Tuesday Mar 15, 2016
വി ജയിന്‍
1967 ലെ മന്ത്രിസഭാംഗങ്ങള്‍
1960
ഫെബ്രുവരിയിലായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പിഎസ്പി, മുസ്ളിംലീഗ്
എന്നീ പാര്‍ടികളുമായി യോജിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മുസ്ളിംലീഗിനെ കൂട്ടി മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്
താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അത്തരമൊരു വാഗ്ദാനം മുസ്ളിംലീഗിന്
നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കമ്യൂണിസ്റ്റ് പാര്‍ടിയെ നേരിടാന്‍
മുസ്ളിംലീഗിന്റെയും പിഎസ്പിയുടെയും പിന്തുണ കോണ്‍ഗ്രസിന് വേണമായിരുന്നു.
അവസാനം ഒരുമിച്ച് മത്സരിക്കാം, മന്ത്രിസഭയില്‍ ചേരുന്നില്ലെന്ന്
മുസ്ളിംലീഗും പിഎസ്പിയും സമ്മതിച്ചു. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മൂന്ന്
പാര്‍ടികളുടെയും കൊടി ഉണ്ടാകണമെന്ന് ലീഗും പിഎസ്പിയും നിര്‍ബന്ധംപിടിച്ചു.
തെരഞ്ഞെടുപ്പിനുശേഷം കൂട്ടു ഗവണ്‍മെന്റാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന്
അണികളോട് ലീഗ് നേതൃത്വം പറഞ്ഞു. ഭരണമുന്നണിയില്‍ ചെറിയ പാര്‍ടിയായിരുന്നു പിഎസ്പിയെങ്കിലും കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവം പട്ടം അംഗീകരിച്ചില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോട് ആലോചിക്കാതെ പട്ടം പല തീരുമാനങ്ങളും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പട്ടത്തെ പേടിയായിരുന്നു എന്നതാണ് സത്യം. ഗതികെട്ട കോണ്‍ഗ്രസ് പട്ടത്തെ കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. പഞ്ചാബ് ഗവര്‍ണറായി പട്ടത്തെ നിയമിക്കുകയെന്നതായിരുന്നു പദ്ധതി. അങ്ങനെ പട്ടം 1962 സെപ്തംബര്‍ 26ന് രാജിവച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. പിന്നീട് പിഎസ്പി മന്ത്രിമാര്‍ രാജിവച്ചു.
ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ കാറില്‍ ഒരു സ്ത്രീയെ കണ്ടു എന്ന ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളുംമൂലം അദ്ദേഹം 1964 ഫെബ്രുവരി 20ന് രാജിവച്ചു. പിന്നീട് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ച് തോറ്റു. കെ സി എബ്രഹാമാണ് വിജയിച്ചത്. 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 24 പേര്‍ പി ടി ചാക്കോയ്ക്ക് വോട്ടുചെയ്തു. ആഗസ്ത് ഒന്നിന് പി ടി ചാക്കോ ഹൃദയസ്തംഭനംമൂലം മരിച്ചു. മരിക്കുംവരെ അദ്ദേഹം കോണ്‍ഗ്രസുകാരനായി തുടര്‍ന്നു. പി ടി ചാക്കോയെ ഗൂഢാലോചന നടത്തി പുറത്താക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ 15 എംഎല്‍എമാര്‍ വിമതന്മാരായി. 1964 സെപ്തംബര്‍ രണ്ടിന് ഈ എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി ഈ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടുചെയ്തു. അവിശ്വാസപ്രമേയം പാസായി. 1964 സെപ്തംബര്‍ പത്തിന് ശങ്കര്‍ മന്ത്രിസഭ രാജിവച്ചു. രാഷ്ട്രപതിഭരണത്തിലായി കേരളം വീണ്ടും.
സിപിഐ എം, എസ്എസ്പി, കെടിപി, കെഎസ്പി സഖ്യം, മുസ്ളിംലീഗ്– കേരള കോണ്‍ഗ്രസ് സഖ്യം, സിപിഐ– ആര്‍എസ്പി സഖ്യം എന്നിവയും കോണ്‍ഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. മുസ്ളിംലീഗുമായി ചില ധാരണകള്‍ സിപിഐ എം ഉണ്ടാക്കിയിരുന്നു. 133 സീറ്റിലേക്കായിരുന്നു മത്സരം. 73 സീറ്റില്‍ മത്സരിച്ച സിപിഐ എം 40 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജയിച്ച 40 സിപിഐ എം സ്ഥാനാര്‍ഥികളില്‍ 29 പേരും 'ചൈനീസ് ചാരന്മാര്‍' എന്ന് മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞവരായിരുന്നു. 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് 36 സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. സിപിഐ 79 സീറ്റില്‍ മത്സരിച്ച് മൂന്നു സീറ്റില്‍ വിജയിച്ചു. പുതുതായി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് 54 സീറ്റില്‍ മത്സരിക്കുകയും 23ല്‍ വിജയിക്കുകയും ചെയ്തു. മുസ്ളിംലീഗ് ആറു സീറ്റിലും എസ്എസ്പി 13 സീറ്റിലും വിജയിച്ചു. 12 ഇടത്ത് സ്വതന്ത്രരാണ് ജയിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവദിക്കാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ സിപിഐ എമ്മിലെ കെ അനിരുദ്ധന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി.
ഇടതുപാര്‍ടികളെ കൂട്ടിയോജിപ്പിച്ച് കോണ്‍ഗ്രസിനെതിരായ ശക്തമായ രാഷ്ട്രീയമുന്നണിയുണ്ടാക്കാമെന്നും പുതിയ സര്‍ക്കാരിനെ അധികാരത്തിലേറ്റാമെന്നുമുള്ള സിപിഐ എമ്മിന്റെ പ്രതീക്ഷയാണ് ചില ഇടതുപാര്‍ടികള്‍തന്നെ ഇല്ലാതാക്കിയത്. അത് തെറ്റായെന്ന് ആ പാര്‍ടികള്‍ക്ക് പിന്നീട് മനസ്സിലായി. തെരഞ്ഞെടുപ്പിനുശേഷം ഭക്ഷ്യപ്രശ്നം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഇടതുപാര്‍ടികളുടെ യോജിപ്പുണ്ടായി. എന്നാല്‍, ഇന്ത്യ– പാകിസ്ഥാന്‍ യുദ്ധം വന്നതോടെ സ്ഥിതി മാറി. ചര്‍ച്ചചെയ്ത് ഇരു രാജ്യങ്ങളും തര്‍ക്കം തീര്‍ക്കണമെന്ന സിപിഐ എം നിലപാടിനെ ഇതേ പാര്‍ടികള്‍ എതിര്‍ത്ത് രംഗത്തുവന്നു. എന്നാല്‍, താഷ്കെന്റില്‍ വച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതോടെ സിപിഐ എം നിലപാട് ശരിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഇതോടെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ ഈ പാര്‍ടികള്‍ തയ്യാറായത്.
1967 മാര്‍ച്ചുവരെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നു. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണിയാണ് കോണ്‍ഗ്രസിനെതിരെ മത്സരിച്ചത്. സിപിഐ, മുസ്ളിംലീഗ്, എസ്എസ്പി, ഐഎസ്പി, കെടിപി എന്നീ പാര്‍ടികള്‍ ഘടകകക്ഷികളായിരുന്നു. 59 സീറ്റില്‍ മത്സരിച്ച സിപിഐ എം 52 സീറ്റില്‍ വിജയിച്ചു. സിപിഐ 22 സീറ്റില്‍ മത്സരിച്ച് 19ല്‍ വിജയിച്ചു. കോണ്‍ഗ്രസ് 133 സീറ്റിലും മത്സരിച്ചെങ്കിലും ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു അത്. എസ്എസ്പി 19 സീറ്റിലും മുസ്ളിംലീഗ് 14 സീറ്റിലും ജയിച്ചു. 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാര്‍ച്ച് ആറിന് അധികാരമേറ്റു. എസ്എസ്പിയിലെ ഡി ദാമോദരന്‍പോറ്റി സ്പീക്കറായി.
കെ ആര്‍ ഗൌരി (റവന്യൂ, ഭക്ഷ്യ–സിവില്‍ സപ്ളൈസ്), ഇ കെ ഇമ്പിച്ചിബാവ (ഗതാഗതം), എം കെ കൃഷണന്‍ (വനം, പട്ടികജാതിക്ഷേമം), പി ആര്‍ കുറുപ്പ് (ജലസേചനം, സഹകരണം), പി കെ കുഞ്ഞ് (ധനം), സി എച്ച് മുഹമ്മദ്കോയ (വിദ്യാഭ്യാസം), എം പി എം അഹമ്മദ് കുരിക്കള്‍ (തദ്ദേശസ്വയംഭരണം), ടി വി തോമസ് (വ്യവസായം), ബി വെല്ലിങ്ടണ്‍ (ആരോഗ്യം), ടി കെ ദിവാകരന്‍ (പൊതുമരാമത്ത്), മത്തായി മാഞ്ഞൂരാന്‍ (തൊഴില്‍), അവുക്കാദര്‍ കുട്ടി നഹ (പഞ്ചായത്ത്– അഹമ്മദ് കുരിക്കളുടെ മരണത്തെതുടര്‍ന്ന് 1968 നവംബര്‍ 9ന് സ്ഥാനമേറ്റു).
ഭക്ഷ്യക്ഷാമം രൂക്ഷമായ കാലമായിരുന്നു അത്. കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഭരണമുന്നണിയുടെ നേതൃത്വത്തില്‍ നടന്നു. സപ്തകക്ഷി മുന്നണിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢശ്രമം നടന്നു. സിപിഐയുടെ നേതൃത്വത്തില്‍ ഒരു കുറുമുന്നണി രൂപീകരിക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി. ചികിത്സയ്ക്കായി ഇ എം എസ് കിഴക്കന്‍ ജര്‍മനിയില്‍പോയി മടങ്ങിയപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനാകാത്ത നിലയിലെത്തിയിരുന്നു. ഈ രാഷ്ട്രീയപ്രതിസന്ധി ഇ എം എസ് മന്ത്രിസഭയുടെ രാജിയിലാണ് കലാശിച്ചത്. സിപിഐ, ആര്‍എസ്പി, മുസ്ളിംലീഗ് പാര്‍ടികളിലെ മന്ത്രിമാര്‍ 1969 ഒക്ടോബറില്‍ രാജി സമര്‍പ്പിച്ചു. 1969 നവംബര്‍ ഒന്നിന് ഇ എം എസ് രാജി സമര്‍പ്പിച്ചു. സിപിഐയുടെ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസും പിന്തുണ നല്‍കി. 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. 1970 ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു
http://www.deshabhimani.com/election2016/news/view/41
No comments:
Post a Comment