Wednesday, June 10, 2015

മാതൃഭൂമി

ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡന്‍ സഹോദരന്മാര്‍ അധ്വാനവര്‍ഗത്തില്‍ നിന്നാണ് എപ്പോഴും തങ്ങളുടെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. വിഷാദരോഗം കാരണം കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു യുവതി ജോലി തിരിച്ചുകിട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ' എന്ന പുതിയ സിനിമയില്‍ അവര്‍ ആവിഷ്‌കരിക്കുന്നത്് 
http://www.mathrubhumi.com/movies/long_shots/551317#storycontent
ഫിന്നിഷ് സംവിധായകന്‍ അകി കോറിസ്മാക്കിയുടെ അതേ വിശ്വാസധാരയിലാണ് ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡന്‍ സഹോദരന്മാര്‍. സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്ന തൊഴിലാളി വര്‍ഗത്തില്‍പ്പെട്ടവരാണ് മൂന്നു പേരുടെയും സിനിമകളിലെ കഥാപാത്രങ്ങള്‍. ധാരാളിത്തത്തില്‍ ജീവിക്കുന്നവരല്ല ഈ കഥാപാത്രങ്ങളൊന്നും. ദുരിതം നിറഞ്ഞ വഴികളിലൂടെ കടന്നുപോകുന്നവരാണവര്‍. വലുതായൊന്നും ആഗ്രഹിക്കാത്തവര്‍. നിസ്വമായ ചുറ്റുപാടുകളില്‍ അവരങ്ങനെ രണ്ടറ്റവും മുട്ടിക്കാന്‍ പാടുപെടുന്നു. ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും അവര്‍ പരസ്പരം വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. എവിടെയോ ചില നന്മകള്‍ സൂക്ഷിക്കുന്നുണ്ടവര്‍. തെരുവിലെ ഷൂ പോളീഷുകാരനും ട്രക്ക് ഡ്രൈവറും ഹോട്ടല്‍ത്തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജീവനക്കാരിയുമൊക്കെയാണ് കോറിസ്മാക്കിയുടെ നായികാനായകന്മാര്‍. ഡാര്‍ഡന്‍ സഹോദരന്മാരും തൊഴിലെടുക്കുന്നവരെയാണ് തങ്ങളുടെ ചിത്രങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. 

ഡാര്‍ഡന്‍ സഹോദരന്മാരുടെ ഒമ്പതാമത്തെ സിനിമയാണ് ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ( Two days, one night ). പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എപ്പോഴും ആദരിക്കപ്പെടുന്നവരാണിവര്‍. ഴാങ് പിയറെ ഡാര്‍ഡന്‍ , ലുക് ഡാര്‍ഡന്‍ എന്നീ ഡാര്‍ഡന്‍ സഹോദരന്മാരുടെ ഏറ്റവും പുതിയ സിനിമയിലും തൊഴിലാളികളുടെ ജീവിതമാണ് വിഷയമാകുന്നത്. തൊട്ടുമുമ്പ് 2011 ല്‍ പുറത്തിറങ്ങിയ ' കിഡ് വിത്ത് എ ബൈക്ക് ' ( Kid with a bike ) എന്ന സിനിമയില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ' ടൂ ഡെയ്‌സി ' ല്‍ നമ്മള്‍ കാണുന്നത്. എങ്കിലും പറയാനുള്ള വിഷയം ഒന്നുതന്നെ. വീട്ടില്‍ നിന്ന് ഒളിച്ചോടി അച്ഛനെ കാണാനെത്തി ഹതാശനാകുന്ന പന്ത്രണ്ടുകാരന്‍ സിറില്‍ ആണ് 'കിഡി ' ലെ പ്രധാന കഥാപാത്രം. മകനെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ജീവിച്ചുപോകാനുള്ള വെപ്രാളത്തില്‍ അവന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ റസ്റ്റോറന്റ്്് ജീവനക്കാരനായ അച്ഛനു കഴിയുന്നില്ല. 

ഇവിടെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം സിറിളിന് കിട്ടുന്നത് സാമന്ത എന്ന ഹെയര്‍ ഡ്രസ്സറില്‍ നിന്നാണ്. സിറിളിന്റെ ശാഠ്യങ്ങളും വഴിതെറ്റിയ കൂട്ടുകെട്ടുകളുമൊക്കെ ശാന്തമായ മനസ്സോടെ തിരുത്തിക്കൊടുക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട് സാമന്ത. തട്ടിമുട്ടിപ്പോകുന്ന ജീവിതത്തിനിടയിലും സിറിളിനുവേണ്ടി കാമുകനെ തള്ളിപ്പറയാന്‍പോലും അവള്‍ തയ്യാറാവുന്നു. ഒടുവില്‍, സ്‌നേഹത്തിന്റെ ശക്തിയെന്തെന്ന് സ്വയം മനസ്സിലാക്കുന്ന സിറില്‍ സാമന്തയുടെ അരികിലേക്ക് ഓടിയണയുകയാണ്. 

' ടൂ ഡെയ്‌സി ' ല്‍ എത്തുമ്പോള്‍ വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് ഡാര്‍ഡന്‍ സഹോദരന്മാര്‍ കൈകാര്യം ചെയ്യുന്നത്. ആഗോളവത്കരണത്തിന്റെ നീരാളിപ്പിടിത്തമാണ് ചര്‍ച്ചാവിഷയം. ബല്‍ജിയത്തിലെ ഒരു സോളാര്‍ കമ്പനിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ക്യാമറയുടെ സഞ്ചാരം. സ്വന്തം തൊഴിലുറപ്പിച്ചു നിര്‍ത്താന്‍ ബദ്ധപ്പെടുന്ന മനുഷ്യരുടെ ശോഭനമല്ലാത്ത ജീവിതമാണ് നമ്മള്‍ കാണുന്നത്. നിറഞ്ഞ കഷ്ടപ്പാടുകള്‍ക്കിടയിലും അവരില്‍ ചിലരെങ്കിലും സ്വന്തം ചോരയെ തിരിച്ചറിയുകയും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. സഹജീവിയുടെ കണ്ണീരില്‍ പടുത്തുയര്‍ത്തുന്ന ജീവിതസുഖങ്ങളെ അവര്‍ സന്ദേഹമേതുമില്ലാതെ വേണ്ടെന്നുവെക്കുന്നു. 

വിഷാദരോഗത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കഴിയുന്ന സാന്ദ്ര എന്ന യുവതിയുടെ അവസ്ഥാന്തരങ്ങളാണ് സിനിമയില്‍ തെളിയുന്നത്. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ അവള്‍ക്ക് എങ്ങനെയെങ്കിലും തന്റെ ജോലി നിലനിര്‍ത്തിയേ തീരൂ. ഒരു കുടുംബത്തിന്റെ മാത്രം കഥയല്ലിത്. എവിടെയുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നുണ്ടിതില്‍. ജോലി തിരിച്ചുതരാം, പക്ഷേ, അതിന് മറ്റ് തൊഴിലാളികള്‍ ത്യാഗം സഹിക്കണം എന്ന വിചിത്രവാദമാണ് സ്ഥാപനമുടമ മുന്നോട്ടുവെക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയാണ് അയാള്‍ അവളെ ജോലിയില്‍ നിന്ന് ആദ്യം മാറ്റിനിര്‍ത്തുന്നത്. സഹപ്രവര്‍ത്തകയായ ജൂലിയറ്റിന്റെ ശ്രമഫലമായി അയാള്‍ സാന്ദ്രക്ക് ഒരവസരംകൂടി നല്‍കുന്നു. ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസത്തില്‍ മറ്റു തൊഴിലാളികളുടെ ദാരിദ്ര്യത്തിലാണ് അയാള്‍ കണ്ണുവെക്കുന്നത്.

17 പേരുള്ള സ്ഥാപനത്തില്‍ സാന്ദ്രയുടെ അസാന്നിധ്യത്തിലും ജോലി പതിവുപോലെ കൊണ്ടുപോകാനാകും എന്നയാള്‍ മനസ്സിലാക്കുന്നു. ഇങ്ങനെ അധികനേരം ചെയ്യുന്ന ജോലിക്ക് ഓരോരുത്തര്‍ക്കും ആയിരം യൂറോ അയാള്‍ ബോണസ്സായി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന ജീവനക്കാര്‍ക്ക് നല്ലൊരു പിടിവള്ളിയായിരുന്നു ഈ ബോണസ് വാഗ്ദാനം. സഹപ്രവര്‍ത്തകയെ മറന്നും തങ്ങളുടെ ജീവിതം ഉറപ്പിക്കാനുള്ള ആഗ്രഹത്തിലായിരുന്നു അവരില്‍ മിക്കവരും. അപ്പോഴാണ് ജൂലിയറ്റ് ഇടപെടുന്നത്. മൂന്നു ദിവസത്തിനകം തൊഴിലാളികള്‍ക്കിടയില്‍ മറ്റൊരു വോട്ടെടുപ്പിന് സ്ഥാപനമുടമ സമ്മതിക്കുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ശനിയും ഞായറും മാത്രമാണ് സാന്ദ്രയുടെ മുന്നിലുള്ളത്. ഭര്‍ത്താവിന്റെ ഉള്ളഴിഞ്ഞ സഹകരണത്തോടെ അവള്‍ കടുത്തൊരു പരീക്ഷണത്തിനു തയ്യാറാവുന്നു. 16 സഹപ്രവര്‍ത്തകരെയും അവള്‍ വീടുകളില്‍ച്ചെന്ന് നേരിട്ടു കാണുന്നു. 

