Tuesday, May 17, 2016

പ്രക്ഷുബ്ധമായ എഴുപതുകള്‍

Tuesday Mar 15, 2016
1970 സെപ്തംബര്‍ 17നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഐ എമ്മിനെതിരെ വിശാലമുന്നണിയാണ് രൂപംകൊണ്ടത്. കോണ്‍ഗ്രസിനൊപ്പംചേര്‍ന്ന് സിപിഐ, ആര്‍എസ്പി, മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ മുന്നണിയുണ്ടാക്കി. കോണ്‍ഗ്രസ് 30 സീറ്റിലും സിപിഐ 16 സീറ്റിലും കേരള കോണ്‍ഗ്രസ് 12 സീറ്റിലും മുസ്ളിംലീഗ് 11 സീറ്റിലും ആര്‍എസ്പി ആറ് സീറ്റിലും വിജയിച്ചു. സിപിഐ എമ്മിന് 29 സീറ്റ് കിട്ടി. 73 സീറ്റില്‍ മത്സരിച്ച സിപിഐ എം പോള്‍ചെയ്ത വോട്ടില്‍ 23.83 ശതമാനം നേടി. 52 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 17.63 ശതമാനം വോട്ടാണ് ലഭിച്ചത്. സ്വതന്ത്രര്‍ 16 സീറ്റ് നേടി.
സി അച്യുതമേനോന്റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യമുന്നണി മന്ത്രിസഭ 1970 ഒക്ടോബര്‍ നാലിന് അധികാരമേറ്റു. കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ചേര്‍ന്നില്ല. 1971ല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ആര്‍എസ്പിയില്‍ പ്രശ്നങ്ങളുണ്ടാക്കി. കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടരുതെന്നും മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്നും ആര്‍എസ്പിയുടെ അഖിലേന്ത്യാനേതൃത്വം കേരളഘടകത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, അതനുസരിക്കാന്‍ കേരളഘടകം തയ്യാറായില്ല. കെആര്‍എസ്പി എന്ന പേരിലാണ് പിന്നീട് കേരളത്തിലെ ആര്‍എസ്പി അറിയപ്പെട്ടത്.
1975ല്‍ ജനാധിപത്യവും പൌരാവകാശങ്ങളും കുഴിച്ചുമൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യവാഴ്ചയെ പിന്തുണച്ചാണ് സിപിഐ അധികാരത്തില്‍ തുടര്‍ന്നത്. പശ്ചിമബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയോളം വരില്ലെങ്കിലും സിപിഐ എം പ്രവര്‍ത്തകരെ പരക്കെ വേട്ടയാടുന്ന ഭരണമായിരുന്നു കേരളത്തിലും. കോഴിക്കോട് ആര്‍ഇസിയിലെ വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പിലിട്ട് ഉരുട്ടിക്കൊന്നു. വര്‍ക്കല വിജയന്‍, നാദാപുരത്തെ കണ്ണന്‍, മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മുസ്തഫ എന്നിവരടക്കം പതിനഞ്ചോളംപേര്‍ പൊലീസിന്റെ ക്രൂരമര്‍ദനംകൊണ്ട് മരിച്ചു. പൊലീസ് ക്രൂരതകള്‍ 1977നുശേഷം പുറത്തുവരാന്‍ തുടങ്ങി. 1970 മുതല്‍ സിപിഐ എം നേതൃത്വത്തില്‍ മിച്ചഭൂമിക്കുവേണ്ടി അതിശക്തമായ സമരങ്ങള്‍ നടന്നു. എ കെ ജി തിരുവനന്തപുരത്ത് മുടവന്‍മുഗള്‍ കൊട്ടാരവളപ്പിലേക്ക് മതില്‍ ചാടിക്കടന്നെത്തി സമരത്തിന് നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് വലിയ പ്രക്ഷോഭങ്ങളും പണിമുടക്കുകളും കേരളത്തില്‍ നടന്നു.
1975 മെയ് എട്ടിന് സ്പീക്കര്‍ മൊയ്തീന്‍കുട്ടി ഹാജി രാജിവച്ചു. 1975ല്‍ത്തന്നെ കേരള കോണ്‍ഗ്രസും മന്ത്രിസഭയില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ അറസ്റ്റ്ചെയ്യപ്പെട്ടവരില്‍ കെ എം ജോര്‍ജും ആര്‍ ബാലകൃഷ്ണപിള്ളയും ഉണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മന്ത്രിസഭയില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. ലോക്സഭാംഗമായിരിക്കെയാണ് ബാലകൃഷ്ണപിള്ള മന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. പാര്‍ടി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനാല്‍ കെ എം ജോര്‍ജ് മന്ത്രിയാകേണ്ടതില്ലെന്ന് കെ എം മാണിയും കൂട്ടരും വാശിപിടിച്ചു. ആറുമാസം മന്ത്രിയായിരുന്നശേഷം രാജിവച്ച ബാലകൃഷ്ണപിള്ള ലോക്സഭാംഗമായി തുടര്‍ന്നു. ആ സ്ഥാനത്താണ് കെ എം ജോര്‍ജ് മന്ത്രിയായി സ്ഥാനമേറ്റത്.
ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. കെ എം ജോര്‍ജ് ചെയര്‍മാനും ബാലകൃഷ്ണപിള്ള സെക്രട്ടറിയുമായി ഒരു ഗ്രൂപ്പും കെ നാരായണക്കുറുപ്പ് ചെയര്‍മാനും കെ എം മാണി ജനറല്‍ സെക്രട്ടറിയുമായി മറു ഗ്രൂപ്പും. ഇതിനിടയില്‍ കെ എം ജോര്‍ജ് മരിച്ചു. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ വീണ്ടും ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. പലവട്ടം ഡല്‍ഹിയില്‍ കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളെ വിളിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. 1977 ജനുവരിയില്‍ കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ ഇരു ഗ്രൂപ്പുകളുടെയും ഐക്യം പ്രഖ്യാപിച്ചത്. എന്നാല്‍, ആര്‍ ബാലകൃഷ്ണപിള്ള ഇത് അംഗീകരിക്കാതെ പ്രത്യേക ഗ്രൂപ്പായിത്തന്നെ നിലകൊണ്ടു. 1975 ഒക്ടോബര്‍ 21ന് നിയമസഭയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. മൂന്നുതവണയായി ആറുമാസം വീതം കാലാവധി നീട്ടി 1977 മാര്‍ച്ച് വരെ എത്തിച്ചു.
1977 മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. മണ്ഡല പുനഃസംഘടനയെ തുടര്‍ന്ന് മണ്ഡലങ്ങളുടെ എണ്ണം 133ല്‍നിന്ന് 140 ആയി വര്‍ധിച്ചു. കോണ്‍ഗ്രസ്, സിപിഐ, മുസ്ളിംലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഐക്യമുന്നണിയാണ് മത്സരിച്ചത്. എന്‍ഡിപിയും പിഎസ്പിയും ഈ സഖ്യത്തെ പിന്താങ്ങി. ഈ സഖ്യം 111 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ്–38, സിപിഐ–23, കേരള കോണ്‍ഗ്രസ്–20, മുസ്ളിംലീഗ്–13, ആര്‍എസ്പി–9, എന്‍ഡിപി–5, പിഎസ്പി–3 എന്നിങ്ങനെയായിരുന്നു സീറ്റുനില. പ്രതിപക്ഷ പാര്‍ടികളില്‍ സിപിഐ എമ്മിന് 17, ഭാരതീയ ലോക്ദളിന് ആറ്, വിമത മുസ്ളിംലീഗ് മൂന്ന്, കേരള കോണ്‍ഗ്രസ് (വിമതര്‍)–2, സ്വതന്ത്രന്‍–ഒന്ന് എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്.
കെ കരുണാകരന്‍ മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദുകോയ മന്ത്രിയുമായി സത്യപ്രതിജ്ഞചെയ്തു. പിന്നീട് മന്ത്രിസഭ വികസിപ്പിച്ചു. രാജന്‍ കേസില്‍ കള്ളം പറഞ്ഞെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ കരുണാകരന്‍ ഏപ്രില്‍ 25ന് രാജിവച്ചു. ഏപ്രില്‍ 27ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കഴക്കൂട്ടത്തുനിന്ന് മത്സരിച്ച് ആന്റണി നിയമസഭയിലെത്തി. 1978 ഒക്ടോബര്‍ 27ന് ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഒക്ടോബര്‍ 29ന് സിപിഐ നേതാവ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായി. 1978 മാര്‍ച്ച്–ഏപ്രിലില്‍ നടന്ന സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് സുപ്രധാന രാഷ്ട്രീയതീരുമാനമെടുത്തു. കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പി കെ വി മന്ത്രിസഭ 1979 ഒക്ടോബര്‍ ഏഴിന് രാജിവച്ചു. പിന്നീട് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായി. ഒക്ടോബര്‍ 12ന് അധികാരമേറ്റ നാലംഗ മന്ത്രിസഭ ഡിസംബര്‍ ഒന്നിന് രാജിവച്ചു. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
1977ല്‍ ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖനേതാക്കളില്‍ പലരും വിട്ടുപോയിരുന്നു. 1978ല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ദേവരാജ് അരശിന്റെ നേതൃത്വത്തില്‍ അരശ് കോണ്‍ഗ്രസ് രൂപീകരിച്ചു. എ കെ ആന്റണിയും കൂട്ടരും ഈ പാര്‍ടിയില്‍ ചേര്‍ന്നു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയെ പിന്തുണയ്ക്കാനുള്ള ദേവരാജ് അരശിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1979ല്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുണ്ടായി. മുസ്ളിംലീഗിലെ വിമതവിഭാഗം അഖിലേന്ത്യാ മുസ്ളിംലീഗ് എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്.
