Wednesday Mar 16, 2016

എല്ലാ വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറിയത്. അധികാരത്തിലിരുന്നപ്പോള്‍ എല്ലാ വര്‍ഗീയശക്തികളെയും പ്രീണിപ്പിക്കുകയുംചെയ്തു. ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയ ദേശീയ രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് എ, ഐ കോണ്‍ഗ്രസുകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ ശരീഅത്ത് വിവാദം, ഷാബാനു കേസ് എന്നീ പ്രശ്നങ്ങളില്‍ സിപിഐ എം എടുത്ത ഉറച്ച നിലപാടുകാരണം അഖിലേന്ത്യാ മുസ്ളിംലീഗ് എല്‍ഡിഎഫ് വിട്ടു. ഇരു മുസ്ളിംലീഗുകളും ലയിച്ച് ഒന്നായി. വര്‍ഗീയശക്തികളുമായി ഒരു തരത്തിലുള്ള ധാരണയും പാടില്ലെന്ന ഉറച്ച തീരുമാനം ഇതിനകം സിപിഐ എം എടുത്തിരുന്നു.
സി അച്യുതമേനോന്‍ മന്ത്രിസഭയ്ക്കുശേഷം കാലാവധി പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മന്ത്രിസഭയാണ് 1982ലെ കെ കരുണാകരന്‍ മന്ത്രിസഭ. എല്ലാ ജാതി– മത ശക്തികളെയും കൂട്ടുപിടിച്ചായിരുന്നു 1982 മുതല്‍ 87 വരെയുള്ള ആ മന്ത്രിസഭയുടെ ഭരണം. സാമുദായിക– വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയുള്ള യുഡിഎഫ് ഭരണം കേരളത്തില്‍ അസ്വസ്ഥതയുടെ വിത്ത് വിതച്ചു. നിരവധി സ്ഥലങ്ങളില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായി. മുസ്ളിംലീഗ്, എന്‍ഡിപി, എസ്ആര്‍പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ടികളുടെ സമ്മര്‍ദരാഷ്ട്രീയത്തിനു വഴങ്ങിയുള്ള ഭരണത്തില്‍ അഴിമതി കൊടികുത്തിവാണു. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. തങ്കമണി എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്കും മറ്റ് ഗ്രാമവാസികള്‍ക്കുമെതിരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണം രാജ്യത്തിനു മുന്നില്‍ കേരളത്തിന്റെ അന്തസ്സ് കെടുത്തി.
കെ കരുണാകരന്‍ പാവം പയ്യനുവേണ്ടി നടത്തിയ അനധികൃതമായ ഇടപെടലുകള്‍, എം പി ഗംഗാധരന്റെ പൈപ്പ് കുംഭകോണം, ഭക്ഷ്യമന്ത്രി യു എ ബീരാന്റെ അരികുംഭകോണം, സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കോളേജുകളും പോളിടെക്നിക്കുകളും അനുവദിക്കാന്‍ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് എടുത്ത തീരുമാനം, വന്‍കിട തോട്ടമുടമകളുടെ റവന്യൂ റിക്കവറി നടപടി ഒഴിവാക്കിക്കൊടുത്ത ധനമന്ത്രി കെ എം മാണിയുടെ അഴിമതി, തൊഴില്‍മന്ത്രി കടവൂര്‍ ശിവദാസന്‍ നടത്തിയ അനധികൃത നിയമനങ്ങള്‍, ഗതാഗതമന്ത്രി പി കെ വേലായുധനെതിരായ ബസ് ചേസിസ് അഴിമതി എന്നിവയില്‍ യുഡിഎഫ് സര്‍ക്കാര്‍ കറപുരണ്ടു നിന്നു.