രണ്ടു പകലും ഒരു രാത്രിയും ബസ്സിലും കാറിലും നടന്നുമുള്ള സാന്ദ്രയുടെ യാത്രയാണ് ഈ സിനിമ. ഓരോ വീട്ടിലും അവള്‍ നേരിടുന്ന സമാനമായ ദുരിതസാഹചര്യങ്ങള്‍. ചിലര്‍ സാന്ദ്രക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കുന്നു. മറ്റു ചിലര്‍ പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി ബോണസ് എന്ന ചൂണ്ടയില്‍ തങ്ങളെ കുരുക്കിയിടുന്നു. ഓരോ ഗൃഹസന്ദര്‍ശനവും സാന്ദ്രക്ക് പുതിയ ജീവിതപാഠങ്ങളാണ് നല്‍കുന്നത്. ധനാര്‍ത്തിയും സഹാനുഭൂതിയും എന്തെന്ന് അവളറിയുന്നു. അതവളെ ധീരമായ ഒരു തീരുമാനത്തിലെത്തിക്കുന്നു. ഉദാത്തമായ തൊഴിലാളിസ്‌നേഹമെന്തെന്ന്് അവള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്. അപ്പോഴും, തീരാത്ത കടക്കെണിയിലേക്കും പ്രതിസന്ധികളിലേക്കുമാണ് അവള്‍ തന്നെയും കുടുംബത്തെയും തള്ളിവിടുന്നത്. 

സാന്ദ്ര ഓരോ തൊഴിലാളിയുടെയും വീട്ടില്‍ പോകുന്ന സന്ദര്‍ഭങ്ങളിലാണ് സഹപ്രവര്‍ത്തകരോട് അവള്‍ക്കുള്ള അടുപ്പവും കരുതലും എത്രമാത്രമുണ്ടായിരുന്നു എന്ന് സംവിധായകര്‍ വിശദീകരിക്കുന്നത്. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവര്‍ക്കും സാന്ദ്രയോടും സ്‌നേഹമാണ്. അവളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ദു:ഖിതരുമാണ്.


പക്ഷേ, അവര്‍ക്കു മുന്നില്‍ അവരുടെ ഒരു ദുരിതജീവിതമുണ്ട്. ആയിരം യൂറോ ബോണസ് അവര്‍ക്ക് വലിയൊരു പ്രലോഭനമായി മാറുകയാണ്. വീടു നന്നാക്കാന്‍, വീട്ടില്‍ അത്യാവശ്യം സൗകര്യമൊരുക്കാന്‍, കുട്ടികളുടെ പഠിപ്പിന് ... ഇങ്ങനെ അവരുടെ മുന്നില്‍ ആവശ്യങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നിട്ടും പകുതി പേര്‍ സാന്ദ്രയോടൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നു. അവളുടെ മനസ്സില്‍ തൊട്ടത്് ഈ സ്‌നേഹമാണ്. അതാണ് അവള്‍ അവസാനം അവര്‍ക്ക് തിരിച്ചുകൊടുക്കുന്നതും. 


അതിരുകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന സഹജീവിസ്‌നേഹമാണ് സാന്ദ്ര പ്രകടിപ്പിക്കുന്നത്. ബോണസ് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പകുതി ജീവനക്കാര്‍ സാന്ദ്രയോടൊപ്പം നിന്നത് കമ്പനിയുടമക്കേറ്റ തിരിച്ചടിയായിരുന്നു. ഒടുവില്‍ എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കാന്‍ അയാള്‍ തയ്യാറാവുന്നു. ഒരു കറുത്ത വര്‍ഗക്കാരനൊഴികെ സോളാര്‍ കമ്പനിയിലെ ജീവനക്കാരെല്ലാം നാട്ടുകാരാണ്. കറുത്ത വര്‍ഗക്കാരന്‍ കരാര്‍ ജീവനക്കാരനാണ്. അവന്റെ കോണ്‍ട്രാക്ട് ഉടനെ കഴിയും. അതിനുശേഷം അത് വീണ്ടും പുതുക്കണം. ഈയൊരു ദുര്‍ഘടസന്ധിയിലും അവനും സാന്ദ്രയെ പിന്തുണക്കുന്നു. സാന്ദ്രയുടെ വിശ്വാസത്തെ പിടിച്ചുലച്ചു ഈ പിന്തുണ. കമ്പനിയുടമ സൗമനസ്യത്തിന്റെ മറവില്‍ കണ്ണുവെച്ചതും ഈ കരാര്‍ ജീവനക്കാരനെയായിരുന്നു. അവനെ മാറ്റി പകരം സാന്ദ്രയെ നിയമിക്കാം എന്ന വ്യവസ്ഥയാണ് അയാള്‍ സാന്ദ്രയുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അപ്പോഴും അയാളുദ്ദേശിച്ച 16 തൊഴിലാളികള്‍ എന്ന അവസ്ഥയിലെത്തും. പക്ഷേ, സാന്ദ്രയുടെ ദൃഢനിശ്ചയം അയാളുടെ കുടിലതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു. 

കഥാപാത്രങ്ങളെ തുടക്കത്തില്‍ത്തന്നെ കൃത്യമായ പശ്ചാത്തലത്തില്‍ കൊണ്ടുനിര്‍ത്തുന്നു സംവിധായകര്‍. സാന്ദ്രയുടെ കുടുംബത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഹോട്ടലില്‍ വെയിറ്ററാണ് ഭര്‍ത്താവ്. അയാളുടെ മാത്രം വരുമാനം കൊണ്ട് എങ്ങുമെത്തില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിന്റെ കടം. എല്ലാം അയാളെ പേടിപ്പെടുത്തുന്നു. ഏതാനും ഷോട്ടുകളില്‍ നിന്നുതന്നെ സാന്ദ്രയുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാകും. അവളുടെ ഉള്ളിലെ നെരിപ്പോട് അത്രയെളുപ്പം അണയുന്നതല്ല. ഗുളികകള്‍ വിഴുങ്ങിയാണ് അവള്‍ സമനില വീണ്ടെടുക്കുന്നത്. എപ്പോഴും കൂടെ നില്‍ക്കുന്ന ഭര്‍ത്താവിനെപ്പോലും അവള്‍ക്ക് സംശയമാണ്. അയാള്‍ക്ക് തന്നോട് സഹതാപമാണ്, സ്‌നേഹമല്ല എന്നാണവളുടെ ധാരണ. ഹിതപരിശോധനയില്‍ നിന്ന് പിന്മാറാന്‍ അവള്‍ പലപ്പോഴും തയ്യാറാവുന്നുണ്ട്. അപ്പോഴൊക്കെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ഭര്‍ത്താവാണ്. 

പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ' പാം ഡി ഓര്‍ ' രണ്ടു തവണ നേടാനുള്ള അപൂര്‍വഭാഗ്യം ഏഴ് സംവിധായകര്‍ക്കേ ഉണ്ടായിട്ടുള്ളു. അവരില്‍ രണ്ടു പേര്‍ ഡാര്‍ഡന്‍ സഹോദരന്മാരാണ്. 1999 ല്‍ ' റോസെറ്റ ' , 2005 ല്‍ ' ദ ചൈല്‍ഡ് ' എന്നീ ചിത്രങ്ങളാണ് ഡാര്‍ഡന്‍ സഹോദരന്മാര്‍ക്ക് ഈ ബഹുമതി നേടിക്കൊടുത്തത്. 2014 ല്‍ ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ' പാംഡി ഓറിന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. സൂറിച്ച്, സിഡ്‌നി ഫിലിം മേളകളില്‍ അവാര്‍ഡിനര്‍ഹമായിട്ടുണ്ട് ' ടൂ ഡെയ്‌സ് ' . 2014 ല്‍ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ ബെല്‍ജിയം അയച്ചത് ഈ ചിത്രമാണ്. 2014 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' ടൂ ഡെയ്‌സ് ' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്. 

