില്‍ മങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്ന അക്ഷരങ്ങളും സംഖ്യകളും. ചില വന്‍കിട കമ്പനികളുടെ ഓഹരിവിലകളാണ് നിക്ഷേപകരുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത്. കറക്ഷന്‍സ് കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക, വാക്കന്‍ഹട്ട്... ഇങ്ങനെ പോകുന്നു വന്‍ലാഭം ഘോഷിക്കുന്ന സ്ഥാപനങ്ങളുടെ വിലോഭനീയമായ പേരുകള്‍. ഇവ ഇലക്‌ട്രോണിക് കമ്പനികളുടെയോ സ്വകാര്യ ആയുധനിര്‍മാണശാലകളുടെയോ ഭക്ഷ്യസംസ്‌കരണസ്ഥാപനങ്ങളുടെയോ നാമങ്ങളാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. അമേരിക്കയില്‍ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ജയില്‍ കമ്പനികളാണിവ. അവയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഓഹരികളാണ് ജനഹൃദയങ്ങളില്‍ വര്‍ണരേണുക്കളാവുന്നത്! പൊതു ഉടമയിലായിരുന്ന വിവിധ സേവനവിഭാഗങ്ങള്‍ സ്വകാര്യവത്കരിക്കപ്പെട്ടതുപോലെത്തന്നെ ജയിലുകളും കുത്തകകളുടെ ഉടമസ്ഥതയിലായിക്കൊണ്ടിരിക്കുകയാണ്. അവിടത്തെ ബഹുഭൂരിപക്ഷം കാരാഗൃഹങ്ങളും സ്വകാര്യ കോര്‍പ്പറേഷനുകളുടേതായിക്കഴിഞ്ഞു. ജയില്‍ നടത്തിപ്പ് അത്രമാത്രം ലാഭകരമാണ് അമേരിക്കയില്‍.
വിവിധ സാഹചര്യങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ തെറ്റുകള്‍ തിരുത്തുവാന്‍ പ്രേരിപ്പിക്കുകയും അവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ സഹായിക്കുകയും ചെയ്യുകയാണ് ജയിലുകളുടെ ധര്‍മമെന്നാണ് നമ്മുടെ പൊതുധാരണ. പൗരാണികകാലം മുതല്‍ നീതിശാസ്ത്രം വിഭാവനം ചെയ്തുവരുന്നതും അതുതന്നെയാണ്. ജയിലറകളൊരിക്കലും പകപോക്കാനുള്ള ഉപാധികളാവരുത്. അവ മനഃസംസ്‌കരണത്തിനും പരിവര്‍ത്തനത്തിനുമുള്ള സങ്കേതങ്ങളാവണം. കുറ്റവാളികളുടെ പുനരധിവാസയത്‌നങ്ങളുടെ ഭാഗമാണ് ജയില്‍ശിക്ഷ. ആ അഭികാമ്യമായ അവസ്ഥയാണ് അമേരിക്കയില്‍ ലാഭങ്ങള്‍ കൊയ്തുകൂട്ടാവുന്ന സ്വകാര്യജയില്‍വ്യവസായങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നത്.
ഇപ്പറഞ്ഞതിനര്‍ഥം മറ്റുരാജ്യങ്ങളില്‍ ജയിലുകള്‍ വളരെയേറെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുവെന്നൊന്നുമല്ല. അവ സുഖവാസകേന്ദ്രങ്ങളുമല്ല. ഒരുപക്ഷേ, ചിലയിടങ്ങളിലെങ്കിലും ജയിലറകള്‍ പീഡനകേന്ദ്രങ്ങളായിത്തീരാറുണ്ട്. എന്നിരിക്കിലും ഗവണ്‍മെന്റുടമയില്‍ പ്രവര്‍ത്തിക്കുന്ന കാരാഗൃഹങ്ങള്‍ക്ക് പൊതുജനങ്ങളോട് പ്രതിബദ്ധതയുണ്ടാകാതെ തരമില്ല. ജയില്‍ നടത്തിപ്പില്‍ അപാകതകളുണ്ടെങ്കില്‍ അതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരോട് പരാതിപറയാനവകാശമുണ്ട്. അതിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താവുന്നതുമാണ്. സ്വകാര്യജയിലുകള്‍ക്ക് പ്രതിബദ്ധതയുള്ളത് ജനങ്ങളോടല്ല, ജയില്‍ക്കമ്പനികളുടെ ഓഹരിയുടമകളോടാണ്. ഓഹരിയുടമകള്‍ക്ക് താത്പര്യം അവരുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിലും. ലാഭം വര്‍ധിക്കണമെങ്കില്‍ എന്നും ജയിലുകള്‍ നിറഞ്ഞിരിക്കണം. ജയിലില്‍ കൂടുതല്‍ തടവുകാര്‍ എന്നതിന്റെ അര്‍ഥം കൂടുതല്‍ ലാഭമെന്നാണ്. ജയിലുടമകള്‍ വന്‍കിട കുത്തകസ്ഥാപനങ്ങളാവുമ്പോള്‍ ഗവണ്മെന്റ്തലത്തില്‍ അവയ്ക്കുള്ള സ്വാധീനം നിര്‍ണായകമാംവിധം ഉയര്‍ന്നതായിരിക്കും. അത് നീതിന്യായവ്യവസ്ഥയിലേക്കുപോലും വ്യാപിക്കുന്നതായാണ് അനുഭവം.
ലോകത്തില്‍, വെള്ളം മുതല്‍ യുദ്ധംവരെ നിയന്ത്രിക്കുന്ന അമേരിക്കയില്‍ ജയില്‍വ്യവസായവും വളരുകയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയ്ക്ക് 30 സ്റ്റേറ്റുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തടവുകാരുടെ തൊഴില്‍ശക്തി ഉപയോഗിക്കാനാവുംവിധം നിയമനിര്‍മാണം നടത്തിയിരുന്നു. 50 സ്റ്റേറ്റുകളില്‍ 36 സ്റ്റേറ്റുകള്‍ തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കാന്‍ സ്വകാര്യ കോര്‍പ്പറേഷനുകളെ അനുവദിക്കുന്നുണ്ട്. യൂണി കോര്‍പ് എന്ന യു.എസ്. പൊതുമേഖലാസ്ഥാപനം ജയില്‍പ്പുള്ളികളെക്കൊണ്ട് ജോലി ചെയ്യിച്ച് പ്രതിവര്‍ഷം 5,000 ലക്ഷം ഡോളറിനുള്ള വിറ്റുവരവുണ്ടാക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച് 2,500-ല്‍ ഏറെ ജയില്‍വ്യവസായങ്ങള്‍ അമേരിക്കയിലുണ്ട്. 1980-കളെ അപേക്ഷിച്ച് 500 ശതമാനം വര്‍ധനയാണിതു കാണിക്കുന്നത്. ഈ നില തുടര്‍ന്നുകൊണ്ടിരിക്കുന്നു.
തുന്നല്‍പ്പണി, കണക്കെഴുത്ത്, കൃത്രിമപ്പല്ല് നിര്‍മാണം തുടങ്ങി ബോയിങ് വിമാനങ്ങളുടെ ഭാഗങ്ങളുണ്ടാക്കല്‍, ലെക്‌സസ് വാഹനങ്ങളുടെ ലോഗൊ നിര്‍മാണം വരെ പലതും ഈ വ്യവസായത്തിന്റെ ഭാഗമാണ്. വിലകുറഞ്ഞ തൊഴില്‍ശക്തി ഉപയോഗിക്കുക എന്നതിന്റെ അര്‍ഥം ലാഭത്തില്‍ കുത്തനെയുള്ള വര്‍ധന എന്നുതന്നെ. മൈക്രോസോഫ്റ്റ്, സ്പാള്‍ഡിങ്, ഐ.ബി.എം., കംപാക്, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്, എ.ടി & ടി., സ്റ്റാര്‍ ബക്ക്‌സ്, നിന്റെഡോ ഗെയിം ബോയ്, വിക്ടോറിയാസ് സീക്രട്ട്, എഡ്ഡി ബോയര്‍, ഷെവ്‌റോണ്‍, ടി.ഡബ്ല്യു.എ. തുടങ്ങി നിരവധി വന്‍സ്ഥാപനങ്ങള്‍ തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ട്. ജയില്‍വ്യവസായത്തിന് അനുഗുണമായി സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്ന ജയിലുകളും അമേരിക്കയില്‍ തഴച്ചുവളര്‍ന്നിരുന്നു.
ജയില്‍പ്പുള്ളികളുടെ കൂലി മണിക്കൂറിന് 20 സെന്റുമുതല്‍ 1.20 ഡോളര്‍ വരെ മാത്രമാണ്. സിവിലിയന്‍ ജോലിക്കാര്‍ക്കാകട്ടെ, മണിക്കൂറിന് 20 മുതല്‍ 30 വരെ ഡോളര്‍ നല്‌കേണ്ടതുണ്ട്. തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുമ്പോള്‍ വേറെയുമുണ്ട് നേട്ടങ്ങള്‍. വേണ്ടപ്പോള്‍ അവരുടെ സേവനം ഉപയോഗിക്കാം. ആവശ്യമില്ലാത്തപ്പോള്‍ ജയിലിലേക്ക് അവരെ തിരിച്ചയയ്ക്കാം. പിരിച്ചുവിടലില്ല; 'ലേഓഫി'ല്ല. ആരോഗ്യരക്ഷാപദ്ധതികള്‍, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ യാതൊരു ബാധ്യതയുമില്ല. വെക്കേഷനില്ല; രോഗാവധിയില്ല; ഓവര്‍ടൈം പ്രശ്‌നങ്ങളുമില്ല. ഇത്രയും ഭദ്രമായൊരു തൊഴില്‍ശക്തി എവിടെക്കിട്ടാനാണ് എന്നാണ് ജയില്‍പ്പുള്ളികള്‍ നടത്തുന്ന പ്രിസണ്‍ ലീഗല്‍ ന്യൂസ് എന്ന പ്രസിദ്ധീകരണം ചോദിക്കുന്നത്.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡെക്‌സൊ എന്ന ബഹുരാഷ്ട്രകമ്പനിയാണ് കറക്ഷന്‍സ് കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക (സി.സി.എ.)യിലെ ഏറ്റവും വലിയ ഓഹരിയുടമ. ബ്രിട്ടനിലും ആസ്‌ത്രേല്യയിലും സി.സി.എ. ലാഭകരമായി ജയില്‍വ്യവസായം നടത്തുന്നുണ്ട്. ഈ സ്വകാര്യ ജയില്‍കമ്പനിയുടെ ലാഭം 6,956 ലക്ഷം ഡോളറിലേറെ വരുമെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ടതില്ല. 2002 ജനവരി 10-ാം തിയ്യതിയിലെ കണക്കനുസരിച്ച് സി.സി.എ., 21 സ്റ്റേറ്റുകളിലായി 70 ജയിലുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ 65,000 പേരെ പാര്‍പ്പിക്കാനാവും. സി.സി.എ കഴിഞ്ഞാല്‍, വാക്കന്‍ഹട്ടാണ് അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയില്‍ കമ്പനി. ജയില്‍ നടത്തിപ്പ്, സെക്യൂരിറ്റി ഏര്‍പ്പാടുകള്‍ എന്നിവയിലൂടെ വാക്കന്‍ഹട്ട് നൂറു കോടി ഡോളര്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട്. സി.സി.എ.യും വാക്കന്‍ഹട്ടും ചേര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജയില്‍കുത്തകയായി. ലോക സ്വകാര്യ ജയില്‍വിപണിയുടെ മുക്കാല്‍ ഭാഗവും നിയന്ത്രിക്കുന്നത് ഇവയാണ്.
രാഷ്ട്രീയസ്വാധീനമടക്കം എന്തും ഉപയോഗിക്കാന്‍ ജയില്‍കുത്തകകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഇവരുടെ ഷെയറുടമകളാണ് രാഷ്ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും! എഫ്.ബി.ഐ.യുടെയും സി.ഐ.എ.യുടെയും മുന്‍ ഡയറക്ടര്‍മാരും സി.ഐ.എ.യുടെ ഒരു മുന്‍ ഡെപ്യൂട്ടി ഡയറക്ടറും സീക്രട്ട് സര്‍വീസിന്റെ മുന്‍ മേധാവിയും ഒരു മുന്‍ അറ്റോര്‍ണിജനറലും ഫെഡറല്‍ പ്രിസണ്‍ ബ്യൂറോയുടെ മുന്‍ മേധാവിയും ടെന്നസ്സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ മുഖ്യനുമൊക്കെ സി.സി.എ.യുടെയും വാക്കന്‍ഹട്ടിന്റെയും മാനേജ്‌മെന്റില്‍ പ്രമുഖസ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്.
സി.സി.എ.യും വാക്കന്‍ഹട്ടും നടത്തുന്ന ജയിലുകളില്‍ മിക്കതിനും ഗവണ്മെന്റിന്റെ സബ്‌സിഡി ലഭിക്കുന്നുണ്ട്. ജയില്‍വികസനത്തിനെന്ന പേരിലാണ് ഈ സ്വകാര്യസ്ഥാപനങ്ങള്‍ ഗവണ്മെന്റ് സബ്‌സിഡി നേടിയെടുക്കുന്നത്. 19 സ്റ്റേറ്റുകളിലായി പ്രവര്‍ത്തിക്കുന്ന 60 സ്വകാര്യ ജയിലുകളില്‍, 44 എണ്ണത്തിനും പ്രാദേശിക ഭരണസ്ഥാപനങ്ങളുടെയോ സ്റ്റേറ്റ്/ഫെഡറല്‍ ഗവണ്മെന്റുകളുടെയോ സബ്‌സിഡി ലഭിക്കുന്നുണ്ട്. ടെക്‌സാസ്, കാലിഫോര്‍ണിയ, മിസ്സിസ്സിപ്പി, ഒക്‌ലാഹോമ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ചുവീതവും അരിസോണ, ഫ്‌ളോറിഡ, ജോര്‍ജിയ, ന്യൂ മെക്‌സിക്കോ, ടെന്നെസ്സി എന്നീ സംസ്ഥാനങ്ങളില്‍ നാലുവീതവും വന്‍കിട ജയിലുകളുണ്ട്. അരിസോണ, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, ഇന്ത്യാന, കെന്റക്കി, നോര്‍ത്ത് കരോലിന, ഓഹിയോ, ടെന്നെസ്സി, ടെക്‌സാസ് എന്നീ സ്റ്റേറ്റുകളിലെ സ്വകാര്യ ജയിലുകള്‍ക്ക് പല ഇനത്തിലുമായി നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു.
