Wednesday, June 17, 2015

സം‌വരണം

സം‌വരണം
ജിതിന്‍ ദാസ്‌ എഴുതിയത് 
==========
ഒരു സമൂഹത്തില്‍ തുല്യാവസരം ലഭിക്കാനുള്ള അവകാശം നഷ്ടമായിപ്പോയ ഒരു കൂട്ടം ആളുകള്‍ക്ക് കൂടി അവസരം ലഭിക്കാനായുള്ള നിയമങ്ങളെയോ നടപടികളെയോ സം‌വരണം (പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍) എന്നു വിളിക്കുന്നു - ഓക്സ്ഫെഡ് ഡിക്ഷണറിയുടെ നിര്‍‌വചനം

ഇതിനെ ബ്രിട്ടനില്‍ അഫേര്‍മേറ്റീവ് ആക്ഷന്‍ എന്നും ക്യാനഡ ഓപ്പര്‍ച്യൂണിറ്റി ഇക്വിറ്റി എന്നും യു.എസ്.ഏ റേഷ്യല്‍ ക്വോട്ട എന്നും ഇന്ത്യ റിസര്‍വേഷന്‍ എന്നും ഒക്കെ പല പേരുകള്‍ വിളിക്കുന്നു
.
നിയമ‌തത്വം :
സം‌വരണം എന്ന സം‌വിധാനത്തെ നിയമം ന്യൂമറസ് ക്ലോസസ് (അടച്ചു വച്ച സംഖ്യ) എന്നാണ് വിളിക്കുന്നത്. ഇതിന്റെ താത്വിക വശം ഇങ്ങനെയാണ്- ഭരണകൂടത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. സമൂഹത്തിലും അങ്ങനെയായിരിക്കണം. സാംസ്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങള്‍ മൂലം സമൂഹത്തില്‍ ഏതെങ്കിലും വിഭാഗം അവശത അനുഭവിക്കുകയാണെങ്കില്‍ അഫേര്‍മേറ്റീവ് ആക്ഷന്‍ വഴി ഭരണകൂടം അവശത അനുഭവിക്കുന്നവര്‍ക്കും അവസരമുണ്ടാക്കിക്കൊടുക്കാന്‍ ബാധ്യസ്ഥരാണ്.

തുല്യതാ നിയമം :
അവസരങ്ങള്‍ പരിമിതമാണ് - പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും. അതിനാല്‍ അത് മത്സരിച്ചു നേടാനേ കഴിയൂ. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ ബാധകമായ കാര്യങ്ങള്‍ നീതിപൂര്‍‌വ്വം അല്ലെങ്കില്‍ മത്സരം സത്യസന്ധമല്ല. ഹര്‍ഡില്‍സ് ഓട്ട മത്സരത്തില്‍ എല്ലാവര്‍ക്കും ഹര്‍ഡിലുകളുടെ എണ്ണം തുല്യമാണ്, അതിന്റെ ഉയരം തുല്യമാണ്, ട്രാക്കിന്റെ നിര്‍മ്മിതിയും നീളവും തുല്യമാണ് അതിനാല്‍ ആദ്യം ഓടിയെത്തുന്ന വ്യക്തി ഓടിയവരില്‍ മികച്ചയാളാണ്. എന്നാല്‍ പല എണ്ണവും പല ഉയരവും ഉള്ള ഹര്‍ഡിലുകള്‍ പല നീളമുള്ള ട്രാക്കില്‍ നിരത്തി ഓടാന്‍ പറഞ്ഞാല്‍ മത്സരം നീതിപൂര്‍‌വമല്ല, അതിനാല്‍ ആദ്യമെത്തുന്നയാള്‍ ഏറ്റവും നല്ല ഓട്ടക്കാരനാണോ എന്ന് പറയാനും കഴിയില്ല, കാരണം തുല്യതാ നിയമം ലംഘിക്കപ്പെട്ടുപോയി.