ഡാര്‍ഡന്‍ സഹോദരന്മാരില്‍ ഴാങ് ആണ് മൂത്തത്. 64 വയസ്സായി. ഇളയവന്‍ ലുക്കിന് 61. അറുപതോളം ഡോക്യുമെന്ററികള്‍ ചെയ്ത് കൈത്തഴക്കം വന്നശേഷമാണ് ഇരുവരും കഥാചിത്രങ്ങളിലേക്ക് കടന്നത്. 1980 കളുടെ ഒടുവിലായിരുന്നു ഇത്. ആദ്യത്തെ രണ്ടു സിനിമകളും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഫാല്‍ഷ് (1989) എന്ന സിനിമയിലാണ് തുടക്കം. ' ഐ തിങ്ക് ഓഫ് യൂ ' (1992) ആണ് രണ്ടാമത്തെ സിനിമ. മൂന്നാമത്തെ ചിത്രമായ ദ പ്രോമിസി 1996) ലൂടെ ഡാര്‍ഡന്‍ സഹോദരന്മാര്‍ ലോകശ്രദ്ധ നേടി. റോസെറ്റ (1999) , ദ സണ്‍ (2002) , ദ ചൈല്‍ഡ് (2005) , ലോര്‍ണാസ് സൈലന്‍സ് (2008) , ദ കിഡ് വിത്ത് എ ബൈക്ക് (2011) , ടൂ ഡെയ്‌സ് വണ്‍ നൈറ്റ് (2014) എന്നിവയാണ് മറ്റ് ഡാര്‍ഡന്‍ചിത്രങ്ങള്‍. 

10 വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന ഇതിവൃത്തമാണ് 2014 ല്‍ സാക്ഷാത്കരിച്ചത് എന്ന് ഡാര്‍ഡന്‍ സഹോദരന്മാര്‍ പറയുന്നു. ആദ്യം സാന്ദ്ര എന്ന കഥാപാത്രമാണ് കടന്നുവന്നത്. നായികയെ അവതരിപ്പിക്കാന്‍ മരിയോണ്‍ കോട്ടിലാര്‍ഡ് എന്ന നടിയെ കിട്ടിയതോടെ ഡാര്‍ഡന്മാരുടെ പരിശ്രമം സഫലമായി. ഒരേസമയം ദു:ഖിതയും ദൃഢചിത്തയുമായ സാന്ദ്രയെ മരിയോണ്‍ അനശ്വരയാക്കി. സെറെയിങ് എന്ന വ്യാവസായിക നഗരത്തിലാണ് ഡാര്‍ഡന്‍ സഹോദരന്മാരുടെ ജനനം. തൊഴിലാളി വര്‍ഗത്തെയും അവരുടെ അധ്വാനവും കണ്ടാണ് വളര്‍ന്നത്. മാറിവരുന്ന ലോകത്തെ എടുത്തുകാണിക്കലാണ് തങ്ങള്‍ക്ക് സിനിമ എന്ന് ഈ സംവിധായകര്‍ അടിവരയിടുന്നു. ആഗോളീകരണത്തിന്റെ കഠിനയാഥാര്‍ഥ്യങ്ങള്‍ക്കുനേരെ അവര്‍ക്ക് കണ്ണടയ്ക്കാനാവില്ല. എവിടെയും എപ്പോഴും എന്തെങ്കിലും ന്യായം പറഞ്ഞ്് തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ജോലിയില്ലാത്ത ഒരാള്‍ സമൂഹത്തിന് ഭാരമായാണ് സ്വയം കാണുന്നത്. 

തങ്ങളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നതായി അവര്‍ക്കു തോന്നും. ഈയൊരു സാഹചര്യത്തില്‍ ഊന്നിക്കൊണ്ടാണ് ' ടൂ ഡെയ്‌സ് ' രൂപപ്പെടുത്തിയത്. പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ ഉദ്‌ഘോഷമാണ് ഈ സിനിമ. ട്രേഡ് യൂനിയന്റെ പിന്‍ബലമില്ലാതെ, തൊഴിലാളിസാഹോദര്യത്തിന്റെ ആത്മബലം കൊണ്ടാണ് സാന്ദ്രയും കൂട്ടുകാരും വിജയത്തിനടുത്തെത്തുന്നത്. സാന്ദ്രക്ക് ജോലി തിരിച്ചുകിട്ടിയോ എന്ന ചോദ്യത്തിനല്ല ഇവിടെ പ്രസക്തി. തൊഴിലാളികളെ ഒരുമിപ്പിക്കാന്‍ അവള്‍ നടത്തിയ ഒറ്റയാള്‍ശ്രമം പാതിയെങ്കിലും വിജയിച്ചോ എന്ന ചോദ്യത്തിനാണ്. വോട്ടെടുപ്പില്‍ തോറ്റ് കമ്പനിയില്‍ നിന്ന് തിരിച്ചുവരുന്ന സാന്ദ്രയുടെ മുഖത്ത് വിഷാദഭാവമേയില്ല. ജീവിതത്തെ വീണ്ടും തേച്ചുമിനുക്കിയെടുക്കാം എന്ന ദൃഢഭാവമാണ് ആ മുഖത്ത് തെളിയുന്നത്. 

==============================
http://www.southlive.in/mirror-media/mathrubhumi/9339

മാതൃഭൂമിയെ സ്ഥാപിത താല്‍പര്യങ്ങളുടെ തോട്ടമാക്കി വീരേന്ദ്രകുമാര്‍: പത്രപ്രവര്‍ത്തകരെ ദ്രോഹിച്ചും അപമാനിച്ചും അധികാരപ്രയോഗം; കേരളത്തിന്റെ ദേശീയ ദിനപ്പത്രത്തില്‍ സംഭവിക്കുന്നത്‌