കാന്‍സാസില്‍ സി.സി.എ. നടത്തുന്ന ലീവന്‍വര്‍ത്ത് ഡീറ്റന്‍ഷന്‍ സെന്ററിന്റെ പേരില്‍ നടന്ന സ്വത്തുകേസ് കൗതുകമുണര്‍ത്തുന്നതായിരുന്നു. 1998 ഫിബ്രവരിയില്‍ ഈ ജയിലിനെ ഒരു 'ഗാര്‍ഹികസ്ഥാപന'മായി കണക്കാക്കി നികുതിയില്‍ കുറവുവരുത്തണമെന്ന് സി.സി.എ., ലീവന്‍വര്‍ത്ത് കൗണ്ടിക്ക് നല്കിയ ഒരു പ്രതിഷേധ നോട്ടീസില്‍ ആവശ്യപ്പെട്ടു. ലാഭത്തിനുവേണ്ടി നടത്തുന്ന ഒരു സ്ഥാപനമാണെങ്കില്‍ വന്‍തുക നികുതിയിനത്തില്‍ നല്‌കേണ്ടിവരും. അതിനാലാണ് 'ഗാര്‍ഹികം' എന്ന വിശേഷണം തങ്ങള്‍ നടത്തുന്ന സ്വകാര്യജയിലിന്റെ കൂടെ ചേര്‍ക്കാന്‍ സി.സി.എ. തീരുമാനിച്ചത്. അവരുടെ 'കെട്ടിടം' ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണുള്ളതെന്നും അതിനു ചുറ്റും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ തന്നെയാണുള്ളതെന്നും ചൂണ്ടിക്കാട്ടിയ കൗണ്ടിയിലെ ഒരു നിയമസഭാംഗം പ്രസ്തുത കെട്ടിടത്തിനു ചുറ്റും കെട്ടി ഉയര്‍ത്തിയിട്ടുള്ള മതിലിന്മേല്‍ മുള്ളുവേലി കെട്ടിയുറപ്പിച്ച കാര്യവും വാര്‍ത്താലേഖകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ആ കെട്ടിടത്തിന്റെ ജനാലകള്‍ ആരും ചാടിപ്പോകാതിരിക്കാന്‍തക്കവണ്ണം ഇരുമ്പുബാറുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുമുണ്ടായിരുന്നു. 'ഇതിനെ എങ്ങനെയാണ് ഒരു 'ഗൃഹം' എന്നു വിശേഷിപ്പിക്കുക' എന്ന അദ്ദേഹത്തിന്റെ ചോദ്യം കുറിക്കുകൊണ്ടു. സി.സി.എ.ക്ക് പ്രതിഷേധക്കുറിപ്പ് പിന്‍വലിക്കേണ്ടിയും വന്നു.
ജയില്‍പ്പുള്ളികള്‍ നിര്‍മിച്ച സാധനങ്ങള്‍ ചൈന കയറ്റുമതി ചെയ്യുന്നതിനെതിരെ 'കടുത്ത മനുഷ്യാവകാശലംഘനം' എന്ന് അധിക്ഷേപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം യു.എസ്. ജയിലുകളില്‍ തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതും അവരുണ്ടാക്കിയ വസ്തുക്കള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതും സമര്‍ഥമായി മറച്ചുവെക്കുന്നു.കാലിഫോര്‍ണിയയിലെ മോണ്‍ടെറിക്കു സമീപമുള്ള ഒരു ചെറുകിട ജയിലിലെ തടവുകാരനാണ് ഡിനൊ നെവാരെറ്റെ. റെഡിമെയ്ഡ് വസ്ത്രനിര്‍മാണവുമായി ബന്ധപ്പെട്ട് അയാള്‍ക്ക് ദിവസവും ഒന്‍പതു മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നുണ്ട്. മാസത്തില്‍ വളരെ തുച്ഛമായ കൂലിമാത്രമാണ് ഡിനൊവിന് പ്രതിഫലം കിട്ടുന്നത്. തങ്ങള്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ കയറ്റുമതിചെയ്യുന്ന വിവരം ഡിനൊ അടക്കമുള്ള തടവുകാര്‍ക്കറിയില്ലായിരുന്നു.
ചൂഷണവിധേയരാവുന്ന തടവുകാര്‍
തടവുകാര്‍ക്ക് അര്‍ഹിക്കുന്ന വേതനം നല്കാതെ അവരെക്കൊണ്ട് പണിയെടുപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍ ആഭ്യന്തരവിപണിയില്‍ വില്ക്കുന്നത് ഫെഡറല്‍ നിയമം നിരോധിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വസ്തുക്കള്‍ വിദേശരാജ്യത്തേക്ക് കയറ്റിയയയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നുമില്ല. അതിനാല്‍ ജയിലധികൃതര്‍ 'കയറ്റുമതി ബിസിനസ്സ്' ലാഭകരമായി, നിര്‍ബാധം നടത്തിക്കൊണ്ടേയിരിക്കും. തടവുകാര്‍ ജോലി ചെയ്യാന്‍ സ്വമേധയാ തയ്യാറായി വരികയാണെന്നും തൊഴിലെടുക്കുന്ന മൊത്തം സമയം കണക്കാക്കി അവര്‍ക്ക് ശിക്ഷയില്‍ ഇളവുനല്കുന്ന സമ്പ്രദായമുണ്ടെന്നും അവര്‍ക്ക് പ്രത്യേകം തൊഴില്‍പരിശീലനം നല്കുന്നുണ്ടെന്നും ഓറിഗോണ്‍ ജയിലിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനായ ഫ്രെഡ് നിക്കോള്‍സ് പറയുന്നു. തടവുകാര്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ കാലം ശിക്ഷയനുഭവിക്കേണ്ടിവരും. കൂടാതെ അവര്‍ക്ക് കാന്റീന്‍ ആനുകൂല്യങ്ങളും മറ്റ് സൗജന്യങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യും.
അമേരിക്കയിലിപ്പോള്‍ ഇരുപതു ലക്ഷത്തില്‍പ്പരം തടവുപുള്ളികളുണ്ട്. റഷ്യ കഴിഞ്ഞാല്‍ അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ആളുകളെ ജയിലിലടയ്ക്കുന്ന രാജ്യം. കാനഡയേക്കാള്‍ നാലിരട്ടിയും ഇംഗ്ലണ്ടിനേക്കാള്‍ അഞ്ചിരട്ടിയും ജപ്പാനേക്കാള്‍ പതിനാല് ഇരട്ടിയുമാണ് അമേരിക്കയിലെ തടവുകാരുടെ എണ്ണം. അമേരിക്കക്കാരുടെ അക്രമപാരമ്പര്യവും സങ്കീര്‍ണവും സംഘര്‍ഷാത്മകവുമായ സാമൂഹികബന്ധങ്ങളുമാണ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
ഇതിനു പുറമേയാണ് നിരക്ഷരതയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള രാജ്യമായ അമേരിക്കയില്‍ 23 ശതമാനം പേര്‍ - അതായത്, 440 ലക്ഷം സ്ത്രീകളും പുരുഷന്മാരും ഫലത്തില്‍ നിരക്ഷരരാണ്. അവര്‍ക്ക് ജോലിക്കുള്ള ഒരു അപേക്ഷാഫോറം പൂരിപ്പിക്കാനോ പത്രം വായിക്കാനോ ബസ്സിന്റെ സമയവിവരപ്പട്ടിക മനസ്സിലാക്കാനോ ബാലറ്റ്‌പേപ്പറില്‍ പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുവാനോ കഴിയില്ലെന്നാണ് ഈയിടെ 'ന്യൂസ് വീക്കി'ല്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം വെളിപ്പെടുത്തുന്നത്. നിരക്ഷരത തൊഴിലില്ലായ്മയിലേക്കും തൊഴിലില്ലായ്മ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു.
ക്രിമിനല്‍വാസനകളെ ഇല്ലാതാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിനു പകരം പ്രശ്‌നങ്ങളെ ജനപ്രിയതയുള്ളതാക്കാനാണ് രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും യത്‌നിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ വിറ്റു പണമുണ്ടാക്കുകയാണ്. അമേരിക്കന്‍ ക്രിമിനല്‍ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന രസകരമായ വസ്തുത, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരികയാണെങ്കിലും കൂടുതല്‍ പേര്‍ ജയലിലടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. ഇതിന്റെ ഫലമായി അമേരിക്കന്‍ തടവറകള്‍ നിറഞ്ഞുകവിയുന്നു. അവരെ 'കര്‍മനിരതരാക്കാ'നായി പലതരം വ്യവസായങ്ങള്‍ ആരംഭിക്കുകയാണ് ജയിലധികൃതര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജയില്‍നടത്തിപ്പിന് ഫെഡറല്‍ ഗവണ്മെന്റ് ചെലവഴിക്കുന്ന തുകയുടെ പകുതിയെങ്കിലും തടവുകാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് ഈടാക്കണമെന്ന അഭിപ്രായവും യു.എസ്. രാഷ്ട്രീയനേതാക്കളില്‍ പലര്‍ക്കുമുണ്ട്.
തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് മറ്റുചില സാമൂഹികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തടവുകാര്‍ സിവിലിയന്‍ ജോലിക്കാര്‍ക്ക് ശക്തരായ എതിരാളികളായിത്തീരുന്നുവെന്നതാണവയിലൊന്ന്. വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌സൈറ്റിനുവേണ്ടി അലന്‍ വൈറ്റും ഇയാമി ബേക്കറും നടത്തിയ ഒരു അപഗ്രഥനത്തില്‍ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ തടവുകാര്‍ക്കു ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനേക്കാള്‍ മെച്ചം അമേരിക്കന്‍ തടവുകാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതാണെന്ന് പല രാഷ്ട്രീയനേതാക്കളും വാണിജ്യപ്രമുഖരും കരുതുന്നു. 'നൈക്ക്' ഷൂ നിര്‍മാതാക്കള്‍ ഇന്തോനേഷ്യക്കാരെക്കൊണ്ട് തങ്ങളുടെ ഫാക്ടറികളില്‍ ജോലിയെടുപ്പിക്കുന്നുണ്ട്. നൈക്കിന്റെ ഉപകരാറുകാരന്‍ ഒരാള്‍ക്ക് പ്രതിദിനം 1.2 ഡോളര്‍ പ്രതിഫലമായി നല്കുന്നു. ഒറിഗോണ്‍ സ്റ്റേറ്റിലെ നിയമസഭാംഗമായ കെവിന്‍ മാനിക്‌സ് ഇന്തോനേഷ്യന്‍ തൊഴില്‍ശക്തിയെ 'ചെലവുകൂടിയത്' എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയൊന്നും പണം കൊടുക്കാതെ, നൈക്കിന് തടവുപുള്ളികളുടെ 'സേവനം' ഉപയോഗപ്പെടുത്താവുന്നതേയുള്ളുവെന്നാണ് മാനിക്‌സിന്റെ അഭിപ്രായം.
അമേരിക്കയില്‍ 1980-നും 1994-നുമിടയ്ക്ക് ജയില്‍പ്പുള്ളികളുടെ എണ്ണത്തില്‍ 221 ശതമാനം വര്‍ധനയുണ്ടായി. ജയില്‍വ്യവസായങ്ങളിലേര്‍പ്പെട്ട തടവുകാരുടെ എണ്ണം 358 ശതമാനം കണ്ട് കുതിച്ചുയര്‍ന്നു. തടവുകാര്‍ നിര്‍മിച്ച സാധനസാമഗ്രികളുടെ മൂല്യം 392 ദശലക്ഷം ഡോളറില്‍നിന്ന് 131 കോടി ഡോളറായി ഉയര്‍ന്നു. 'ഫെഡറല്‍ പ്രിസണ്‍ ഇന്‍ഡസ്ട്രീസി'ന്റെ വാര്‍ഷികവില്പനമൂല്യം 6,000 ലക്ഷം ഡോളറായിരുന്നു; അതു പ്രതിവര്‍ഷം ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. കൊളംബിയ തിയോളജിക്കല്‍ സെമിനാരിയിലെ സ്റ്റാന്‍ സാണ്ടേഴ്‌സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ജയിലുകള്‍ പ്രതിവര്‍ഷം 3,000 കോടി ഡോളര്‍ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ്. ഓറിഗോണ്‍ ജയിലിലെ തടവുകാര്‍ നിര്‍മിച്ച്, 'പ്രിസണ്‍ ബ്ലൂസ്' എന്ന ബ്രാന്‍ഡ് നാമം നല്കി, വിപണനം ചെയ്ത ജീന്‍സ് അമേരിക്കയില്‍ വളരെയേറെ ജനപ്രിയത നേടുകയുണ്ടായി. 1994-ല്‍ ഒരു ചെറുകിട ജയിലിലെ തടവുകാരെ അധികൃതര്‍ സ്വകാര്യമായി പുറത്തേക്കു കൊണ്ടുപോയി 'ടോയ്‌സ് ആര്‍ യു' എന്ന കളിപ്പാവകള്‍ വില്ക്കുന്ന കടയില്‍ സ്റ്റോക്കെടുപ്പിന് വിട്ടുകൊടുത്തത് തൊഴിലാളിയൂണിയനുകളുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ടി.ഡബ്ല്യു.എയുടെ ഫ്‌ളൈറ്റുകള്‍ ബുക്കുചെയ്യാന്‍ നിയോഗിക്കപ്പെടുന്നത് ദക്ഷിണ കാലിഫോര്‍ണിയയില്‍നിന്നുള്ള ചെറുപ്പക്കാരായ തടവുകാരെയാണ്. ഡാറ്റ പ്രോസസ്സിങ് ജോലി നിര്‍വഹിക്കുവാന്‍ ഓഹിയോ,കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകള്‍ ജയില്‍പ്പുള്ളികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോണ്ട, കോണിക്ക എന്നീ സ്ഥാപനങ്ങളും തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നുണ്ട്.
