Tuesday, May 17, 2016

സഹതാപം ജയിച്ച 1991; അധികാരം ജനങ്ങളിലെത്തിയ 1996

Wednesday Mar 16, 2016
രാജീവ് ഗാന്ധിയ്ക്ക് ഗുരുവായൂരില്‍ തുലാഭാരം. കെ കരുണാകരന്‍ സമീപം
1987ല്‍ അധികാരത്തിലെത്തിയ ഇ കെ നായനാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ നേടി. കൂട്ടുകൃഷിപോലുള്ള പദ്ധതികള്‍ കാര്‍ഷികമേഖലയിലുണ്ടാക്കിയ ഉണര്‍വ് വളരെ വലുതായിരുന്നു. വൈദ്യുതി വിതരണരംഗത്ത് കുതിച്ചുചാട്ടമുണ്ടായി. നിരവധി സബ് സ്റ്റേഷനുകളും വിതരണ ലൈനുകളും സ്ഥാപിച്ച് വോള്‍ട്ടേജ് ക്ഷാമം ഇല്ലാതാക്കി. ലോഡ്ഷെഡിങ് ക്രമേണ കുറച്ച് ഇല്ലാതാക്കി. സമ്പൂര്‍ണസാക്ഷരതാ യജ്ഞം ലോകശ്രദ്ധ നേടി. ഈ പശ്ചാത്തലത്തില്‍ 1991 ജനുവരിയില്‍ നടന്ന ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയമാണ് ലഭിച്ചത്. നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരുവര്‍ഷംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 23നാണ് കേരളത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്.
രാജ്യത്ത് ആദ്യവട്ടം വോട്ടെടുപ്പ് കഴിഞ്ഞശേഷം മെയ് 21നാണ് രാജീവ്ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍വച്ച് കൊല്ലപ്പെട്ടത്. അതോടെ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷമാകെ മാറി. കേരളത്തില്‍ എല്‍ഡിഎഫിനെതിരെ പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പുപോലും കിട്ടാതിരുന്ന യുഡിഎഫ് രാജീവിന്റെ മരണം വലിയൊരു ആയുധമാക്കി. രാജീവിന്റെ ചിതാഭസ്മം ഉള്‍ക്കൊള്ളിച്ച കുംഭങ്ങള്‍ കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൊണ്ടുനടന്നു. രാഷ്ട്രീയപ്രചാരണം കോണ്‍ഗ്രസ് പൂര്‍ണമായി ഉപേക്ഷിച്ചു. രാജീവ് ഗാന്ധിയുടെ വലിയ ചിത്രങ്ങള്‍വച്ച് പൂജ നടത്തിയും അനുശോചനയോഗങ്ങള്‍ നടത്തിയും സഹതാപതരംഗമുണര്‍ത്തി.
കെ കരുണാകരന്‍ രാജീവ് ഗാന്ധിയ്ക്കൊപ്പംകെ കരുണാകരന്‍ രാജീവ് ഗാന്ധിയ്ക്കൊപ്പം
ജൂണ്‍ 18നാണ് കേരളത്തില്‍ വോട്ടെടുപ്പു നടന്നത്. 73.46 ശതമാനം പേര്‍ വോട്ടുചെയ്തു. യുഡിഎഫിന് 92 സീറ്റും എല്‍ഡിഎഫിന് 48 സീറ്റും ലഭിച്ചു. '91ലെ ജനവിധി എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയായിരുന്നില്ലെന്ന് ദേശീയതലത്തില്‍ ഏറെ പ്രചാരമുള്ള ആനുകാലിക പ്രസിദ്ധീകരണമായ 'ഇന്ത്യ ടുഡേ' വിലയിരുത്തി. രാജീവ് ഗാന്ധിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗവും മണ്ഡല്‍വിരുദ്ധ സമരം സൃഷ്ടിച്ച ധ്രുവീകരണവുമാണ് എല്‍ഡിഎഫിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളായി ഇന്ത്യ ടുഡേ വിലയിരുത്തിയത്. യുഡിഎഫില്‍ കോണ്‍ഗ്രസ്–57, മുസ്ളിംലീഗ്–19, കേരള കോണ്‍ഗ്രസ് എം–11, സിഎംപി–1, എന്‍ഡിപി–2, സ്വതന്ത്രര്‍–2 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. എല്‍ഡിഎഫില്‍ സിപിഐ എം– 28, സിപിഐ– 12, കോണ്‍ഗ്രസ് എസ്–2, കേരള കോണ്‍ഗ്രസ്–1, ജനതാദള്‍–2, ആര്‍എസ്പി–2, സ്വതന്ത്രര്‍–1 എന്നിങ്ങനെ.
