Wednesday, March 13, 2019

കണ്ണൂര്‍ ലോകസഭാ മണ്ഡലം


കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് , ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലം. 2014 ലെ തിരഞ്ഞെടുപ്പ് പ്രകാരം 11,70,266 വോട്ടുകളുണ്ടായിരുന്നു, ഈ മണ്ഡലത്തില്‍. കോണ്‍ഗ്രസ്സിലെ കെ സുധാകരനെ അന്ന് സി പി ഐ (എം) സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍ തോല്‍പ്പിച്ചത് 6,566 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ബി ജെ പി ക്ക് വേണ്ടി മത്സരിച്ച പി സി മോഹനന്‍ മാസ്റ്റര്‍ക്കു ലഭിച്ചത് 5.45% വോട്ടുകള്‍ മാത്രമാണ്.

മണ്ഡലത്തിന്റെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കണ്ണൂര്‍ ലോകസഭാമണ്ഡലത്തില്‍ 1951 ലെ ആദ്യ തെരെഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എ കെ ജി 3,601 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ സി കെ കെ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തി ലോകസഭയിലെത്തി. തുടര്‍ന്നു നടന്ന പതിനൊന്നു തെരെഞ്ഞെടുപ്പുകളില്‍ ആറു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുള്ളത്. 1977 ലെ തെരഞ്ഞെടുപ്പില്‍ സി പി ഐ ക്ക് വേണ്ടി സി കെ ചന്ദ്രപ്പന്‍ സി പി ഐ (എം) ലെ ഒ ഭരതനെ 12,877 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1980ൽ ഐ എന്‍ സി (യു) വിനു വേണ്ടി കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥിയായ എന്‍ രാമകൃഷ്ണനെ കെ കുഞ്ഞമ്പു തോല്‍പ്പിച്ചു, തുടര്‍ന്നു നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലും ( 1984, 1989, 1991, 1996, 1998) മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. പാട്യം രാജന്‍ , പി ശശി, ഇ ഇബ്രാഹീം കുട്ടി തുടങ്ങിയ സി പി ഐ (എം) സ്ഥാനാര്‍ഥികളെയും രാമചന്ദ്രന്‍ കടന്നപ്പള്ളി , എ സി ഷണ്മുഖ ദാസ് എന്നിവരെയുമാണ് തോല്‍പ്പിച്ചത്.

പലരെയും മാറി മാറി പരീക്ഷിച്ചെങ്കിലും മുല്ലപ്പള്ളിയെ തടയിടാന്‍ ആയത് 1999 ല്‍ മാത്രമാണ്. സി പി ഐ (എം) നു വേണ്ടി അന്നത്തെ യുവനേതാവ് എ പി അബ്ദുള്ളക്കുട്ടിയെ പരീക്ഷിച്ചപ്പോള്‍ അത് വിജയം കണ്ടത് 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തുടര്‍ന്നു രണ്ടായിരത്തി നാലിലും അബ്ദുള്ളക്കുട്ടി ഇവിടെ നിന്നും മുല്ലപ്പള്ളിയെ തോല്‍പ്പിച്ചു. സി പി ഐ (എം ) 2009ൽ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന് അതേ വർഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി കെ സുധാകരന്‍ 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി പി ഐ (എം)ലെ കെ കെ രാഗേഷിനെ തോല്‍പ്പിച്ചു. 2014ൽ വിജയം ആവര്‍ത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ കെ സുധാകരനെ സി പി ഐ (എം ) ന്റെ ഏറ്റവും മികച്ച വനിതാ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി 6,566 വോട്ടിന്റെ അട്ടിമറി ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ സ്ഥിര സാന്നിധ്യവും മികച്ച എം എല്‍ യും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി ടീച്ചര്‍ തന്നെ ഇത്തവണയും മത്സര രംഗത്ത് ഉണ്ടെന്നത് പാര്‍ട്ടിക്ക് മികച്ച വിജയപ്രതീക്ഷ നല്‍കുന്നു. ലോക്സഭാ പ്രോഗ്രസ്സ് കാര്‍ഡില്‍ ശ്രീമതി ടീച്ചറുടെ പ്രകടനം മികച്ചതാണ്. കഴിഞ്ഞ മൂന്നു തവണ നടന്ന കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലെ ബി ജെ പി യുടെ വോട്ടിംഗ് ശതമാനം ഇപ്രകാരമാണ് 2004 - 5.48%, 2009 - 3.14%, 2014 - 5.45% , 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു നോക്കിയാലും ബിജെ പി വോട്ടുകള്‍ കുറവാണ് എന്ന് കാണാം.



കണ്ണൂര്‍ ലോകസഭാമണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവയിൽ ഇരിക്കൂറും, അഴീക്കോടും പേരാവൂരും യു ഡി എഫ് ന്റെ കയ്യിലും തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യിലുമാണ്‌. ഈ ഏഴു മണ്ഡലങ്ങളിലും ബി ജെ പി വോട്ടുകള്‍ പതിനയ്യായിരത്തിനു മുകളില്‍ എത്തിയിട്ടില്ല. യു ഡി എഫിന്റെ ഉറച്ച കോട്ടയായിരുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം നേരിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം കൈക്കലാക്കുകയായിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജി വിജയിച്ചത് 2,287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. പക്ഷെ ലോക്സഭയിലേക്കു 2014ൽ നടന്ന തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് , ധര്‍മ്മടം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനു കിട്ടിയ ഭൂരിപക്ഷം കൊണ്ടു മാത്രമാണ് പി കെ ശ്രീമതി ടീച്ചര്‍ ജയിച്ചത്.‌ മറ്റു മണ്ഡലങ്ങളിലെ യു ഡി എഫ് ചായ്‌വ് ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു എന്നു പറയാം. മൂന്നൂ മണ്ഡലങ്ങളിലെ ഇടതുഭൂരിപക്ഷം നാലു മണ്ഡലങ്ങളെ അട്ടിമറിച്ചാല്‍ ഇത്തവണയും വിജയം ഇടതിന് അനുകൂലമായിരിക്കും.


No comments:

Post a Comment