Saturday, March 23, 2019

കോഴിക്കോട് ലോകസഭാ മണ്ഡലം


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് , കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ , കുന്നമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ലോകസഭാ മണ്ഡലം. ആദ്യ ലോകസഭാ തെരഞ്ഞെടുപ്പു നടന്ന 1951ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് ലോകസഭാ മണ്ഡലം . കോണ്‍ഗ്രസ്സിനുവേണ്ടി കെ പി കൃഷ്ണന്‍കുട്ടി നായരും കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അച്യുതന്‍ ദാമോദരന്‍ മേനോനും മത്സരിച്ചു. 27,454 വോട്ടിന്റെ ഭൂരിപക്ഷത്തിനു കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചു. രണ്ടാം ലോകസഭയിലേക്ക് തെരഞ്ഞെടുപ്പു നടന്ന 1957ല്‍ കോണ്‍ഗ്രസ്സിനുവേണ്ടി മത്സരിച്ച കുട്ടിക്കൃഷ്ണന്‍ നായര്‍ 13,942 വോട്ടിന്റെ ഭൂരിപക്ഷത്തിനു സ്വതന്ത്രനായി മത്സരിച്ച സീതി സാഹിബിനെ തോല്‍പ്പിച്ചു. 1962 ല്‍ മുസ്ലീം ലീഗിന് വേണ്ടി സി എച്ച് മുഹമ്മദ്‌ കോയ 763 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു സി പി ഐ സ്ഥാനാര്‍ഥി മഞ്ചുനാഥ റാവുവിനെ തോല്‍പ്പിച്ചു. 1967 ലും 1971 ലും മുസ്ലീം ലീഗിലെ ഇബ്രാഹീം സുലൈമാന്‍ സേട്ട് വിജയിച്ചു. 1977ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയിദ് മുഹമ്മദ്‌ വി എ, കോണ്‍ഗ്രസ് വിട്ടു ഭാരതീയ ലോക്ദളില്‍ (ബി എല്‍ ഡി ) ചേര്‍ന്ന എം കമലത്തെ 13,704 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു.
മൂന്നു കൊല്ലം കഴിഞ്ഞ്, 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ അട്ടിമറി സംഭവിച്ചു. സി പി ഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ കെ ഇമ്പിച്ചിബാവ 40,695 വോട്ടിനു ജെ എന്‍ പി സ്ഥാനാര്‍ഥിയായ അരങ്ങില്‍ ശ്രീധരനെ തോല്‍പ്പിച്ചു. അങ്ങിനെ ആദ്യമായി കമ്യുണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തി.

1984 ല്‍ കോണ്‍ഗ്രസ്സിന് വേണ്ടി കെ അടിയോടി ഇടതുമുന്നണി സ്ഥാനാര്‍ഥി മൊയ്ദീന്‍കുട്ടി ഹാജിയെ 54,061 വോട്ടിനു തോല്‍പ്പിച്ചു മണ്ഡലം തിരിച്ചു പിടിച്ചു. 1989 ലും 1991 ലും യഥാക്രമം ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ ഇ കെ ഇമ്പിച്ചി ബാവയെയും എം പി വീരേന്ദ്രകുമാറിനെയും തോല്‍പ്പിച്ചു കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. പക്ഷെ 1996 ല്‍ ഇടതുമുന്നണിക്ക് വേണ്ടി എം പി വീരേന്ദ്രകുമാര്‍ കെ മുരളീധരനെ തോല്‍പ്പിച്ച് ലോകസഭയിലെത്തി. 1998 ല്‍ പി ശങ്കരന്‍ കോണ്‍ഗ്രസ്സിന് വേണ്ടി സിറ്റിംഗ് എം പി യായ വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചു. ഒരു കൊല്ലത്തിനുള്ളില്‍ ലോകസഭ പിരിച്ചുവിട്ടു. തുടര്‍ന്ന് 1999ല്‍ കെ മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. 2004ല്‍ ഇടതുമുന്നണി ശക്തമായി തിരിച്ചു വന്നു. വീരേന്ദ്ര കുമാര്‍ കോണ്‍ഗ്രസ്സിലെ വി ബാലറാമിനെ 65,326 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. തുടര്‍ന്നങ്ങോട്ട്‌ 2009ലും 2014ലും സ്ഥാനാര്‍ഥികളെ മാറി പരീക്ഷിച്ചെങ്കിലും ഇടതുമുന്നണിക്ക് കോഴിക്കോട് സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിന് വേണ്ടി 2009 മുതല്‍ എം കെ രാഘവന്‍ തുടരുന്നു. 2009 ല്‍ എ വിജയരാഘവനെയും 2014 ല്‍ ഡിവൈഎഫ്ഐ നേതാവ് പി എം മുഹമ്മദ് റിയാസിനെയുമാണ്‌ എം കെ രാഘവന്‍ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സിന് അനുകൂലമായി പൊതുവില്‍ കാണുന്ന മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇത്തവണ ഇടതുപക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നത് സി പി ഐ എം സിറ്റിംഗ് എം എല്‍ എ ആയ എ പ്രദീപ്‌ കുമാറിനെയാണ്. കനത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട് ലോകസഭ മണ്ഡലം. ഇത്തവണയും കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത് എം കെ രാഘവനെതന്നെയാണ്.


2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ മണ്ഡലത്തിലെ ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു; ഒരിടത്ത് മുസ്ലീം ലീഗും. ബാലുശ്ശേരി , എലത്തൂര്‍, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ജയിച്ചത്‌. സ്വതന്ത്രര്‍ മത്സരിച്ചു ജയിച്ച കുന്നമംഗലത്തും കൊടുവള്ളിയിലും നേരിയ ഭൂരിപക്ഷം മാത്രമായിരുന്നു. മുസ്ലീം ലീഗിലെ എം കെ മുനീര്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ജയിച്ചത്‌ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ്. 2014ല്‍ ബി ജെ പി യുടെ വോട്ടു ഷെയര്‍ 12.28% മാത്രമായിരുന്നു. 2014ലെ വോട്ടില്‍ നിന്നും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും ബിജെപിക്ക് ക്രമാനുഗതമായ വോട്ടു വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇക്കുറി അതു നിലനിര്‍ത്തിയാല്‍ മാത്രം പോര, വളർച്ചയും നേടിയാലെ ബിജെപിക്ക് മധുരിക്കൂ. വി കെ പ്രകാശ്ബാബുവിനെയാണ് ഇക്കുറി ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത് . ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം പൊതുവില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായാണ് ചായ്‌വ് കാണിക്കുന്നത്. പക്ഷെ ഇത്തവണ മത്സരം കനക്കുന്ന കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി മണ്ഡലം പിടിച്ചെടുക്കുമെന്നു കരുതപ്പെടുന്നു.

No comments:

Post a Comment