പലപ്പോഴും യു.എസ്. നിയമങ്ങള്‍ സ്വകാര്യജയിലുടമകള്‍ക്ക് അനുകൂലമാണ്. ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൗരാവകാശലംഘനമാരോപിച്ച് ഗവണ്മെന്റിനെതിരെ കേസ് കൊടുക്കാന്‍ അനുവാദമില്ലാത്തതുപോലെ, സ്വകാര്യജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ജയില്‍കരാറുകാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്ന് സുപ്രീംകോടതിയുടെ ഒരു വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ കറക്ഷണല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എന്ന കമ്പനി നടത്തുന്ന സ്വകാര്യജയിലില്‍ ജോണ്‍ മലെസ്‌കോവിനുണ്ടായ അനുഭവം അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. മലെസ്‌കോവിന്റെ സെല്‍ അഞ്ചാംനിലയിലായിരുന്നു. കുറ്റവാളികളെ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍നിന്ന് അധികൃതര്‍ വിലക്കിയിരുന്നതിനാല്‍, ഹൃദ്രോഗിയായ മെലസ്‌കോവിന് ലിഫ്റ്റ് സൗകര്യം അനുവദിച്ചില്ല. അദ്ദേഹം പ്രതിഷേധിച്ചുവെങ്കിലും കാര്യമുണ്ടായില്ല. മെലസ്‌കോവിന് അഞ്ചാംനിലയിലേക്ക് നടന്നുതന്നെ കയറേണ്ടിവന്നു. അവിടെയെത്തിയപ്പോഴേക്ക് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും അദ്ദേഹം തറയില്‍ വീണുപോവുകയും ചെയ്തു.
സുപ്രീംകോടതിവരെ മെലസ്‌കോ പോയെങ്കിലും സ്വകാര്യജയില്‍ സ്ഥാപനത്തിനനുകൂലമായിരുന്നു വിധി. 2001 ഡിസംബര്‍ 2-ാം തീയതി 'വാഷിങ്ടണ്‍ പോസ്റ്റ്' ഈ കോടതിവിധിയില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ജസ്റ്റിസ് ജോണ്‍ പോള്‍ സ്റ്റീവന്‍സിന്റെ നിലപാട് ഉദ്ധരിച്ചു. ഈ പശ്ചാത്തലത്തില്‍ യു.എസ്. കോണ്‍ഗ്രസ് പ്രശ്‌നത്തിലിടപെട്ട് ഈ അനീതിക്ക് അറുതിവരുത്തണമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യജയില്‍ നടത്തുന്ന കരാറുകാര്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍തന്നെയാണെന്നും പതിനായിരങ്ങളുടെ പൗരാവകാശധ്വംസനം നടത്താന്‍ അവയ്ക്ക് അധികാരമില്ലെന്നുമാണ് സ്റ്റീവന്‍സ് പറഞ്ഞത്.
കൂടുതല്‍ തടവുകാര്‍, കൂടുതല്‍ ലാഭം
മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഇന്നത്തേതിന്റെ പത്തിലൊന്ന് തടവുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു ദശകങ്ങള്‍ക്കകം അമേരിക്കയില്‍ പുതിയ ജയിലുകള്‍ വളരെയേറെ ഉണ്ടായി എന്നത് യു.എസ്. ക്രിമിനല്‍ - നീതിന്യായവ്യവസ്ഥിതിയുടെ വമ്പിച്ചൊരു നേട്ടംതന്നെ! മറ്റു വികസിതരാഷ്ട്രങ്ങളെ അപേക്ഷിച്ച് അഞ്ചു മുതല്‍ ഏഴു മടങ്ങുവരെ ആളുകളെ അമേരിക്ക ജയിലിലടയ്ക്കുന്നു. അക്രമപരമല്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ട് പിടിക്കപ്പെട്ടവരെ മാനസാന്തരപ്പെടുത്തുവാനുള്ള പരിപാടികള്‍ മറ്റു വികസിതരാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. യാതൊരു നിര്‍വാഹവുമില്ലാത്തവരെ മാത്രമാണ് ആ രാജ്യങ്ങള്‍ ഇരുമ്പഴിക്കുള്ളിലാക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പലതരത്തിലുള്ള പുനരധിവാസപ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിരോധാഭാസം കുറ്റകൃത്യനിരക്ക് താഴ്ന്നുകൊണ്ടിരിക്കുമ്പോഴും ജയിലിലടയ്ക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. അക്രമപരമല്ലാത്ത കുറ്റങ്ങള്‍ ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികള്‍ നടപ്പിലാക്കിയാല്‍ 'ജയില്‍കുത്തക'കളുടെ ലാഭം കുത്തനെ ഇടിയുമെന്നതിനാല്‍ യു.എസ് അധികൃതര്‍ അതിനൊരിക്കലും ശ്രമിക്കുകയില്ല.
ശീതസമരകാലത്ത് സൈനികസ്ഥാപനങ്ങള്‍ കൂണുകള്‍പോലെ മുളച്ചുപൊന്തിയിരുന്നു. ശീതസമരാന്ത്യത്തോടെ അവയുടെ ആവശ്യമില്ലാതായിത്തീര്‍ന്നു. തുടര്‍ന്നവ സ്വകാര്യജയിലുകളായി മാറി! ജോലി നഷ്ടപ്പെട്ട സൈനികോദ്യോഗസ്ഥന്മാര്‍ക്ക് ജയില്‍ ഒരു തൊഴിലുപാധിയായി. വേറെ പലര്‍ക്കും അവയില്‍ ജോലി കിട്ടി. അനുബന്ധവ്യവസായങ്ങള്‍, കടകമ്പോളങ്ങള്‍ തുടങ്ങിയവയും ജയിലിനോടനുബന്ധിച്ച് വളര്‍ന്നു. ഇന്ന് അമേരിക്കയിലെ ഉള്‍പ്രദേശങ്ങള്‍ മോഹിക്കുന്നത് തങ്ങളുടെ ഗ്രാമങ്ങളില്‍ ഒരു സ്വകാര്യ ജയിലെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്നാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് അമേരിക്കക്കാര്‍ക്കുള്ള ഭീതി പഴയ സൈനിക - വ്യാവസായിക സമുച്ചയത്തിന്റെ ഒരു പുത്തന്‍പതിപ്പിന് ജന്മം നല്കിയിരിക്കുന്നു. ഐസന്‍ഹോവര്‍ യുഗത്തിലെപ്പോലെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ പൊതുശത്രുവിനെതിരെ ശക്തമായ നിലപാടെടുക്കുവാന്‍ മത്സരിക്കുകയാണ്. ശീതസമരകാലത്ത് ആയുധനിര്‍മാതാക്കളും സൈനികമേധാവികളും രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്നുണ്ടാക്കിയ 'ഇരുമ്പു ത്രികോണ'ത്തിന് സമാനമായ അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അഭിപ്രായപ്പെട്ടു.
കൂടുതല്‍ ആളുകളെ ജയിലിലേക്കയയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല കേന്ദ്രങ്ങളിലും നടന്നുവരുന്നുണ്ട്. കൂടുതല്‍ ജയിലുകളുണ്ടാക്കാനും അങ്ങനെ 'ജയില്‍ വ്യവസായ'ത്തില്‍നിന്ന് കൂടുതല്‍ ലാഭം നേടാനുമുള്ള ത്വരയാണ് ഈ ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്നതെന്നതാണ് അപകടകരമായ കാര്യം. ഗോള്‍ഡ്മാന്‍ ഡാച്ച്‌സ് ആന്‍ഡ് കമ്പനി, പ്രൂഡന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സ്, മെറില്‍ലിഞ്ച് തുടങ്ങിയ വന്‍ബിസിനസ്സുകാര്‍ക്ക് ജയില്‍നിര്‍മാണത്തിലും മറ്റും സവിശേഷ താത്പര്യമുണ്ട്. ബിസിനസ്സുകാര്‍ക്കും നിക്ഷേപകര്‍ക്കും ജനക്ഷേമത്തേക്കാള്‍ എന്നും താത്പര്യം അവരുടെ ലാഭത്തില്‍ത്തന്നെയാണല്ലോ.
വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കോര്‍പ്പറേഷന്‍, മിനിസോട്ട മൈനിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി, ജി.ഡി.ഇ. സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡ്, അലയന്റ് ടെക് സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡ് തുടങ്ങിയ വന്‍കിടസ്ഥാപനങ്ങള്‍ കുറ്റവാളികള്‍ക്കെതിരെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കമുള്ള 'ആയുധങ്ങള്‍' വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. കുറ്റകൃത്യങ്ങള്‍ ഒരു വന്‍വ്യവസായത്തിന്റെ അടിത്തറയാകുന്നു എന്ന ഭീതിദമായ അവസ്ഥയാണ് അമേരിക്കയില്‍.
കാലിഫോര്‍ണിയന്‍ അധികൃതര്‍ പറയുന്നത് പുതിയ കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഇരുപതു ജയിലുകള്‍കൂടി അടിയന്തിരമായി വേണ്ടിവരുമെന്നാണ്. ഫ്‌ളോറിഡയില്‍ എട്ടു ജയിലുകളും നാല് വര്‍ക്ക് ക്യാമ്പുകളും പുതുതായി ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. ടെക്‌സാസാകട്ടെ, പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ ആഴ്ചയിലൊന്നുവീതം പുതിയ കാരാഗൃഹങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ജയിലിലേക്ക് ഭക്ഷണം നല്കുന്ന സ്ഥാപനങ്ങളും ലാഭം കൊയ്തുകൂട്ടിക്കൊണ്ടിരിക്കുന്നു. ഫ്‌ളോറിഡയിലെ 'ജോയ്ഫുഡ് സര്‍വീസി'ന്റെ വൈസ് പ്രസിഡണ്ട് ലാറി സോളമന്‍ പറയുന്നത് ജയിലില്‍ നിറയെ 'ആളുകളു'ള്ളതുകൊണ്ട് ഭക്ഷ്യക്കച്ചവടം പൊടിപൊടിച്ചു നടക്കുന്നുവെന്നത്രേ.
യു.എസ്. ജയിലുകളില്‍ ടെലിഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അവകാശത്തിനും വന്‍മത്സരമാണ്. തടവുപുള്ളികളുടേത് മിക്കവാറും ദീര്‍ഘദൂരവിളികളായിരിക്കുമെന്നതുകൊണ്ട് ജയിലിലെ ഫോണ്‍ ബൂത്ത് ഉടമകള്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. കൂടാതെ അവര്‍ വന്‍നിരക്കാണ് ഓരോ വിളിക്കും ചുമത്തുന്നത്. ഒരു ജയിലില്‍ ഒരൊറ്റ ഫോണ്‍ കണക്ഷനില്‍നിന്നുമാത്രം പ്രതിവര്‍ഷം 15,000 ഡോളര്‍ ലാഭം കിട്ടുമത്രേ! തെരുവിലെ ഒരു പബ്ലിക് ഫോണ്‍ബൂത്തില്‍നിന്ന് ലഭിക്കുന്നതിന്റെ ഏകദേശം അഞ്ചിരട്ടിയാണിത്. അമിതചാര്‍ജ് ചുമത്തുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ഫോണ്‍കമ്പനിയാണ് ഫ്‌ളോറന്‍സ് ജയിലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സി.എന്‍.എ. അവര്‍ ഒരു ദീര്‍ഘദൂരകോളിന് മിനുട്ടിന് 22 ഡോളറാണ് ചുമത്തുന്നത്. തടവുപുള്ളികളുടെ ബന്ധുക്കളാണ് അവരുടെ ഫോണ്‍കോളുകളുടെ ബില്ലടയ്ക്കുക. വന്‍തുകയ്ക്കുള്ള ബില്ലു കിട്ടുമ്പോള്‍ മാത്രമേ ജയിലില്‍ കഴിയുന്ന ബന്ധുവിന്റെ ശബ്ദത്തിന്റെ 'വില' പണമടയ്ക്കുന്നവര്‍ക്ക് ബോധ്യമാകൂ.
രാഷ്ട്രീയക്കാരും, ജയില്‍ വാര്‍ഡന്‍മാര്‍ മുതല്‍ യൂണിയന്‍ നേതാക്കള്‍, സാധന-സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍, അവരുടെ ഉപകരാറുകാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി ഒരു വന്‍നിര ഇടത്തട്ടുകാരും ജയില്‍പ്പുള്ളികളെ വിവിധ മാര്‍ഗങ്ങളിലൂടെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുന്നുണ്ട്. ഇനിയുള്ള കാലം ജയില്‍വ്യവസായങ്ങളുടേതാണെന്നുപോലും യു.എസ്. സംരംഭശാലികള്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.