വംശീയ വിവേചനം നേരിട്ട ഒരു സമൂഹത്തെ ഉദാഹരണം അമേരിക്കന്‍ ഇന്ത്യനെ എടുക്കാം, അവര്‍ക്ക് തൊഴിലവസരവും പഠന സൗകര്യങ്ങളും കുറവായിരുന്നു, വെളുത്ത വര്‍ഗ്ഗക്കാരന്‍ അവരെ ശത്രുവായിട്ടു കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്കൂളുകള്‍ പരിമിതമായ ഒരു സ്ഥലത്ത് സാംസ്കാരിക വിവേചനം നേരിട്ട കുടുംബത്തില്‍ നിന്ന് ഒരു കുട്ടി സ്കൂള്‍ പഠിപ്പ് പൂര്‍ത്തിയാക്കി വന്നെങ്കില്‍ തന്നെ അതൊരു വലിയ മത്സര വിജയമാണ്. സമൂഹം ആദരിക്കുന്ന ധനിക കുടുംബത്തില്‍ നിന്ന് ആവശ്യമുള്ളതിലും അധികം പഠന സൗകര്യങ്ങളുമായി ജയിച്ചു വന്ന കുട്ടി മത്സരിക്കുന്ന ഓട്ടമല്ല അവളുടേത് എന്നതിനാല്‍ ആദ്യമെത്തുന്നതാര് എന്ന ചോദ്യത്തിനു പ്രസക്തിയില്ല, ഹര്‍ഡിലുകള്‍ വത്യാസപ്പെട്ടിരിക്കുന്നു, ട്രാക്കിന്റെ നീളവും വത്യാസപ്പെട്ടിരിക്കുന്നു പോരെങ്കില്‍ അവള്‍ ഓടാന്‍ എത്തിയപ്പോള്‍ കാഴ്ചക്കാര്‍ കല്ലെറിയുകയായിരുന്നു, മറ്റേ കുട്ടിക്ക് ഓടാന്‍ കയ്യടിയായിരുന്നു.

സം‌വരണം ലോകത്ത്:
രണ്ടാം ലോക മഹായുദ്ധക്കാലത്തിനു മുന്നേ യൂറോപ്പില്‍ വന്‍‌ജൂത കുടിയേറ്റവും അവര്‍ക്ക് വലിയ അഭിവൃദ്ധിയും ഉണ്ടായി. അക്കാലം പഠിപ്പില്‍ മികവ് കാണിക്കുന്ന ജൂത കുട്ടികള്‍ സര്‍‌വകലാശാലയുടെ 50 ശതമാനം വരെ സീറ്റുകള്‍ സ്വന്തമാക്കും, സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഇതരര്‍ക്കും തദ്ദേശീയര്‍ക്കും അവസരങ്ങള്‍ കിട്ടാതെവന്നു. ആ സമയം പല യൂറോപ്യന്‍ രാജ്യങ്ങളും ന്യൂമറസ് ക്ലോസസ് ഉപയോഗിച്ച് ജൂത വിദ്യാര്‍ത്ഥികളുടെ പരമാവധി ക്വോട്ട തീരുമാനിച്ചു. ജൂതരോട് വെള്ളക്കാര്‍ക്ക് ഉണ്ടായിരുന്ന വെറുപ്പ് മൂലം ഈ ക്വോട്ട ജൂതവിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നതിലും കുറവായിരുന്നു എന്നത് മറക്കുന്നില്ല.
ആധുനിക കാലത്ത് ലോകരാജ്യങ്ങളില്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലാ സം‌വരണം ഇങ്ങനെയൊക്കെയാണ്.

ഫിന്‍‌ലാന്‍ഡ്:
സ്വിസ്സ് ഭാഷ സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സം‌വരണമുണ്ട്. കാരണം അവര്‍ ഭാഷാന്യൂനപക്ഷമാണ്.

റൊമേനിയ:
വംശീയ വിവേചനം നേരിടുന്ന വര്‍ഗ്ഗമായ ജിപ്സികള്‍ക്ക് സ്കൂളിലും കോളേജുകളിലും സം‌വരണ സീറ്റുകള്‍ ഉണ്ട്.

ക്യാനഡ:
ഗോത്രവര്‍ഗ്ഗക്കാര്‍ക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സം‌വരണമുണ്ട് തൊഴിലിലും വിദ്യാഭ്യാസത്തിലും. സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തുല്യതാവസരനിയമവുമുണ്ട്.

യു.എസ്.ഏ.
യൂണിവേര്‍സിറ്റികള്‍ വംശീയ ന്യൂന്‍പക്ഷങ്ങള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും സം‌വരണം നല്‍കുന്നുണ്ട്. ഇതിനെതിരേ പലപ്പോഴും വെള്ളക്കാരുടെ പ്രതിഷേധവും കോടിയില്‍‌പോക്കും ഒക്കെ നടക്കുന്നുണ്ട്, മുഖ്യമായും വംശീയ വിവേചനം അവസാനിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞു, റേഷ്യല്‍ ക്വോട്ടകള്‍ പുനപരിശോധിക്കണം, കാരണം അവ ഇപ്പോഴത്തെ പ്രാതിനിദ്ധ്യം അല്ല കാണിക്കുന്നത് എന്ന വാദത്തില്‍.

ചൈന:
യൂണിവേര്‍സിറ്റി പഠനത്തിനു മത-വംശീയ വിവേചനം അനുഭവിക്കുന്നവര്‍ക്ക് ക്വോട്ടയുണ്ട്, സ്റ്റൈപെന്‍ഡുമുണ്ട്, ഫീസ് സൗജന്യവുമുണ്ട്.

