കാസര്‍ഗോഡ് ജില്ല പൂര്‍ണമായും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലവും കല്ല്യാശ്ശേരി നിയമസഭാ മണ്ഡലവും കൂടി ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ് ലോകസഭാമണ്ഡലം , 2004 ലെ തെരഞ്ഞെടുപ്പു വരെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കൂടി കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തിനൊപ്പം ആയിരുന്നു. മണ്ഡല പുനർ നിര്‍ണയം നടന്നപ്പോള്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിനൊപ്പം ചേരുകയും പുതുതായി രൂപീകരിച്ച കല്ല്യാശ്ശേരി നിയമസഭാ മണ്ഡലം കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ ചേരുകയും ചെയ്തു.
1957 ലാണ് ആദ്യമായി കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത് , സ്വതന്ത്രനായി (IND -# 123694 Votes) മത്സരിച്ച ബി അച്ചുത ഷേണായിയെ 5145 വോട്ടിന്റെ ഭൂരിപക്ഷത്തിനു കുട്ട്യേരി ആയില്ലത്ത് ഗോപാലന്‍ ( എ കെ ജി ) കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (CPI -# 128839 Votes) തോല്‍പ്പിച്ചു ലോകസഭയിലെത്തി. 1957 മുതല്‍ 2014 വരെ നടന്ന പതിനഞ്ചു ലോകസഭാ തെരഞ്ഞെടുപ്പുകളിൽ 12 തവണ ഇടതുപക്ഷവും മൂന്നു തവണ കോണ്‍ഗ്രസ്സും വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലം എന്നറിയപ്പെടുന്ന ഈ മണ്ഡലത്തില്‍ 1989 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ചു വരുന്നു. 2009 ല്‍ 64427 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ ഷാഹിദ കമാലിനെ തോല്‍പ്പിച്ച സി പി ഐ എമ്മിലെ പി കരുണാകരന്റെ 2014 ലെ ഭൂരിപക്ഷം വെറും 6921 വോട്ടു മാത്രമായിരുന്നു. കോണ്‍ഗ്രസ്സിലെ ടി സിദ്ധിക്ക് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവു വന്നത് ഇടതുകൊട്ടയില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ബി ജെ പി യുടെ വോട്ടു വിഹിതം 2009 ല്‍ 14.83% (125482 Votes) ആയിരുന്നു എങ്കില്‍ അത് 2014 ല്‍ 17.74% (172826 Votes) ആയിമാറി. ലോകസഭാ ഇലക്ഷനില്‍ നേരിയ വോട്ടു വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് ഒരു ഭീഷണിയായി ആ വോട്ടു ബാങ്ക് മാറിയിട്ടില്ല.
കഴിഞ്ഞ തവണത്തെ വോട്ടു വര്‍ധന കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നല്ല വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്നു എങ്കിലും ആര് മത്സരിക്കും എന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. സാധാരണ കോൺഗ്രസ്സില്‍ നിന്നും ആരും മത്സരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത മണ്ഡലമാണിത് . മൂന്നു തവണ എം പി ആയി തിരെഞ്ഞെടുക്കപ്പെട്ട സി പി ഐ എമ്മിലെ പി കരുണാകരന് പകരം, മുന്‍ എം എല്‍ എയും സി പി ഐ (എം) മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ പി സതീഷ് ചന്ദ്രനാണ് മത്സരിക്കുന്നത്. ബി ജെ പി യിലെ കെ സുരേന്ദ്രന്‍ ഇത്തവണ മണ്ഡലം മാറി മത്സരിക്കാനാണ് സാധ്യത.
കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളിലെ 2014 ലെ തെരഞ്ഞെടുപ്പു ഫലം നോക്കിയാല്‍ അഞ്ചു മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയിലാണ്. രണ്ടു മണ്ഡലങ്ങള്‍ യു ഡി എഫിന്റെ കൈയിലും. ഈ രണ്ടു മണ്ഡലങ്ങളിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ഈ കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തില്‍ ഒരു സീറ്റ് പോലുമില്ല . യു ഡി എഫിന്റെ കയ്യിലുള്ള രണ്ടു മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്തും ഇടതുപക്ഷം മൂന്നാം സ്ഥാനത്തുമാണുള്ളത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാക്ക് അന്തരിച്ചതിനെ തുടര്‍ന്ന് അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ടി വരും .
No comments:
Post a Comment