മാതൃഭൂമിയുടെ ആദ്യലക്കത്തില്‍ പത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ഏറ്റവും കാതലായഭാഗങ്ങളിലൊന്നാണ് ഇത്. പിറന്ന് 92 വര്‍ഷം പിന്നിടുമ്പോള്‍, പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള 'മലയാളത്തിലെ ദേശീയപത്ര'ത്തിനുമുന്നില്‍ വലിയൊരു വൈരുദ്ധ്യമാവുകായണ് ഈ പ്രസ്താവന. സ്വാഭിമാനം ക്ഷയിക്കാതെ, അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസ്സവും കൂടാതെ അനുഭവിക്കാന്‍ സാധ്യമല്ലെന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കൂടിയായ എംപി വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായ മാതൃഭൂമിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും ഇപ്പോഴത്തെ നില. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അഭിമാനപൂര്‍വ്വം അവകാശപ്പെടുന്ന പത്രത്തിന്റെ മാനേജുമെന്റ് സ്വീകരിക്കുന്ന പ്രതികാരമനോഭവത്തോടെയുള്ള നിലപാടുകള്‍ ഇന്ന് മാതൃഭൂമിയില്‍ ഒരു വലിയ തൊഴില്‍ പ്രശ്‌നമായി ഉടലെടുത്തിരിക്കുന്നു.
ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരെ അപമാനിക്കുക, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, സ്ഥലം മാറ്റുക തുടങ്ങിയവയുടെ തുടര്‍ച്ചയായി, പിരിച്ചുവിടലില്‍ വരെ എത്തിനില്‍ക്കുന്നു പ്രതികാര നടപടികള്‍. മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ ഇര. ചുറ്റുമുള്ള ലോകത്തെ സകലമാന പ്രശ്‌നങ്ങളോടും അതിവേഗം പ്രതികരിക്കുകയും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം തൊഴിലിടങ്ങളില്‍ നേരിടേണ്ടിവരുന്ന അപമാനത്തെയും പ്രതികാര നടപടിയെയും പൊതുസമൂഹം ഏറ്റെടുക്കുംവിധം പുറത്തെത്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ നിസ്സഹായവസ്ഥ.  ഒരേസമയം ഫ്യൂഡല്‍ മാടമ്പത്തിത്തവും കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യവും നിറഞ്ഞ അധികാരപ്രയോഗമാണ് മാതൃഭൂമിയില്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ നിസ്സഹയാവസ്ഥയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയാണ് കേരളത്തിന്റെ രാഷ്ട്രീയ-ബൗദ്ധിക നേതൃത്വവും.
മാതൃഭൂമിയില്‍ സംഭവിക്കുന്നത്
പത്രപ്രവര്‍ത്തകരുടെ വേതനം പുനര്‍നിര്‍ണിച്ചുകൊണ്ടുള്ള വേജ് ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാതൃഭൂമിയില്‍ ജീവനക്കാരോടുള്ള പ്രതികാര നടപടിയുടെ ഏറ്റവും ഒടുവിലത്തെ ഘട്ടം. വേജ് ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നിയമപരമായ ബാധ്യതയുള്ള സ്ഥാപനം അത് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിനെതിരെ ഒരുവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുമാണ് ഇപ്പോഴത്തെ പ്രതികാര നടപടികളുടെ തുടക്കം. മാനേജുമെന്റിന് വിധേയപ്പെട്ട് പോവുകയെന്ന സമീപകാല പതിവില്‍ നിന്ന് വ്യത്യസ്തമായി 2012ല്‍ മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനായി കടുത്ത നിലപാട് എടുത്തതാണ് മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെ പ്രകോപിപ്പച്ചത്. വേജ് ബോര്‍ഡ് നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജുമെന്റ് നടത്തുന്നതിനിടയിലായിരുന്നു ജീവനക്കാരില്‍നിന്നുള്ള ഈ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ്. 2012 മെയ് ഒന്നിന് മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സമ്മേളനം മാനേജുമെന്റിനെ അമ്പരപ്പിച്ച ചെറുത്തുനില്‍പ്പിന് വേദിയായി. അതിന്റെ തുടര്‍ച്ചയായി വേജ് ബോര്‍ഡ് നടപ്പാക്കാനായി പ്രവര്‍ത്തിച്ച ജീവനക്കാരില്‍ 40 ഓളം പേരുടെ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും തടഞ്ഞുവെച്ചും സ്ഥലം മാറ്റിയുമുള്ള നടപടികളാണ് മാനേജുമെന്റ് സ്വീകരിച്ചത്. ഇതിന്റെ ഒടുവിലാണ് സി നാരായണനെ പിരിച്ചുവിട്ടുള്ള നടപടി.
വേജ് ബോര്‍ജ് നടപ്പാക്കാത്ത മാനേജുമെന്റ് നടപടിക്കെതിരെ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രതിഷേധം അലയടിച്ചതായിരുന്നു മാതൃഭൂമി ജേണര്‍ലസിസ്റ്റ് യൂണിയന്റെ മലമ്പുഴ സമ്മേളനം. വേജ് ബോര്‍ജഡ് നടപ്പാക്കുന്നതിന് പകരം പ്രത്യേക പാക്കേജ് അനുവദിക്കാനുള്ള മാനേജുമെന്റ് തീരുമാനത്തിനെതിരെ  മലമ്പുഴ സമ്മേളനം ശക്തമായ നിലപാടെടുത്തു. പ്രത്യേക പാക്കേജ് തിരസ്‌കരിക്കാനും വേജ് ബോര്‍ഡ് നടപ്പാക്കാന്‍ സമ്മര്‍ദം ശക്തമാക്കാനുമായിരുന്നു സമ്മേളനത്തിലെ തീരുമാനം. അതുവരെ ജേര്‍ണലിസ്റ്റ് യൂണിയന്‍ സമ്മേളനത്തില്‍ മാനേജുമെന്റ് തലപ്പത്തുള്ളവരെ ക്ഷണിക്കുകയെന്ന പതിവും മലമ്പുഴ സമ്മേളനത്തിലുണ്ടായില്ല. വേജ് ബോര്‍ഡ് തീരുമാനം അട്ടിമറിക്കുന്നതിനുള്ള മാനേജുമെന്റ് നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന അമര്‍ഷമായിരുന്നു മാനേജുമെന്റ് പ്രതിനിധികളെ സമ്മേളനത്തിലേക്ക് ക്ഷണിക്കാതെ പ്രകടിപ്പിച്ചതും. സമ്മേളനം ജോര്‍ജ് പൊടിപ്പാറയെ പ്രസിഡന്റും സി നാരായണനെ സെക്ട്രടറിയായിരും തെരഞ്ഞെടുത്തു. മാനേജുമെന്റെ തിരുകികയറ്റാന്‍ ശ്രമിച്ച ഭാരവാഹികള്‍ക്ക് പകരമായിരുന്നു ജേര്‍ണലിസ്റ്റുകള്‍ സ്വന്തം പുതിയ ഭാരവാഹികളെ കണ്ടെത്തിയ നടപടി. പാക്കേജ് തിരസ്‌കരിച്ച് വേജ് ബോര്‍ഡിനായി നിലയുറപ്പിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഈ പൊതു തീരുമാനത്തിന്റെ ഇരകളാക്കപ്പെടുകയായിരുന്നു പിന്നീട് സി നാരായണന്‍ ഉള്‍പ്പടെ മാതൃഭൂമിയിലെ 40 ഓളം ജീവനക്കാര്‍.
മാതൃഭൂമിയില്‍ മാത്രമായിരുന്നില്ല വേജ് ബോര്‍ഡ് നടപ്പാക്കാനുള്ള പത്രപ്രവര്‍ത്തകരുടെ സമരം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട് മൂന്ന് പത്രങ്ങളുടെ ഓഫീസുകള്‍ക്കുമുന്നില്‍ വേജ് ബോര്‍ജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2012 നവംബര്‍ 27ന് ധര്‍ണ നടന്നു. കോഴിക്കോട് മാതൃഭൂമി ഓഫീസിനും കോട്ടയത്ത് മലയാള മനോരമ ഓഫീസിനും തിരുവനന്തപുരത്ത് കേരള കൗമുദി ഓഫീസിനും മുന്നിലായിരുന്നു ധര്‍ണ. മാതൃഭൂമിയ്ക്കു മുന്നിലെ ധര്‍ണ പ്രവര്‍ത്തക പങ്കാളിത്തംകൊണ്ട് മറ്റ് രണ്ട് ഇടങ്ങളിലുണ്ടായതിനേക്കാള്‍ മികച്ചുനിന്നു. ധര്‍ണയില്‍ പങ്കെടുത്തവരില്‍ വലിയൊരുശതമാനം മാതൃഭൂമിയില്‍നിന്നുള്ളവരായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചുകൊണ്ടും പൊടുന്നനെ 40 പേരെ സ്ഥലം മാറ്റിയുമായിരുന്നു മാതൃഭൂമി മാനേജുമെന്റിന്റെ ആദ്യ പ്രതികാര നടപടി. 35 പേരെയും സംസ്ഥാനത്തിന് പുറത്ത് വിദൂരസ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കൊഹിമ, ഗുവാഹതി, ഇംഫാല്‍, ലക്‌നൗ, പട്‌ന, റാഞ്ചി, ബെല്ലാരി എന്നിങ്ങനെ അതുവരെ ബ്യൂറോകളില്ലാത്ത സ്ഥലങ്ങളില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നിയമനം കൊടുത്ത് മലയാളത്തിലെ ഏക 'ദേശീയദിനപത്രം' അതിന്റെ ദേശീയ സാന്നിധ്യം വ്യാപിപ്പിച്ചു! തൃശൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെഎസ് വിപിന ചന്ദ്രനെ ആദ്യം ബങ്കളൂരുവിലേക്കും അവിടെ നിന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ഡൂര്‍ ജില്ലയിലെ കുഗ്രാമമായ പെദാപരിമിയിലേക്കുമാണ് മാറ്റിയത്. റിപ്പോര്‍ട്ടിങില്‍ പ്രാഗത്ഭ്യം തെളിയിച്ച മികച്ച ജേര്‍ണലിസ്റ്റുകളെ കേരളത്തിലെ അപ്രധാനമായ സബ് ബ്യൂറോകളിലേക്ക് നിയമിച്ച് അപമാനിച്ചു.
എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു ഈ സ്ഥലംമാറ്റങ്ങളെല്ലാം. പലയിടത്തും ഓഫീസ് സൗകര്യം പോലും കൊടുത്തില്ല. സെക്കന്തരാബാദില്‍ ഒരു എണ്ണയാട്ട് ഗോഡൗണിന്റെ ഓരമായിരുന്നു മാതൃഭൂമി ലേഖകന് അനുവദിച്ച താവളം. ടെലഫോണ്‍ ഫാക്‌സ് സൗകര്യങ്ങള്‍ നിഷേധിച്ചു. യാത്ര-താമസ ബത്ത അനുവദിച്ചില്ല. മികച്ച പത്രപ്രവര്‍ത്തകരെങ്കിലും ഒരു വാര്‍ത്തയും ചെയ്യേണ്ടതില്ലെന്നായിരുന്നു മാനേജുമെന്റ് ഇതിലൂടെ നല്‍കിയ സന്ദേശം. നിസ്സഹായതയോടെ രാജിവെപ്പിക്കുകയായിരുന്നു ലക്ഷ്യവും. തൊഴില്‍ പരമായ അവഹേളനത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. കോഴിക്കോട് നിന്ന് ഗുവാഹത്തിയിലെക്ക് സ്ഥലം മാറ്റത്തിന് വിധേയനായ കെ ശ്രീജിത്ത് ജോലി രാജിവെച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനെതിരെ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ചു. ജയിക്കുകയായിരുന്നില്ല, പകരം വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് നേതാവ് സ്വന്തം സ്ഥാപനത്തില്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ പൊതുജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നതായിരുന്നു ഈ മത്സരത്തിലൂടെ ശ്രീജിത്ത് ചെയ്തത്. ഏതൊരു സ്ഥാപനവും സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുവെ സ്വീകരിക്കുന്ന മാനദണ്ഡമുണ്ട്. സ്ഥാപനത്തിന് ഗുണകരമാവുക എന്നതാണ് പ്രഥമം. അല്ലെങ്കില്‍ സ്ഥലം മാറ്റത്തിന് വിധേയരാകുന്നവരുടെ സൗകര്യം. ജീവനക്കാരന് ഏറ്റവും അസൗകര്യമായ സ്ഥലത്ത് സ്ഥലം മാറ്റിയതിലൂടെ മാനേജുമെന്റിന് ഗുണകരം എന്നതാണ് ഈ കൂട്ടസ്ഥലം മാറ്റത്തിന് മാതൃഭൂമി മാനേജുമെന്റ് കണ്ടെത്തിയ ന്യായം.
കോടതിയില്‍ തോറ്റതിന് അന്നവും മുടക്കി
വേജ് ബോര്‍ഡ് നടപ്പാക്കാണമെന്ന നിര്‍ദേശത്തെ നഖശിഖാന്തം എതിര്‍ത്തവരായിരുന്നു രാജ്യത്തെ പത്ര ഉടമകള്‍. എംപി വീരേന്ദ്രകുമാര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) അധ്യക്ഷനായിരിക്കെയാണ് പത്രഉടമകള്‍ വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയില്‍ യുദ്ധം നയിച്ചത്. അതില്‍ പത്ര ഉടമകള്‍ തോറ്റു. വേജ് ബോര്‍ഡ് നടപ്പാക്കാന്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി. എല്ലാ വേജ് ബോര്‍ഡ് കാലത്തും എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമി ജീവനക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനമുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശ രാജ്യത്ത് ആദ്യം നടപ്പാക്കുക മാതൃഭൂമിയായിരിക്കും എന്നായിരുന്നു അത്. ഇതേ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ തന്നെയാണ് വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ പത്ര ഉടമകള്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ പോലെ ജീവനക്കാരുടെ വേതനം നിശ്ചയിക്കാനുള്ള അവകാശം സ്ഥാപനങ്ങള്‍ക്ക് വേണമെന്നായിരുന്നു പത്ര ഉടമകളുടെ വാദം. ഇതൊന്നും കോടതി അംഗീകരിച്ചില്ല. വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ഉത്തരവിട്ടു.
ഇതോടെ മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മാതൃഭൂമിയും നിര്‍ബന്ധിതമായി. ജീവനക്കാര്‍ക്ക് അതുവരെ നല്‍കിയ മറ്റ് ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് വേജ് ബോര്‍ഡ് യുദ്ധത്തില്‍ തോറ്റതിന്റെ നാണക്കേട് വീരേന്ദ്രകുമാര്‍ തീര്‍ത്തത്. എല്ലാ യൂണിറ്റുകളിലും നിലവിലുണ്ടായിരുന്നു കാന്റീന്‍ സൗകര്യം എടുത്തുകളഞ്ഞതായിരുന്നു ആദ്യ നടപടി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും കാന്റീന് സൗകര്യം ഇല്ലാതായി. ജീവനക്കാര്‍ക്കിടയിലെ അസംതൃപ്തി വിപരീതഫലം ചെയ്യുമെന്ന ഭയത്താല്‍ പിന്നീട് കോഴിക്കോട് പോലുള്ള എതാനും യൂണിറ്റുകളില്‍ കാന്റീന്‍ പുനസ്ഥാപിച്ചു. പക്ഷെ, അതുവരെ നല്‍കിയിരുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളഞ്ഞു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ജീവനക്കാര്‍ക്ക് കോംപ്ലിമെന്ററി കോപ്പി നല്‍കുകയെന്ന രീതി നിര്‍ത്തി. യാത്രാബത്ത വെട്ടിക്കുറച്ചു. അവധികളിലും ഓഫ് എടുക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. നാല് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ അവധി പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കുപോലും ഈ അവധി ദിനങ്ങള്‍ പരിമിതപ്പെടുത്തി. കോംപന്‍സേറ്ററി ഓഫ് എടുത്തുകളഞ്ഞു. നിയമാനുസൃതമായ മെഡിക്കല്‍ അവധിയെടുത്തവരെ നിരീക്ഷിക്കാന്‍ മാനേജുമെന്റെ കൂറുമാത്രം പ്രകടിപ്പിക്കുന്ന വിശ്വസ്തരെ ചാരവൃത്തിയേല്‍പിച്ചു. ഏറ്റവും ഒടുവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കൂടി നിര്‍ത്തലാക്കി. ജീവനക്കാരുടെ വിഹിതം കൂടി ചേര്‍ത്തുള്ള കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് മാതൃഭൂമി ജീവക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ പദ്ധതിയിയാണ് മാനേജുമെന്റ് കാര്യമായ കൂടിയാലോചനകള്‍ പോലുമില്ലാത അവസാനിപ്പിച്ചത്. 2040വരെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള  പദ്ധതിപ്രകാരം കയ്യിലിരിക്കെയാണ് പദ്ധതി നിര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം. വേജ് ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് ശമ്പളം നല്‍കിയപ്പോള്‍ അതിലുള്ള കുടിശിക നല്‍കാതെ പിടിച്ചുവെച്ചു.
സി നാരായണനെ പിരിച്ചുവിടുന്നു
മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മലമ്പുഴ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി നാരായണനാണ് ഏറ്റവും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി, യൂണിയന്‍ പൊതുവായി എടുത്ത തീരുമാനങ്ങള്‍ക്കായി നിലയുറപ്പിച്ചതിന്, ജോലിയില്‍നിന്ന് പിരിച്ചുവിട്ടാണ് മാനേജുമെന്റ് പ്രതികാര നടപടി. ബാലിശമായ കുറ്റം ചുമത്തി പിരിച്ചുവിടാനുള്ള വലിയ കാരണം കണ്ടെത്തുകയായിരുന്നു മാനേജുമെന്റ്.
