Thursday, January 17, 2013

രവിശങ്കര്‍ വായിക്കാന്‍

രവിശങ്കര്‍ വായിക്കാന്‍


ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. "കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

""ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ"" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. "ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!" എന്നതാണിതിനര്‍ഥം. "ലോകത്തിന്റെ സകലഭാഗത്തുനിന്നും" എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ "പുരുഷമേധം" എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ "ബുദ്ധിമോശ"ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. "തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. "കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും" എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന "ലോകായത"ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.

വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.
ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം

No comments:

Post a Comment