എല്‍ഡിഎഫ് അതിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് 1987ലെ തെരഞ്ഞെടുപ്പില്‍ നടത്തിയത്. സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രചാരണത്തിന് പിന്തുണ നല്‍കി. ഗായകസംഘങ്ങളും തെരുവുനാടക സംഘങ്ങളും യുഡിഎഫ് ഭരണത്തിനെതിരായ ശക്തമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്‍ഡിഎഫിന്റെ പ്രചാരണഗാനങ്ങള്‍ ജനസഹസ്രങ്ങള്‍ ഏറ്റുപാടി. അതിശക്തമായ പ്രചാരണമാണ് ഇരു മുന്നണികളും നടത്തിയത്. പ്രധാനമന്ത്രി രാജീവ്ഗാന്ധി കേരളത്തില്‍ 3450 കിലോമീറ്റര്‍ സഞ്ചരിച്ചു. 54 യോഗങ്ങളിലായി 24 മണിക്കൂര്‍ 25 മിനിറ്റ് സംസാരിച്ചു. വര്‍ക്കല, തിരുവനന്തപുരം, കളമശേരി എന്നിവിടങ്ങളിലെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുറാലികള്‍ ശുഷ്കമായത് വലിയ വാര്‍ത്തയായി. ഇ എം എസിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ പ്രചാരണറാലികള്‍ പതിനായിരങ്ങളുടെ ആവേശപ്രകടനങ്ങളായി മാറി.
മാര്‍ച്ച് 23നായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 24ന് ഫലപ്രഖ്യാപനം. 78 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തി. സിപിഐ എം– 38, സിപിഐ എം സ്വതന്ത്രര്‍– 4, സിപിഐ– 16, കോണ്‍ഗ്രസ് എസ്– 6, ജനത പാര്‍ടി– 7, ആര്‍എസ്പി– 5, ലോക്ദള്‍– 1. യുഡിഎഫിന് 61 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഐ– 33, മുസ്ളിംലീഗ്– 15, കേരള കോണ്‍ഗ്രസ് ജെ– 5, കേരള കോണ്‍ഗ്രസ് എം– 4, എന്‍ഡിപി (പി)– 1, സ്വതന്ത്രര്‍– 2.
1962നുശേഷം സാമുദായികശക്തികളുടെ പിന്‍ബലമില്ലാത്ത ഒരു ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത് 1987ലാണ്. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മാര്‍ച്ച് 26ന് അധികാരമേറ്റു. ടി കെ രാമകൃഷ്ണന്‍, കെ ആര്‍ ഗൌരിയമ്മ, വി വിശ്വനാഥമേനോന്‍, ടി ശിവദാസമേനോന്‍, വി ജെ തങ്കപ്പന്‍, ടി കെ ഹംസ, ഇ ചന്ദ്രശേഖരന്‍നായര്‍, വി വി രാഘവന്‍, പി എസ് ശ്രീനിവാസന്‍, പി കെ രാഘവന്‍, ബേബിജോണ്‍, കെ ചന്ദ്രശേഖരന്‍, കെ പങ്കജാക്ഷന്‍, കെ ശങ്കരനാരായണപിള്ള, എ സി ഷണ്‍മുഖദാസ്, എന്‍ എം ജോസഫ്, ലോനപ്പന്‍ നമ്പാടന്‍, എ നീലലോഹിതദാസ് എന്നിവരായിരുന്നു മന്ത്രിമാര്‍. എം പി വീരേന്ദ്രകുമാര്‍ മന്ത്രിയായി 1987 ഏപ്രില്‍ രണ്ടിന് സ്ഥാനമേറ്റെങ്കിലും ജനതാ പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍മൂലം ഏപ്രില്‍ ഏഴിന് രാജിവയ്ക്കേണ്ടിവന്നു. ആ ഒഴിവിലാണ് എന്‍ എം ജോസഫ് മന്ത്രിയായത്.
സമ്പൂര്‍ണ സാക്ഷരതായജ്ഞം, കൂട്ടുകൃഷി, ഏവരുടെയും പ്രശംസ നേടിയ പൊതുവിതരണ സംവിധാനം തുടങ്ങി നിരവധി നേട്ടങ്ങളുണ്ടാക്കിയ ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നു തന്നെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരമ്പതൂരിലുണ്ടായ സ്ഫോടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗം അന്തരീഷമാകെ മാറ്റിമറിച്ചു. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യത അതോടെ ഇല്ലാതായി
http://www.deshabhimani.com/election2016/news/view/43
No comments:
Post a Comment