2014 ജൂലായ് രണ്ടിന് മലപ്പുറം എഡിഷന്‍ പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയ ഒരു വാര്‍ത്തയുടെ അനുബന്ധ വാര്‍ത്ത പ്രാദേശിക പേജില്‍ കൊടുത്തപ്പോള്‍ ഒന്നാംപേജിലുള്ള വാര്‍ത്തയിലെ ഏതാനും വരികള്‍ ആവര്‍ത്തിച്ചുവെന്നതാണ് ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണന്റെ പേരില്‍ ചുമത്തിയ കുറ്റം. ഇതിന്റെ പേരില്‍ നാരായണന് ന്യൂസ് എഡിറ്റര്‍ നോട്ടീസ് കൊടുത്തു. വാര്‍ത്ത വിഭജിച്ച് നല്‍കിയ ബ്യൂറോയിലെ ജീവനക്കാരനും പേജ് ചെയ്ത സബ് എഡിറ്റര്‍ക്കുമില്ലാത്ത കുറ്റം നാരായണനില്‍ മാത്രമായി ചുരുക്കി. ഇക്കാര്യങ്ങളെല്ലാം നാരായണന്‍ വിശദീകരിച്ചപ്പോള്‍ ന്യൂസ് എഡിറ്ററെ ചോദ്യം ചെയ്തു എന്ന മറ്റൊരു കുറ്റം കൂടി ചുമത്തി തൊട്ടടുത്ത ദിവസം സസ്പന്റ് ചെയ്തു. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് നാരായണനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു. 18 വര്‍ഷമായി മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ, വാര്‍ത്തയിലെ ഏതാനും വരികള്‍ ആവര്‍ത്തിക്കപ്പെട്ടു എന്നതിന്റെ പേരിലെടുത്ത ശിക്ഷാനടപടി യഥാര്‍ഥത്തില്‍ ഒരു തെറ്റിനുള്ള ശിക്ഷയായിരുന്നില്ല. പകരം മലമ്പുഴ സമ്മളനത്തിന് ശേഷം വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ സ്വീകരിച്ച കടുത്ത നിലപാടിന് നല്‍കിയ ശിക്ഷയായിരുന്ന അത്. മറ്റുള്ളവരുടെ കൂട്ടസ്ഥലം മാറ്റങ്ങളുടെ തുടര്‍ച്ച. വാര്‍ത്തയിലെ ഏതാനും വരികള്‍ മാത്രമേ അന്ന് ആവര്‍ത്തിക്കപ്പെട്ടുള്ളൂ. വാര്‍ത്തകള്‍ തന്നെ ആവര്‍ത്തിക്കപ്പെട്ടതിന് നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് മാതൃഭൂമിയിലിരിക്കുന്ന പലരും നേരത്തെ പുറത്തായേനെ.
വിരമിച്ചവരെയും വെറുതെ വിടാതെ
മാനേജുമെന്റിന്റെ ഈ പ്രതികാര നടപടികള്‍ക്ക് ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇരയായി. വേജ് ബോര്‍ഡ് നടപ്പാക്കിയ കാരണം ചൂണ്ടിക്കാട്ടി ഗ്രാറ്റ്വിറ്റി തുകയിലെ ഒരു ഭാഗം തിരിച്ചുപിടിച്ചെടുത്തതും പെന്‍ഷന്‍ പദ്ധതി നിര്‍ത്തിയതും ആദ്യഘട്ടത്തില്‍ ബാധിച്ചത്  മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയാണ്. ഗ്രാറ്റ്വിറ്റി തുക തിരിച്ചുപിടിച്ചതിന്റെ വിശദാശംങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ട് എന്‍ പി രാജേന്ദ്രന്‍ നല്‍കിയ കത്തിന് നല്‍കിയ മറുപടി അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു. തുക തിരിച്ചുപിടിച്ചത് സംബന്ധിച്ച് കമ്പനിയില്‍ വ്യക്തമായ കണക്കുകളുണ്ടെന്നും മുന്‍കൂട്ടി അനുവാദം നേടിയ ശേഷം നേരിട്ട് വന്നുകണ്ടാല്‍ ഈ വിശദാംശങ്ങള്‍ അറിയിക്കാമെന്നുമായിരുന്നു രാജേന്ദ്രന് മാതൃഭൂമി നല്‍കിയ മറുപടി.
ഇതിന് രാജേന്ദ്രന്‍ മിതമായ ഭാഷയില്‍ മാനേജുമെന്റിന് ഇങ്ങനെ മറുപടി നല്‍കി:
'ഗ്രറ്റ്വിറ്റി യില്‍ നിന്നും എത്ര തുക ഏതെല്ലാം ഇനത്തില്‍ ഏതെല്ലാം വര്‍ഷം തിരിച്ചു പിടിച്ചു എന്നറിയണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപെട്ടിരുന്നത്. ഒരു ഗ്രാറ്റ്വിറ്റി ഗുണഭോക്താവ് എന്ന നിലയില്‍ അത് എന്റെ അവകാശമാണ്. തുക പിടിച്ചത് നിയമപരമല്ലെന്നോ അസാധുവാണെന്നോ അനുചിതമാണെന്നോ ഞാന്‍ ആക്ഷേപിച്ചതുമില്ല. തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുന്നതിനു മുന്‍പ് ആക്ഷേപിക്കാന്‍ മാത്രം കമ്പനി ധന വകുപ്പിനോട് എനിക്ക് പൂര്‍വ്വ വിരോധമൊന്നും ഇല്ല.ഏത് ഇടപാടിലും നൂറു ശതമാനം സത്യസന്ധതയും കമ്പനി പുലര്‍ത്താറുണ്ട് എന്നാണ് 33 വര്‍ഷത്തെ എന്റെ അനുഭവം.ഗ്രാറ്റ്വിറ്റി എന്നത് ഇത്രയും കാലത്തെ സര്‍വ്വീസിന്റെ ഫലമായി എനിക്ക് ലഭിക്കേണ്ട സംഖ്യയാണ്.അത് ഔദാര്യമല്ല, നിയമപരമായ ബാധ്യതയാണ്.അതില്‍ നിന്ന് തുക തിരിച്ചു പിടിക്കുമ്പോള്‍ അത് എത്ര ഏത് ഇനത്തില്‍ എന്ന് എന്നെ രേഖാമൂൂലം അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.'
തുക തിരിച്ചുപിടിച്ചതിനെ രാജേന്ദ്രന്‍ ചോദ്യം ചെയ്യുകയായിരുന്നില്ല. പകരം ഏതെല്ലാം ഇനത്തിലാണ് തുക തിരിച്ചുപിടിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെടുകയേ ചെയ്തുള്ളൂ. ഇതിനായിരുന്നു 33 വര്‍ഷത്തെ സേവനത്തിന് രാജേന്ദ്രന് അപമാനിച്ച് നല്‍കിയ മറുപടി. രാജേന്ദ്രന്‍ ഉന്നയിച്ചതും നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ബാധിച്ച ഒരു പൊതുപ്രശ്നമായിരുന്നു. പെന്‍ഷന്‍ പദ്ധതി നിര്‍ത്താനുള്ള തീരുമാനം എടുത്തതും  രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ വിരമിക്കല്‍ തീയ്യതിക്ക് നാലു ദിവസം മുന്പായിരുന്നു. 
യൂണിയനെ മാനേജുമെന്റ് വരുതിയില്‍ നിര്‍ത്തിയ തൃശൂര്‍ നാടകം
തങ്ങളുടെ വിധേയരെ യൂണിയന്‍ നേതൃത്വത്തിലെത്തിക്കുകയായിരുന്നു  മാനേജുമെന്റ് എക്കാലത്തും നടത്തുന്ന നീക്കം. 2012ല്‍ മലമ്പുഴ സമ്മേളത്തിനലാണ് ഇതിന് അപവാദമുണ്ടായത്. പിന്നീട് യൂണിയന്റെ നിയന്ത്രണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ഭിന്നിപ്പുണ്ടാക്കുകയും ഒരു ആശ്രിതവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു മാനേജുമെന്റ്. 2013ല്‍ തൃശൂരില്‍ നടന്ന മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ സമ്മേളനത്തിലൂടെ യൂണിയന്‍ തിരിച്ചുപിടിച്ച് വീരേന്ദ്രകുമാര്‍ ലക്ഷ്യം സാധിച്ചു. ജീവനക്കാര്‍ക്കിടിയില്‍ തങ്ങളെ അനുകൂലിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തുകൊണ്ടായിരുന്നു ഈ ശ്രമം. മാനേജുമെന്റ് വിധേയരെ എതിര്‍ക്കുമെന്ന് ഉറപ്പുള്ള ജീവനക്കാരെ സമ്മേളന ദിവസം വിദൂര സ്ഥലങ്ങളില്‍ പ്രത്യേക അസൈന്‍മെന്റ് നല്‍കി അയച്ചും വിദൂരങ്ങളിലുള്ളവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ അവധി നിഷേധിച്ചുമായിരുന്നു ഇതിന് കളമൊരുക്കിയത്. എന്നിട്ടും നിരവധി പേര്‍ തൃശൂര്‍ സമ്മേളനത്തിലെത്തി. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള വരണാധികാരി.
മാനേജുമെന്റ് നോമിനിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധരായി ചിലര്‍ രംഗത്തെത്തി. സമ്മേളനത്തില്‍ രഹസ്യവോട്ടെടുപ്പ് വേണമെന്ന ഇവരുടെ വാദം വരണാധികാരി ആദ്യം സമ്മതിച്ചു. എന്നാല്‍, അല്‍പം കഴിയും മുമ്പുതന്നെ രഹസ്യബാലറ്റിന് പകരം പരസ്യവോട്ടെടുപ്പ് എന്ന രീതി വരണാധികാരി സ്വീകരിച്ചു. മാനേജുമെന്റ് വിധേയ പാനലിലനെ അനൂകൂലിക്കുന്നവര്‍ വലതുഭാഗത്തും എതിര്‍ക്കുന്നവര്‍ ഇടതുഭാഗത്തും ഇരിക്കണമെന്നായി നിര്‍ദേശം. അതാണത്രെ തെരഞ്ഞെടുപ്പ്. വിയോജിപ്പുണ്ടായവര്‍ പോലും ഈ പരസ്യവോട്ടെടുപ്പെന്ന നിസ്സഹയാവസ്ഥയില്‍പെട്ട് വലത്തോട്ട് ചാഞ്ഞു. മലമ്പുഴ സമ്മേളനത്തില്‍ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സ്ഥാനത്ത് യൂണിയന്‍ നേതൃത്വം മാനേജുമെന്റ് വിധേയരുടെ നിയന്ത്രണത്തിലായതോടെ  പിന്നീടുള്ള സമ്മേളനങ്ങളിലെ പങ്കാളിത്തം 50 പേരില്‍ താഴെ മാത്രമായി ചുരുങ്ങി. ഓരോ വര്‍ഷവും സമ്മേളനം ഏറ്റെടുക്കാന്‍ ഓരോ യൂണിറ്റുകളും മത്സരിച്ചു നിന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി സമ്മേളനം ഏറ്റെടുക്കാന്‍ ആളില്ലാതെ കോഴിക്കോട് തന്നെ നടത്തേണ്ടതായും വന്നു. അതും പേരിനുള്ള പ്രാതിനിധ്യം മാത്രമായി.
