Saturday, March 23, 2019

കോഴിക്കോട് ലോകസഭാ മണ്ഡലം


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് , കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ , കുന്നമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ലോകസഭാ മണ്ഡലം. ആദ്യ ലോകസഭാ തെരഞ്ഞെടുപ്പു നടന്ന 1951ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് ലോകസഭാ മണ്ഡലം . കോണ്‍ഗ്രസ്സിനുവേണ്ടി കെ പി കൃഷ്ണന്‍കുട്ടി നായരും കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അച്യുതന്‍ ദാമോദരന്‍ മേനോനും മത്സരിച്ചു. 27,454 വോട്ടിന്റെ ഭൂരിപക്ഷത്തിനു കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചു. രണ്ടാം ലോകസഭയിലേക്ക് തെരഞ്ഞെടുപ്പു നടന്ന 1957ല്‍ കോണ്‍ഗ്രസ്സിനുവേണ്ടി മത്സരിച്ച കുട്ടിക്കൃഷ്ണന്‍ നായര്‍ 13,942 വോട്ടിന്റെ ഭൂരിപക്ഷത്തിനു സ്വതന്ത്രനായി മത്സരിച്ച സീതി സാഹിബിനെ തോല്‍പ്പിച്ചു. 1962 ല്‍ മുസ്ലീം ലീഗിന് വേണ്ടി സി എച്ച് മുഹമ്മദ്‌ കോയ 763 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു സി പി ഐ സ്ഥാനാര്‍ഥി മഞ്ചുനാഥ റാവുവിനെ തോല്‍പ്പിച്ചു. 1967 ലും 1971 ലും മുസ്ലീം ലീഗിലെ ഇബ്രാഹീം സുലൈമാന്‍ സേട്ട് വിജയിച്ചു. 1977ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയിദ് മുഹമ്മദ്‌ വി എ, കോണ്‍ഗ്രസ് വിട്ടു ഭാരതീയ ലോക്ദളില്‍ (ബി എല്‍ ഡി ) ചേര്‍ന്ന എം കമലത്തെ 13,704 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു.
മൂന്നു കൊല്ലം കഴിഞ്ഞ്, 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ അട്ടിമറി സംഭവിച്ചു. സി പി ഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ കെ ഇമ്പിച്ചിബാവ 40,695 വോട്ടിനു ജെ എന്‍ പി സ്ഥാനാര്‍ഥിയായ അരങ്ങില്‍ ശ്രീധരനെ തോല്‍പ്പിച്ചു. അങ്ങിനെ ആദ്യമായി കമ്യുണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തി.

1984 ല്‍ കോണ്‍ഗ്രസ്സിന് വേണ്ടി കെ അടിയോടി ഇടതുമുന്നണി സ്ഥാനാര്‍ഥി മൊയ്ദീന്‍കുട്ടി ഹാജിയെ 54,061 വോട്ടിനു തോല്‍പ്പിച്ചു മണ്ഡലം തിരിച്ചു പിടിച്ചു. 1989 ലും 1991 ലും യഥാക്രമം ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ ഇ കെ ഇമ്പിച്ചി ബാവയെയും എം പി വീരേന്ദ്രകുമാറിനെയും തോല്‍പ്പിച്ചു കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. പക്ഷെ 1996 ല്‍ ഇടതുമുന്നണിക്ക് വേണ്ടി എം പി വീരേന്ദ്രകുമാര്‍ കെ മുരളീധരനെ തോല്‍പ്പിച്ച് ലോകസഭയിലെത്തി. 1998 ല്‍ പി ശങ്കരന്‍ കോണ്‍ഗ്രസ്സിന് വേണ്ടി സിറ്റിംഗ് എം പി യായ വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചു. ഒരു കൊല്ലത്തിനുള്ളില്‍ ലോകസഭ പിരിച്ചുവിട്ടു. തുടര്‍ന്ന് 1999ല്‍ കെ മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. 2004ല്‍ ഇടതുമുന്നണി ശക്തമായി തിരിച്ചു വന്നു. വീരേന്ദ്ര കുമാര്‍ കോണ്‍ഗ്രസ്സിലെ വി ബാലറാമിനെ 65,326 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. തുടര്‍ന്നങ്ങോട്ട്‌ 2009ലും 2014ലും സ്ഥാനാര്‍ഥികളെ മാറി പരീക്ഷിച്ചെങ്കിലും ഇടതുമുന്നണിക്ക് കോഴിക്കോട് സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിന് വേണ്ടി 2009 മുതല്‍ എം കെ രാഘവന്‍ തുടരുന്നു. 2009 ല്‍ എ വിജയരാഘവനെയും 2014 ല്‍ ഡിവൈഎഫ്ഐ നേതാവ് പി എം മുഹമ്മദ് റിയാസിനെയുമാണ്‌ എം കെ രാഘവന്‍ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സിന് അനുകൂലമായി പൊതുവില്‍ കാണുന്ന മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇത്തവണ ഇടതുപക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നത് സി പി ഐ എം സിറ്റിംഗ് എം എല്‍ എ ആയ എ പ്രദീപ്‌ കുമാറിനെയാണ്. കനത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട് ലോകസഭ മണ്ഡലം. ഇത്തവണയും കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത് എം കെ രാഘവനെതന്നെയാണ്.


