Tuesday, May 31, 2016

14 തെരഞ്ഞെടുപ്പ് 13 സഭ

തിരുവനന്തപുരം > ഐക്യകേരളം രൂപീകരിച്ചശേഷം 14 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. 13 നിയമസഭകള്‍ രൂപീകൃതമായി. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതിനാല്‍ നിയമസഭ രൂപീകരിച്ചില്ല.

(ദേശാഭിമാനി)

1957
1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ രാഷ്ട്രപതിഭരണമായിരുന്നു. 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ വിവിധ ഘട്ടങ്ങളായാണ് ഒന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 126 സീറ്റില്‍ 60 സീറ്റ് കമ്യൂണിസ്റ്റ് പാര്‍ടി സ്വന്തമായും അഞ്ച് സീറ്റില്‍ പാര്‍ടി പിന്തുണച്ച സ്വതന്ത്രരും ജയിച്ചു. ഏപ്രില്‍ അഞ്ചിന് ഇ എം എസിന്റെ നേതൃത്വത്തില്‍ 11 അംഗ മന്ത്രിസഭ അധികാരമേറ്റു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വര്‍ഗീയ– പിന്തിരിപ്പന്‍ ശക്തികള്‍ ഒത്തുചേര്‍ന്ന് വിമോചനസമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഭരണഘടനയുടെ 356–ാംവകുപ്പ് പ്രയോഗിച്ച് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു. തുടര്‍ന്ന് രാഷ്ട്രപതിഭരണം.

1960
1960 ഫെബ്രുവരി ഒന്നിനായിരുന്നു രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പ്. പിഎസ്പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ പാര്‍ടികള്‍ യോജിച്ച് മത്സരിച്ചു. ഈ സഖ്യം 94 സീറ്റ് നേടി. കമ്യൂണിസ്റ്റ് പാര്‍ടിക്ക് 29 സീറ്റ് ലഭിച്ചു. പിഎസ്പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. പട്ടത്തെ പഞ്ചാബിലെ മുഖ്യമന്ത്രിയായി പറഞ്ഞയച്ചശേഷം കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ 1962 സെപ്തംബര്‍ 26ന് മുഖ്യമന്ത്രിയായി. ആഭ്യന്തരമന്ത്രി പി ടി ചാക്കോ രാജിവച്ചു. കോണ്‍ഗ്രസ് ഭിന്നിച്ചു. 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക ബ്ളോക്കായി നിയമസഭയില്‍ ഇരുന്നു. ശങ്കറിനെതിരെ അവര്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.  ശങ്കര്‍ രാജിവച്ചു. വീണ്ടും രാഷ്ട്രപതിഭരണം.

1965
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നു. സിപിഐ എം രൂപീകരിച്ചു. 1965 മാര്‍ച്ച് നാലിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. എസ്എസ്പിയുമായും മുസ്ളിംലീഗുമായും നീക്കുപോക്കുണ്ടാക്കിയാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചൈനാചാരന്മാരെന്ന് ആരോപിച്ച് സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കളെ ജയിലിലടച്ചിരുന്നു. അവര്‍ ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സിപിഐ എം 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 36 സീറ്റ് ലഭിച്ചു. സിപിഐക്ക് നാല്, എസ്എസ്പി 13, മുസ്ളിംലീഗ് ആറ്, കേരള കോണ്‍ഗ്രസ് 23 എന്നിങ്ങനെയാണ് മറ്റു പാര്‍ടികള്‍ക്ക് കിട്ടിയ സീറ്റ്. 12 സ്വതന്ത്രരും വിജയിച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. രാഷ്ട്രപതിഭരണം.

1967
1967ല്‍ സിപിഐ എം, സിപിഐ, മുസ്ളിംലീഗ്, ആര്‍എസ്പി, എസ്എസ്പി, കെഎസ്പി, കെടിപി എന്നീ പാര്‍ടികളടങ്ങുന്ന സപ്തകക്ഷി മുന്നണിയാണ് കോണ്‍ഗ്രസിനെ നേരിട്ടത്. 1967 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 59 സീറ്റില്‍ മത്സരിച്ച സിപിഐ എം 52 സീറ്റില്‍ വിജയിച്ചു. സിപിഐ 22 സീറ്റില്‍ മത്സരിച്ച് 19ല്‍ വിജയിച്ചു. കോണ്‍ഗ്രസ് 133 സീറ്റിലും മത്സരിച്ചെങ്കിലും ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. എസ്എസ്പി 19 സീറ്റിലും മുസ്ളിംലീഗ് 14 സീറ്റിലും ജയിച്ചു. 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാര്‍ച്ച് ആറിന് അധികാരമേറ്റു. 1969 ഒക്ടോബറില്‍ സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി കുറുമുന്നണി രൂപീകരിച്ച് അട്ടിമറിശ്രമം നടത്തിയപ്പോള്‍ 1969 ഒക്ടോബര്‍ 24ന് ഇ എം എസ് രാജിവച്ചു. നവംബര്‍ ഒന്നിന് സിപിഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പുതിയ മന്ത്രിസഭ അധികാരമേറ്റു. ജനവിധി തേടാനായി 1970 ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു.

1970
1970 സെപ്തംബര്‍ 17നായിരുന്നു അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, മുസ്ളിംലീഗ്, പിഎസ്പി എന്നിവ ചേര്‍ന്ന് മുന്നണിയായി മത്സരിച്ചു. 79 സീറ്റ് നേടി ഈ മുന്നണി അധികാരത്തിലെത്തി. സി അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പിന്നീട് മന്ത്രിസഭയില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ നിയമസഭയുടെ കാലാവധി മൂന്നുഘട്ടങ്ങളിലായി 18 മാസംകൂടി നീട്ടി.