ജയില്‍വ്യവസായ സമൃദ്ധിയുടെ ഒരു പുതുലോകമാണ് ടെക്‌സാസിലെ ലോക്ഹാര്‍ട്ട് പട്ടണം അനാവൃതമാക്കുന്നത്. മുന്‍പിത് യാതൊരു വികസനവുമില്ലാത്ത, മ്ലാനമായൊരു പ്രദേശമായിരുന്നു. പട്ടണത്തിന്റെ അല്പമുള്ളിലായി വാക്കന്‍ഹട്ട് ഒരു സ്വകാര്യജയില്‍ തുടങ്ങിയതോടെ അതിന്റെ മുഖം മാറാന്‍ തുടങ്ങി. ആദ്യം നല്ലൊരു റസ്റ്റാറന്റ് വന്നു. പിന്നീട് ചെറുകിടസ്ഥാപനങ്ങള്‍ ഈ ജയിലിനെ ചുറ്റിപ്പറ്റി വളരാന്‍ തുടങ്ങി. തുടര്‍ന്നതിന് കൂടുതല്‍ ശാഖകളുണ്ടായി. വാക്കന്‍ഹട്ടിന്റെ പ്രഥമ സംരംഭമായിരുന്നു പടര്‍ന്നുപന്തലിച്ച ഈ
സ്വകാര്യ ജയില്‍സമുച്ചയം.
ലോക്ഹാര്‍ട്ട് ജയിലിനോടനുബന്ധിച്ച് ഒരു ഇലക്‌ട്രോണിക് വ്യവസായ യൂണിറ്റും കണ്ണട നിര്‍മിക്കുന്ന ഒരു സ്ഥാപനവും വാല്‍വുകളും മറ്റും ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയുമുണ്ട്. ഇവയിലെ തൊഴിലാളികള്‍ മിക്കവരും ജയില്‍പ്പുള്ളികളാണ്. ചുരുങ്ങിയ കൂലി, വലിയ ലാഭം. അതിനു പുറമേ നികുതിയിളവ്, ഗവണ്മെന്റ് സബ്‌സിഡികള്‍ തുടങ്ങി വേറെയുമുണ്ട് ഏറെ നേട്ടങ്ങള്‍. എന്നാല്‍, സ്വകാര്യജയില്‍ മുതലാളിമാര്‍ അവകാശപ്പെടുന്നത് അവരുടെ ജയിലുകള്‍ തടവുകാരുടെ പുനരധിവാസത്തിന് അനുയോജ്യമായ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുവെന്നാണ്. അതിനനുസൃതമായ വിദ്യാഭ്യാസ - തൊഴില്‍ പരിശീലനപരിപാടികളും മറ്റും തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണവര്‍ പറയുന്നത്. തടവുകാരുടേത് സൗജന്യതൊഴിലല്ല; അത് അവര്‍ നേടുന്ന പരിശീലനത്തിന്റെ ഉപോത്പന്നമാണ് എന്നും കുത്തകസ്ഥാപനങ്ങള്‍ ജയിലിലെ തൊഴില്‍ശക്തിയെ വിശേഷിപ്പിക്കുന്നു.
വിവിധ യു.എസ്. സ്റ്റേറ്റുകളില്‍ കടപ്പത്രങ്ങളിറക്കി ജയിലുകള്‍ നിര്‍മിക്കപ്പെട്ടതിനെതിരെ നികുതിദായകരായ വോട്ടര്‍മാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വിദ്യാഭ്യാസം, ശിശുക്ഷേമപരിപാടികള്‍, മാനസികാരോഗ്യപദ്ധതികള്‍, പാര്‍പ്പിടനിര്‍മാണം തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്ക് നീക്കിവെച്ച തുകപോലും അധികൃതര്‍ ജയില്‍നിര്‍മാണത്തിലേക്ക് തിരിച്ചുവിട്ടു. ജനക്ഷേമപ്രവര്‍ത്തനങ്ങളേക്കാളൊക്കെ പ്രധാനം, 1980-കളില്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ പ്രഖ്യാപിച്ച 'കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടം'തന്നെയാണല്ലോ!
ജയിലുകളില്‍ കറുത്തവര്‍തന്നെ കൂടുതല്‍
അമേരിക്കന്‍നഗരങ്ങളില്‍ നിലനില്ക്കുന്ന ദാരിദ്ര്യമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞര്‍ പറയുന്നു. ദരിദ്രര്‍, കറുത്ത വര്‍ഗക്കാര്‍, ഹിസ്പാനിക് വംശജര്‍ തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളിലുള്ളവരാണ് അമേരിക്കന്‍ തടവറകളില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷംപേരും. തൊണ്ണൂറുകളിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് 20-നും 29-നും ഇടയ്ക്ക് പ്രായമുള്ള മൂന്ന് കറുത്തവരില്‍ ഒരാള്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ നോട്ടപ്പുള്ളിയാണ്. അമേരിക്കന്‍ തലസ്ഥാനനഗരിയായ വാഷിങ്ടണ്‍ ഡി.സി., ബാള്‍ട്ടിമോര്‍ എന്നീ നഗരങ്ങളിലാകട്ടെ, 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള കറുത്തവരില്‍ 50 ശതമാനവും ക്രിമിനലുകളെന്നു മുദ്രകുത്തപ്പെടുന്നു. ജയിലിലടയ്ക്കപ്പെടുന്നവരിലാകട്ടെ, 70 ശതമാനവും കറുത്തവംശജരും ഹിസ്പാനിക്കുകളുമത്രേ. ഒരേ കുറ്റത്തിന്, കറുത്തവര്‍ക്ക് വെളുത്തവരേക്കാള്‍ കൂടുതല്‍ ജയില്‍ശിക്ഷ ലഭിക്കുന്നു. ഒരു 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' പ്രവര്‍ത്തകന്‍, 2002 ആദ്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ 12 സ്റ്റേറ്റുകളില്‍ ഒരു വെള്ളക്കാരന്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ 12-നും 16-നും ഇടയ്ക്ക് കറുത്തവംശക്കാര്‍ ഇരുമ്പഴിക്കുള്ളിലാകുന്നുവെന്ന് കണ്ടെത്തി. 15 സ്റ്റേറ്റുകളില്‍ ഒരു വെളുത്ത സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ 10-നും 35-നുമിടയ്ക്ക് കറുത്ത വനിതകള്‍ ജയിലിലടയ്ക്കപ്പെടുന്നുണ്ട്. 14 ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ ഒരാള്‍ തടവിലാണ് എന്നതാണ് അവസ്ഥ. ഇതൊരു പുതിയ അടിമവ്യവസ്ഥയാണെന്ന് റാന്‍ഡള്‍ റോബിന്‍സണ്‍ എന്ന പൊതുപ്രവര്‍ത്തകന്‍ പറയുന്നു. മയക്കുമരുന്നിന്നടിമപ്പെട്ടവരില്‍ 12 ശതമാനം മാത്രമാണ് കറുത്തവര്‍. എന്നാല്‍ വെള്ളക്കാരേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ അറസ്റ്റിലാവുന്നത് അവരാണ്. വെള്ളക്കാരനായ മയക്കുമരുന്നു കുറ്റവാളിയേക്കാള്‍ 20 ശതമാനം കൂടുതല്‍ സുദീര്‍ഘമായ ജയില്‍ശിക്ഷ ലഭിക്കുന്നതും കറുത്തവനുതന്നെ.
ഇക്കണക്കിനുപോയാല്‍, അടുത്ത രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജയിലുകളില്‍ 60 ലക്ഷമെങ്കിലും ന്യൂനപക്ഷ വര്‍ഗങ്ങളില്‍പ്പെട്ടവരുണ്ടാകുമെന്നാണ് ചിന്തകനും എഴുത്തുകാരനുമായ ജോയല്‍ ഡയര്‍ തന്റെ ദ പെര്‍പെച്വല്‍ പ്രിസണര്‍ മെഷിന്‍ (ഠവല ജലൃുലൗേമഹ ജൃശീെിലൃ ങമരവശില) എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നത്. 'എത്ര കാലം തടവുപുള്ളികളെ സൃഷ്ടിക്കുന്ന യന്ത്രം അനവരതം പ്രവര്‍ത്തിക്കും? ഇന്നത്തെ നിരക്കില്‍ ഇതു പ്രവര്‍ത്തനം തുടര്‍ന്നാല്‍ വിദ്യാഭ്യാസത്തിനോ വ്യവസായത്തിനോ കൃഷിക്കോ മറ്റു കാര്യങ്ങള്‍ക്കോ ചെലവഴിക്കാന്‍ യു.എസ് ഗവണ്‍മെന്റിന്റെ പക്കല്‍ പണമുണ്ടാവില്ല. 'ജയില്‍വ്യവസായ സമുച്ചയ'ത്തിനുവേണ്ടി മുടക്കാന്‍ മാത്രമേ നികുതിദായകരില്‍നിന്ന് സ്വരൂപിക്കുന്ന പണം തികയൂ എന്ന അവസ്ഥയാണിന്നുള്ളത്. രാഷ്ട്രീയക്കാര്‍, സ്വകാര്യ ജയില്‍ക്കമ്പനികളിലെ ഓഹരിയുടമകള്‍, മാധ്യമങ്ങള്‍ എന്നിവയാണ് ജയില്‍വ്യവസായത്തിന് അടിത്തറപാകിയത്. തടവുപുള്ളികളെ സൃഷ്ടിക്കുന്ന യന്ത്രത്തിന് കേടുപാടുകളുണ്ടാകാതെ അവര്‍ നോക്കിക്കൊള്ളും. അവരെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യം വിലപ്പെട്ടൊരു ചരക്കാണ് - ജയില്‍വ്യവസായത്തിന്റെ അസംസ്‌കൃതപദാര്‍ഥം. നീതിന്യായവ്യവസ്ഥയോ ഒരു വന്‍ ബിസിനസ്സും. അതിനു തെളിവാണ് സി.സി.എ.യുടെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന. 1999 ജനവരിയിലെ കണക്കനുസരിച്ച് അവരുടെ 68 ജയിലുകളില്‍ 67,992പേരെ അടച്ചിരുന്നു. 1993-ലെ അവരുടെ സ്റ്റോക്ക് മൂല്യത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് 1999-ല്‍ അവരുടെ സ്റ്റോക്കുകള്‍ നേടിയത്. യു.എസ്. നീതിന്യായവ്യവസ്ഥ, വിപണിനിയമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ ദൈന്യമായൊരവസ്ഥ ഉണ്ടാകാനുണ്ടോ' എന്ന് ഡയര്‍ ചോദിക്കുന്നു.
കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കകം തടവുകാരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധന ഉണ്ടായിട്ടുണ്ട്. 'നീതിന്യായവ്യവസ്ഥാ ബിസിനസ്സി'ല്‍നിന്ന് കോര്‍പ്പറേഷനുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ പറ്റിയ സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നുതന്നെയാണ് ഇതിന്റെ അര്‍ഥം. കോടിക്കണക്കിന് ഡോളര്‍ ഈ ബിസിനസ്സില്‍ അവ മുടക്കിക്കഴിഞ്ഞിരിക്കുന്നു. ലാഭം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രദ്ധ അവ ചെലുത്തുന്നുമുണ്ട്. എക്‌സിബിഷനുകള്‍, ജയില്‍പ്പുള്ളികളെക്കൊണ്ട് നിര്‍മിക്കുന്ന സാധനസാമഗ്രികളുടെ വിശദാംശങ്ങളുള്‍ക്കൊള്ളുന്ന കാറ്റ്‌ലോഗുകള്‍, വാര്‍ത്താപത്രികകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയൊക്കെ കൂടുതല്‍ ഇടപാടുകാരെ കിട്ടാന്‍ ഈ കോര്‍പ്പറേഷനുകള്‍ ഒരുക്കുന്നുണ്ട്. അവയ്ക്ക് 'മഞ്ഞത്താളുകളി' (yellow pages)ലൂടെയുള്ള പ്രചാരണമുണ്ട്. ജയില്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടുള്ള അസംഖ്യം കമ്പനികളെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും ഈ താളുകളില്‍നിന്ന് ലഭിക്കും. നീതിപ്രദര്‍ശനങ്ങള്‍ (Justice exhibitions) മറ്റു വ്യാപാരപ്രദര്‍ശനങ്ങ(ൃേമറല വെീം)ളെപ്പോലെത്തന്നെ ഇന്ന് വെറും സാധാരണ പ്രദര്‍ശനങ്ങളാണ് അമേരിക്കയില്‍!
ഒരു രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകത്തിന്റെ നിദര്‍ശനമായി പൊതുവേ നാം പരിഗണിക്കുന്നത് ആ രാജ്യത്തിന്റെ സവിശേഷ സംസ്‌കൃതിയെയാണ്. അമേരിക്കയുടേത് താരതമ്യേന ഒരു പുതുസംസ്‌കാരമാണെങ്കിലും അടിമത്തത്തിന്നെതിരെ പോരാടിയ അബ്രഹാം ലിങ്കണും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ജഫേഴ്‌സണുമൊക്കെ അമേരിക്കന്‍സംസ്‌കാരത്തിന്റെ ഉജ്ജ്വലപ്രതീകങ്ങളായി വാഴ്ത്തപ്പെടുന്നു. 'സ്വാതന്ത്ര്യപ്രതിമ' (Statue of Liberty) മനോഹരമായ ഒരു ശില്പമെന്നതിനേക്കാളേറെ ആ രാജ്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ഒരു വൈകാരികപ്രതീകമാണ്. അതൊക്കെ പഴയ കഥകളായി ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഭൗതികനേട്ടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഊന്നല്‍. ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കന്‍ സംസ്‌കൃതിയുടെ തെളിവുകളായി ഭാവിതലമുറയ്ക്ക് ഒരുപക്ഷേ, അംഗീകരിക്കേണ്ടിവരിക കൊളറാഡോവിലെ ജെഫേര്‍സണ്‍ കൗണ്ടിയിലും വിസ്‌കോണ്‍സിലെ റെഡ്ഗ്രാനൈറ്റിലും ഇന്ത്യാനയിലെ പെന്‍സല്‍ട്ടണിലും ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലും ന്യൂയോര്‍ക്കിലെ ഒണ്ടാറിയൊ കൗണ്ടിയിലും കെന്റക്കിയിലെ ഹോപ്കിന്‍സ് കൗണ്ടിയിലും തടവുകാരെ പാര്‍പ്പിക്കാനുള്ള ജയില്‍സമുച്ചയങ്ങളായിരിക്കുമെന്ന് ജോയല്‍ ഡയര്‍ പരിതപിക്കുന്നു.
