Sunday, March 17, 2019

വയനാട് ലോകസഭാ മണ്ഡലം


2009-ലെ മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നിലവില്‍ വന്ന മണ്ഡലമാണ് വയനാട് ലോകസഭാമണ്ഡലം. മൂന്നു ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളാണ് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ എം ഐ ഷാനവാസ് സി പി ഐ യിലെ എം രഹ്മത്തുള്ളയെ 1,53,439 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചു ലോകസഭയിലെത്തിയത്. അത്തവണ കെ മുരളീധരന്‍ എന്‍ സി പി സ്ഥാനാര്‍ഥിയായി മത്സരിച്ചു 99,663 (12.12%) വോട്ടുകള്‍ നേടിയിരുന്നു.


2014ൽ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി എം ഐ ഷാനവാസ് തന്നെ മത്സരിച്ചു. എതിര്‍സ്ഥാനാര്‍ഥിയായി സി പി ഐ സത്യന്‍ മൊകേരിയെ രംഗത്തിറക്കിയെങ്കിലും വിജയം കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു. പക്ഷെ ഭൂരിപക്ഷം നന്നേ കുറഞ്ഞിരുന്നു. 20,870 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് ഷാനവാസ് ജയിച്ചത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിൽ ബിജെപിയുടെ വോട്ടിംഗ് ഷെയർ നേരെ ഇരട്ടിച്ചെങ്കിലും അത്തിപ്പോഴും രണ്ടക്കം കടന്നിട്ടില്ല. 2009ൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ 3.85% ആയിരുന്നു ബിജെപിക്കു ലഭിച്ച വോട്ടുകളെങ്കിൽ 2014ൽ അത് 8.83% ആയി ഉയർന്നു. മുഖ്യ മത്സരാർത്ഥികൾ തമ്മിലുള്ള മാർജിൻ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ ചിലപ്പോൾ ഈ വോട്ടുകൾ മതിയാകുമെങ്കിലും ബി ജെ പി ചിത്രത്തിലെ ഇല്ലാത്ത മണ്ഡലമാണ് വയനാട് എന്നു പറയാം.


വയനാട് ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് എല്‍ ഡി എഫ് എം എല്‍ എ മാരാണ് ഉള്ളത്; മൂന്നിടത്ത് യുഡിഎഫും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ കണക്കെടുത്താല്‍ ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. ആ നില തുടരുന്നു എങ്കില്‍ പി പി സുനീറിനു ശുഭപ്രതീക്ഷ വച്ചുപുലർത്താം. എം ഐ ഷാനവാസിന്റെ അകാലത്തിലുള്ള നിര്യാണം മണ്ഡലത്തില്‍ നാഥനില്ലാത്ത അവസ്ഥ ഉണ്ടാക്കിയിരുന്നു. അതിനു മുന്നേ തന്നെ എം പി യുടെ രോഗാവസ്ഥ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചിരുന്നു. ഇടതുമുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും പി പി സുനീര്‍ എന്ന സി പി ഐ നേതാവിന്റെ ജനകീയതയും ഇടതുമുന്നണിക്ക് മുതല്‍ കൂട്ടാവും എന്നു കരുതാം. ഇതു തയ്യാറാക്കുംവരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നത് അണികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. പൊതുവേ കോണ്‍ഗ്രസ് അനുകൂലമായതും ക്രിസ്ത്യന്‍ ഭൂരിപക്ഷ മലയോരമേഖലയായതുമായ വയനാട് ലോകസഭാമണ്ഡലം അട്ടിമറിയിലൂടെ മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം കൈക്കലാക്കും എന്നു തന്നെ കരുതാം.

No comments:

Post a Comment