2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ മണ്ഡലത്തിലെ ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു; ഒരിടത്ത് മുസ്ലീം ലീഗും. ബാലുശ്ശേരി , എലത്തൂര്‍, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ജയിച്ചത്‌. സ്വതന്ത്രര്‍ മത്സരിച്ചു ജയിച്ച കുന്നമംഗലത്തും കൊടുവള്ളിയിലും നേരിയ ഭൂരിപക്ഷം മാത്രമായിരുന്നു. മുസ്ലീം ലീഗിലെ എം കെ മുനീര്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ജയിച്ചത്‌ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ്. 2014ല്‍ ബി ജെ പി യുടെ വോട്ടു ഷെയര്‍ 12.28% മാത്രമായിരുന്നു. 2014ലെ വോട്ടില്‍ നിന്നും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും ബിജെപിക്ക് ക്രമാനുഗതമായ വോട്ടു വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇക്കുറി അതു നിലനിര്‍ത്തിയാല്‍ മാത്രം പോര, വളർച്ചയും നേടിയാലെ ബിജെപിക്ക് മധുരിക്കൂ. വി കെ പ്രകാശ്ബാബുവിനെയാണ് ഇക്കുറി ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത് . ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം പൊതുവില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായാണ് ചായ്‌വ് കാണിക്കുന്നത്. പക്ഷെ ഇത്തവണ മത്സരം കനക്കുന്ന കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി മണ്ഡലം പിടിച്ചെടുക്കുമെന്നു കരുതപ്പെടുന്നു.

Sunday, March 17, 2019

വയനാട് ലോകസഭാ മണ്ഡലം


2009-ലെ മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നിലവില്‍ വന്ന മണ്ഡലമാണ് വയനാട് ലോകസഭാമണ്ഡലം. മൂന്നു ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളാണ് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ എം ഐ ഷാനവാസ് സി പി ഐ യിലെ എം രഹ്മത്തുള്ളയെ 1,53,439 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചു ലോകസഭയിലെത്തിയത്. അത്തവണ കെ മുരളീധരന്‍ എന്‍ സി പി സ്ഥാനാര്‍ഥിയായി മത്സരിച്ചു 99,663 (12.12%) വോട്ടുകള്‍ നേടിയിരുന്നു.


2014ൽ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി എം ഐ ഷാനവാസ് തന്നെ മത്സരിച്ചു. എതിര്‍സ്ഥാനാര്‍ഥിയായി സി പി ഐ സത്യന്‍ മൊകേരിയെ രംഗത്തിറക്കിയെങ്കിലും വിജയം കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു. പക്ഷെ ഭൂരിപക്ഷം നന്നേ കുറഞ്ഞിരുന്നു. 20,870 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് ഷാനവാസ് ജയിച്ചത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിൽ ബിജെപിയുടെ വോട്ടിംഗ് ഷെയർ നേരെ ഇരട്ടിച്ചെങ്കിലും അത്തിപ്പോഴും രണ്ടക്കം കടന്നിട്ടില്ല. 2009ൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ 3.85% ആയിരുന്നു ബിജെപിക്കു ലഭിച്ച വോട്ടുകളെങ്കിൽ 2014ൽ അത് 8.83% ആയി ഉയർന്നു. മുഖ്യ മത്സരാർത്ഥികൾ തമ്മിലുള്ള മാർജിൻ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ ചിലപ്പോൾ ഈ വോട്ടുകൾ മതിയാകുമെങ്കിലും ബി ജെ പി ചിത്രത്തിലെ ഇല്ലാത്ത മണ്ഡലമാണ് വയനാട് എന്നു പറയാം.