തടവുകാരുടെ ആരോഗ്യസംരക്ഷണ പരിപാടികള്‍ക്കായി വന്‍തുകയ്ക്കുള്ള കരാറുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്കപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് തടവുകാര്‍ക്ക് വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഹൃദ്രോഗികള്‍, മാനസികരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ തുടങ്ങി അടിയന്തര വൈദ്യസഹായം ലഭിക്കേണ്ടവര്‍ക്ക് യാതൊരു ശ്രദ്ധയും ജയിലിനകത്ത് കിട്ടുന്നില്ല. അവരുടെ രോഗം ചികിത്സിച്ചുമാറ്റുന്നതിനേക്കാള്‍ ലാഭകരം അവരെ മരിക്കാന്‍ വിടുകയാണെന്ന് ജയില്‍ ബിസിനസ്സുകാര്‍ക്ക് നന്നായറിയാം.
മാര്‍ക്‌മോര്‍ എന്ന പ്രശസ്ത ഗവേഷകന്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥ വര്‍ഷംപ്രതി കൂടുതല്‍ പേരെ ജയിലിലടയ്ക്കുന്നതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'നാം ഒരു വലിയ സാമൂഹികപരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. മാനവചരിത്രത്തില്‍ ഒരു സമൂഹവും കുറ്റങ്ങള്‍ കുറച്ചുകൊണ്ടുവരാനായി ഇത്രയേറെ സ്വന്തം പൗരന്മാരെ ഇരുമ്പഴിക്കുള്ളിലാക്കിയിട്ടുണ്ടാവില്ല' (മാര്‍ക്‌മോര്‍, അറ്റ്‌ലാന്റിക് മന്ത്‌ലി, ഡിസംബര്‍ 1998).
'...സാമൂഹിക ചെലവിനങ്ങള്‍ കുറയ്ക്കല്‍, ജയില്‍നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കല്‍, ജനങ്ങള്‍ക്ക് തെരുവുകളിലും, കുട്ടികള്‍ക്ക് സ്‌കൂളിലും സുരക്ഷയുണ്ടാക്കുമാറുള്ള നിയമനടത്തിപ്പ് തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഉറപ്പുവരുത്താനുള്ള നിയമനിര്‍മാണം ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു' എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിന്റെ നയപ്രഖ്യാപനത്തില്‍ (ഇീിൃേമര േംശവേ അാലൃശരമ) പറഞ്ഞിട്ടുള്ളത്. 'അമേരിക്കന്‍ തെരുവുകള്‍ തിരിച്ചു പിടിക്കാനുള്ള നിയമം' എന്നായിരുന്നു ഈ രേഖയ്ക്ക് പാര്‍ട്ടി നല്കിയ ശീര്‍ഷകം.
കൂടുതല്‍ വധശിക്ഷ വിധിക്കുക, കൂടുതല്‍ ജയിലുകള്‍ നിര്‍മിക്കുക, കൂടുതല്‍ പോലീസുകാരെ നിയമിക്കുക, ജയില്‍ശിക്ഷയുടെ ദൈര്‍ഘ്യം പരമാവധി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ക്രമസമാധാനനില മെച്ചപ്പെടുത്താനാകുമെന്നും കുട്ടികള്‍ സ്‌കൂളുകളില്‍ സുരക്ഷിതരായിരിക്കുമെന്നും 'അമേരിക്കയുമായുള്ള ഉടമ്പടി' വിഭാവനം ചെയ്യുന്നു. എന്നാല്‍ പ്രഗല്ഭമതികളായ ക്രിമിനോളജിസ്റ്റുകളുടെ അഭിപ്രായം മറിച്ചാണ്. കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിച്ച്, കൂടുതല്‍ ജയിലുകള്‍ നിര്‍മിച്ച്, ജയില്‍വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുകതന്നെയാണ് 'ഉടമ്പടി'യുടെ ലക്ഷ്യം.
കാരാഗൃഹങ്ങള്‍ ക്രൈം ഫാക്ടറികളാവുന്നു
1995-ല്‍ പുതിയ തടവുകാരെ പാര്‍പ്പിക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ കൊളറാഡോ സ്റ്റേറ്റ്, ഒക്‌ലാഹോമയിലെ ഡോമിനിയന്‍ മാനേജ്‌മെന്റ് ഓഫ് എഡ്‌മോണ്ട് എന്ന സ്ഥാപനത്തെ സമീപിച്ചു. ഈ കമ്പനി, തപാല്‍വകുപ്പ് ഉപയോഗിച്ചിരുന്ന ടെക്‌സാസിലെ ഒരു പഴയ കെട്ടിടത്തില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ഒരു മുറിയില്‍ 26 പേരെയാണിവിടെ അടച്ചത്- അവര്‍ക്കെല്ലാംകൂടി ഒരു കുളിമുറിയും! ഒരു വര്‍ഷം കൊളറാഡോ സ്റ്റേറ്റ് ഗവണ്‍മെന്റ് ഈ സ്വകാര്യകമ്പനിയുടെ സേവനത്തിന് നല്കിയതോ 3,65,000 ഡോളറും.
തടവുകാരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നല്കുന്നു. ഈ ബിസിനസ്സില്‍നിന്ന് സ്വകാര്യകമ്പനികളും സ്വകാര്യ ജയില്‍ കോര്‍പ്പറേഷനുകളും ദശലക്ഷക്കണക്കിന് ഡോളര്‍ ലാഭം നേടുന്നു. കോഴികള്‍, ആടുമാടുകള്‍ തുടങ്ങിയവയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ കുറേക്കൂടി മാന്യതയും ചിട്ടയും പുലര്‍ത്തുന്നു. എന്നാല്‍, തടവുകാരുടെ കാര്യത്തില്‍ മനുഷ്യത്വഹീനമായാണ് അവ പ്രവര്‍ത്തിക്കുന്നത്. പല കാരണങ്ങളാലും ഒരു സ്റ്റേറ്റില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുന്ന ജയില്‍പ്പുള്ളികള്‍ക്ക് തുടര്‍ച്ചയായി ദിവസങ്ങളോളം ദീര്‍ഘിക്കുന്ന യാത്രകള്‍ വേണ്ടിവരും. അതിലിടയ്ക്ക് സ്ത്രീതടവുകാരെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉദ്യോഗസ്ഥര്‍ നിരന്തരം ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊളറാഡോവില്‍ ഇത്തരം പീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മറ്റൊരു തെറ്റായ പ്രചാരണം, ജയിലുകള്‍ അമേരിക്കന്‍ ഖജനാവിന് ലാഭമുണ്ടാക്കുന്നു എന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ് ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍. ഒരു കുറ്റവാളിയെ ജയിലില്‍ പാര്‍പ്പിക്കുന്നതിനായി പ്രതിവര്‍ഷം 25,000 ഡോളര്‍ ഗവണ്മെന്റ് ചെലവാക്കുന്നുണ്ട്. അയാളെ ജയിലിലടച്ചില്ലായിരുന്നുവെങ്കില്‍, അയാള്‍ നടത്തുമായിരുന്ന കുറ്റങ്ങള്‍ വഴി രാജ്യത്തിന് 4,30,000 ഡോളര്‍ നഷ്ടമുണ്ടാകുമായിരുന്നുവെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തല്‍. മയക്കുമരുന്നിനടിമപ്പെട്ട ഒരാളോ, അല്ലെങ്കില്‍ ചെറിയ മോഷണങ്ങള്‍ നടത്തുന്ന ഒരു വ്യക്തിയോ രാജ്യത്തിന് ഇത്രയും വലിയ നഷ്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഉത്തരമില്ല. കൂടുതല്‍ ആളുകളെ ജയിലിലടച്ചതുവഴി 1999-ല്‍ അമേരിക്കയ്ക്ക് ചെലവഴിക്കേണ്ടിവന്നത് ഏകദേശം 50 ബില്യന്‍ ഡോളറായിരുന്നു.
1996-ല്‍ 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കന്‍ ജയിലുകളിലുടനീളം ലൈംഗികാക്രമണം നിത്യസംഭവമാണെന്നാണ്. ഗവേഷകനും ഡോക്ടറുമായ ജെയിംസ് ഗില്ലിഗന്‍, തന്റെ വയലന്‍സ് (Violence) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്, അമേരിക്കന്‍ ജയിലുകളില്‍ ഒരു മിനുട്ടില്‍ 18 ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നത്രേ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാഴ്ചയില്‍ 1,68,000-ഉം ഒരു വര്‍ഷത്തില്‍ 90 ലക്ഷവും ലൈംഗിക അതിക്രമങ്ങള്‍ അമേരിക്കന്‍ ജയിലുകളില്‍ ഉണ്ടാകുന്നുണ്ട്. 1997-ല്‍ അരിസോണയിലെ ഫ്‌ളോറന്‍സില്‍ സി.സി.എ. നടത്തുന്ന സ്വകാര്യജയിലിലെ അഞ്ചു വനിതാകുറ്റവാളികള്‍ അധികൃതര്‍ മുന്‍പാകെ പരാതിപ്പെട്ടത് ജയില്‍ ഗാര്‍ഡുകള്‍ അന്തേവാസികളായ സ്ത്രീകളെ പതിവായി ബലാത്സംഗം ചെയ്യുന്നുവെന്നാണ്. 50 ഗാര്‍ഡുകളെങ്കിലും ലൈംഗികകുറ്റവാളികളായിരുന്നുവെന്ന് ഇതുസംബന്ധിച്ചു നടന്ന അന്വേഷണം വ്യക്തമാക്കി. ജയില്‍ ഗാര്‍ഡുകളുടെ ക്രൂരതകളില്‍ മനംനൊന്ത് നിരവധി തടവുകാര്‍ ആത്മഹത്യക്ക് മുതിരുന്നുമുണ്ട്.
ന്യൂയോര്‍ക്കിലെ 'വേരാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ്' എന്ന സ്ഥാപനത്തിന്റെ അധിപന്‍ ക്രിസ്റ്റഫര്‍ സ്റ്റോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ജയിലുകള്‍ 'ക്രൈം ഫാക്ടറി'കളാണെന്നത്രേ. ജയിലുകളില്‍, ശക്തിമാന്മാര്‍ ദുര്‍ബലരെ ഭരിക്കുന്നു. രണ്ടു വര്‍ഷം ജയിലില്‍ കഴിയാനിടയായാല്‍, ആ കാലയളവ് മിക്ക തടവുകാരുടെയും വീക്ഷണത്തെയും ജീവിതത്തെത്തന്നെയും അപ്പാടെ മാറ്റിമറിക്കുന്നു എന്ന് സ്റ്റോണ്‍ അഭിപ്രായപ്പെട്ടു. ടോം വില്യം ബില്‍ കിങ്ങിന്റെ കേസ് ഇവിടെ ശ്രദ്ധേയമാണ്.
1999 ഫിബ്രവരി 25-ാം തീയതി ജോ ബോബ് ഗോള്‍ഡന്‍ എന്ന ന്യായാധിപന്‍ ബില്‍കിങ് എന്ന യുവാവിന് വധശിക്ഷ വിധിച്ചു. നാല്പത്തിയൊമ്പതു വയസ്സു പ്രായമുള്ള ജെയിംസ് ബൈര്‍ഡ് ജൂനിയര്‍ എന്നൊരാളെ കൊലചെയ്തതിനുള്ള ശിക്ഷയായിരുന്നു അത്. ബില്‍കിങ്ങിന് സഹായികളായി രണ്ടു പേര്‍ വേറെയുമുണ്ടായിരുന്നു. ബൈര്‍ഡ് കറുത്തവര്‍ഗക്കാരനും കൊലയാളികള്‍ വെളുത്തവരുമായിരുന്നു. ബില്ലിന്റെ പിതാവ് റൊണാള്‍ഡ് കിങ് പറയുന്നത് തന്റെ മകന്‍ ഒരിക്കലും ഒരു വംശീയവാദിയായിരുന്നില്ലെന്നാണ്. ഒരു പെറ്റി കേസില്‍പെട്ട് അവന് രണ്ടു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നത് അവന്റെ സ്വഭാവത്തെ അപ്പാടെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു. ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ബില്‍കിങ്, ഒരു വംശീയവാദിയാകുകയായിരുന്നു. ഇത് യു.എസ്. ജയിലിലെ പുനരധിവാസത്തിന്റെ ഉദാഹരണമാണോ? കഠിനമായ മാനസികപീഡനത്തിനിടയ്ക്ക് ഒരു വ്യക്തിയില്‍ മനഃപരിവര്‍ത്തനം സാധ്യമാണോ? ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പുനരധിവാസം പ്രാവര്‍ത്തികമാവുക?