ജീവനക്കാരുടെ പ്രശ്‌നങ്ങളും പരാതികളും മാനേജുമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ പിന്നീട് അത് ചെയ്തില്ലെന്നാണ് നടപടിക്ക് വലിയൊരു വിഭാഗം ജീവനക്കാര്‍ അഭിപ്രായപ്പെടുന്നത്. പ്രതികാര നടപടികള്‍ കടുത്തതാകുമെന്നതിനാല്‍ തുറന്നെതിര്‍ക്കാന്‍ കഴിയാത്ത നിലയിലാണ് ഇവരില്‍ ഭൂരിഭാഗവും. പ്രതികാര നടപടിയുടെ ഭാഗമായി കൂട്ട സ്ഥലം മാറ്റം നടന്നപ്പോള്‍, സ്ഥലം മാറ്റ തീരുമാനം മാനേജുമെന്റിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിലപാടായിരുന്നു മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മാറിവന്ന നേതൃത്വം സ്വീകരിച്ചതെന്ന ആക്ഷപം ശക്തമാണ്. പിരിച്ചുവിടല്‍ ഭീഷണി നിലനില്‍ക്കുന്ന ഘട്ടത്തില്‍ സി നാരായണന്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് നല്‍കിയ വിശദമായ കത്തില്‍മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെ ചൂണ്ടിക്കാണിക്കുന്നുത് ഇങ്ങനെയാണ്:
'2012 തൊട്ട് ദ്രോഹിക്കാന്‍ തുടങ്ങിയതാണ് അന്ന് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ. ഇതിനുമുന്‍പ് രണ്ടുതവണ വ്യാജമായ കാര്യങ്ങള്‍ വെച്ച് കുറ്റപത്രം തരികയും ഗാര്‍ഹികാന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ഒരു കാരണവും കാണിക്കാതെ അവയെല്ലാം റദ്ദാക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ശ്രമം ആണ് ലക്ഷ്യം കണ്ടിരിക്കുന്നത്. 2013-ല്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ നിലവില്‍ വന്ന എന്റെ സെല് യൂണിയന്‍ ഭാരവാഹികള്‍ മാനേജ്‌മെന്റിന് അപ്രിയമുണ്ടാക്കുന്ന ഒരു നിലപാടും പ്രതികരണവും പ്രകടിപ്പിക്കാതിരിക്കുകയാണ്. ഇപ്പോഴത്തെ സംസ്ഥാനക്കമ്മിറ്റിയില്‍ മാതൃഭൂമി സെല്ലിനെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും മാനേജ്‌മെന്റിന്റെ ദ്രോഹനടപടികളെല്ലാം മറച്ചു പിടിക്കുകയും അസാധാരണമായി ഒന്നും സംഭവിക്കുന്നില്ല എന്ന രീതിയില്‍ സംസ്ഥാന സമിതിയെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഞാന്‍ കരുതുന്നു. മാനേജ്‌മെന്റിന്റെ പ്രതികാരത്തിനിരയാവുന്ന സ്വന്തം അംഗങ്ങളെ പരിഗണിക്കാനോ അവരെ സഹായിക്കാനോ ഈ മാതൃഭൂമി പ്രതിനിധികള്‍ തയ്യാറാകുന്നില്ലെന്നു മാത്രല്ല, കെയുഡബ്ല്യൂജെ സംസ്ഥാനക്കമ്മിറ്റിക്ക് മുമ്പാകെയും നേതൃത്വത്തിന് മുന്നിലും പീഡിതരുടെ പരാതികള്‍  എത്താതിരിക്കാന്‍ അത്തരം കാര്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുകയാണ്'
നാരായണന്റെ കാര്യത്തില്‍ മാത്രമല്ല, സ്ഥലം മാറ്റത്തിനിരയായ മറ്റുള്ളവരുടെ കാര്യത്തിലും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ പുതിയ നേതൃത്വം സ്വീകരിച്ച നിലപാട് ഇതേ രീതിയിലായിരുന്നു. പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ കൂടി സമ്മതം വാങ്ങേണ്ടതുണ്ടായിരുന്നു. എന്‍പി രാജേന്ദ്രന് കൂടി പെന്‍ഷന്‍ നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെ ധൃതിപിടിച്ച് പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍ അത് സംബന്ധിച്ച് യൂണിയന്‍ ജനറല്‍ ബോര്‍ഡിയിലോ ജീവനക്കാര്‍ക്കിടയിലോ വിശദമായ ചര്‍ച്ച പോലും നടത്താതെയാണ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹികള്‍ സമ്മതം അറിയിച്ച് ഒപ്പുനല്‍കിയതെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നു. നിരവധി ജീവനക്കാരുടെ സേവനനാന്തര കാല ജീവിത്തില്‍ സഹായമായി ലഭിക്കേണ്ട കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് കൂടിയാലോചനകളില്ലാതെ യൂണിയന്‍ മാനേജുമെന്റ് തീരുമാനത്തിന് വിധേയപ്പെട്ട് ഒപ്പിട്ടുനല്‍കിയത്.
സി നാരയണനെ പിരിച്ചുവിട്ടതിലും മാനേജുമെന്റിന്റെ മറ്റ് തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലേക്ക് മാര്‍ച്ച പ്രഖ്യാപിച്ചു. ഈ സമരത്തെയും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ പിന്തുണച്ചില്ല. ഇക്കാര്യത്തില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് 'സൗത്ത് ലൈവിന്' നല്‍കിയത് ഇങ്ങനെയാണ്:
മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ നിലപാട്
സി നാരായണനുമേല്‍ മാതൃഭൂമി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്ന നടപടിക്ക് വേജ് ബോര്‍ഡ് സമരവുമായി ഒരു ബന്ധവുമില്ല. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നാരായണനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓഫീസിനകത്ത് മേലധികാരികളോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഒന്നിലധികം തവണ നാരായണന് താക്കീത് ലഭിച്ചിരുന്നു.
വേജ്‌ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാതൃഭൂമിയില്‍ അത് നടപ്പാക്കിയതോടെ അവസാനിച്ചതാണ്. വേജ്‌ബോര്‍ഡ് പൂര്‍ണമായി നടപ്പിലാക്കുകയും ഓരോ തൊഴിലാളിക്കും വേതനത്തിന്റെ ഫിറ്റ്‌മെന്റ് ഓഡര്‍ നല്‍കുകയും ചെയതിട്ടുണ്ട്.
അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നാരായണനെ സസ്‌പെന്റ് ചെയ്തത് തൊട്ട് പ്രശ്‌നം പരിഹരിക്കാന്‍ മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയന്‍ പരിശ്രമിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാന്‍ നാരായണന്‍ തയ്യാറായില്ല. അതേസമയം പ്രശ്‌നം വഷളാക്കുന്നതിന് പുറമേ നിന്നുള്ള സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്തു. മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയനോ മാതൃഭൂമിയിലെ ജീവനക്കാരോ ഇപ്പോള്‍ കെയുഡബ്ല്യുജെ നടത്തുന്ന സമരത്തോട് സഹകരിക്കാത്തതിന് കാരണവും അതുതന്നെ. ഇങ്ങനെയൊരു സമരം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയനുമായി ആശയ വിനിമയം നടത്താനുള്ള മര്യാദ കെയുഡബ്ല്യുജെയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ കാണിച്ചില്ല.
ഇതാദ്യമായാല്ല കേരളത്തിലെ ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരു ജേണലിസ്റ്റിനെ പിരിച്ചു വിടുന്നത്. ഇപ്പോഴത്തെ കെ യു ഡബ്ല്യു ജെ ഭാരവാഹികള്‍ പ്രതിനിധാനം ചെയ്യുന്ന പത്ര സ്ഥാപനങ്ങളില്‍ തന്നെ സമീപ കാലത്ത് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും കെ യു ഡബ്ല്യു ജെ സമരത്തിന് മുതിരാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവരുടെ ചെയ്തികളെ മാതൃഭൂമിക്കെതിരായ നീക്കമായേ കാണാനാവൂ. 
പത്രം മുടങ്ങിയ സമരം;  പി രാജന്റെ പിരിച്ചുവിടല്‍; തൊഴിലാളി വിരുദ്ധ നടപടികള്‍ നേരത്തെയും
ജീവനക്കാരോടുള്ള മാതൃഭൂമിയുടെ പ്രതികാര നടപടികള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. 1978-79ലായിരുന്നു മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സമരം അരങ്ങേറിയത്. 120 രൂപ ഇടക്കാലാശ്വാസം ആവശ്യപ്പെട്ടായിരുന്നു സമരം. ഇതുകാരണം രണ്ടുമാസത്തിലേറെ പത്രത്തിന്റെ അച്ചടി തന്നെ മുടങ്ങി. ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരുന്ന മാനേജുമെന്റിന് സമരത്തെ തുടര്‍ന്ന് 110 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് ജീവനക്കാര്‍ക്കുമുന്നില്‍ വഴങ്ങേണ്ടിവന്നു. മാതൃഭൂമിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്ന പി രാജന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായാണ് സമരം നയിച്ചത്.