വയനാട് ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് എല്‍ ഡി എഫ് എം എല്‍ എ മാരാണ് ഉള്ളത്; മൂന്നിടത്ത് യുഡിഎഫും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ കണക്കെടുത്താല്‍ ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. ആ നില തുടരുന്നു എങ്കില്‍ പി പി സുനീറിനു ശുഭപ്രതീക്ഷ വച്ചുപുലർത്താം. എം ഐ ഷാനവാസിന്റെ അകാലത്തിലുള്ള നിര്യാണം മണ്ഡലത്തില്‍ നാഥനില്ലാത്ത അവസ്ഥ ഉണ്ടാക്കിയിരുന്നു. അതിനു മുന്നേ തന്നെ എം പി യുടെ രോഗാവസ്ഥ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചിരുന്നു. ഇടതുമുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും പി പി സുനീര്‍ എന്ന സി പി ഐ നേതാവിന്റെ ജനകീയതയും ഇടതുമുന്നണിക്ക് മുതല്‍ കൂട്ടാവും എന്നു കരുതാം. ഇതു തയ്യാറാക്കുംവരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നത് അണികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. പൊതുവേ കോണ്‍ഗ്രസ് അനുകൂലമായതും ക്രിസ്ത്യന്‍ ഭൂരിപക്ഷ മലയോരമേഖലയായതുമായ വയനാട് ലോകസഭാമണ്ഡലം അട്ടിമറിയിലൂടെ മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം കൈക്കലാക്കും എന്നു തന്നെ കരുതാം.

വടകര ലോകസഭാ മണ്ഡലം


കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോകസഭാമണ്ഡലം. 1957 ല്‍ നടന്ന രണ്ടാം ലോകസഭാ ഇലക്ഷന്‍ മുതലാണ്‌ വടകര ലോകസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. അന്നത്തെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 4,47,129 ആയിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ( പി എസ് പി ) ക്ക് വേണ്ടി അന്ന് കെ ബി മോനോന്‍ 1,11,425 വോട്ടുനേടി കോണ്‍ഗ്രസ്സിലെ കരിപ്പൂര്‍ ഗോപാലനെ18,819 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു ലോകസഭയിലെത്തി.

1962 ല്‍ മൂന്നാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച എ വി രാഘവന്‍ പി എസ് പി യിലെ കെ ബി മേനോനെ72,907 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1967 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രമുഖനായ അരങ്ങില്‍ ശ്രീധരന്‍1,00,503 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ എം കെ പ്രഭാകരനെ തോല്‍പ്പിച്ചു നാലാം ലോകസഭയിലെത്തി. 1971 ല്‍ നടന്ന അഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കെ പി ഉണ്ണിക്കൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എ വി രാഘവനെ57,804 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. തുടര്‍ന്നങ്ങോട്ട് നടന്ന (1977, 1980, 1984, 1989, 1991) അഞ്ചു തെരഞ്ഞെടുപ്പുകളില്‍ കെ പി ഉണ്ണിക്കൃഷ്ണന്‍ തന്നെ ജയിച്ചു. ആദ്യ രണ്ടു തവണ (1971, 1977) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ പി ഉണ്ണിക്കൃഷ്ണന്‍ 1980 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു രൂപീകൃതമായ INC(U) വേണ്ടി മത്സരിച്ചു ജയിച്ചപ്പോള്‍ 1984, 1989, 1991 വർഷങ്ങളിൽ മത്സരിച്ചു ജയിച്ചത്‌ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് (കോണ്‍ഗ്രസിൽ നിന്നും പിളര്‍ന്നു രൂപീകൃതമായത്).