കുറ്റകൃത്യങ്ങളെയും നീതിയെയും കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ ബഹുജനമാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തി ചെയ്യുന്ന ക്രിമിനല്‍ക്കുറ്റങ്ങളെ നിറംപിടിപ്പിച്ച് വായനക്കാരിലും കാഴ്ചക്കാരിലും എത്തിക്കുകയാണ് മിക്ക അച്ചടി-ദൃശ്യമാധ്യമങ്ങളും ഇപ്പോള്‍ ചെയ്തുവരുന്നത്. ക്രൈമില്‍ മസാല കലര്‍ത്തിയാല്‍ പത്രങ്ങള്‍ കൂടുതല്‍ ചെലവാകുമെന്നും ടി.വി ചാനലുകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടാകുമെന്നും അവയുടെ നടത്തിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 'പൊതുജനതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമം' എന്ന ആശയം 'ലാഭമുണ്ടാക്കുന്ന വ്യവസായ'ത്തിന് വഴിമാറിയിരിക്കുന്നു. എങ്ങനെയും ലാഭം വര്‍ധിപ്പിക്കുക എന്നതു മാത്രമാണ് പല മാധ്യമനടത്തിപ്പുകാരുടെയും ലക്ഷ്യം.
ലോകത്തു നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് നാം അഭിപ്രായം രൂപീകരിക്കുന്നത് ടി.വി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടശേഷമാണ്; അല്ലെങ്കില്‍ പത്ര-മാസികകള്‍ വായിച്ചാണ്. അവയില്‍ സത്യത്തിന്റെ അംശമെത്രയുണ്ടെന്നറിയാന്‍ വഴിയൊന്നുമില്ല. അത് വികലധാരണയായിരിക്കുമെന്ന് സാമൂഹികശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും പറയുന്നു. ടി.വി.യിലെ പ്രാദേശിക വാര്‍ത്തകളുടെ 45 ശതമാനവും കൊലകളെയും കൊള്ളകളെയും കേന്ദ്രീകരിച്ചുള്ളവയാണെന്നാണ് ഗവേഷകരുടെ നിഗമനം. വിദ്യാഭ്യാസപരവും സാമൂഹികവും രാഷ്ട്രീയവുമായ വാര്‍ത്തകളേക്കാള്‍ അക്രമസംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് സായാഹ്ന വാര്‍ത്താബുള്ളറ്റിനുകളിലുള്ളത്.
'രക്തമൊഴുകുന്നുവെങ്കില്‍ അത് പ്രധാന വാര്‍ത്തയാകുന്നു' (If it bleeds, it leads) എന്ന പഴമൊഴി നൂറുശതമാനവും സത്യമാവുകയാണ്. 1993-നും 1995-നുമിടയ്ക്ക് അക്രമരംഗങ്ങള്‍ സിനിമകളുടെയും മറ്റ് വിനോദപരിപാടികളുടെയും 74 ശതമാനം കൈയടക്കിയെന്ന് ഇതുസംബന്ധിച്ച് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് പബ്ലിക് അഫേഴ്‌സ് നടത്തിയ ഗവേഷണം വ്യക്തമാക്കി. ഈ കാലയളവില്‍ തോക്കുകളുപയോഗിച്ചുള്ള സംഘട്ടനരംഗങ്ങള്‍ 334 ശതമാനം കണ്ട് വര്‍ധിക്കുകയുണ്ടായി. ടി.വി സീരിയലുകളില്‍ അക്രമരംഗങ്ങള്‍ 30 ശതമാനം വര്‍ധിച്ചു. 1995-ല്‍ ഒരു ദിവസത്തെ ടി.വി കോമേഴ്‌സിയലുകളില്‍ ശരാശരി 948 അക്രമസംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മൂന്നു വര്‍ഷം മുന്‍പ് ഒരു വര്‍ഷം മുഴുവനും സംപ്രേഷണം ചെയ്യപ്പെട്ട കൊമേഴ്‌സിയലുകളില്‍ ഇത്രയും അക്രമരംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജൂണിയര്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെത്തുന്നതിനു മുന്‍പ് ഒരു ശരാശരി അമേരിക്കന്‍കുട്ടി ദൃശ്യമാധ്യമങ്ങളില്‍നിന്ന് 8,000 കൊലപാതകങ്ങളും ഒരു ലക്ഷം ലൈംഗികപീഡനമടക്കമുള്ള മറ്റ് അതിക്രമങ്ങളും കണ്ടിരിക്കുമെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ നടത്തിയ ഗവേഷണത്തിന്റെ നിഗമനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍, ഒരു അമേരിക്കന്‍ കുട്ടി ഒരാഴ്ചയില്‍ ശരാശരി 27 മണിക്കൂര്‍ ടി.വി. കാണുന്നുവെന്ന് വ്യക്തമായി. പതിനെട്ടു വയസ്സാകുമ്പോഴേക്ക് കുട്ടി 40,000 കൊലപാതകങ്ങളും രണ്ടു ലക്ഷത്തോളം മറ്റ് അതിക്രമങ്ങളും കണ്ടുകഴിഞ്ഞിരിക്കുമെന്ന് അസോസിയേഷന്റെ റിപ്പോര്‍ട്ട് പറഞ്ഞു. ഈ കണ്ടെത്തലുകള്‍ ക്രൈമും സെക്‌സും പുതുതലമുറയുടെ രക്തത്തില്‍ എപ്രകാരം കലരുന്നുവെന്ന് വ്യക്തമാക്കുന്നു. അവര്‍ക്ക് താത്പര്യമുള്ള വിഭവങ്ങള്‍ കൊടുത്താല്‍ മാത്രമേ അവര്‍ പത്രമാസികകള്‍ വായിക്കൂ. ധാര്‍മികമൂല്യങ്ങളില്‍ വിശ്വാസം വളരെ കുറഞ്ഞ പത്രങ്ങള്‍, കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കുവാനും ക്രിമിനല്‍ റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു.
കുറ്റകൃത്യങ്ങളും മാധ്യമങ്ങളും
മാധ്യമസ്ഥാപനങ്ങള്‍ കുത്തകകളാവുന്നത് വാര്‍ത്താപ്രസിദ്ധീകരണത്തെ ഏകപക്ഷീയമാക്കുന്നു. അതിന്റെ വൈപുല്യവും വൈവിധ്യവും നഷ്ടപ്പെടുന്നു. അമേരിക്കയില്‍ മാധ്യമസ്ഥാപനങ്ങള്‍ ലയനത്തിലൂടെയും 'പിടിച്ചടക്കലുകളി'ലൂടെയും കുത്തകകളായി മാറിക്കൊണ്ടിരിക്കുകയാണ്. ചിന്തകനും എഴുത്തുകാരനുമായ ബെന്‍ ബാഗ്ദിക്യാന്‍ തന്റെ പ്രശസ്ത കൃതിയായ ദ മീഡിയ മൊണോപൊളി(The Media Monopoly)യുടെ ഒന്നാംപതിപ്പില്‍ (1982) അമേരിക്കന്‍ മാധ്യമ ബിസിനസ്സിന്റെ പകുതിയും നിയന്ത്രിച്ചത് 50 കോര്‍പ്പറേഷനുകളാണെന്നു കണ്ടെത്തി. 1986-ല്‍ അദ്ദേഹം തന്റെ പുസ്തകം പരിഷ്‌കരിച്ചപ്പോള്‍ യു.എസ്. മാധ്യമങ്ങളുടെ പകുതിയിലേറെ നിയന്ത്രണം 26 കോര്‍പ്പറേഷനുകളിലാണെന്നു വ്യക്തമായി. 1993-ല്‍ വീണ്ടും പുസ്തകം പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ രാജ്യത്തെ മാധ്യമങ്ങളുടെ ബഹുഭൂരിപക്ഷത്തെയും നിയന്ത്രിച്ചത് 20 കോര്‍പ്പറേഷനുകള്‍ മാത്രമാണെന്ന് ബെന്നിന് ബോധ്യമായി. ഏഴു വര്‍ഷത്തിനുള്ളിലുണ്ടായ യു.എസ്. മാധ്യമകുത്തകകളുടെ വളര്‍ച്ച വ്യക്തമാണല്ലോ. ആഗോളാടിസ്ഥാനത്തില്‍ വിവരങ്ങളുടെ ഒഴുക്ക് മുഖ്യമായും നിയന്ത്രിക്കുന്നത് ടൈം വാര്‍ണര്‍ (1997-ലെ കണക്കനുസരിച്ച് വില്പനമൂല്യം 24 ബില്യന്‍ ഡോളര്‍), ഡിസ്‌നി (22 ബില്യന്‍), ബെല്‍ടെല്‍സ്മാന്‍ (15 ബില്യന്‍), വിയാകോം (13 ബില്യന്‍), ന്യൂസ് കോര്‍പ്പറേഷന്‍ (11 ബില്യന്‍), ടി.സി.ഐ. (7 ബില്യന്‍), ജനറല്‍ ഇലക്ട്രിക് (5 ബില്യന്‍), സോണി (9 ബില്യന്‍), സീഗ്രാം (7 ബില്യന്‍) എന്നീ കോര്‍പ്പറേഷനുകളാണ്. ഈ ഒന്‍പതു സ്ഥാപനങ്ങളാണ് വാര്‍ത്തകള്‍ അവരുടെ ഇഷ്ടാനുസരണം വിതരണം ചെയ്യുന്നത്. പ്രധാനപ്പെട്ട വസ്തുത, അവര്‍ തമ്മില്‍ യാതൊരുവിധ മത്സരവുമില്ല എന്നതാണ്. അവരുടെ താത്പര്യങ്ങളില്‍ ഭിന്നതയില്ലാത്തതുകൊണ്ട് മത്സരത്തിന്റെ ആവശ്യം ഉദിക്കുന്നില്ല എന്നതോ പോകട്ടെ, അവര്‍ തമ്മില്‍ ഹൃദയം തുറന്ന സഹകരണവുമാണ്. അവര്‍ സംയുക്തസംരംഭങ്ങള്‍പോലും നടത്തുന്നുണ്ട്.
മാധ്യമശക്തി ഏതാനും മെഗാ കോര്‍പ്പറേഷനുകളില്‍ ഒതുങ്ങുമ്പോള്‍ വാര്‍ത്തകള്‍ കൂടുതല്‍ കൂടുതല്‍ മസാലവത്കരിക്കപ്പെടുന്നുവെന്നാണ് പ്രശസ്ത സിനിമാസംവിധായകനായ ഒലിവര്‍ സ്റ്റോണ്‍ അഭിപ്രായപ്പെടുന്നത്. എന്താണ് 'ടൈ'മും 'ന്യൂസ് വീക്കും' തമ്മിലും എ.ബി.സി.യും എന്‍.ബി.സി.യും സി.ബി.എസ്സും തമ്മിലും 'വാഷിങ്ടണ്‍ പോസ്റ്റും' 'ന്യൂയോര്‍ക്ക് ടൈംസും' തമ്മിലുമുള്ള വ്യത്യാസം? അടിസ്ഥാനപരമായി വ്യത്യാസമൊന്നുംതന്നെയില്ല എന്നാണ് ഉത്തരം. എന്താണ് വാര്‍ത്തയെന്നു തീരുമാനിക്കുന്നത് മെഗാ കോര്‍പ്പറേഷനുകളാണ്. മാധ്യമസ്ഥാപനങ്ങളുടെ ലയനങ്ങളുടെയും ആഗോളീകരണത്തിന്റെയും ഫലമായി വാര്‍ത്തകളുടെയും വിനോദപരിപാടികളുടെയും ഭൂരിഭാഗവും ക്രിമിനല്‍ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ്. മാധ്യമങ്ങളുടെ ആഗോളനിയന്ത്രണം ഒരു സമീപകാല സംഭവവികാസമാണ്. 1980 വരെയും മാധ്യമസ്ഥാപനങ്ങള്‍ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നു. '80-കളുടെ ആരംഭത്തില്‍ അന്തര്‍ദേശീയ നാണ്യനിധി (ഐ.എം.എഫ്)യും ലോകബാങ്കും യു.എസ്. ഗവണ്‍മെന്റും മാധ്യമസ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് മുക്തമാക്കുകയും അവയെ സ്വകാര്യവത്കരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ മാധ്യമസംസ്‌കാരം ജന്മമെടുത്തതെന്നാണ് പ്രശസ്ത ചിന്തകനായ മാക് ചെസ്‌നിയുടെ അഭിപ്രായം. ഇതോടൊപ്പംതന്നെ സാറ്റലൈറ്റ്-ഡിജിറ്റല്‍ സാങ്കേതികവിദ്യകൂടി വികസിതമായപ്പോള്‍ വാര്‍ത്തകള്‍ക്ക് രാജ്യാന്തര അതിര്‍ത്തികള്‍ ഇല്ലാതായി. അതോടെ ആഗോള സൂപ്പര്‍ കോര്‍പ്പറേഷനുകള്‍ ജന്മമെടുക്കുകയും ചെയ്തു.