1980 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് തെരഞ്ഞെടുപ്പുരംഗത്തേക്ക് വന്നത്. സിപിഐ എം നയിച്ച ഈ മുന്നണിയില്‍ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ടികള്‍ ഘടക കക്ഷികളായി. സിപിഐ, കേരള കോണ്‍ഗ്രസ് പിള്ള, അഖിലേന്ത്യാ മുസ്ളിംലീഗ്, ആര്‍എസ്പി എന്നിവയും എല്‍ഡിഎഫിലെ ഘടക കക്ഷികളായിരുന്നു. മറുവശത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണിയില്‍ ഇന്ദിര കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജെ, പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവയായിരുന്നു ഘടക കക്ഷികള്‍. ജനതാ പാര്‍ടിയുമായും യുഡിഎഫ് ധാരണയുണ്ടാക്കി.
1980 ജനുവരി മൂന്നിനും ആറിനുമായിരുന്നു വോട്ടെടുപ്പ്. ജനുവരി 22ന് ഫലപ്രഖ്യാപനം നടന്നു. 140 സീറ്റില്‍ 93ഉം എല്‍ഡിഎഫ് നേടി. സിപിഐ എം–35, കോണ്‍ഗ്രസ് യു–21, സിപിഐ–17, കേരള കോണ്‍ഗ്രസ് എം–8, ആര്‍എസ്പി–6, അഖിലേന്ത്യാ മുസ്ളിംലീഗ്–5 എന്നിങ്ങനെയാണ് എല്‍ഡിഎഫിന് ലഭിച്ച സീറ്റുകള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്–17, മുസ്ളിംലീഗ്–14, കേരള കോണ്‍ഗ്രസ് ജെ–6, ജനതാപാര്‍ടി–5, എന്‍ഡിപി–5, പിഎസ്പി–1 എന്നിങ്ങനെ. ജനുവരി 25ന് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.
1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ലോക്സഭാ തെരഞ്ഞെടുപ്പും നടന്നത്. ഇന്ദിര ഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവരില്ലെന്നാണ് എ കെ ആന്റണിയും കൂട്ടരും കരുതിയത്. എന്നാല്‍, വന്‍ഭൂരിപക്ഷത്തോടെ ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. ഇത് ആന്റണിയില്‍ വീണ്ടുവിചാരമുണ്ടാക്കി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിലിരുന്നുകൊണ്ടുതന്നെ ആന്റണി തുരപ്പന്‍പണികള്‍ തുടങ്ങി. ഒടുവില്‍ 1981 ഒക്ടോബര്‍ 16ന് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ ആന്റണി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഒക്ടോബര്‍ 20ന് കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ രാജിവച്ചു. നിയമസഭ പിരിച്ചുവിടാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
രാഷ്ട്രീയസംവിധാനങ്ങളില്‍ വീണ്ടും മാറ്റമുണ്ടായി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫില്‍ ചേര്‍ന്നു. 1981 ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ഐ നേതാവ് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍, പ്രശ്നങ്ങള്‍ അവസാനിച്ചില്ല. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പിളര്‍ന്നു. ആന്റണിയുടെ നേതൃത്വത്തില്‍ 16 പേര്‍ ആന്റണി കോണ്‍ഗ്രസായും ആറുപേര്‍ പി സി ചാക്കോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എസ് ആയും  മാറി. അഞ്ച് അംഗങ്ങളുള്ള ജനതാ പാര്‍ടിയിലും ഭിന്നിപ്പുണ്ടായി. മൂന്നുപേര്‍ സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ രണ്ടുപേര്‍ എതിര്‍ത്തു. സ്പീക്കറുംകൂടി ചേര്‍ന്ന് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനിന്നത്. നിയമസഭയില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ എ സി ജോസിന് പലപ്പോഴും കാസ്റ്റിങ് വോട്ട് ചെയ്യേണ്ടിവന്നു. ഈ മന്ത്രിസഭയെ കാസ്റ്റിങ് മന്ത്രിസഭയെന്ന് ജനങ്ങള്‍ വിളിച്ചു. കാസ്റ്റിങ് മന്ത്രിസഭയുടെ അന്ത്യംകുറിച്ചത് കേരള കോണ്‍ഗ്രസ് എമ്മിലെ ലോനപ്പന്‍ നമ്പാടനാണ്. സര്‍ക്കാരിനുള്ള പിന്തുണ അദ്ദേഹം പിന്‍വലിച്ചതോടെ 1982 മാര്‍ച്ച് 17ന് കരുണാകരന്‍ മന്ത്രിസഭ രാജിവച്ചു.

http://www.deshabhimani.com/election2016/news/view/42

No comments:

Post a Comment