1991 ലെ വടകര ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കുപ്രസിദ്ധമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച എം രത്നസിങ്ങിനെ കോണ്‍ഗ്രസ്സും മുസ്ലീംലീഗും ബി ജെ പി യും പിന്തുണച്ചിരുന്നു. തെരെഞ്ഞെടുപ്പിനു ശേഷം ബി ജെ പി കോണ്‍ഗ്രസുമായും ലീഗുമായും ധാരണ ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു പോയ കെ പി ഉണ്ണിക്കൃഷ്ണന്‍ സ്ഥാനാര്‍ഥിയായി 1996 ല്‍ മത്സരിച്ചുവെങ്കിലും സി പി ഐ എമ്മിലെ ഒ ഭരതന്‍ 79,945 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1998ലും 1999 ലും എ കെ പ്രേമജം സി പി ഐ (എം) നു വേണ്ടി മണ്ഡലം നിലനിര്‍ത്തി. 2004 ല്‍ പി സതീദേവി സി പി ഐ (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചു കോണ്‍ഗ്രസ്സിലെ എം ടി പദ്മയെ 1,30,589 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. പക്ഷെ 2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലം കോണ്‍ഗ്രസ്സിനുവേണ്ടി തിരിച്ചു പിടിച്ചു. 2014 ലും മുല്ലപ്പള്ളിതന്നെ 3,306 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കഴിഞ്ഞ മൂന്നു തവണ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി വോട്ടുകള്‍ നോക്കിയാല്‍ അതിപ്രകാരമാണ്:‌ 2004 - 9.89%, 2009 - 4.68%, 2014 - 7.95 % , അതുകൊണ്ടു ബി ജെ പി വോട്ടുകള്‍ തീരെ നിര്‍ണ്ണായകമല്ലാത്ത ഒരു മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ ആര്‍ എം പി 17,229 വോട്ടും എസ് ഡി പി ഐ15,058 വോട്ടും നേടിയിരുന്നു, ഈ മണ്ഡലത്തില്‍.


ഇടതുപക്ഷത്തിനും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ പലപ്പോഴും വിജയം പ്രവചനാതീതമാണ്‌. ഇത്തവണ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം കൂടി ഒപ്പമെത്തിയത് ഇടതുപക്ഷത്തിന് മികച്ച വിജയപ്രതീക്ഷ നല്‍കുന്നു. സി പി ഐ (എം ) കണ്ണൂര്‍ ജില്ലാസെക്രട്ടറിയും ജനകീയ മുഖവുമായ പി ജയരാജനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളത് എന്നത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് മികച്ച ആവേശം നല്‍കുന്നു. കോണ്‍ഗ്രസ്സും ബി ജെ പി യും ഇത്തവണ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ ഇടതുപക്ഷം പ്രചാരണത്തില്‍ മുന്‍പന്തിയിലാണ്.

വടകര ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ 2014 ലെ തെരഞ്ഞെടുപ്പു ഫലം നോക്കിയാല്‍ ആറു മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് , തലശ്ശേരി ഒഴിച്ച് ബാക്കി എല്ലാം മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ് ഉണ്ടായിരുന്നു . നിയമസഭാ തെരഞ്ഞെടുപ്പു എത്തിയപ്പോഴേക്കും ഒരു മണ്ഡലം ഒഴിച്ച് എല്ലായിടത്തും ഇടതിന് വ്യക്തമായ ഭൂരിപക്ഷം കാണാം .ഇടതുപക്ഷം ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തില്‍ വടകര മണ്ഡലം തിരിച്ചു പിടിക്കും എന്ന് തന്നെ കരുതുന്നു.

Wednesday, March 13, 2019

കണ്ണൂര്‍ ലോകസഭാ മണ്ഡലം


കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് , ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലം. 2014 ലെ തിരഞ്ഞെടുപ്പ് പ്രകാരം 11,70,266 വോട്ടുകളുണ്ടായിരുന്നു, ഈ മണ്ഡലത്തില്‍. കോണ്‍ഗ്രസ്സിലെ കെ സുധാകരനെ അന്ന് സി പി ഐ (എം) സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍ തോല്‍പ്പിച്ചത് 6,566 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ബി ജെ പി ക്ക് വേണ്ടി മത്സരിച്ച പി സി മോഹനന്‍ മാസ്റ്റര്‍ക്കു ലഭിച്ചത് 5.45% വോട്ടുകള്‍ മാത്രമാണ്.

മണ്ഡലത്തിന്റെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കണ്ണൂര്‍ ലോകസഭാമണ്ഡലത്തില്‍ 1951 ലെ ആദ്യ തെരെഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എ കെ ജി 3,601 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ സി കെ കെ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തി ലോകസഭയിലെത്തി. തുടര്‍ന്നു നടന്ന പതിനൊന്നു തെരെഞ്ഞെടുപ്പുകളില്‍ ആറു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുള്ളത്. 1977 ലെ തെരഞ്ഞെടുപ്പില്‍ സി പി ഐ ക്ക് വേണ്ടി സി കെ ചന്ദ്രപ്പന്‍ സി പി ഐ (എം) ലെ ഒ ഭരതനെ 12,877 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു. 1980ൽ ഐ എന്‍ സി (യു) വിനു വേണ്ടി കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥിയായ എന്‍ രാമകൃഷ്ണനെ കെ കുഞ്ഞമ്പു തോല്‍പ്പിച്ചു, തുടര്‍ന്നു നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലും ( 1984, 1989, 1991, 1996, 1998) മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. പാട്യം രാജന്‍ , പി ശശി, ഇ ഇബ്രാഹീം കുട്ടി തുടങ്ങിയ സി പി ഐ (എം) സ്ഥാനാര്‍ഥികളെയും രാമചന്ദ്രന്‍ കടന്നപ്പള്ളി , എ സി ഷണ്മുഖ ദാസ് എന്നിവരെയുമാണ് തോല്‍പ്പിച്ചത്.