1997 ആയതോടെ വിനോദപരിപാടികള്‍ അമേരിക്കയുടെ രണ്ടാമത് കയറ്റുമതി വിഭവമായിത്തീര്‍ന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഹിംസയുടെ ചിത്രീകരണങ്ങള്‍ അമേരിക്കയുടെ ഏറ്റവും ലാഭകരമായ രണ്ടാമത് കയറ്റുമതി ഉത്പന്നമായി. അക്രമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടി.വി.സീരിയലുകള്‍ക്ക് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും പ്രേക്ഷകരുണ്ടായി. 'ക്‌സേന: വാറിയര്‍ പ്രിന്‍സസ്' എന്ന ടി.വി.പരിപാടി 'ബേ വാച്ചി'നെ ഒന്നാംസ്ഥാനത്തുനിന്നു പുറന്തള്ളിയതിന്റെ കാരണം ഹിംസാത്മകതയോടുള്ള ജനപ്രിയതയാണ്. എല്ലാവര്‍ക്കും വേണ്ടത് ആക്ഷന്‍ ത്രില്ലറുകളാണ്. പാരമൗണ്ട് ഇന്റര്‍നാഷണലിന്റെ പ്രസിഡണ്ട് ബ്രൂസ് ഗോര്‍ഡനും ന്യൂയോര്‍ക്ക് സര്‍വകലാശാലാ പ്രൊഫസര്‍ ടോഡ് ഗിറ്റ്‌ലിനും സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെ. ഡൈ ഹാര്‍ഡ് (Die Hard) എന്ന സിനിമയുടെ ഒന്നാംഭാഗത്തില്‍ 18 മരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാംഭാഗത്തിലോ 264 ഉം! ആഗോളീകരണം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഹിംസാത്മക വിനോദപരിപാടികള്‍ ഭാവിയില്‍ വളരെ കൂടുതലാകുകതന്നെ ചെയ്യുമെന്നാണ് അഭിജ്ഞമതം. ഇത്തരം പരിപാടികള്‍ അമേരിക്കയിലുടനീളം ഒരുതരം ഭീതിക്കും അരക്ഷിതാവസ്ഥയ്ക്കും ജന്മം നല്കിയിരിക്കുന്നു. ക്രമസമാധാന-നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവിടെ ഒടിഞ്ഞുകൊണ്ടിരിക്കുന്നത്. അമേരിക്കയിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്ക് പ്രധാനമായും പ്രചോദനമാകുന്നത് ഹിംസയ്ക്കും ലൈംഗികതയ്ക്കും പ്രാധാന്യം നല്കുന്ന ടി.വി. സീരിയലുകളും സിനിമകളുമാണ്.
അമേരിക്കന്‍ തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലും ഭീകരസംഭവങ്ങളിലും ജനങ്ങള്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. ഇതിനു വലിയ രാഷ്ട്രീയപ്രാധാന്യവുമുണ്ട്. വെറുതേയല്ല ഒരു തിരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിന്റെ മുഖ്യവിഷയം എന്നും പൊതുസുരക്ഷയെക്കുറിച്ചാവുന്നത്. അമേരിക്കയിലെ ജനപ്രതിനിധികള്‍ ജയില്‍വ്യവസായത്തിന്റെ ഉപജ്ഞാതാക്കളാകുന്നതിലും അദ്ഭുതപ്പെടേണ്ടതില്ല. ജനക്ഷേമപരിപാടികള്‍, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് നീക്കിവെക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ജയില്‍വ്യവസായങ്ങളില്‍ മുടക്കുന്നതിനെ ഡെമോക്രാറ്റ് കക്ഷിപോലും അനുകൂലിക്കുന്നു. 1990-കളില്‍ ഡെമോക്രാറ്റ് കക്ഷിക്കാരനായ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ജനക്ഷേമപരിപാടികള്‍ ഗണ്യമായി കുറച്ചതുതന്നെ ഒരുദാഹരണം. കുറഞ്ഞുവരുന്ന സര്‍ക്കാര്‍ പദ്ധതികള്‍, കൂടുതല്‍ കോര്‍പ്പറേറ്റ് ലയനങ്ങള്‍, വര്‍ധിതമായ പ്രതിരോധ ബജറ്റ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍പ് റിപ്പബ്ലിക്കന്‍ കക്ഷിയുടെ അജന്‍ഡയുടെ ഭാഗമായിരുന്നു. ഇന്നത് ഡെമോക്രാറ്റുകളുടെയും മുഖ്യനയപരിപാടിയായിട്ടുണ്ട്. ജയില്‍ സ്വകാര്യവത്കരണ പരിപാടിയും മറ്റും ഈ അജന്‍ഡയുടെ ഭാഗംതന്നെ.
1977-ല്‍ കാലിഫോര്‍ണിയയില്‍ 19,000 തടവുകാരാണുണ്ടായിരുന്നതെങ്കില്‍ 1998-ല്‍ അവരുടെ എണ്ണം 1,59,000 ആയി വര്‍ധിച്ചു. കാലിഫോര്‍ണിയ ഇന്ന് പാശ്ചാത്യലോകത്തിലെ ഏറ്റവും വലിയ ജയില്‍സംവിധാനമുള്ള പ്രദേശമാണ്. ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ തടവുകാരെക്കാളും അധികം ജയില്‍പ്പുള്ളികള്‍ കാലിഫോര്‍ണിയയില്‍ മാത്രമുണ്ട്. 1977 മുതല്‍ പുതിയ ജയിലുകളുണ്ടാക്കാന്‍ കാലിഫോര്‍ണിയ 502 കോടി ഡോളര്‍ ചെലവഴിച്ചുകഴിഞ്ഞു. ഒരാള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവ് എന്ന നിയമം (Three Strike Law) നടപ്പിലാക്കപ്പെട്ടതോടെ പത്തു വര്‍ഷത്തിനകം കാലിഫോര്‍ണിയയ്ക്ക് 600 കോടി ഡോളര്‍കൂടി ജയില്‍നിര്‍മാണത്തിന് ചെലവാക്കേണ്ടിവരുമെന്നാണ് ഏകദേശകണക്ക്. കാലിഫോര്‍ണിയന്‍ ജയില്‍വിപണിയുടെ ഒരു പങ്ക് കിട്ടാനുള്ള ശ്രമത്തിലാണ് സി.സി.എ.യും വാക്കന്‍ ഹട്ടും . 1,000 ലക്ഷം ഡോളര്‍ വീതം മുടക്കി മൂന്നു ജയിലുകള്‍ സി.സി.എ. നിര്‍മിച്ചുവരുന്നുണ്ട്. ആരുമായും കരാര്‍ ഉറപ്പിച്ചിട്ടില്ലെങ്കിലും ശരിയായ സ്ഥലത്താണ് ജയില്‍ പണിയുന്നതെങ്കില്‍ തങ്ങളുടെ ജയില്‍ നിറയ്ക്കാന്‍ തടവുപുള്ളികള്‍ താനേ വന്നുകൊള്ളുമെന്നാണ് ഒരു സി.സി.എ. പ്രതിനിധി വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോടു പറഞ്ഞത്.
ജയില്‍വ്യവസായം ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കൂടുതല്‍ ആളുകളെ, കൂടുതല്‍ കാലത്തേക്ക് ജയിലിലടച്ചേ പറ്റൂ. നീതിന്യായവ്യവസ്ഥ കോടിക്കണക്കിനു ഡോളര്‍ കൈമാറുന്ന ഒരു വെറും ബിസിനസ്സാവുകയാണ്, അമേരിക്കയില്‍ . 1984-ല്‍ പരോള്‍ നിര്‍ത്തലാക്കിയതും വിധിന്യായ കമ്മീഷന്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ക്ക് ശുപാര്‍ശ നല്കിയതും ഈ വന്‍ ബിസിനസ്സിന്റെ ഭാഗമാണ്. 700 പേജുകളുള്ള കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന്, ചില പ്രത്യേകതരം ചൂതുകളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, കൊലപാതകക്കുറ്റത്തിനു വിധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദീര്‍ഘിച്ച ജയില്‍ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക എന്നതാണ്. പ്രശസ്ത ഗ്രന്ഥകാരനും ഇന്‍ഡിപെന്‍ഡന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ ഡേവിഡ് കോംപെല്‍ ഇതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കയില്‍ അനധികൃതമായി പ്രവേശിക്കുന്നൊരാള്‍ക്കും ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യുന്നൊരാള്‍ക്കും ലഭിക്കുന്ന ജയില്‍ശിക്ഷ ഒന്നുതന്നെയാണ്. വിധിന്യായ കമ്മീഷന്റെ ശുപാര്‍ശകള്‍ ജയില്‍ നിറയ്ക്കാനുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതുതന്നെ.
'ത്രീ സ്‌ട്രൈക്ക് നിയമ'ത്തിന്റെ ഭീകരതയ്ക്ക് ഒരുദാഹരണമാണ് കാലിഫോര്‍ണിയയില്‍ താമസക്കാരനായ മൈക്കല്‍ റിഗ്ഗ് എന്ന മഹാദരിദ്രന്റെ അനുഭവം. മരുന്നു വാങ്ങാന്‍പോലും പണമില്ലാതെ വന്നപ്പോള്‍, ഒരു കടയില്‍ കയറി റിഗ്ഗ് ഒരു കുപ്പി വിറ്റാമിന്‍ഗുളിക മോഷ്ടിച്ചു. അദ്ദേഹം പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മുന്‍പ് പല ചെറിയ കുറ്റങ്ങള്‍ക്കും അറസ്റ്റിലായിരുന്ന റിഗ്ഗിന് ത്രീ സ്‌ട്രൈക്ക് നിയമമനുസരിച്ച് സുദീര്‍ഘശിക്ഷതന്നെ കിട്ടി. മറ്റൊരു കാലിഫോര്‍ണിയന്‍ ദരിദ്രന്‍, തന്റെ മനോരോഗിയായ സഹോദരന് ഭക്ഷിക്കാനായി ഒരു റൊട്ടി മോഷ്ടിച്ചപ്പോള്‍ അകപ്പെട്ടതും ത്രീ സ്‌ട്രൈക്കിന്റെ ആപത്തില്‍ത്തന്നെ. അയാള്‍ക്കും കിട്ടി, ജീവപര്യന്തം! വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഒരാള്‍ 135 ഡോളര്‍ മോഷ്ടിച്ചു പിടിയിലായപ്പോള്‍ അയാള്‍ക്ക് വിധിക്കപ്പെട്ടതും ആജീവനാന്ത ജയില്‍വാസംതന്നെയായിരുന്നു. കാലിഫോര്‍ണിയയില്‍ 70 ശതമാനം ത്രീ സ്‌ട്രൈക്ക് നീതി ലഭിച്ച നിര്‍ഭാഗ്യവാന്മാരും അക്രമേതരകുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരായിരുന്നു. 23 യു.എസ് സ്റ്റേറ്റുകളിലും ത്രീ സ്‌ട്രൈക്ക് നിയമം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിലവിലുണ്ട്. ഫെഡറല്‍ സംവിധാനത്തിലുമുണ്ട് ഈ കഠിനശിക്ഷാവ്യവസ്ഥയുടെ രൂപഭേദങ്ങള്‍.
ജയില്‍കുത്തകകളുടെ ഉന്നം വികസ്വരനാടുകള്‍
യു.എസ്. കോണ്‍ഗ്രസ് അംഗീകരിച്ച കഠിനശിക്ഷാനിയമങ്ങള്‍ ജയിലുകള്‍ നിറയ്ക്കാനല്ലാതെ മറ്റൊന്നിനും ഉതകുകയില്ല. 'ചീഞ്ഞളിഞ്ഞ വ്യവസ്ഥ'യെന്നാണ് സുപ്രീം കോര്‍ട്ട് ജസ്റ്റീസ് സ്റ്റീഫന്‍ ബ്രെയര്‍ പുതിയ നിയമങ്ങളെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ തടവിലായിക്കഴിഞ്ഞാല്‍ ശിക്ഷാവിധി പൂര്‍ണമായും അനുഭവിച്ചുതീര്‍ക്കുകതന്നെ വേണം. നല്ല പെരുമാറ്റമോ, പരസഹായതത്പരതയോ ഒന്നുംതന്നെ ശിക്ഷ കുറയ്ക്കാന്‍ പര്യാപ്തമാവില്ല. പെറ്റിക്കേസുകളില്‍പ്പെട്ട ജയില്‍പ്പുള്ളികളുടെ പുനരധിവാസത്തിനുപോലും യാതൊരു സാധ്യതയും അമേരിക്കന്‍ ജയിലുകളിലില്ല. ഡേവിഡ് കോംപെല്‍ 1994-ല്‍ നല്കിയ മുന്നറിയിപ്പ് ഇന്നും സംഗതമാണ്. 'കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അമേരിക്കന്‍ ജനപ്രതിനിധികള്‍ ജയിലുകളെ 'ധീരമായ' ഒരു സാമൂഹികപരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അക്രമികളായ പുള്ളികളെ അടച്ചിടാനുള്ളതായിരുന്നു കാലാകാലങ്ങളായി അമേരിക്കയില്‍ നിലനിന്ന ജയില്‍നയം. ഇപ്പോഴത്തേതാകട്ടെ, അക്രമേതര കുറ്റങ്ങള്‍ ചെയ്യുന്നവരെ, മുഖ്യമായും മയക്കുമരുന്നു കുറ്റവാളികളെ അതികഠിനവും സുദീര്‍ഘവുമായ തടവുശിക്ഷയ്ക്കു വിധേയരാക്കുന്നതാണ്'. ഈ 'സാമൂഹികപരീക്ഷണം'തീര്‍ത്തും പരാജയമാണെന്ന് ഗവേഷകര്‍ പറയുന്നു.
കറുത്ത വര്‍ഗക്കാരെയും ഹിസ്പാനിക്കുകളെയും വിവേചനപരമായി ജയിലിലടയ്ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. 1986-നും 1991-നുമിടയ്ക്ക് കറുത്ത തടവുകാരുടെ എണ്ണം 429 ശതമാനം വര്‍ധിക്കുകയുണ്ടായി. മയക്കുമരുന്ന് കുറ്റത്തിന് ജയിലിലടച്ച കറുത്തവംശജരായ സ്ത്രീകളുടെ എണ്ണത്തില്‍ 828 ശതമാനം വര്‍ധനയുണ്ടായി. ഈ കാലയളവില്‍ മയക്കുമരുന്നുപയോഗിച്ച് ജയിലിലായ വെള്ളക്കാരുടെ എണ്ണമാകട്ടെ ഇരട്ടിയാവുക മാത്രമാണ് ചെയ്തത്. ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരാണെങ്കിലും ജയിലിലടയ്ക്കപ്പെടുന്ന ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ എണ്ണം കുതിച്ചുയരുകയാണ്. കറുത്തവരും വെളുത്തവരുമായുള്ള ജയില്‍പ്പുള്ളികള്‍ തമ്മിലുള്ള അനുപാതം യഥാക്രമം 7.66:1 എന്നത്രേ. ചിക്കാഗോവില്‍ 'അനധികൃതമായി ചുറ്റിക്കറങ്ങിയതിന്' 42,000 ന്യൂനപക്ഷവംശജര്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നാണ് അടുത്തിടെ ലഭിച്ച ഒരു കണക്ക്. മറ്റൊരു വസ്തുത വിദേശയാത്ര കഴിഞ്ഞുവരുന്ന കറുത്ത സ്ത്രീകളെ 'മയക്കുമരുന്ന് തിരച്ചില്‍' എന്ന പേരില്‍ കടുത്ത ശാരീരികപരിശോധനയ്ക്ക് വിധേയരാക്കുന്നുവെന്നാണ്. വെള്ളക്കാരായ പുരുഷന്മാരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും കടത്തിക്കൊണ്ടുവരുന്നതിലും ഭൂരിഭാഗമെങ്കിലും അവരോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനമാണ് കൈക്കൊള്ളുന്നത്.
ജയില്‍പ്പുള്ളികളോടുള്ള ഗാര്‍ഡുമാരുടെയും മറ്റും പെരുമാറ്റം മനുഷ്യത്വലേശമില്ലാത്തതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കൊളറാഡോവില്‍നിന്ന് കിഴക്കന്‍ ടെക്‌സാസിലെ ഒരു ജയിലിലേക്ക് ബസ്സില്‍ കൊണ്ടുവന്ന അക്രമികളല്ലാത്ത കുറ്റവാളികളെ കൈവിലങ്ങുകളോടെത്തന്നെ ജയില്‍ ഗാര്‍ഡുകള്‍ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും കണ്ണിലേക്ക് കുരുമുളകുവെള്ളം ശക്തമായി സ്‌പ്രേ ചെയ്യുകയും ചെയ്തു. 'ടേയ്, നിങ്ങളിപ്പോള്‍ കൊളറാഡോവിലല്ല, ടെക്‌സാസിലാണെന്നു മനസ്സിലായില്ലേ?' എന്നായിരുന്നു ഗാര്‍ഡുകളുടെ ആദ്യാഭിവാദ്യം. അവരെ അടച്ചതോ കൊലപാതകികളടക്കമുള്ള ഭീകരരായ അക്രമികളോടൊപ്പം ഒരു ഇടുങ്ങിയ സെല്ലിലും. പഴയൊരു തപാല്‍ ഗോഡൗണ്‍ ജയിലാക്കി മാറ്റിയ കെട്ടിടമായിരുന്നു അത്. പ്രാഥമികാവശ്യങ്ങള്‍ക്കും കുളിക്കാനുമൊന്നും യാതൊരു സൗകര്യവുമില്ലാത്ത, സദാസമയവും കൂറകളും പാറ്റകളും മറ്റും അരിച്ചുനടക്കുന്ന, സാക്ഷാല്‍ നരകംതന്നെ.
ന്യൂജര്‍സിയിലെ എലിസബത്തിലുള്ള 'എസ്‌മോര്‍ കറക്ഷന്‍സ്'എന്ന സ്വകാര്യജയിലിലും ടെക്‌സാസിലെ ഡിക്കന്‍സ് കൗണ്ടിയിലുള്ള മറ്റൊരു ജയിലിലും വിശപ്പു സഹിക്കാനാവാതെ തടവുകാര്‍ കൂട്ടലഹളയുണ്ടാക്കി. ജയില്‍കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ചെലവുചുരുക്കല്‍ പരിപാടിയനുസരിച്ച് ജീവന്‍ നിലനില്ക്കാനാവശ്യമായ ഭക്ഷ്യസാധനങ്ങള്‍പോലും തടവുകാര്‍ക്ക് നല്കിയിരുന്നില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ലഹളകളെത്തുടര്‍ന്ന് ഒന്ന് സംഭവിച്ചു - എസ്‌മോറിന്റെ ഓഹരിവില ഇരുപതു ഡോളറില്‍നിന്ന് ഏഴു ഡോളറായി കുത്തനെ ഇടിഞ്ഞു.
തടവുകാരെ അവരുടെ ജന്മദേശത്തുനിന്നും വളരെ ദൂരെയുള്ള സ്വകാര്യ ജയിലുകളില്‍ പാര്‍പ്പിക്കുന്നത് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയടക്കമുള്ള ദൂരവ്യാപകമായ സാമൂഹികഫലങ്ങളുണ്ടാക്കുന്നു. ദരിദ്രയായ ഭാര്യക്ക് തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ വളരെ ദൂരെ പോയി കാണാനുള്ള സാമ്പത്തികശേഷിയുണ്ടാവില്ല. കുറെ വര്‍ഷങ്ങള്‍ കാണാന്‍ കഴിയാതെ വരുമ്പോള്‍ ബന്ധങ്ങള്‍ ശിഥിലമാകുന്നു. വര്‍ഷങ്ങളോളം നരകയാതനയനുഭവിച്ച്, ജയില്‍ശിക്ഷ കഴിഞ്ഞുവരുന്ന ഭര്‍ത്താവ് അറിയുന്നത് ഭാര്യ മറ്റൊരാളെ വരിച്ചുവെന്നോ, ഭാര്യയും മക്കളും ദാരിദ്ര്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തുവെന്നോ ആയിരിക്കും. ഇതില്‍പ്പരമൊരു ദുരന്തം ഒരു മനുഷ്യന് ഉണ്ടാകാനുണ്ടോ?
സ്വകാര്യ ജയിലധികൃതര്‍ തടവുപുള്ളികളെയോ അവര്‍ക്കുള്ള പരാധീനതകളെയോ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാറില്ല. മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കോ, സാമൂഹികപ്രവര്‍ത്തകര്‍ക്കോ, തടവുകാരുടെ കുടുംബാംഗങ്ങള്‍ക്കുപോലുമോ അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
സ്വകാര്യ ജയില്‍വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഷഹീന്‍ ബോണ ഫ്രീ എന്റര്‍പ്രൈസസ് ഗോസ് ടു പ്രിസണ്‍ (Free Enterprises Goes to Prison) എന്ന തന്റെ കൃതിയില്‍ പറയുന്നത്, ജയില്‍ നിറയുകയും വലുതാവുകയും തടവുകാര്‍ ദീര്‍ഘകാലം അവിടെ കഴിയുകയും ചെയ്താല്‍ മാത്രമേ സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് ലാഭം വര്‍ധിപ്പിക്കാനാവൂ എന്നാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തെ ന്യായീകരിക്കുന്നതാണ് യു.എസ്. ജയിലുകളുടെ ശോചനീയാവസ്ഥ. ജയിലുകള്‍ ദാരിദ്ര്യത്തെയും ദാരിദ്ര്യം കുറ്റകൃത്യങ്ങളെയും അവ കുറ്റവാളികളെയും സൃഷ്ടിക്കുന്നു എന്ന ദൂഷിതവലയത്തില്‍ അമേരിക്കന്‍സമൂഹം അകപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ 'ജയില്‍ യന്ത്രത്തെ' അനശ്വരമാക്കുന്നു.
കൂടുതല്‍ പേര്‍ ജയിലിലടയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് നാല്പതു ലക്ഷം അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ദരിദ്രരായ കറുത്തവര്‍ഗക്കാരാണ്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുകയാണെങ്കില്‍, അടുത്ത തലമുറയുടെ 40 ശതമാനം പേര്‍ക്കും വോട്ടവകാശമുണ്ടാവില്ല. 1944-ല്‍ ചില്‍ഡ്രന്‍ ഓഫ് ലൈറ്റ് ആന്‍ഡ് ചില്‍ഡ്രന്‍ ഓഫ് ഡാര്‍ക്‌നെസ് (Children of Light and Children of Darkness) എന്ന തന്റെ ഗ്രന്ഥത്തില്‍ ചിന്തകനായ റെയിനോള്‍ഡ് നീബുര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: 'മനുഷ്യന് നീതിമാനാകാമെന്നതിനാല്‍ ജനാധിപത്യം സാധ്യമാണ്; അവന് അനീതിയോട് ചായ്‌വുള്ളതിനാല്‍ ജനാധിപത്യം അനിവാര്യവുമാണ്.' ആധുനികസമൂഹം ഈ വാചകങ്ങളെ സാധൂകരിക്കുന്നു; പ്രത്യേകിച്ചും അമേരിക്കന്‍ നീതിന്യായവ്യവസ്ഥയും ജയില്‍വ്യവസായങ്ങളും. ജനാധിപത്യവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയക്കാരുടെ ലാഭവര്‍ധനയ്ക്കുള്ള വെറും സംവിധാനമാവുകയും ചെയ്താലുള്ള അവസ്ഥ, ചരിത്രത്തിലെ അഭിശപ്തകാലഘട്ടമായിരുന്ന 'ഇരുണ്ടയുഗ'ത്തെയാവും തിരിച്ചുകൊണ്ടുവരിക. അമേരിക്കന്‍ ജയില്‍വ്യവസായം അതിന്റെ മുന്നറിയിപ്പു മാത്രമാണ്. ഈ പ്രക്രിയ അമേരിക്കയില്‍ മാത്രം ഒതുങ്ങുകയില്ല എന്നതാണ് ആശങ്കയുളവാക്കുന്ന ഒരു വസ്തുത. ആഗോളീകരണത്തിന്റെ അപകടം ജയില്‍വ്യവസായങ്ങളുടെ കാര്യത്തിലുമുണ്ട്. കുടിവെള്ളം ഒരു വില്പനച്ചരക്കാവുന്ന കാര്യം നമ്മുടെ ദുഃസ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നത് യാഥാര്‍ഥ്യമായിരിക്കുന്നു. ആഗോളീകരണത്തിന്റെ മറവില്‍ അന്തര്‍ദേശീയ സാമ്പത്തിക ഏജന്‍സികളും ബഹുരാഷ്ട്രകുത്തകകളും വികസ്വരനാടുകളില്‍ സൃഷ്ടിക്കുന്നത് ദാരിദ്ര്യമാണ്. ദാരിദ്ര്യം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഏതു രാജ്യത്തിലായാലും കുറ്റവാളികളെ സൃഷ്ടിക്കുന്നു. തൊഴിലില്ലായ്മയും കാര്‍ഷിക-വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും നയിക്കുന്നത് ക്രിമിനലുകള്‍ പെരുകുന്ന ഒരു സമൂഹത്തിലേക്കാണ്. മറ്റു പ്രദേശങ്ങളിലെന്നതുപോലെ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെ. മനുഷ്യന്‍ എന്ന ഉദാരസങ്കല്പം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ന് മനുഷ്യന്‍ വെറുമൊരു ഉത്പന്നം മാത്രമാണ്. ലോകം ആഗോളഗ്രാമമായെങ്കിലും മനുഷ്യത്വം മരവിച്ചുപോയിട്ടുണ്ട്. ഇതു നയിക്കുന്നത് സര്‍വമൂല്യങ്ങളുടെയും തകര്‍ച്ചയിലേക്കാണ്.
കുറ്റവാളികള്‍ പെരുകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാരാഗൃഹങ്ങളും ആവശ്യമായിവരുന്നു. നിത്യനിദാനച്ചെലവുകള്‍ക്കുപോലും വഴികാണാതെ കഷ്ടപ്പെടുന്ന വികസ്വരനാടുകളിലെ സര്‍ക്കാറുകള്‍ക്ക് പുതിയ ജയിലുകളുണ്ടാക്കാന്‍ എങ്ങനെ കഴിയാനാണ്? ഈ ദുരവസ്ഥതന്നെയാണ് ജയില്‍കുത്തകകള്‍ താത്പര്യപൂര്‍വം ഉറ്റുനോക്കുന്നത്. അപ്രകാരമുള്ള ഒരു സാഹചര്യം സംജാതമായിക്കഴിഞ്ഞാല്‍ കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കാരാഗൃഹങ്ങളുടെ നിയന്ത്രണവും നടത്തിപ്പും ഈ കുത്തകകളുടെ അധീനതയിലാവുന്ന കാലം അനതിവിദൂരമാവില്ല. ഇവിടെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ ചൂഷണം ചെയ്ത് വ്യവസായങ്ങള്‍ക്ക് തഴച്ചുവളരാനും കഴിയും. ഇന്ത്യന്‍ പാതയോരങ്ങളില്‍ ജയില്‍കുത്തകകളുടെ ഓഹരിവില കുതിച്ചുയരുന്നത് പ്രദര്‍ശിപ്പിക്കുന്ന വര്‍ണോജ്ജ്വലമായ ബോര്‍ഡുകള്‍ ഇരുളിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചേക്കാം. ജയിലുകള്‍ നിറഞ്ഞുകവിയുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഇവിടെയുമുണ്ടായേക്കാം.
ലാഭം, കൂടുതല്‍ ലാഭം - അതിലുമേറെ പ്രലോഭനീയമായി മറ്റെന്തുണ്ട് സ്വകാര്യകുത്തകകള്‍ക്കു മുന്നില്‍? ആ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമെങ്കില്‍ നീതിശാസ്ത്രത്തെപ്പോലും വാണിജ്യവത്കരിക്കുന്നത് അത്ര കൊടിയ പാതകവുമല്ലല്ലോ.
(അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
https://plus.google.com/u/0/102644980392749490006/posts/6UfLagSMehm
No comments:
Post a Comment