ജൂണ്‍ 24ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് കെ കരുണാകരന്‍. നരസിംഹറാവു ഭരണത്തിനിടയിലുണ്ടായ നിരവധി പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കരുണാകരന്‍ ഒപ്പമുണ്ടായിരുന്നു. കിങ്മേക്കര്‍ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍, അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കേരളത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. 1992ല്‍ കഴക്കൂട്ടത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയി. അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ കരുണാകരവിരുദ്ധര്‍ ശക്തിയാര്‍ജിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ കെ മുരളീധരന്‍ സംസ്ഥാന ഭരണത്തില്‍ അമിതമായി ഇടപെടുന്നുവെന്ന വിമര്‍ശമുണ്ടായി. മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലി മാറ്റണമെന്നും ആവശ്യമുയര്‍ന്നു. എ ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയില്ലെന്ന പ്രശ്നത്തെത്തുടര്‍ന്ന് 1994 മേയില്‍ ധനമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു. കേന്ദ്ര സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന എ കെ ആന്റണി പഞ്ചസാര കുംഭകോണത്തെ തുടര്‍ന്ന് '94ല്‍ രാജിവച്ചു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരന്‍ ആരോപണവിധേയനായി. ഇത് കോണ്‍ഗ്രസിലും യുഡിഎഫിലും അനുരണനങ്ങളുണ്ടാക്കി. നേതൃമാറ്റമെന്ന ആവശ്യം കോണ്‍ഗ്രസിലുയര്‍ന്നു. 1994 ഡിസംബറായപ്പോഴേക്കും യുഡിഎഫ് ഘടക കക്ഷികള്‍തന്നെ കരുണാകരനെതിരെ രംഗത്തുവന്നു. ചാരക്കേസ് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഐജി രമണ്‍ ശ്രീവാസ്തവയെ മാറ്റണമെന്ന് മുസ്ളിംലീഗും കേരള കോണ്‍ഗ്രസിലെ മൂന്നുവിഭാഗങ്ങളും ആവശ്യമുന്നയിച്ചു. രമണ്‍ ശ്രീവാസ്തവയാകട്ടെ, കരുണാകരന്റെ വലംകൈയും. 1995 ജനുവരിയായപ്പോഴേക്കും പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിച്ചു. രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും മുസ്ളിംലീഗ് അടക്കമുള്ള ഘടക കക്ഷികളും ആവശ്യപ്പെട്ടു.  57 എംഎല്‍എമാരുള്ള കോണ്‍ഗ്രസില്‍ 24 പേര്‍ കരുണാകരന്റെ രാജിക്കുവേണ്ടി നിലകൊണ്ടു. ഇതിനിടയില്‍ ഫെബ്രുവരിയില്‍ കരുണാകരനെതിരെ എല്‍ഡിഎഫ് നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തണമെന്ന് യുഡിഎഫ് ഘടക കക്ഷികളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, പ്രശ്നങ്ങള്‍ മാര്‍ച്ചിനുള്ളില്‍ പരിഹരിക്കാമെന്ന്ഉറപ്പുകൊടുത്തു.
1995 മാര്‍ച്ച് 12ന് ഡല്‍ഹിയിലെത്തിയ കരുണാകരന്‍ തന്റെ മന്ത്രിസഭയെ രക്ഷിക്കാനായി മുസ്ളിംലീഗിനെ അനുനയിപ്പിക്കാന്‍ രംഗത്തുവരണമെന്ന് നരസിംഹറാവുവിനോട് അപേക്ഷിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പംനിന്ന കെ കരുണാകരന്റെ അപേക്ഷ നരസിംഹറാവു തള്ളി. മാര്‍ച്ച് 16ന് കെ കരുണാകരന്‍ രാജിവച്ചു. പിന്നില്‍നിന്ന് കുത്തിയ ചതിയന്മാരെന്ന് എ വിഭാഗം കോണ്‍ഗ്രസുകാരെ അദ്ദേഹം പൊതുയോഗത്തില്‍ വിശേഷിപ്പിച്ചു. 1995 മാര്‍ച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്താകെ ചാരായനിരോധനം കൊണ്ടുവന്ന ആന്റണി അടുത്ത തെരഞ്ഞെടുപ്പില്‍ അതുയര്‍ത്തിപ്പിടിച്ച് ജയിക്കാമെന്ന് പ്രതീക്ഷിച്ചു.
1996 ഏപ്രില്‍ 27നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ചാരായനിരോധനത്തിന് ജനകീയാംഗീകാരം ലഭിച്ചില്ല. ഭരണത്തില്‍ നടന്ന ചക്കളത്തിപ്പോരാട്ടങ്ങളും ജനം മറന്നില്ല. എല്‍ഡിഎഫിന് 80 സീറ്റ് ലഭിച്ചു. യുഡിഎഫിന് 59ഉം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. സിപിഐ എം–40, സിപിഐ–18, ജനതാദള്‍–4, കോണ്‍ഗ്രസ് എസ്–3, ആര്‍എസ്പി–5, കേരള കോണ്‍ഗ്രസ്–6, എല്‍ഡിഎഫ് സ്വതന്ത്രര്‍–4 എന്നിങ്ങനെയാണ് എല്‍ഡിഎഫിന് ലഭിച്ച സീറ്റുകള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്–37, മുസ്ളിംലീഗ്–13, കേരള കോണ്‍ഗ്രസ് എം–5, കേരള കോണ്‍ഗ്രസ് ജേക്കബ്–2, ജെഎസ്എസ്–1, കേരള കോണ്‍ഗ്രസ് ബി–1 എന്നിങ്ങനെ. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചേര്‍ത്തലയില്‍ ജയിച്ചു. സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു. സിപിഐ എം വിട്ട് ജെഎസ്എസ് രൂപീകരിച്ച കെ ആര്‍ ഗൌരിയമ്മ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചപ്പോള്‍ സിഎംപി നേതാവ് എം വി രാഘവന്‍ ആറന്‍മുളയില്‍ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണനോട് പരാജയപ്പെട്ടു. എന്‍ഡിപി, എസ്ആര്‍പി എന്നീ പാര്‍ടികള്‍ അപ്രസക്തമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സിപിഐ എം നേതാവ് ഇ കെ നായനാരാണ് മുഖ്യമന്ത്രിയായത്. അധികാര വികേന്ദ്രീകരണത്തിന് വഴിയൊരുക്കുന്നതിന് മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനായി 14 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇ കെ നായനാര്‍ തലശ്ശേരി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി.
കേരളത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന നിരവധി നേട്ടങ്ങളാണ് 1996ലെ നായനാര്‍ മന്ത്രിസഭയുടെ പേരിലുള്ളത്. ഏറ്റവും പ്രധാനം അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും തന്നെ. പദ്ധതി ഫണ്ടിന്റെ 40 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ഓരോ പ്രദേശത്തും ആവശ്യമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ അതത് പ്രദേശങ്ങളില്‍ ഗ്രാമസഭ മുതലുള്ള ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തി നടപ്പാക്കി. അതിനുള്ള ഫണ്ടും അധികാരവും നല്‍കാനും ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്താനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അധികാരം സെക്രട്ടറിയറ്റില്‍നിന്ന് താഴേക്ക് നല്‍കാനുള്ള മഹത്തായ ഈ പരിപാടിക്ക് ഉദ്യോഗസ്ഥതലത്തില്‍നിന്ന് വലിയ പ്രോത്സാഹനമൊന്നും ലഭിച്ചില്ലെങ്കിലും പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തു. കേന്ദ്രീകൃതമായ വന്‍ പദ്ധതികള്‍ക്കുപകരം ഓരോ ഗ്രാമത്തിനും ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. വൈദ്യുതി മേഖലയില്‍ അതുവരെയുണ്ടായിരുന്ന മരവിപ്പ് മാറ്റി പുതിയ പദ്ധതികള്‍ വന്നു. വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിക്കുകയും പഴയ പദ്ധതികള്‍ നവീകരിക്കുകയും ചെയ്തു. കേരളം വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തി. വൈദ്യുതിമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെ എതിരാളികള്‍പോലും ശ്ളാഘിച്ചു. ടൂറിസം രംഗത്ത് കേരളം ലോകശ്രദ്ധയില്‍ വന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഭാവനാപൂര്‍ണമായ നടപടികളിലൂടെയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം സാമ്പത്തികമായുണ്ടായ ബുദ്ധിമുട്ടുകള്‍ പര്‍വതീകരിച്ച യുഡിഎഫ് ജനകീയാസൂത്രണത്തിനെതിരെയും പ്രചാരണം നടത്തി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍നാസര്‍ മഅ്ദനിയെ അറസ്റ്റുചെയ്തതിനെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്‍ഡിഎഫിന്റെ നടപടിയായി വിലയിരുത്തി വര്‍ഗീയധ്രുവീകരണം നടത്താനും യുഡിഎഫ് മറന്നില്ല. ഈ കള്ളപ്രചാരണങ്ങളെല്ലാം നടത്തിയാണ് 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിച്ചത്
http://www.deshabhimani.com/election2016/news/view/44

No comments:

Post a Comment