പലരെയും മാറി മാറി പരീക്ഷിച്ചെങ്കിലും മുല്ലപ്പള്ളിയെ തടയിടാന്‍ ആയത് 1999 ല്‍ മാത്രമാണ്. സി പി ഐ (എം) നു വേണ്ടി അന്നത്തെ യുവനേതാവ് എ പി അബ്ദുള്ളക്കുട്ടിയെ പരീക്ഷിച്ചപ്പോള്‍ അത് വിജയം കണ്ടത് 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തുടര്‍ന്നു രണ്ടായിരത്തി നാലിലും അബ്ദുള്ളക്കുട്ടി ഇവിടെ നിന്നും മുല്ലപ്പള്ളിയെ തോല്‍പ്പിച്ചു. സി പി ഐ (എം ) 2009ൽ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന് അതേ വർഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി കെ സുധാകരന്‍ 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി പി ഐ (എം)ലെ കെ കെ രാഗേഷിനെ തോല്‍പ്പിച്ചു. 2014ൽ വിജയം ആവര്‍ത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ കെ സുധാകരനെ സി പി ഐ (എം ) ന്റെ ഏറ്റവും മികച്ച വനിതാ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി 6,566 വോട്ടിന്റെ അട്ടിമറി ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ സ്ഥിര സാന്നിധ്യവും മികച്ച എം എല്‍ യും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി ടീച്ചര്‍ തന്നെ ഇത്തവണയും മത്സര രംഗത്ത് ഉണ്ടെന്നത് പാര്‍ട്ടിക്ക് മികച്ച വിജയപ്രതീക്ഷ നല്‍കുന്നു. ലോക്സഭാ പ്രോഗ്രസ്സ് കാര്‍ഡില്‍ ശ്രീമതി ടീച്ചറുടെ പ്രകടനം മികച്ചതാണ്. കഴിഞ്ഞ മൂന്നു തവണ നടന്ന കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലെ ബി ജെ പി യുടെ വോട്ടിംഗ് ശതമാനം ഇപ്രകാരമാണ് 2004 - 5.48%, 2009 - 3.14%, 2014 - 5.45% , 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു നോക്കിയാലും ബിജെ പി വോട്ടുകള്‍ കുറവാണ് എന്ന് കാണാം.



കണ്ണൂര്‍ ലോകസഭാമണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവയിൽ ഇരിക്കൂറും, അഴീക്കോടും പേരാവൂരും യു ഡി എഫ് ന്റെ കയ്യിലും തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യിലുമാണ്‌. ഈ ഏഴു മണ്ഡലങ്ങളിലും ബി ജെ പി വോട്ടുകള്‍ പതിനയ്യായിരത്തിനു മുകളില്‍ എത്തിയിട്ടില്ല. യു ഡി എഫിന്റെ ഉറച്ച കോട്ടയായിരുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം നേരിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം കൈക്കലാക്കുകയായിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജി വിജയിച്ചത് 2,287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. പക്ഷെ ലോക്സഭയിലേക്കു 2014ൽ നടന്ന തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് , ധര്‍മ്മടം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനു കിട്ടിയ ഭൂരിപക്ഷം കൊണ്ടു മാത്രമാണ് പി കെ ശ്രീമതി ടീച്ചര്‍ ജയിച്ചത്.‌ മറ്റു മണ്ഡലങ്ങളിലെ യു ഡി എഫ് ചായ്‌വ് ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു എന്നു പറയാം. മൂന്നൂ മണ്ഡലങ്ങളിലെ ഇടതുഭൂരിപക്ഷം നാലു മണ്ഡലങ്ങളെ അട്ടിമറിച്ചാല്‍ ഇത്തവണയും വിജയം ഇടതിന് അനുകൂലമായിരിക്കും.


