Sunday, March 17, 2019

വടകര ലോകസഭാ മണ്ഡലം


കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോകസഭാമണ്ഡലം. 1957 ല്‍ നടന്ന രണ്ടാം ലോകസഭാ ഇലക്ഷന്‍ മുതലാണ്‌ വടകര ലോകസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. അന്നത്തെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 4,47,129 ആയിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ( പി എസ് പി ) ക്ക് വേണ്ടി അന്ന് കെ ബി മോനോന്‍ 1,11,425 വോട്ടുനേടി കോണ്‍ഗ്രസ്സിലെ കരിപ്പൂര്‍ ഗോപാലനെ18,819 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു ലോകസഭയിലെത്തി.

1962 ല്‍ മൂന്നാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച എ വി രാഘവന്‍ പി എസ് പി യിലെ കെ ബി മേനോനെ72,907 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1967 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രമുഖനായ അരങ്ങില്‍ ശ്രീധരന്‍1,00,503 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ എം കെ പ്രഭാകരനെ തോല്‍പ്പിച്ചു നാലാം ലോകസഭയിലെത്തി. 1971 ല്‍ നടന്ന അഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കെ പി ഉണ്ണിക്കൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എ വി രാഘവനെ57,804 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. തുടര്‍ന്നങ്ങോട്ട് നടന്ന (1977, 1980, 1984, 1989, 1991) അഞ്ചു തെരഞ്ഞെടുപ്പുകളില്‍ കെ പി ഉണ്ണിക്കൃഷ്ണന്‍ തന്നെ ജയിച്ചു. ആദ്യ രണ്ടു തവണ (1971, 1977) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ പി ഉണ്ണിക്കൃഷ്ണന്‍ 1980 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു രൂപീകൃതമായ INC(U) വേണ്ടി മത്സരിച്ചു ജയിച്ചപ്പോള്‍ 1984, 1989, 1991 വർഷങ്ങളിൽ മത്സരിച്ചു ജയിച്ചത്‌ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് (കോണ്‍ഗ്രസിൽ നിന്നും പിളര്‍ന്നു രൂപീകൃതമായത്).


1991 ലെ വടകര ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കുപ്രസിദ്ധമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച എം രത്നസിങ്ങിനെ കോണ്‍ഗ്രസ്സും മുസ്ലീംലീഗും ബി ജെ പി യും പിന്തുണച്ചിരുന്നു. തെരെഞ്ഞെടുപ്പിനു ശേഷം ബി ജെ പി കോണ്‍ഗ്രസുമായും ലീഗുമായും ധാരണ ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു പോയ കെ പി ഉണ്ണിക്കൃഷ്ണന്‍ സ്ഥാനാര്‍ഥിയായി 1996 ല്‍ മത്സരിച്ചുവെങ്കിലും സി പി ഐ എമ്മിലെ ഒ ഭരതന്‍ 79,945 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1998ലും 1999 ലും എ കെ പ്രേമജം സി പി ഐ (എം) നു വേണ്ടി മണ്ഡലം നിലനിര്‍ത്തി. 2004 ല്‍ പി സതീദേവി സി പി ഐ (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചു കോണ്‍ഗ്രസ്സിലെ എം ടി പദ്മയെ 1,30,589 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. പക്ഷെ 2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലം കോണ്‍ഗ്രസ്സിനുവേണ്ടി തിരിച്ചു പിടിച്ചു. 2014 ലും മുല്ലപ്പള്ളിതന്നെ 3,306 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കഴിഞ്ഞ മൂന്നു തവണ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി വോട്ടുകള്‍ നോക്കിയാല്‍ അതിപ്രകാരമാണ്:‌ 2004 - 9.89%, 2009 - 4.68%, 2014 - 7.95 % , അതുകൊണ്ടു ബി ജെ പി വോട്ടുകള്‍ തീരെ നിര്‍ണ്ണായകമല്ലാത്ത ഒരു മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ ആര്‍ എം പി 17,229 വോട്ടും എസ് ഡി പി ഐ15,058 വോട്ടും നേടിയിരുന്നു, ഈ മണ്ഡലത്തില്‍.


ഇടതുപക്ഷത്തിനും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ പലപ്പോഴും വിജയം പ്രവചനാതീതമാണ്‌. ഇത്തവണ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം കൂടി ഒപ്പമെത്തിയത് ഇടതുപക്ഷത്തിന് മികച്ച വിജയപ്രതീക്ഷ നല്‍കുന്നു. സി പി ഐ (എം ) കണ്ണൂര്‍ ജില്ലാസെക്രട്ടറിയും ജനകീയ മുഖവുമായ പി ജയരാജനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളത് എന്നത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് മികച്ച ആവേശം നല്‍കുന്നു. കോണ്‍ഗ്രസ്സും ബി ജെ പി യും ഇത്തവണ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ ഇടതുപക്ഷം പ്രചാരണത്തില്‍ മുന്‍പന്തിയിലാണ്.

വടകര ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ 2014 ലെ തെരഞ്ഞെടുപ്പു ഫലം നോക്കിയാല്‍ ആറു മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് , തലശ്ശേരി ഒഴിച്ച് ബാക്കി എല്ലാം മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ് ഉണ്ടായിരുന്നു . നിയമസഭാ തെരഞ്ഞെടുപ്പു എത്തിയപ്പോഴേക്കും ഒരു മണ്ഡലം ഒഴിച്ച് എല്ലായിടത്തും ഇടതിന് വ്യക്തമായ ഭൂരിപക്ഷം കാണാം .ഇടതുപക്ഷം ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തില്‍ വടകര മണ്ഡലം തിരിച്ചു പിടിക്കും എന്ന് തന്നെ കരുതുന്നു.

No comments:

Post a Comment