യുണൈറ്റഡ് നേഷന്‍സ് സം‌വരണത്തെക്കുറിച്ച് നിരീക്ഷിച്ചിരിക്കുന്നത് ഇങ്ങനെ:
വിവേച്നം എന്നാല്‍ വംശം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയം, അഭിപ്രായം, ദേശം, ധനം, സ്ഥാനം എന്നിവയുടെയോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍ തുല്യത ലഭിക്കാതെയാകല്‍ ആണ്.
എല്ലാവരും തുല്യരായിരിക്കണം, എന്നാല്‍ തുല്യത എന്നാല്‍ എല്ലാവര്‍ക്കും ഒരേ പരിഗണന എന്നല്ല, അവശതകള്‍ക്കും പരിഗണന എന്നാണ്. ഉദാഹരണത്തിനു 18 വയസ്സ് തികയാത്ത കുറ്റവാളിക്ക് വധ ശിക്ഷ പാടില്ല എന്നത് തുല്യതാലംഘനമല്ല, കാരണം പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് ഒരു അവശതയാണ്, തുല്യത കണക്കാക്കുമ്പോള്‍ അതും കണക്കിലെടുക്കണം.
അടിസ്ഥാനപരമായി വിവേചനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. എന്നാല്‍ ആ തുല്യത ലഭിക്കും വരെ ഇങ്ങനെ വിവേചനം നേരിടുന്നവര്‍ക്ക് വേണ്ടി സം‌വരണ സം‌വിധാനം ഏര്‍പ്പെടുത്തുന്നത് തുല്യതാ പരിപാലനമാണ്.

ചുരുക്കം:
വിവേചനം സാമൂഹ്യമാകാം, സാമ്പത്തികമാകാം, സാംസ്കാരികമാകാം, വംശീയമാകാം, ലിംഗപരമാകാം മറ്റു പല രീതികളിലാകാം. ഒരു ജാതിയില്‍ ജനിച്ചവളുടെ നിഴല്‍ മറ്റൊരു ജാതിയില്‍ പെട്ടവന്റെ മേലേ പതിച്ചു എന്ന പേരില്‍ മര്‍ദ്ദിക്കപ്പെടുന്ന നാട്ടില്‍ നിന്നാണ്, മറ്റൊരു ജാതിയിലും മതത്തിലും ജനിച്ച പുരുഷന്മാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കരുത് എന്ന് പുരോഹിതന്‍ പറയുന്ന നാട്ടില്‍ നിന്നാണ് നമ്മള്‍ തുല്യതയെപ്പറ്റി സംസാരിക്കുന്നത്. യു എന്‍ പറയുന്നതുപോലെ അവരുടെ സമസ്ത മേഖലയിലെയും അവശതകള്‍ എന്ന കടമ്പ വലുതാണ്. കാറും പത്രാസും ഉള്ള കുടുംബത്തില്‍ ജനിച്ച കുട്ടിയാണെങ്കില്‍ കൂടി "ചെമ്മാനും ചെരുപ്പുകുത്തിയും" എന്നത് സമൂഹത്തില്‍ ഒരു തെറിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍, സിനിമയും സമൂഹവുമൊക്കെ തന്റേതല്ലാത്ത കുറ്റത്തില്‍ താന്‍ താഴ്ന്നവനാണ് എന്ന് വിലയിരുത്തുന്നു എന്നറിയുമ്പോള്‍ ഹര്‍ഡിലുകള്‍ക്ക് ഉയരം കൂടുന്നു, ഓട്ടത്തിനു നീളവും കൂടുന്നു. ഇത്രയും മനസ്സിലാക്കാന്‍ എന്താണ് വലിയ പ്രയാസം എന്ന് എനിക്ക് നിശ്ചയമില്ല. ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പുണ്യാഹം തളിച്ച നാട്ടില്‍ ഡയറക്റ്ററുടെ മകനെന്തിനു സം‌വരണം എന്നൊരു ചോദ്യം ഉയരുന്നത് തന്നെ അസംബന്ധമാണ്. ഒരു ന്യൂനപക്ഷം സവര്‍ണ്ണന്‍ മുട്ട കഴിക്കില്ല, അതുകൊണ്ട് ഭൂരിപക്ഷം പട്ടിണിക്കുട്ടികള്‍ക്ക് മുട്ട നല്‍കരുത് എന്ന് വിധിക്കാവുന്ന നാട്ടില്‍ എത്രമാത്രം അവശതകള്‍ കൂടി കണക്കിലെടുത്താണ് തുല്യത അളക്കേണ്ടത് എന്നതിലും ആര്‍ക്കും രണ്ടുപക്ഷമുണ്ടാവേണ്ടതില്ല.

No comments:

Post a Comment