Monday, March 11, 2019

കാസര്‍ഗോഡ്‌ ലോകസഭാമണ്ഡലം



കാസര്‍ഗോഡ്‌ ജില്ല പൂര്‍ണമായും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലവും കല്ല്യാശ്ശേരി നിയമസഭാ മണ്ഡലവും കൂടി ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ്‌ ലോകസഭാമണ്ഡലം , 2004 ലെ തെരഞ്ഞെടുപ്പു വരെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കൂടി കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തിനൊപ്പം ആയിരുന്നു. മണ്ഡല പുനർ നിര്‍ണയം നടന്നപ്പോള്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിനൊപ്പം ചേരുകയും പുതുതായി രൂപീകരിച്ച കല്ല്യാശ്ശേരി നിയമസഭാ മണ്ഡലം കാസര്‍ഗോഡ്‌ ലോകസഭാ മണ്ഡലത്തില്‍ ചേരുകയും ചെയ്തു.


1957 ലാണ് ആദ്യമായി കാസര്‍ഗോഡ്‌ ലോകസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത് , സ്വതന്ത്രനായി (IND -# 123694 Votes) മത്സരിച്ച ബി അച്ചുത ഷേണായിയെ 5145 വോട്ടിന്റെ ഭൂരിപക്ഷത്തിനു കുട്ട്യേരി ആയില്ലത്ത് ഗോപാലന്‍ ( എ കെ ജി ) കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (CPI -# 128839 Votes) തോല്‍പ്പിച്ചു ലോകസഭയിലെത്തി. 1957 മുതല്‍ 2014 വരെ നടന്ന പതിനഞ്ചു ലോകസഭാ തെരഞ്ഞെടുപ്പുകളിൽ 12 തവണ ഇടതുപക്ഷവും മൂന്നു തവണ കോണ്‍ഗ്രസ്സും വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലം എന്നറിയപ്പെടുന്ന ഈ മണ്ഡലത്തില്‍ 1989 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ചു വരുന്നു. 2009 ല്‍ 64427 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ്സിലെ ഷാഹിദ കമാലിനെ തോല്‍പ്പിച്ച സി പി ഐ എമ്മിലെ പി കരുണാകരന്റെ 2014 ലെ ഭൂരിപക്ഷം വെറും 6921 വോട്ടു മാത്രമായിരുന്നു. കോണ്‍ഗ്രസ്സിലെ ടി സിദ്ധിക്ക് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവു വന്നത് ഇടതുകൊട്ടയില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ബി ജെ പി യുടെ വോട്ടു വിഹിതം 2009 ല്‍ 14.83% (125482 Votes) ആയിരുന്നു എങ്കില്‍ അത് 2014 ല്‍ 17.74% (172826 Votes) ആയിമാറി. ലോകസഭാ ഇലക്ഷനില്‍ നേരിയ വോട്ടു വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് ഒരു ഭീഷണിയായി ആ വോട്ടു ബാങ്ക് മാറിയിട്ടില്ല.


കഴിഞ്ഞ തവണത്തെ വോട്ടു വര്‍ധന കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നല്ല വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്നു എങ്കിലും ആര് മത്സരിക്കും എന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. സാധാരണ കോൺഗ്രസ്സില്‍ നിന്നും ആരും മത്സരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത മണ്ഡലമാണിത് . മൂന്നു തവണ എം പി ആയി തിരെഞ്ഞെടുക്കപ്പെട്ട സി പി ഐ എമ്മിലെ പി കരുണാകരന് പകരം, മുന്‍ എം എല്‍ എയും സി പി ഐ (എം) മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ പി സതീഷ്‌ ചന്ദ്രനാണ് മത്സരിക്കുന്നത്. ബി ജെ പി യിലെ കെ സുരേന്ദ്രന്‍ ഇത്തവണ മണ്ഡലം മാറി മത്സരിക്കാനാണ് സാധ്യത.



കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളിലെ 2014 ലെ തെരഞ്ഞെടുപ്പു ഫലം നോക്കിയാല്‍ അഞ്ചു മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയിലാണ്.  രണ്ടു മണ്ഡലങ്ങള്‍ യു ഡി എഫിന്റെ കൈയിലും. ഈ രണ്ടു മണ്ഡലങ്ങളിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ഈ കാസര്‍ഗോഡ് ലോകസഭാമണ്ഡലത്തില്‍ ഒരു സീറ്റ് പോലുമില്ല . യു ഡി എഫിന്റെ കയ്യിലുള്ള രണ്ടു മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്തും ഇടതുപക്ഷം മൂന്നാം സ്ഥാനത്തുമാണുള്ളത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാക്ക് അന്തരിച്ചതിനെ തുടര്‍ന്ന് അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ടി വരും .