1977
1977 മാര്‍ച്ചിലായിരുന്നു ആറാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സിപിഐ എം വിരുദ്ധമുന്നണി 111 സീറ്റ് നേടി. കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ 1977 മാര്‍ച്ച് 25ന് അധികാരമേറ്റു. അടിയന്തരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളംപറഞ്ഞുവെന്ന പരാമര്‍ശത്തെതുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25ന് രാജിവച്ചു. തുടര്‍ന്ന് എ കെ ആന്റണി, പി കെ വാസുദേവന്‍നായര്‍, സി എച്ച് മുഹമ്മദുകോയ എന്നിവര്‍ വിവിധ കാലയളവുകളില്‍ മുഖ്യമന്ത്രിമാരായി. കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെതുടര്‍ന്നും സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസിലെ തീരുമാനത്തെതുടര്‍ന്നും കേരളത്തില്‍ പുതിയൊരു ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകൃതമായി.

1980
1980 ജനുവരി 3, 6 തീയതികളില്‍ ഏഴാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി 93 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ 1980 ജനുവരി 25ന് അധികാരമേറ്റു. 1981 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി രാജിവച്ചു. ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്നായിരുന്നു രാജി. പിന്നീട് കെ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും ആന്റണി കോണ്‍ഗ്രസിലും  ജനതാ പാര്‍ടിയിലുമുണ്ടായ പിളര്‍പ്പുമൂലം മന്ത്രിസഭ തുലാസിലായി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൂങ്ങിനിന്ന മന്ത്രിസഭയെ കേരള കോണ്‍ഗ്രസ് അംഗമായ ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ച് താഴെയിറക്കി. 1982 മാര്‍ച്ച് 17ന് കെ കരുണാകരന്‍ മന്ത്രിസഭ രാജിവച്ചു.

1982
1982 മാര്‍ച്ച് 19ന് നടന്ന എട്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നീ പ്രധാന മുന്നണികള്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ജെ, എന്‍ഡിപി, എസ്ആര്‍പി, ജനത (ജി), ആര്‍എസ്പി എസ്, എന്‍ആര്‍എസ്പി എന്നിവയായിരുന്നു യുഡിഎഫ് ഘടകകക്ഷികള്‍. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ് എസ്, അഖിലേന്ത്യാ മുസ്ളിംലീഗ്, ആര്‍എസ്പി, ലോനപ്പന്‍ നമ്പാടന്റെ കേരള കോണ്‍ഗ്രസ് എസ് എന്നിവയായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികള്‍. യുഡിഎഫ് 77 സീറ്റില്‍ വിജയിച്ചു. കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി.

1987
ഒമ്പതാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 1987ല്‍ സാമുദായിക പാര്‍ടികളുമായി ഒരു ധാരണയുമില്ലാതെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മില്‍നിന്ന് വിട്ടുപോയ എം വി രാഘവനെ യുഡിഎഫ് പിന്തുണച്ചു. എല്‍ഡിഎഫ് 78 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ 1987 മാര്‍ച്ച് 26ന് നിലവില്‍ വന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം 1991 ഏപ്രില്‍ അഞ്ചിന് നിയമസഭ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

1991
പത്താം നിയമസഭാ തെരഞ്ഞെടുപ്പ് 1991 ജൂണ്‍ 12ന് നടന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാഷ്ട്രീയാന്തരീക്ഷത്തെയാകെ മാറ്റിമറിച്ചു. കോണ്‍ഗ്രസിന് അനുകൂലമായ സഹതാപതരംഗമുണ്ടായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 91 സീറ്റ് നേടി വിജയിച്ചു. 1991 ജൂണ്‍ 24ന് മുഖ്യമന്ത്രിയായി അധികാരമേറ്റ കെ കരുണാകരന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിനെതുടര്‍ന്ന് 1995 മാര്‍ച്ച് 16ന് രാജിവച്ചു. 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

1996
1996 മേയില്‍ നടന്ന 11–ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1996 മെയ് 20ന് അധികാരമേറ്റു.

2001
2001 മെയ് പത്തിനായിരുന്നു 12–ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. യുഡിഎഫിന് 99 സീറ്റും എല്‍ഡിഎഫിന് 40 സീറ്റും ലഭിച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായി 2001 മെയ് 17ന് അധികാരമേറ്റു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിയെതുടര്‍ന്ന് എ കെ ആന്റണി 2004 ആഗസ്ത് 29ന് രാജിവച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ആഗസ്ത് 31ന് അധികാരമേറ്റു.

2006
2006 ഏപ്രില്‍, മെയ് മാസങ്ങളിലായി മൂന്നുഘട്ടമായാണ് 13–ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 99 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി ഉജ്വലവിജയം നേടി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2006 മെയ് 18ന് അധികാരമേറ്റു.

2011
2011 ഏപ്രില്‍– മേയില്‍ നടന്ന 14–ാമത്തെ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് യുഡിഎഫ് ജയിച്ചത്. 72 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് 68 സീറ്റ് ലഭിച്ചു. ഏറ്റവും കൂടുതല്‍ സീറ്റില്‍ വിജയിച്ചത് സിപിഐ എമ്മാണ്– 45 സീറ്റ്. 2011 മെയ് 18ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റു.


14 തെരഞ്ഞെടുപ്പ് 13 സഭ

No comments:

Post a Comment