രണ്ടുമാസത്തിലേറെ നീണ്ട സമരത്തിന് ശേഷം പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചപ്പോഴും ജനങ്ങള്‍ മാതൃഭൂമിയെ ഏറ്റുവാങ്ങി. എന്നാല്‍, മാനേജുമെന്റിന്റെ ദുരഭിമാനത്തിനേറ്റ ക്ഷതമായിരുന്നു ജീവനക്കാരുടെ സമരവിജയം. സമരത്തിന് നേതത്വം നല്‍കകയും പങ്കെടുക്കുകയും ചെയ്തവരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയെന്നതായിരുന്നു പിന്നീട് മാനേജുമെന്റ് സ്വീകരിച്ച നടപടി. എഡിറ്റോറിയില്‍ വിഭാഗത്തില്‍ മാനേജുമെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായത് അതിന് ശേഷമാണ്. ജീവനക്കാരുടെ യൂണിയനെ തകര്‍ക്കുകയെന്ന ലക്ഷ്യം ഇതിന്റെ ഭാഗമായി മാനേജുമെന്റ് സ്വീകരിച്ചു. പിന്നീട് എല്ലാകാലത്തും ഏതാണ്ട മാനേജുമെന്റ് വിധേയരെ മാത്രമേ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതൃസ്ഥാനത്ത് ഇരുത്തിയിട്ടുള്ളൂ. മറിച്ച് നിലപാടെടുത്തവരെയെല്ലാം പലവിധത്തില്‍ ദ്രോഹിക്കുകയായിരുന്നു മാനേജുമെന്റ്.
1988ല്‍ എഡിറ്റോറിയില്‍ വിഭാഗത്തില്‍ പിടിമുറുക്കുന്നതിനായി ഡയറക്ടര്‍, എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ് എന്ന പുതിയ തസ്തിക സൃഷ്ടിച്ച് പിവി ചന്ദ്രനെ നിയമിക്കുകയാണ് തുടര്‍ന്നുണ്ടായത്. എഡിറ്റോറിയില്‍ ജീവനക്കാരുടെ കാര്യങ്ങളില്‍ എഡിറ്റര്‍ക്കുമേല്‍ ഇടപെടാനുള്ള അവസരം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇതിലൂടെ. മാനേജുമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പി രാജന്‍ പ്രസ് കൗണ്‍സിലിന് പരാതി നല്‍കി. എഡിറ്റോറിയില്‍ അധികാരം കോര്‍പ്പറേറ്റ് താല്‍പര്യത്തിന് അനുസരിച്ച് നീങ്ങുന്നുവെന്നും ഇത് പത്രപ്രവര്‍ത്തന ധാര്‍മികതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി രാജന്റെ പരാതി. ഇത് അംഗീകരിച്ചുകൊണ്ട് നിയമനം റദ്ദാക്കി പ്രസ്‌കൗണ്‍സില്‍ വിധി പുറപ്പെടുവിച്ചു. മാനേജുമെന്റിന്റെയും എഡിറ്റോറിയില്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം വ്യക്തമാക്കിയുള്ള ഒരു മാര്‍ഗരേഖയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ പുറപ്പെടുവിച്ചു. എന്നാല്‍, വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം 'ഇന്‍ ചാര്‍ജ്' എന്നത് ഒഴിവാക്കി എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ എന്ന പുതിയ തസ്തിക സൃഷിടിച്ച് വീണ്ടും നിയമിക്കുകയായിരുന്ന മാനേജുമെന്റ് ചെയ്തത്. 
പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയതിന്റെ പേരില്‍ കമ്പനിക്കും മാനേജുമെന്റിനുമെതിരെ പ്രവര്‍ത്തിച്ചുവെന്ന കാണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി രാജനെ മാതൃഭൂമി പിരിച്ചുവിട്ടു. പി രാജനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചുവെന്ന കുറ്റം ചുമത്തി നിരവധി പ്രമുഖ ജേര്‍ണലിസ്റ്റുകളെ കേരളത്തിന് പുറത്ത് സ്ഥലം മാറ്റി. ബ്യൂറോ പോലും ഇല്ലാത്ത സ്ഥാലത്തേക്കായിരുന്നു സ്ഥലം മാറ്റങ്ങള്‍. മാനേജുമെന്റിന്‍െ ഇത്തരം ധിക്കാരങ്ങളെ നേരിട്ട് സ്ഥാപനത്തിനകത്ത് നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. അന്ന് തുടങ്ങിയ തൊഴിലാളി വിരുദ്ധ സമീപനം പുതിയ കാലത്തും മാറ്റമില്ലാതെ തുടരുകയാണ് എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മാനേജുമെന്റ് ഇപ്പോഴും.
പൊതുസമൂഹത്തിന്റെ നിസ്സംഗതയും കെയുഡബ്യുജെയും
കേരളത്തിന്റെ പ്രബുദ്ധമായ ജനാധിപത്യ, സാംസ്‌കാരിക ബോധത്തിന്റെ ഉടമസ്ഥാവകാശമാണ് മാതൃഭൂമിക്കുള്ളത്. മറ്റേത് പത്രത്തെയും പോലെയല്ല അത്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനകളും ലഘുലേഖയും അച്ചടിക്കാന്‍ ആരും തയ്യാറാകാത്ത ഘട്ടത്തിലാണ് മാതൃഭൂമിയുടെ തുടക്കം. ഒരു ഓഹരിക്ക് അഞ്ചുറുപ്പിക പ്രകാരം 20,000 ഓഹരികളോടെ ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ 1922 ഫെബ്രുവരി 15നാണ് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി രജിസറ്റര്‍ ചെയ്തത്. കെപി കേശവമേനോന്‍, കെ മാധവന്‍നായര്‍, ടി വി സുന്ദരയ്യര്‍, അമ്പലക്കാട്ടു കരുണാകര മേനോന്‍, കുറൂര്‍ നീലകണ്ടന്‍ നമ്പൂതിരിപ്പാട്, പി അച്യുതന്‍, ഡോ എ ആര്‍ മേനോന്‍ എന്നിവരായിരുന്നു രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള ഡയറക്ടര്‍മാര്‍. സ്ഥാപക ഡയറക്ടര്‍മാരില്‍നിന്ന് പിന്നീട് പലകാലഘട്ടങ്ങളിലായി പുതിയ അധികാരികള്‍ വന്നതോടെയാണ് മാതൃഭൂമിയുടെ ഉടമസ്ഥാവകാശത്തിലും മാറ്റം വന്നത്. നാലാപ്പാട് കുടുംബത്തിന്റെ ഓഹരികളുമായി ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് മാതൃഭൂമി സ്വന്തമാക്കാന്‍ വന്നപ്പോള്‍ അസാധാരണമായ പ്രരോധമായിരുന്നു വീരേന്ദ്രകുമാര്‍ ഒരുക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വത്തെ ഒപ്പം നിര്‍ത്തിയ ഒരു രാഷ്ട്രീയ പ്രതിരോധമായിരുന്നു അത്. ഒരു കമ്പനി എന്നതിലുപരി കേരളത്തിന്റെ പൊതുസ്വത്ത് എന്ന പ്രതീതി സൃഷ്ടിച്ചെടുക്കാനും അതിനൊപ്പം കേരളമൊന്നടങ്കം അണിചേര്‍ന്നതുമായിരുന്നു ആ സന്ദര്‍ഭം.
ഇന്ന് മാതൃഭൂമി ജീവനക്കാരോട് കാണിക്കുന്ന ദ്രോഹ നടപടികളില്‍ പക്ഷെ കേരളത്തിന്റെ പൊതുസമൂഹം നിസ്സംഗതയിലാണ്. എക്കാലവും മാതൃഭൂമിയില്‍ നടന്ന ഇത്തരം നടപടികള്‍ പൊതുസമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ ശ്രദ്ധയില്‍ പെടാത്തതല്ല. പക്ഷെ, ഒരു പരസ്യപ്രതികരണത്തിന് മുതിരാതെ കണ്ണടച്ചിരുന്ന നിഗൂഢ മൗനത്തിലേക്ക് തലതാഴ്തുകയാണ് രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വം. അപൂര്‍വ്വം ചിലര്‍ മാത്രമാണ് മാതൃഭൂമിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും തയ്യാറായത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പോലും തമസ്‌കരിക്കുന്നതാണ് കേരളത്തിലെ പൊതുരീതി. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളും, വ്യക്തിയെയോ സ്വകാര്യ കമ്പനിയെയോ സംബന്ധിക്കുന്നതാണെങ്കില്‍ പോലും മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ ലഭിക്കുമ്പോഴാണ് കേരളത്തിലെ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പുറം സംവാദത്തിലേക്ക് കടന്നുവരാത്തത്. പ്രശ്‌നം കൈകാര്യം ചെയ്ത് രീതി സംബന്ധിച്ച്  പത്രപ്രവര്‍ത്തകര്‍ക്കിടിയില്‍പോലും ഭിന്നാഭിപ്രായങ്ങളാണ്.യൂണിയന്‍റെ നിലപാടുകള്‍ക്ക് കാര്‍ക്കശ്യം പോലെന്നായിരുന്നു ഒരു വാദം. ആക്ഷേപമുന്നയിക്കുന്നവര്‍ കാര്യങ്ങളെ വിലയിരുത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യൂണിയന്‍ നേതൃത്വം മറുപടി നല്‍കി. യൂണിയനും പത്രപ്രവര്‍ത്തരും തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്നുവെങ്കിലും  മാതൃഭൂമിയുടെ ഓഫീസിലേക്ക്കെയുഡബ്ല്യുജെ നടത്തിയ മാര്‍ച്ച് പോലും പ്രമുഖ പത്രങ്ങളെല്ലാം തമസ്കരിച്ചു എന്നതാണ് വലിയ വൈരുദ്ധ്യം. 

  • സിപി സത്യരാജ്

    സൗത്ത്‌ലൈവില്‍ ന്യൂസ് എഡിറ്റര്‍. ഇന്ത്യാവിഷന്‍, മാധ്യമം എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment