Thursday, July 23, 2015

മലയാളി മറുനാട്ടില്‍ കുടിയേറ്റത്തൊഴിലാളി മലനാട്ടില്‍

മലയാളി മറുനാട്ടില്‍ കുടിയേറ്റത്തൊഴിലാളി മലനാട്ടില്‍
http://www.mathrubhumi.com/story.php?id=562309
വി.യു. മാത്യുക്കുട്ടി
T- T T+
കുടിയേറ്റത്തൊഴിലാളിയുടെ സ്വന്തം കേരളം 1




മുമ്പ് അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലെ ശമ്പളം മോഹിപ്പിക്കുന്നതായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ പല മേഖലകളിലും അത്രതന്നെയോ അതില്‍ക്കൂടുതലോ കൂലി ലഭിക്കുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം അവരുടെ ഗള്‍ഫായി മാറുന്നതും അതിനാല്‍ത്തന്നെ

പേര് സന്തോഷ് പസ്വാന്‍. ബിഹാറിലെ സിവാന്‍ ജില്ലയില്‍പ്പെട്ട നയാബസാര്‍ സ്വദേശി. 17വര്‍ഷമായി കേരളത്തിലെത്തിയിട്ട്. ഇപ്പോള്‍ കണ്ണൂര്‍ വളപട്ടണം പൊയ്ത്തുംകടവിലാണു താമസം. അഴീക്കല്‍ കപ്പക്കടവിലെ കടവുകളില്‍ മണല്‍വാരലാണു തൊഴില്‍. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12വരെ ജോലിസമയം. ദിവസം ശരാശരി 1000 രൂപ കൂലി ലഭിക്കും.

ഉച്ചഭക്ഷണവും അല്പം വിശ്രമവും കഴിഞ്ഞ് വൈകീട്ട് നാലോടെ സന്തോഷ് പസ്വാന്‍ മീഠാപാന്‍ വില്പനയുമായി പാതയോരത്ത് സക്രിയമാവും. എട്ടുരൂപയാണ് ഒരു മീഠാപാനിനു വില. പ്രദേശത്തെ ഇതരസംസ്ഥാനത്തൊഴിലാളികളാണ് ആവശ്യക്കാര്‍. രാത്രി ഏറെ ഇരുട്ടുംമുമ്പ് പാന്‍വില്പന അവസാനിപ്പിക്കുമ്പോള്‍ ഈയിനത്തിലും മോശമല്ലാത്തൊരു വരുമാനം ലഭിക്കും.

ഇനി യു.എ.ഇ.യില്‍ പ്ലാസ്റ്റിക് കമ്പനിയിലേക്ക് തൊഴിലാളികളെ ആവശ്യപ്പെട്ട് ജോബ് വെബ്‌സൈറ്റില്‍ വന്ന പരസ്യം ശ്രദ്ധിക്കുക. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് കമ്പനിയിലേക്കാണ് തൊഴിലാളികളെ ആവശ്യമുള്ളത്. ഒരു വര്‍ഷത്തില്‍ത്താഴെ ജോലിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ശമ്പളം 1001 മുതല്‍ 2000 വരെ യു.എ.ഇ. ദിര്‍ഹം. 2,000 യു.എ.ഇ. ദിര്‍ഹം ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 33,000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. അതായത്, വാഗ്ദാനമുള്ള പരമാവധിശമ്പളമായ 2000 ദിര്‍ഹം ലഭിച്ചാല്‍ ദിവസം 1000 രൂപയില്‍ അല്പം കൂടുതല്‍ ലഭിക്കും. ഇനി, ലഭിക്കുന്നത് 1000 ദിര്‍ഹമാണെങ്കില്‍ ഇതിന്റെ പകുതിയായി കുറയും.

റാസല്‍ഖൈമയില്‍ കാര്‍വാഷിങ് സ്ഥാപനത്തിലേക്ക് തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യംകൂടി നോക്കാം. ദിവസം ഇടവേളയുള്‍പ്പെട 1011 മണിക്കൂര്‍ ജോലിചെയ്യണം. താമസസൗകര്യം കമ്പനി നല്‍കും. 500മുതല്‍ 1000വരെ യു.എ.ഇ. ദിര്‍ഹമാണ് ശമ്പളം. വാഗ്ദാനമുള്ള പരമാവധി ശമ്പളമുണ്ടെങ്കില്‍ ഏകദേശം 16,500 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക കിട്ടും; ദിവസം 550 രൂപ.

അവിദഗ്ധര്‍ക്ക് ഗള്‍ഫിനെക്കാള്‍ മെച്ചം


ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള അവിദഗ്ധ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം ഗള്‍ഫിനെക്കാള്‍ മെച്ചപ്പെട്ട ജോലിസ്ഥലമായിമാറുകയാണ്. സംസ്ഥാനത്തുനിന്നുള്ള അവിദഗ്ധതൊഴിലാളികള്‍ ഗള്‍ഫിലെ ചൂടില്‍ വാടിത്തളരുമ്പോള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ അവിടത്തെ കഠിനകാലാവസ്ഥയില്‍നിന്ന് മോചനംനേടി കേരളത്തിലെ മിതകാലാവസ്ഥയില്‍ ക്ഷീണമറിയാതെ ജോലിചെയ്യുന്നു. അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലേക്കു പോകാനും അവിടെ ജോലിനേടാനും അതില്‍ തുടരാനും കടമ്പകളേറെയുണ്ടെങ്കിലും ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇവിടെയെത്തി ജോലിസമ്പാദിക്കുക ഏറെ എളുപ്പമാണ്.

കൂലിയുടെ കാര്യത്തിലും അന്തരമില്ലാതാവുകയാണ്. മുമ്പ് അവിദഗ്ധതൊഴിലാളികള്‍ക്ക് ഗള്‍ഫിലെ ശമ്പളം മോഹിപ്പിക്കുന്നതായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ പല മേഖലകളിലും അത്രതന്നെയോ അതില്‍ക്കൂടുതലോ കൂലി ലഭിക്കുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളം അവരുടെ ഗള്‍ഫായിമാറുന്നതും അതിനാല്‍ത്തന്നെ. എഴുപതുകളില്‍നടന്ന മലയാളികളുടെ ഗള്‍ഫ് കുടിയേറ്റവുമായി ഇതിനു സാദൃശ്യമേറെയാണ്. അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മയും വരുമാനക്കുറവുമാണ് ഗള്‍ഫ് കുടിയേറ്റത്തിനു വഴിവെച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂലിക്കുറവാണ് പുതിയ കുടിയേറ്റത്തിനു തുടക്കംകുറിച്ചത്. ജാര്‍ഖണ്ഡിലെ പ്രധാന നഗരങ്ങളിലൊന്നായ റാഞ്ചിയില്‍ നിര്‍മാണത്തൊഴിലാളിക്ക് കൂലി ദിവസം 52 രൂപയാണ്. ഇവിടെ ശരാശരി 600 രൂപയ്ക്കുമുകളില്‍ ലഭിക്കും. ഒഡിഷയില്‍ കൂലിപ്പണിക്ക് പുരുഷന്‍മാര്‍ക്ക് 100 രൂപയും സ്ത്രീകള്‍ക്ക് 70 രൂപയും മാത്രമാണു ലഭിക്കുക. ഇവിടെ നേരിട്ടാണെങ്കില്‍ ശരാശരി 600 രൂപയും ഇടനിലക്കാര്‍വഴിയാണെങ്കില്‍ 400500 രൂപയും ലഭിക്കും.

ചൂഷണം കുറയുന്നു


തുടക്കകാലത്ത് ഇടനിലക്കാരും ജോലിനല്‍കുന്നവരും കുടിയേറ്റത്തൊഴിലാളികളെ കൂലിയുടെകാര്യത്തില്‍ ചൂഷണംചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇതിനു മാറ്റംവന്നുതുടങ്ങി. പല സ്ഥലങ്ങളിലും മലയാളിക്കു ലഭിക്കുന്ന കൂലിതന്നെ ഇവര്‍ക്കും ലഭിക്കുന്നുണ്ട്. പ്ലൈവുഡ് മേഖലയുംമറ്റുമാണ് ഇതിനപവാദം. സമാനജോലിക്ക് തുല്യകൂലി ഇന്ന് കുടിയേറ്റത്തൊഴിലാളിക്കും ഒരു പരിധിവരെ ലഭിക്കുന്നുണ്ടെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) എ. അലക്‌സാണ്ടര്‍ പറഞ്ഞു.

സന്തോഷ് പസ്വാനൊക്കെ ഈ ശാക്തീകരിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ തുടക്കക്കാരാണ്. പാതിമലയാളിയായ ധന്യയെയാണ് സന്തോഷ് വിവാഹംകഴിച്ചത്. പൊയ്ത്തുംകടവ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന അര്‍ജുനും കെ.ജി.യില്‍ പഠിക്കുന്ന സഞ്ജനയും സൂര്യയുമാണ് മക്കള്‍. വാടകവീട്ടിലാണു താമസം. മാസം ശരാശരി 8,000 രൂപ ബിഹാറിലെ ഗ്രാമത്തിലുള്ള അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കുന്നുമുണ്ട്. ചെറിയ തുകയ്ക്ക് കിട്ടിയാല്‍ ഇവിടെ ഒരു വീട് വാങ്ങണമെന്നുണ്ട് സന്തോഷ് പസ്വാന്‍ ചിരിയോടെ പറഞ്ഞു.

താമസസൗകര്യം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുന്നത്. എന്നാല്‍, ഇതിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും തൊഴില്‍വകുപ്പിന്റെയും പരിശോധനകളും കൂടുതല്‍ സൗകര്യം ലഭിക്കുന്നിടത്തേക്ക് തൊഴിലാളികള്‍ മാറുന്നതുമാണ് ഇതിനുപിന്നില്‍.

'സേഫ് കേരള' പകര്‍ച്ചവ്യാധിനിയന്ത്രണപദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ജില്ലയിലെ ലേബര്‍ ക്യാമ്പുകളില്‍ മെയ് അവസാനം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഒരു ക്യാമ്പ് പൂട്ടി. 137 എണ്ണത്തിന് നോട്ടീസ് നല്‍കുകയുംചെയ്തു. ജില്ലയിലെ 747 ക്യാമ്പുകളില്‍ ഒരേസമയം പരിശോധന നടത്തുകയായിരുന്നു. മലമ്പനി, കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ 455 പേരുടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കുകയുംചെയ്തു. തൊഴിലാളികളെ നിര്‍മാണംനടക്കുന്ന കെട്ടിടത്തിനകത്ത് താമസിപ്പിക്കാന്‍ പാടില്ലെന്ന് തൊഴില്‍വകുപ്പും നിര്‍ദേശംനല്‍കിയിട്ടുണ്ട്. ചില ഫാക്ടറികള്‍ തൊഴിലാളികള്‍ക്ക് സ്വന്തംനിലയിലും താമസസൗകര്യമൊരുക്കുന്നുണ്ട്. വളപട്ടണത്തെ െ്രെപം വിനീര്‍സ് ഉദാഹരണം.

തൊഴിലിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ കുടിയേറ്റത്തൊഴിലാളിക്കു പേടിസ്വപ്നമാണ്. ക്വാറികളിലുംമറ്റും അപകടകരമായ ജോലി ഇവരെ ഏല്പിക്കുന്നതായി പരാതിയുണ്ട്. ജോലിക്കിടെയുള്ള അപകടങ്ങളില്‍ മരണവും അംഗവൈകല്യങ്ങളും സംഭവിക്കുന്നതും കുറവല്ല. ഇത്തരം സംഭവങ്ങളില്‍ ചികിത്സയും നഷ്ടപരിഹാരവും കിട്ടാത്ത സംഭവങ്ങളുമുണ്ട്. അപകടങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) പറഞ്ഞു. തൊഴിലുടമകള്‍ ഇതില്‍ താത്പര്യംകാണിക്കുന്നില്ല. ഭയംകാരണം തൊഴിലാളികളും പറയാറില്ല. അതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയാണില്ലാതാവുന്നത്. പുറത്തുവരുന്ന സംഭവങ്ങളില്‍ തൊഴില്‍വകുപ്പിടപെട്ട് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണ്ടു തൊഴിലാളി, ഇന്നു കരാറുകാരന്‍


എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും ഗള്‍ഫ് രാജ്യങ്ങളിലേക്കു കുടിയേറിയവരില്‍ ചിലര്‍ അവിടെ സ്വന്തമായി നിര്‍മാണക്കമ്പനികളും ചെറിയ ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും തുടങ്ങി. ഇവ പിന്നീട് വളര്‍ന്നുവികസിച്ച് വന്‍കിട കമ്പനികളും വ്യാപാരസ്ഥാപനങ്ങളുമായി. ഇന്ന് ലോകത്തെ സമ്പന്നരായ മലയാളികളുടെ കൂട്ടത്തില്‍ ഇവരുമുണ്ട്. അതേപോലെ തൊഴിലാളികളായി ഇവിടെയെത്തിയ ഇതരസംസ്ഥാനക്കാരില്‍ ചിലര്‍ ഇന്ന് തൊഴിലാളികളെ ലഭ്യമാക്കുന്ന കരാറുകാരാണ്. ജോലിയെടുത്ത് സ്വന്തം ഗ്രാമത്തിലേക്കു തിരികെപ്പോകുന്നവര്‍ ബന്ധുക്കളെയും കൂട്ടുകാരെയുംകൂട്ടിയാണ് തിരിച്ചെത്തുക. തൊഴിലാളികളെ ആവശ്യമുള്ളിടങ്ങളില്‍ ഇവരെയെത്തിച്ചാണ് കരാര്‍മേഖലയിലേക്കുള്ള ചുവടുവെപ്പ്. ഇവിടെ പണിയെടുത്തപ്പോള്‍ വശമാക്കിയ മലയാളവും കൈമുതലായുണ്ടാവും. ചിലര്‍ ചെറിയ ജോലികള്‍ കരാറെടുത്ത് ചെയ്യുന്നു. ഗ്രില്‍പണിക്കാരനായി ഇവിടെയെത്തിയ ഒരു കുടിയേറ്റത്തൊഴിലാളി ഇന്ന് ഇവിടെ ഗ്രില്‍ പണി ഏറ്റെടുത്തുനടത്തുന്ന കരാറുകാരനാണ്. മാസം ഒന്നേകാല്‍ ലക്ഷം രൂപയോളം ലാഭവുമുണ്ടാക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പേയെത്തി കേരളത്തെ സ്വന്തം നാടാക്കിമാറ്റിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. പെരുമ്പാവൂരില്‍ മീഠാപാന്‍ വില്പനനടത്തുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് നജീംതന്നെ ഉദാഹരണം. 30വര്‍ഷത്തോളമായി നജീം ഇവിടെയെത്തിയിട്ട്. വരുമ്പോള്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് സ്വദേശത്തുപോയി വിവാഹിതനായി ഭാര്യയെയുംകൂട്ടി മടങ്ങിയെത്തി. മൂന്നു മക്കളുമൊത്ത് വാടകവീട്ടിലാണു താമസം. മൂത്തമകന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇളയ രണ്ടുമക്കള്‍ സംസ്ഥാനസിലബസില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നു.

മലയാളിയുടെ മടി കുടിയേറ്റക്കാരന്റെ പിടി


നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്കില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിനാണ്, 7.4 ശതമാനം. കുറവ് ഗുജറാത്തിലും, 0.5 ശതമാനം. അഖിലേന്ത്യാ ശരാശരിയാവട്ടെ 2.3 ശതമാനം മാത്രമാണ്. ഇത്രയും തൊഴിലില്ലാപ്പടയുള്ള നാട്ടിലേക്കാണ് തൊഴില്‍തേടി കുടിയേറ്റത്തൊഴിലാളികളുടെ ഒഴുക്കെന്നതാണ് വൈരുധ്യം. സ്വന്തം നാട്ടില്‍ തൊഴിലെടുക്കാന്‍ മലയാളിക്കുള്ള മടിയാണ് ഇവര്‍ക്ക് അനുഗ്രഹമാകുന്നതെന്നു വ്യക്തം. ഇവിടേക്ക് കൂടുതല്‍ കുടിയേറ്റത്തൊഴിലാളികളെത്തുന്ന ബംഗാള്‍(3.3 ശതമാനം), ബിഹാര്‍(3.4 ശതമാനം), അസം(4.8 ശതമാനം), ഉത്തര്‍പ്രദേശ്(1.8 ശതമാനം), ഒഡിഷ(2.5 ശതമാനം) എന്നിവിടങ്ങളില്‍ തൊഴിലില്ലായ്മാനിരക്ക് കേരളത്തെക്കാള്‍ വളരെ കുറവാണ്.

തൊഴിലില്ലായ്മാനിരക്കില്‍ മുന്നിലാണെങ്കിലും കായികാധ്വാനംവേണ്ട ജോലികള്‍ക്കും പരിശീലനവും നൈപുണ്യവും ആവശ്യമുള്ള പുതിയ മേഖലകളിലെ ജോലികള്‍ക്കും ആളെക്കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് 2014ലെ സാമ്പത്തികാവലോകനത്തില്‍ പറയുന്നു. കായികാധ്വാനമാവശ്യമുള്ള മേഖലകളിലെ തൊഴിലാളികളുടെ കുറവ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണു നികത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ മേഖലയിലും കേരളത്തെ ഇന്നു മുന്നോട്ടുനയിക്കുന്നത് കുടിയേറ്റത്തൊഴിലാളികളാണ്. അവരില്ലെങ്കില്‍ സംസ്ഥാനം നിശ്ചലമാവും. അതേക്കുറിച്ച് നാളെ: കേരളത്തെ ചലിപ്പിക്കുന്ന വടക്കന്‍ കൈ.
=======================================


കുടിയേറ്റത്തൊഴിലാളിയുടെ
സ്വന്തം കേരളം- 2
http://www.mathrubhumi.com/story.php?id=562663


കുടിയേറ്റത്തൊഴിലാളികള്‍ മുഴുവനും ഒരുദിവസം കേരളംവിട്ടെന്നു കരുതുക. സംസ്ഥാനം അക്ഷരാര്‍ഥത്തില്‍ നിശ്ചലമാവും. നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിക്കും. ഹോട്ടലുകള്‍ പലതും പൂട്ടേണ്ടിവരും. പല ഫാക്ടറികളുടെയും പ്രവര്‍ത്തനം നിലയ്ക്കും. കൃഷിപ്പണി മുടങ്ങും. എന്തിന്, മുടിമുറിക്കാന്‍വരെ ആളെയന്വേഷിച്ച് മലയാളി നടക്കേണ്ടിവരും. ഫലത്തില്‍ സംസ്ഥാനത്തിന്റെ നിര്‍മാണ, സേവന മേഖലകളെ മുന്നോട്ടുനയിക്കുന്നത് കുടിയേറ്റത്തൊഴിലാളികളാണ്.

തൊഴില്‍സേനയിലെ പങ്കാളിത്തനിരക്കില്‍ കേരളം പിന്നിലാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ 68ാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍സേനയില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തനിരക്ക് 40.3 ശതമാനം മാത്രമാണ്. തമിഴ്‌നാടും(45.4 ശതമാനം) മഹാരാഷ്ട്രയും(43.7 ശതമാനം) കര്‍ണാടകവും(43 ശതമാനം) ഗുജറാത്തും(42.4 ശതമാനം) ഒഡിഷയു(42.2 ശതമാനം)മെല്ലാം ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ മുന്നിലാണ്. തൊഴില്‍പങ്കാളിത്തത്തില്‍ സ്ത്രീകളുടെ പങ്ക് കുറഞ്ഞുവരുന്നതും സമൂഹത്തില്‍ പ്രായമായവരുടെ എണ്ണം കൂടുന്നതും ചില ജോലികള്‍ചെയ്യാന്‍ മലയാളിക്കുള്ള മടിയുമെല്ലാം ഇതിനു കാരണമാണ്. ഈ കുറവാണ് കുടിയേറ്റത്തൊഴിലാളികള്‍ നികത്തുന്നത്.

കുടിയേറ്റത്തൊഴിലാളികള്‍ 30 ലക്ഷത്തോളം


തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍(ഗിഫ്റ്റ്) 2013ല്‍ തൊഴില്‍വകുപ്പിനുവേണ്ടി നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് 25 ലക്ഷം കുടിയേറ്റത്തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. ഓരോ വര്‍ഷവും ശരാശരി 2.35 ലക്ഷംപേര്‍ പുതുതായെത്തുന്നുണ്ടെന്നും ഡോ. ഡി. നാരായണയും സി.എസ്. വെങ്കിടേശ്വരനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് 2015 അവസാനത്തോടെ സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 30 ലക്ഷത്തോളമാകും. എന്നാല്‍, സ്വന്തം നാട്ടിലേക്കു മടങ്ങുന്നവരില്‍ ഏകദേശം 11.6 ശതമാനത്തോളംപേര്‍ വീണ്ടുംവരുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതുകൂടി പരിഗണിച്ചാല്‍ സംസ്ഥാനത്തുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടാകും.

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയാണ്. കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്തെത്താറായെന്നു വ്യക്തം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2014ലെ റിപ്പോര്‍ട്ട് പ്രകാരം പ്രവാസി മലയാളികളുടെ എണ്ണം 23.63 ലക്ഷമാണ്. സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം ഇതിനെയും മറികടന്നു.

മുന്നില്‍ അഞ്ചു സംസ്ഥാനക്കാര്‍


രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നേപ്പാളിലുംനിന്നുള്ളവരുണ്ടെങ്കിലും 75 ശതമാനം കുടിയേറ്റത്തൊഴിലാളികളും അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. പശ്ചിമബംഗാള്‍(20 ശതമാനം), ബിഹാര്‍(18.10 ശതമാനം), അസം(17.28 ശതമാനം), ഉത്തര്‍ പ്രദേശ്(14.83 ശതമാനം), ഒഡിഷ(6.67 ശതമാനം), മറ്റുസംസ്ഥാനക്കാര്‍(23.13 ശതമാനം) എന്നിങ്ങനെയാണു കണക്ക്. ഇക്കൂട്ടത്തില്‍ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ട്. ഭൂരിഭാഗം കുടിയേറ്റക്കാരും പുരുഷന്‍മാരാണ്. ഇവരില്‍ 75 ശതമാനത്തോളംപേരും 18നും 29നും മധ്യേ പ്രായമുള്ളവരാണ്. 36 വയസ്സില്‍ക്കൂടുതല്‍ പ്രായമുള്ളവര്‍ കുറവാണ്.

കുടിയേറ്റത്തൊഴിലാളികളില്‍ 70ശതമാനംപേരും ഹിന്ദുക്കളും 24ശതമാനംപേര്‍ മുസ്‌ലിങ്ങളുമാണ്. ബാക്കിയുള്ളവര്‍ ക്രിസ്ത്യാനികളോ മതമേതെന്നു വ്യക്തമാക്കാത്തവരോ ആണ്. പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരില്‍ 50 ശതമാനത്തോളംപേര്‍ മുസ്‌ലിങ്ങളാണ്. ഒഡിഷയില്‍നിന്നുള്ള 20ശതമാനത്തോളംപേരും അസമില്‍നിന്നുള്ള 13ശതമാനത്തോളംപേരും ക്രിസ്ത്യാനികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ നല്ലൊരുപങ്കും ഛോട്ടാ നാഗ്പുര്‍ മേഖലയിലെ ആദിവാസിവിഭാഗങ്ങളില്‍പ്പെട്ടവരാണ്.

കൊണ്ടുവരുന്നത് കൂട്ടുകാരും വീട്ടുകാരും


കണ്ണൂരില്‍ ഒരു പ്രമുഖ ഇരുചക്രവാഹനക്കമ്പനിയുടെ വര്‍ക്ക് ഷോപ്പിലെ ജോലിക്കാരനാണ് ബിഹാറിലെ കയ്മൂര്‍ജില്ലയില്‍പ്പെട്ട ജിഗിനസ്വദേശി മുരാരി. െബംഗളൂരുവില്‍ ജോലിചെയ്തിരുന്ന മുരാരിയാണ് ഇവിടെ ആദ്യം ജോലിക്കെത്തിയത്. ഒരുതവണ അവധിക്ക് നാട്ടില്‍പ്പോയ മുരാരി അമ്മാവന്‍ ബജരംഗിയെയുംകൂട്ടിയാണു മടങ്ങിയെത്തിയത്. ഇപ്പോള്‍ രണ്ടുപേരും വര്‍ക്ക് ഷോപ്പിലെ പ്രധാന പണിക്കാരാണ്. ബജരംഗിമാത്രമല്ല മറ്റുപലരും കേരളത്തിലേക്കു ജോലിക്കെത്തിയത് സുഹൃത്തുക്കളും ബന്ധുക്കളും മുഖേനയാണ്.

'ഗിഫ്റ്റ്' നടത്തിയ പഠനത്തിലെ കണ്ടെത്തലും ഇത് ശരിവെയ്ക്കുന്നു. 55 ശതമാനത്തോളംപേരുമെത്തുന്നത് സുഹൃത്തുക്കളും ബന്ധുക്കളും മുഖേനയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 28ശതമാനംപേര്‍ മാത്രമാണ് കരാറുകാര്‍മുഖേന എത്തുന്നത്. ഭൂട്ടാനിലും ഇതരസംസ്ഥാനങ്ങളിലും ജോലിചെയ്തശേഷം കേരളത്തിലെത്തിയവരുമുണ്ട്. ഉത്തര്‍പ്രദേശിലും ബിഹാറിലുംനിന്നുള്ളവരില്‍ 20ശതമാനത്തോളംപേര്‍ മറ്റിടങ്ങളില്‍ ജോലിചെയ്തശേഷമാണ് ഇവിടെയെത്തിയത്. 

സാന്നിധ്യം എല്ലാ മേഖലകളിലും

സംസ്ഥാനത്തേക്കുള്ള ആദ്യകാല കുടിയേറ്റത്തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമുള്ളവരായിരുന്നു. ഇവരില്‍ കൂടുതല്‍പേരും നിര്‍മാണമേഖലയിലാണു പ്രവര്‍ത്തിച്ചിരുന്നത്. കൂലിപ്പണിയും മണ്‍പണിയും റോഡുപണിയുമൊക്കെ ഇവര്‍ ചെയ്തിരുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നവരെയും കാണാമായിരുന്നു. എന്നാല്‍, 1990കളുടെ ആദ്യം തുടങ്ങിയ പുതിയ കുടിയേറ്റം എണ്ണത്തിലും തൊഴില്‍വൈവിധ്യത്തിലും ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്നതായിരുന്നു. ഇന്ന് കുടിയേറ്റത്തൊഴിലാളികള്‍ ചെന്നെത്താത്ത മേഖലകള്‍ ഇല്ലെന്നുപറയാം. തിരുവനന്തപുരത്തെയും എറണാകുളത്തെയും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഗാര്‍മെന്റ് ഫാക്ടറികളിലും ഹൈറേഞ്ചിലെ തോട്ടം മേഖലയിലും കോട്ടയത്തെ ഡെയറി ഫാമുകളിലും മൂന്നാറിലെയും തൃശ്ശൂരിലെയും ഹോട്ടലുകളിലും പാലക്കാട്ടെ സ്റ്റീല്‍ റോളിങ് മില്ലുകളിലും കോഴിക്കോട്ടെ ബ്യൂട്ടി സലൂണുകളിലും ചിക്കന്‍ സ്റ്റാളുകളിലും കണ്ണൂരിലെ മണല്‍വാരല്‍കേന്ദ്രങ്ങളിലുമെല്ലാം നമുക്കവരെ കാണാം.

ചില മേഖലകളില്‍ ഇവര്‍ തദ്ദേശതൊഴിലാളികളെയും ആദ്യകാല കുടിയേറ്റത്തൊഴിലാളികളെയും പൂര്‍ണമായും നീക്കംചെയ്യുകയുംചെയ്തു. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായംതന്നെ ഉദാഹരണം. പല ഫാക്ടറികളിലും ഇന്ന് കുടിയേറ്റത്തൊഴിലാളികള്‍ മാത്രമാണുള്ളത്. ഭൂരിഭാഗവും ഇപ്പോഴും നിര്‍മാണമേഖലയിലാണു പണിയെടുക്കുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍, ഹോസ്പിറ്റാലിറ്റി, ഇഷ്ടികക്കളങ്ങള്‍, ആഭരണനിര്‍മാണം, ചുമടെടുപ്പ്, ഫാക്ടറികള്‍, കറിപ്പൊടി യൂണിറ്റുകള്‍, മാറ്റ് നിര്‍മാണ യൂണിറ്റുകള്‍, കൃഷി, കൂലിപ്പണി തുടങ്ങിയ മേഖലകളിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. 'ഗിഫ്റ്റി'ന്റെ പഠനപ്രകാരം 60ശതമാനംപേരും നിര്‍മാണമേഖലയിലാണു പണിയെടുക്കുന്നത്.

ഹോട്ടലുകളില്‍ ഏഴും ഫാക്ടറികളില്‍ 8.3ഉം കാര്‍ഷികമേഖലയില്‍ 2.31ഉം വ്യാപാരമേഖലയില്‍ 1.77ഉം ശതമാനംപേര്‍ ജോലിചെയ്യുന്നുണ്ട്. മറ്റു മേഖലകളിലെല്ലാംകൂടി 17.55 ശതമാനം പേരാണുള്ളത്. സ്ത്രീകള്‍ കുറവാണെങ്കിലും അടുത്തകാലത്തായി കൂടുതല്‍പേര്‍ ജോലിതേടിയെത്തുന്നുണ്ട്. ഹോട്ടലുകളിലും ഫുഡ് കോര്‍ട്ടുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും വ്യാപാരസ്ഥാപനങ്ങളിലും തുടങ്ങി പ്ലൈവുഡ് ഫാക്ടറികളില്‍വരെ ഇവര്‍ ജോലിചെയ്യുന്നു. കുറച്ചുപേര്‍ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലും പണിയെടുക്കുന്നുണ്ട്. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന ജോലികളും സ്ത്രീകള്‍ ചെയ്യുന്നുണ്ട്.

കൂലികുറഞ്ഞാല്‍ തൊഴിലാളിയെ കാണില്ല


ആദ്യകാലകുടിയേറ്റത്തൊഴിലാളികള്‍ ഒരുപ്രദേശം കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളം ജോലിചെയ്യുന്നവരായിരുന്നു. എന്നാല്‍, പുതുതലമുറ കുടിയേറ്റക്കാര്‍ തുടര്‍ച്ചയായി സ്ഥലവും പണിയും മാറുന്നവരാണ്. ഇന്നു തിരുവനന്തപുരത്ത് ജോലിചെയ്യുന്നവര്‍ അടുത്തയാഴ്ച പെരുമ്പാവൂരിലും ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കോട്ടുമൊക്കെ ജോലിക്കെത്തും. മൊബൈല്‍ ഫോണിന്റെ വ്യാപനവും യാത്രാസൗകര്യങ്ങളുടെ വര്‍ധനയുമൊക്കെയാണ് ഇതിനു കാരണം. കുടിയേറ്റത്തൊഴിലാളികള്‍ മൊബൈല്‍ഫോണ്‍വഴി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ജോലിചെയ്യുന്നിടത്തെക്കാള്‍ അല്പം കൂടുതല്‍ കൂലി മറ്റൊരിടത്തു കിട്ടുമെന്നുകണ്ടാല്‍ അവര്‍ അവിടേക്കു പോകും. ഇങ്ങനെ വേഗത്തില്‍ മാറാന്‍പറ്റുന്നത് ഇവര്‍ക്ക് മോശമല്ലാത്ത കൂലിനല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും തൊഴില്‍വകുപ്പ് അധികൃതര്‍ പറയുന്നു. 

വിദഗ്ധതൊഴിലാളികളായും കുടിയേറ്റക്കാര്‍


തുടക്കം അവിദഗ്ധതൊഴിലാളിയായിട്ടാണെങ്കിലും കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് വൈദഗ്ധ്യമാവശ്യമുള്ള തൊഴില്‍മേഖലകളിലും സാന്നിധ്യമറിയിച്ചുതുടങ്ങിയിട്ടുണ്ട്. വാഹന വര്‍ക്ക് ഷോപ്പുകളിലും വാച്ച് റിപ്പയറിങ് കടകളിലുമൊക്കെ ഇവരുടെ സാന്നിധ്യമുണ്ട്. 70ശതമാനത്തോളംപേരും അവിദഗ്ധതൊഴിലാളികളായാണു ജോലിചെയ്യുന്നത്. എന്നാല്‍, 0.68ശതമാനം പേര്‍ ഇലക്ട്രീഷ്യന്‍മാരായും 3.68ശതമാനംപേര്‍ മേസ്തിരിമാരായും 1.9 ശതമാനംപേര്‍ ആശാരിപ്പണിക്കാരായുമൊക്കെ ജോലിചെയ്യുന്നതായി 'ഗിഫ്റ്റി'ന്റെ പഠനത്തില്‍ കണ്ടെത്തി. മുരാരിയും ബജരംഗിയുംതന്നെ ഉദാഹരണം. അവരുടെ സുഹൃത്തുക്കള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സിമന്റും ഇഷ്ടികയും ഉരുക്കുകമ്പിയുമൊക്കെയായി പോരടിക്കുമ്പോള്‍ മഴയും വെയിലും കൊള്ളാതെ ഇവര്‍ വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്യുന്നു. കമ്പനിയുടെ ഔദ്യോഗികപരിശീലനവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.

വടകര നഗരസഭയില്‍മാത്രം പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടിപാര്‍ലറുകളില്‍ നൂറോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ഈമേഖലയില്‍ നാട്ടില്‍നിന്ന് തൊഴിലാളികളെ കിട്ടാതായതോടെയാണ് ബംഗാളില്‍നിന്നും ഡല്‍ഹിയില്‍നിന്നുമൊക്കെ യുവാക്കളെ എത്തിച്ചുതുടങ്ങിയത്. താമസസൗകര്യവും നല്‍കും. ചെയ്യുന്നജോലിക്കുള്ള നിരക്കിന്റെ പകുതിയാണു പ്രതിഫലം. അതായത് മുടിവെട്ടിയാല്‍ 60രൂപയാണ് പ്രതിഫലമെങ്കില്‍ 30രൂപ തൊഴിലാളിക്ക്. ഫേഷ്യല്‍പോലുള്ള ജോലിക്ക് നിരക്ക് ആയിരംരൂപവരെയാണ്. ഫേഷ്യലിന് പുരുഷന്‍മാര്‍ക്കിടയിലും പ്രചാരംകൂടിയതോടെ ഇവര്‍ക്കും കൊയ്ത്തുകാലമാണ്. ദിവസം 500 രൂപമുതല്‍ ആയിരം രൂപവരെ സമ്പാദിക്കാത്തവര്‍ ഈമേഖലയില്‍ വിരളം. എങ്ങനെപോയാലും മാസം 20,000 രൂപവരെ സമ്പാദിക്കാം. അഞ്ചുവര്‍ഷത്തിലേറെയായി വടകരയില്‍ ജോലിചെയ്യുന്ന ഡല്‍ഹിക്കാരനായ യുവാവും ഇക്കാര്യം സമ്മതിക്കുന്നു.

സ്വന്തമായി ചെറിയ ഹോട്ടലുകളും പെട്ടിക്കടകളുമൊക്കെ നടത്തുന്നവരുമുണ്ട്. ബിഹാറിലെ ബക്‌സര്‍ സ്വദേശിയാണ് ഹരിഹര്‍ പ്രസാദ്. 12വര്‍ഷമായി കേരളത്തിലെത്തിയിട്ട്. അഴീക്കോട് പൊയ്ത്തുംകടവില്‍ കടമുറി വാടകയ്‌ക്കെടുത്ത് ഭക്ഷണശാല നടത്തുകയാണീ യുവാവ്. സമൂസ, ഖാജാ, ജിലേബി തുടങ്ങിയവയാണ് പ്രധാന വിഭവങ്ങള്‍. സമൂസയ്ക്കും ഖാജായ്ക്കും ഒരെണ്ണത്തിന് ഏഴുരൂപയാണ് വില. ജിലേബിക്ക് കിലോഗ്രാമിന് 120രൂപയും. കുടിയേറ്റത്തൊഴിലാളികളാണ് ഹരിഹര്‍ പ്രസാദിന്റെ പ്രധാന ഇടപാടുകാര്‍. തൊഴില്‍രംഗത്തെ ഈ മുന്നേറ്റം അവരുടെ വരുമാനത്തിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. മാസം ശരാശരി 13,000 രൂപവരെ ലാഭമുണ്ടെന്ന് ഹരിഹര്‍ പ്രസാദ് പറഞ്ഞു.

ലഭിക്കുന്ന കൂലിമുഴുവനും കുടിയേറ്റത്തൊഴിലാളികള്‍ ധൂര്‍ത്തടിച്ചുകളയുകയാണെന്നു കരുതേണ്ട. പ്രവാസിമലയാളികള്‍ കേരളത്തിലേക്കയക്കുന്നതുപോലെ നല്ലൊരുപങ്കു തൊഴിലാളികളും എല്ലാ ആഴ്ചയും മോശമല്ലാത്തൊരു തുക സ്വന്തം നാട്ടിലേക്കയക്കുന്നുണ്ട്.

അതേക്കുറിച്ച് നാളെ: കേരളത്തിലേക്ക് 73,000 കോടി,
ഇവിടെനിന്ന് 21,000 കോടി
=======================================

കുടിയേറ്റത്തൊഴിലാളിയുടെ സ്വന്തം കേരളം-3
http://www.mathrubhumi.com/story.php?id=562784

കുടിയേറ്റത്തൊഴിലാളികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതിനുപുറമേ നല്ലൊരു തുക ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകടകള്‍ക്കു മുതല്‍ ഇന്ത്യന്‍ റെയില്‍വേക്കുവരെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കേരളത്തിലേക്ക് 73,000 കോടി; ഇവിടെനിന്ന് 21,000 കോടി


കുടിയേറ്റത്തൊഴിലാളികള്‍ കേരളത്തെ അവരുടെ ഗള്‍ഫാക്കി മാറ്റിയെന്നു തെളിയിക്കുന്നതാണ് പണത്തിന്റെ വരവുംപോക്കും. പ്രവാസിമലയാളികള്‍ സംസ്ഥാനത്തേക്കയയ്ക്കുന്ന പണത്തിന്റെ നാലിലൊന്നിലധികം വരുന്ന തുക കുടിയേറ്റത്തൊഴിലാളികള്‍ ഇവിടെനിന്ന് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസി(സി.ഡി.എസ്.)ന്റെ പഠനപ്രകാരം 2014 മാര്‍ച്ച് ഒന്നുവരെയുള്ള 12 മാസക്കാലം പ്രവാസിമലയാളികള്‍ കേരളത്തിലേക്കയച്ചത് 72,680 കോടി രൂപയാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍(ഗിഫ്റ്റ്) 2013ല്‍ പുറത്തിറക്കിയ പഠനപ്രകാരം കുടിയേറ്റത്തൊഴിലാളികള്‍ 17,500 കോടി രൂപ ഇവിടെനിന്ന് പുറത്തേക്കയയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അതായത് ഒരു തൊഴിലാളി വര്‍ഷം ശരാശരി സ്വന്തം നാട്ടിലേക്കയയ്ക്കുന്നത് 70,000 രൂപ.

കൂലിയും തൊഴിലാളികളുടെ എണ്ണവും കൂടിയതിനാല്‍ പുറത്തേക്കയയ്ക്കുന്ന തുകയിലും വര്‍ധനയുണ്ട്. 'ഗിഫ്റ്റി'ന്റെ തന്നെ പഠനപ്രകാരം ഓരോ വര്‍ഷവും 2.35 ലക്ഷംപേര്‍ പുതുതായി എത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇതനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2015 ആകുമ്പോഴേക്ക് 29.7 ലക്ഷത്തിലെത്തിയിട്ടുണ്ടാവും. ഇവരെക്കൂടി കണക്കിലെടുത്താല്‍ പുറത്തേക്കയയ്ക്കുന്ന തുക ഇപ്പോള്‍ 21,000 കോടിയുടെ അടുത്തെത്തിയിട്ടുണ്ടാവും. സി.ഡി.എസ്സിലെ മുതിര്‍ന്ന ഗവേഷകരായ കെ.സി. സഖറിയയും എസ്. ഇരുദയരാജനും നടത്തിയ പഠനത്തിലാണ് പ്രവാസിമലയാളികള്‍ കേരളത്തിലേക്കയയ്ക്കുന്ന തുക കണക്കാക്കിയത്. 1998 മുതല്‍ തുടര്‍ച്ചയായി ഇവര്‍ കേരള കുടിയേറ്റ സര്‍വേ എന്നപേരില്‍ ഈ പഠനം നടത്തുന്നുണ്ട്. പഠനപ്രകാരം 1996ല്‍ 13,652 കോടി രൂപയാണ് പ്രവാസിമലയാളികള്‍ കേരളത്തിലേക്കയച്ചത്. 2003ല്‍ ഇത് 18,465 കോടി രൂപയായി ഉയര്‍ന്നു. പണപ്പെരുപ്പത്തിന്റെ നിരക്ക് കണക്കാക്കാതെ നോക്കുകയാണെങ്കില്‍ ഏകദേശം ഇതിനടുപ്പിച്ചുള്ള തുകയാണ് കുടിയേറ്റത്തൊഴിലാളികള്‍ പുറത്തേക്കയയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയില്‍ അടുത്തിടെ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 599 ആണ്. ഒരാള്‍ മാസത്തില്‍ ശരാശരി 5,000 രൂപവെച്ച് നാട്ടിലേക്കയയ്ക്കുന്നുവെന്ന് കണക്കാക്കിയാല്‍ ഇവിടെനിന്നുമാത്രം പോകുന്നത് 29.5 ലക്ഷം രൂപയാണ്. ഇത് ഒരു നഗരസഭയിലെ മാത്രംകാര്യം. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളുടെ കണക്കെടുക്കുമ്പോള്‍ തുക കോടികള്‍ കവിയും. കോഴിക്കോട് ജില്ലയാകുമ്പോള്‍ ഇത് പിന്നെയും കൂടും.

ജി.എസ്.ഡി.പി.യുടെ 4.6 ശതമാനം


സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തി(ജി.എസ്.ഡി.പി.)ന്റെ 4.5 ശതമാനംവരുന്ന തുകയാണ് കുടിയേറ്റത്തൊഴിലാളികള്‍വഴി പുറത്തേക്കൊഴുകുന്നത്. 2013-'14 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി. 3,96,282 കോടി രൂപയാണ്. എന്നാല്‍, ഈ ജി.എസ്.ഡി.പി. നിരക്ക് കൈവരിക്കാന്‍ സംസ്ഥാനത്തിന് കുടിയേറ്റത്തൊഴിലാളികളുടെ സംഭാവന ചില്ലറയല്ല. ഇതുമായി താരതമ്യംചെയ്യുമ്പോള്‍ ഇവര്‍ പുറത്തേക്കയയ്ക്കുന്ന തുക അത്രവലുതല്ല. മാത്രമല്ല കൂലിയിനത്തില്‍ ലഭിക്കുന്ന പണത്തിന്റെ നല്ലൊരുഭാഗം അവര്‍ ഇവിടെ ചെലവഴിക്കുന്നുമുണ്ട്.

കഠിനാധ്വാനികള്‍, ആര്‍ക്കും പരാതിയില്ല


മലയാളികളെ അപേക്ഷിച്ച് കുടിയേറ്റത്തൊഴിലാളികള്‍ കഠിനാധ്വാനികളാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ദിവസവും രണ്ടും മൂന്നും ഷിഫ്റ്റ് തുടര്‍ച്ചയായി ജോലിചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല. ആഴ്ചയില്‍ ഒരു ഓഫ് പോലുമെടുക്കാതെ ജോലിചെയ്യുന്നവരുമുണ്ട്. 'ഗിഫ്റ്റി'ന്റെ പഠനത്തില്‍ കണ്ടെത്തിയത് 57.82 ശതമാനം തൊഴിലാളികളും ആഴ്ചയില്‍ ആറുദിവസം ജോലിചെയ്യുന്നവരാണെന്നാണ്. 28.71 ശതമാനം പേര്‍ ഏഴുദിവസവും ജോലിചെയ്യുന്നുണ്ട്.

കുടിയേറ്റത്തൊഴിലാളിയെ ജോലിക്ക് വെക്കുന്നവര്‍ക്കും അവരുടെ അധ്വാനശീലത്തെക്കുറിച്ച് പരാതിയില്ല. മടുപ്പില്ലാതെ ജോലിചെയ്യാന്‍ തയ്യാറാണിവര്‍. കണ്ണൂരിലെ ബ്രദേഴ്‌സ് ചിക്കന്‍ സെന്ററില്‍ ജോലിചെയ്യുന്ന സിറാജ് ഒഡിഷ ബാലേശ്വര്‍ സ്വദേശിയാണ്. രാവിലെ മുതല്‍ ചിക്കന്‍ സെന്ററില്‍ സക്രിയമാണ് സിറാജ്. സിറാജ് എത്തിയതോടെ കോഴിയിറച്ചി ആവശ്യപ്പെടുന്നവര്‍ക്ക് അത് വീട്ടിലെത്തിച്ചുകൊടുക്കാനും മറ്റും തനിക്ക് പുറത്തുപോകാനാകുന്നുണ്ടെന്ന് ചിക്കന്‍ സെന്റര്‍ നടത്തുന്ന അന്‍സാരി പറഞ്ഞു. പത്തുവര്‍ഷത്തോളമായി സിറാജ് കേരളത്തിലെത്തിയിട്ട്. നിര്‍മാണമേഖലയിലും മറ്റുമായി പലയിടങ്ങളില്‍ ജോലിചെയ്ത ശേഷമാണ് ഇവിടെയെത്തിയത്. ദിവസം ശരാശരി 500 രൂപ കൂലിയും ലഭിക്കും. ഇവിടെനിന്ന് വിവാഹംകഴിച്ച സിറാജ് ഇപ്പോള്‍ ഭാര്യവീട്ടിലാണ് താമസം.

കൂലിയും മോശമല്ല

അവിദഗ്ധ, അര്‍ധവിദഗ്ധ കുടിയേറ്റത്തൊഴിലാളിക്ക് ഇന്ന് ദിവസം ശരാശരി 500-600 രൂപ കൂലി ലഭിക്കുന്നുണ്ട്. മേസ്തിരിയാണെങ്കില്‍ 700-800 രൂപ ലഭിക്കും. നിര്‍മാണത്തൊഴിലാളിക്ക് 600-800 രൂപവരെയും. ആയിരവും അതില്‍ക്കൂടുതലും കൂലി വാങ്ങുന്ന അതിവിദഗ്ധ തൊഴിലാളികളും ഇവരുടെ കൂട്ടത്തിലുണ്ട്. നൂറും അതില്‍ത്താഴെയുമുള്ള ദേശീയ കൂലി ശരാശരിയുടെ പത്തുമടങ്ങോളം വരുമിത്.

ബിഹാറിലെ ചപ്ര സ്വദേശിയാണ് മുന്നാ സാഹ. കോണ്‍ക്രീറ്റ് പണിക്കാരനാണ്. ദിവസം 600 രൂപ കൂലി ലഭിക്കുമെന്ന് മുന്നാ സാഹ പറഞ്ഞു. ഭാര്യ യാനിയും മൂന്നു മക്കളും ബിഹാറിലാണ്. മാസം 5,000 രൂപവരെ ഇവര്‍ക്കയച്ചുകൊടുക്കും. ഇടനിലക്കാരുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് പക്ഷേ, മുഴുവന്‍ തുകയും ലഭിക്കണമെന്നില്ല. കൂലിയില്‍ ഒരു വിഹിതം ഇവര്‍ എടുത്തശേഷം ബാക്കിയാവും തൊഴിലാളിക്ക് ലഭിക്കുക.

കോണ്‍ക്രീറ്റ് ജോലി ചെയ്യുന്നവര്‍ക്ക് ഒരിടത്തെ കോണ്‍ക്രീറ്റ് പണിക്ക് 600-700 രൂപ കൂലി കിട്ടും. ഒരു ദിവസം രണ്ടും മൂന്നും സ്ഥലങ്ങളില്‍ ഇവര്‍ ജോലിക്ക് പോകുമെന്ന് വടകരയിലെ ഒരു കരാറുകാരന്‍ വ്യക്തമാക്കി. ദിവസവരുമാനം 1,800 മുതല്‍ 2,000 രൂപ വരെ. പക്ഷേ, എല്ലാ ദിവസവും ജോലി ഉണ്ടാകണമെന്നില്ല. പണിനടക്കുന്ന സ്ഥലത്തേക്കും കെട്ടിടത്തിന്റെ മുകളിലേക്കും ചെങ്കല്ല് മുമ്പ് തലച്ചുമടായി എത്തിച്ചിരുന്നത് നാട്ടിന്‍പുറത്തുകാരായ സ്ത്രീകളായിരുന്നു. ഇന്ന് ഈരംഗം കുടിയേറ്റത്തൊഴിലാളികളുടെ കുത്തകയാണ്. 

ചൂഷണം പ്ലൈവുഡ് മേഖലയില്‍

മറ്റ് മേഖലകളിലൊക്കെ മോശമല്ലാത്ത കൂലി ലഭിക്കുന്നുണ്ടെങ്കിലും ടിമ്പര്‍, പ്ലൈവുഡ് മേഖലയിലെ തൊഴിലാളികള്‍ക്ക് ഇത് നന്നേ കുറവാണ്. 150 രൂപ മുതല്‍ 200 രൂപ വരെയാണ് ഈ മേഖലയിലെ ദിവസക്കൂലി. ഓവര്‍ടൈം ജോലി ചെയ്യുന്നവരും ഈ മേഖലയിലാണ് കൂടുതല്‍. ഓവര്‍ടൈമിന് ഇരട്ടിവേതനം നല്‍കണമെന്നുണ്ടെങ്കിലും ആദ്യ ഷിഫ്റ്റിലെ കൂലി തന്നെയാണ് ഓവര്‍ടൈം ഷിഫ്റ്റിലും നല്‍കുന്നത്. അതായത് എട്ടുമണിക്കൂര്‍ ജോലിക്ക് 200 രൂപ ലഭിക്കുമെങ്കില്‍ 16 മണിക്കൂര്‍ ജോലി ചെയ്താല്‍ 600 രൂപ ലഭിക്കേണ്ടിടത്ത് ലഭിക്കുന്നത് 400 രൂപയും. പ്ലൈവുഡ് മേഖലയില്‍ പലസ്ഥലങ്ങളിലും മിനിമംകൂലി പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ പറഞ്ഞു.

ആന്ധ്രയിലെ ശ്രീകാകുളം സ്വദേശിയാണ് മാതയ്യ. കണ്ണൂരിലെ ഒരു പ്രമുഖ പ്ലൈവുഡ് കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഈ മേഖലയില്‍ 22 വര്‍ഷത്തെ ജോലി പരിചയമുണ്ട്. പക്ഷേ, ലഭിക്കുന്ന കൂലി പരമാവധി 200 രൂപ വരെയാണെന്ന് മാതയ്യ പറഞ്ഞു. ഒഡിഷയിലെ ധെന്‍കനാല്‍ ജില്ലക്കാരനായ ദീപ്തിയും ഇതേ പരിഭവം പങ്കുവെച്ചു. 15 വര്‍ഷമായി ഈ മേഖലയില്‍ പണിയെടുക്കുന്നയാളാണ് ദീപ്തി. മാതയ്യയ്ക്ക് ഭാര്യയും കുട്ടികളുമുണ്ട്. അവര്‍ ആന്ധ്രയിലാണ്. ദീപ്തിയാകട്ടെ അവിവാഹിതനാണ്. നാട്ടില്‍പോയി പെണ്ണന്വേഷിക്കണമെന്നുണ്ടെങ്കിലും കുറഞ്ഞകൂലിയാണ് പിന്നാക്കംവലിക്കുന്നത്. കമ്പനി സൗജന്യതാമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നതും ഇ.എസ്.ഐ., പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്നതുമാണ് ഏക ആശ്വാസം.

പെരുമ്പാവൂര്‍ മേഖലയില്‍ പക്ഷേ, പണി കരാറിനെടുത്താണ് തൊഴിലാളികള്‍ പ്ലൈവുഡ് മേഖലയിലെ ഈ പ്രതിസന്ധി മറികടക്കുന്നത്. തുടക്കത്തില്‍ ഇവിടെയും കൂലിക്കാണ് പണിയെടുത്തിരുന്നത്. അടുത്തകാലത്താണ് കരാര്‍ രീതി വ്യാപകമായത്. ഇത്ര ടണ്‍ മരം പോളയാക്കി പശതേച്ച് ഉണക്കി പ്രസ് ചെയ്ത് പ്ലൈവുഡാക്കാന്‍ ഇത്ര തുക എന്ന നിരക്കില്‍ വിലപേശി കരാറുറപ്പിക്കും. കൂടുതല്‍ ഓര്‍ഡറെടുത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ പണിതീര്‍ക്കും. ദിവസം മുഴുവന്‍ ഫാക്ടറി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കൂലിക്ക് പണിയെടുക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ മൂന്നിരട്ടിവരെ തുക ലഭിക്കുമെന്നതാണ് തൊഴിലാളിയുടെ നേട്ടം. പറഞ്ഞ സമയത്ത് പണിതീരുന്നതും വിലപേശി കരാര്‍ ഉറപ്പിക്കുന്നതുവഴിയുള്ള ലാഭവും ഫാക്ടറി ഉടമയ്ക്കും നേട്ടം. എന്നാല്‍, കരാര്‍ അടിസ്ഥാനത്തില്‍ മാത്രമല്ല കൂലിക്കും നിരവധിപേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടന്ന് സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്‍ പറഞ്ഞു.

സംസ്ഥാനത്ത് കുടിയേറ്റത്തൊഴിലാളികള്‍ ആദ്യമായി എത്തിയ തൊഴില്‍മേഖലയാണ് പ്ലൈവുഡ് വ്യവസായം. മരംമുറിക്കുന്നതിന് നിയന്ത്രണം വന്നതോടെ അസമിലും മറ്റും നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ പൂട്ടിപ്പോയി. ഇതേത്തുടര്‍ന്ന് തൊഴില്‍രഹിതരായവരാണ് എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും പെരുമ്പാവൂരിലെ തടിവ്യവസായമേഖലയിലേക്കും പിന്നീട് വിവിധ സ്ഥലങ്ങളിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കും നീങ്ങിയത്. മറ്റ് മേഖലകളില്‍ ഉയര്‍ന്ന കൂലി ലഭിച്ചുതുടങ്ങിയതോടെ പലരും പ്ലൈവുഡ് മേഖല വിട്ടെങ്കിലും മാതയ്യയെപ്പോലുള്ളവര്‍ അതില്‍ത്തന്നെ തുടരുകയാണ്.

ആഴ്ചയില്‍ 25,000 രൂപവരെ


ആഴ്ചയില്‍ 25,000 രൂപവരെ സ്വന്തം നാട്ടിലേക്കയയ്ക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ പെരുമ്പാവൂര്‍ മേഖലയിലുണ്ട്. പണി കരാറെടുത്ത് ഓവര്‍ടൈം ജോലിചെയ്താണ് പലരും ഈ തുക സമ്പാദിക്കുന്നത്. 'ഗിഫ്റ്റി'ന്റെ പഠന പ്രകാരം 4.76 ശതമാനം തൊഴിലാളികള്‍ മാസം 20,000 രൂപയില്‍ക്കൂടുതല്‍ നാട്ടിലേക്കയയ്ക്കുന്നവരാണ്. 5,000 മുതല്‍ 10,000 രൂപവരെ അയയ്ക്കുന്നവരാണ് കൂടുതല്‍. ഇവരുടെ സംഖ്യ 38.5 ശതമാനം വരും. 24 ശതമാനം പേര്‍ 1,000 മുതല്‍ 5,000 രൂപവരെയാണ് അയയ്ക്കുന്നത്. 10,000 മുതല്‍ 20,000 വരെ അയയ്ക്കുന്നവര്‍ 19.73 ശതമാനമാണ്.

57.69 ശതമാനം പേരും സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പണമയയ്ക്കുന്നവരാണ്. 21.5 ശതമാനം പേര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. പോസ്റ്റ് ഓഫീസ് വഴി അയയ്ക്കുന്നവര്‍ നന്നേ കുറവാണ്; 1.63 ശതമാനം മാത്രം. നാട്ടിലേക്ക് പണമയയ്ക്കാത്തവര്‍ 7.62 ശതമാനം വരും. എസ്.ബി.ഐ. അഴീക്കോട് ശാഖയില്‍ മാത്രം ആഴ്ചയില്‍ ഇരുനൂറോളം തൊഴിലാളികള്‍ പണമയയ്ക്കാനെത്തുന്നുണ്ടെന്ന് മാനേജര്‍ കെ.എം. സമിതശ്രീ പറഞ്ഞു. ഇവരെല്ലാവരും കൂടി മൂന്നുലക്ഷം രൂപ നാട്ടിലേക്കയയ്ക്കുന്നുണ്ട്. അതായത് മാസം 12 ലക്ഷം രൂപ.

ഓരോ ആഴ്ചയിലും ലഭിക്കുന്ന കൂലി ബാങ്കിലോ സമീപത്തെ സഹകരണ സംഘത്തിലോ സൂക്ഷിച്ച ശേഷമാണ് മാസാവസാനം മിക്കവരും പണമയയ്ക്കുന്നത്. നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മിക്കവരും പണം കൈവശം സൂക്ഷിക്കാറില്ല. കുടിയേറ്റത്തൊഴിലാളികളുടെ നിക്ഷേപം ഇപ്പോള്‍ കൂടിയിട്ടുണ്ടന്ന് അഴീക്കോട് സൗത്ത് വനിതാ സഹകരണസംഘം സെക്രട്ടറി പി. പ്രീത പറഞ്ഞു. ''മുമ്പ് മാസം 5,000 രൂപവരെയായിരുന്ന നിക്ഷേപം ഇപ്പോള്‍ 10,000 ആയി ഉയര്‍ന്നിട്ടുണ്ട്'' അവര്‍ പറഞ്ഞു.

ജീവിതച്ചെലവ് കൂടുതല്‍

കേരളത്തില്‍ ജീവിതച്ചെലവ് കൂടുതലാണെന്ന അഭിപ്രായക്കാരാണ് കുടിയേറ്റത്തൊഴിലാളികള്‍. നാട്ടില്‍ അരിയും ആട്ടയുമൊക്കെ കിലോഗ്രാമിന് 15 രൂപയ്ക്കടുത്ത വിലയ്ക്ക് ലഭിക്കും. ഇവിടെയാണെങ്കില്‍ അരിക്ക് 35 രൂപയും ആട്ടയ്ക്ക് 25 രൂപയും നല്‍കണം. അതേപോലെ പരിപ്പിനും പച്ചക്കറിക്കുമൊക്കെ സ്വന്തം സ്ഥലങ്ങളില്‍ ഇത്രയും വിലയില്ലെന്നാണ് ഇവരുടെ പക്ഷം.


പണമയയ്ക്കാന്‍ സി.ഡി.എം.

നാട്ടിലേക്ക് പണമയയ്ക്കാന്‍ കുടിയേറ്റത്തൊഴിലാളികളിലേറെപ്പേരും പ്രയോജനപ്പെടുത്തുന്നത് ബാങ്കുകളിലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളെ. ഇതിന് പ്രധാനമായും ആശ്രയിക്കുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും. സ്വന്തം നാട്ടില്‍ എസ്.ബി.ഐ.ക്ക് ശാഖകളുണ്ടെന്നതാണ് ഇതിനുകാരണം. മുമ്പ് ഗ്രീന്‍ റെമിറ്റന്‍സ് കാര്‍ഡ് ഉപയോഗിച്ചാണ് പണമയച്ചിരുന്നത്. ഇപ്പോള്‍ കാര്‍ഡില്ലാതെയും പണമയയ്ക്കാമെന്ന് എസ്.ബി.ഐ. അസി. ജനറല്‍ മാനേജര്‍ എന്‍. ഷാജി പറഞ്ഞു. കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ ഒരേ അക്കൗണ്ടിലേക്കേ പണമയയ്ക്കാനാവൂ. കാര്‍ഡില്ലാതെയാണെങ്കില്‍ അതേ ബാങ്കിന്റെ ഏത് അക്കൗണ്ടിലേക്കും പണമയയ്ക്കാം.

എസ്.ബി.ഐ. കോഴിക്കോട് ശാഖയില്‍ ദിവസം ശരാശരി 600 പേര്‍ സി.ഡി.എം. വഴി പണമയയ്ക്കുന്നുണ്ട്. ഇതില്‍ 90 ശതമാനവും കുടിയേറ്റത്തൊഴിലാളികളാണെന്നാണ് ബാങ്കിന്റെ കണക്ക്. കുടിയേറ്റത്തൊഴിലാളികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതിനുപുറമേ നല്ലൊരു തുക ഇവിടെ ചെലവഴിക്കുകയുംചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകടകള്‍ക്കു മുതല്‍ ഇന്ത്യന്‍ റെയില്‍വേക്കു വരെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

ഇതേക്കുറിച്ച് നാളെ: വരുമാനം തട്ടുകടകള്‍ക്കു മുതല്‍ റെയില്‍വേക്കുവരെ 
=====================================

കുടിയേറ്റത്തൊഴിലാളിയുടെ സ്വന്തം കേരളം-4
http://www.mathrubhumi.com/story.php?id=563049

പെരുമ്പാവൂര്‍ മേഖലയില്‍ ഒരുദിവസം വിറ്റുപോകുന്ന പൊറോട്ടയുടെ എണ്ണം കേട്ടാല്‍ ആരും ഒന്നുഞെട്ടും. പ്രതിദിനം ശരാശരി അഞ്ചുലക്ഷം പൊറോട്ട. കുടിയേറ്റത്തൊഴിലാളികളാണ് ഈ പൊറോട്ട വിപ്ലവത്തിനുപിന്നില്‍. ഒരു പൊറോട്ടയ്ക്ക് ശരാശരി ഏഴുരൂപ കൂട്ടിയാല്‍ 35 ലക്ഷം രൂപയുടെ കച്ചവടമാണ് ഒരുദിവസം നടക്കുന്നത്. പൊറോട്ടയ്ക്ക് ഇവര്‍ക്ക് കറിയായിവേണ്ടത് സാമ്പാറാണ്. ചോറിനും ഇഡ്ഡലിക്കുമൊക്കെയൊപ്പം ഒഴിച്ചുകൊടുക്കുന്ന സാമ്പാര്‍ 'ഭായി'ക്ക് പക്ഷേ, വെറുതെ ലഭിക്കില്ല. ഒരു ഗ്ലാസ് സാമ്പാറിന് പത്തുരൂപ നല്‍കണം. കുടിയേറ്റത്തൊഴിലാളികള്‍ക്ക് മലയാളികള്‍ സ്‌നേഹപൂര്‍വം നല്‍കിയ വിളിപ്പേരാണ് 'ഭായ്'.

ചപ്പാത്തിയും പരിപ്പും ഉരുളക്കിഴങ്ങും ഉള്ളിയും കഴിച്ചിരുന്ന ഭായിമാരെ ഇന്ന് പൊറോട്ടയുടെ ആരാധകരാക്കിമാറ്റിയതും സാമ്പാറിനുവരെ വിലയീടാക്കുന്നതും മലയാളിയുടെ കച്ചവടമിടുക്ക്. കഴിച്ചാല്‍ മണിക്കൂറുകളോളം വിശപ്പറിയില്ലെന്നതാണ് ഇവരെ പൊറോട്ട പ്രേമികളാക്കിയത്. ദിവസം മൂന്നുനേരമായി 30 പൊറോട്ടവരെ കഴിക്കുന്ന തൊഴിലാളികളുണ്ട്. പൊറോട്ടയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ മലയാളി പതിയെ ഇതില്‍നിന്ന് പിന്മാറുമ്പോഴാണ് ഭായിമാര്‍ ഇതിന്റെ ആരാധകരായതെന്നത് വൈരുധ്യം. കൈകൊണ്ട് മാത്രം പരത്തി ചുട്ടാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും പൊറോട്ട ഉണ്ടാക്കാനാവില്ല. ഇതിന് പരിഹാരമായി ചപ്പാത്തിക്കെന്നപോലെ പൊറോട്ട നിര്‍മിക്കാനും യന്ത്രമെത്തി. പെരുമ്പാവൂര്‍ ടൗണില്‍ മാത്രം ഇത്തരം നാല് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


സാമ്പത്തികമേഖലയ്ക്ക് കുടിയേറ്റത്താങ്ങ്


ഗള്‍ഫില്‍ മലയാളികളുടെ പ്രിയ കുടിയേറ്റകേന്ദ്രം യു.എ.ഇ.യില്‍പ്പെട്ട ദുബായ് ആണെങ്കില്‍ സംസ്ഥാനത്ത് കുടിയേറ്റത്തൊഴിലാളികളുടെ തലസ്ഥാനം പെരുമ്പാവൂരാണ്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഒന്നരലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ദിവസം അഞ്ഞൂറോളം പേര്‍ പുതുതായി എത്തുന്നുമുണ്ട്. മരംമുറിക്കുന്നതിന് നിയന്ത്രണം വന്നതോടെ തടിവ്യവസായം തകരുകയും 13 വര്‍ഷം മുമ്പ് ട്രാവന്‍കൂര്‍ റയോണ്‍സ് പൂട്ടുകയും ചെയ്തതോടെ തകര്‍ന്നടിഞ്ഞ പെരുമ്പാവൂരിന്റെ സമ്പദ്ഘടനയെ ഇന്ന് പിടിച്ചുനിര്‍ത്തുന്നത് കുടിയേറ്റത്തൊഴിലാളികളാണ്.

ഒരുകാലത്ത് കല്ലായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂര്‍. പ്രതാപകാലത്ത് 1500ഓളം തടിമില്ലുകള്‍ ഇവിടെയുണ്ടായിരുന്നു. തടിവ്യവസായം തകര്‍ന്നതോടെ ഇവയെല്ലാം പ്ലൈവുഡ് കമ്പനികളായിമാറി. സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള 1300 പ്ലൈവുഡ് ഫാക്ടറികള്‍ ഇവിടെയുണ്ട്. അംഗത്വമില്ലാത്തവ ഇതിന് പുറമേയാണ്. ഈ പ്ലൈവുഡ് ഫാക്ടറിയിലെ പണിക്കാരായാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികള്‍ ആദ്യമായി പെരുമ്പാവൂരിലെത്തിയത്. പിന്നീട് കായികാധ്വാനം ആവശ്യമുള്ള എല്ലാ മേഖലകളിലേക്കും പടര്‍ന്നുകയറിയ അവര്‍ക്കിന്ന് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനപങ്കുണ്ട്.

വിപണിയിലൊഴുകുന്നത് കോടികള്‍


കുടിയേറ്റത്തൊഴിലാളികള്‍ സമ്പാദിക്കുന്ന തുകയുടെ 60 മുതല്‍ 70 ശതമാനം വരെ ഇവിടെത്തന്നെ ചെലവഴിക്കുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതേപോലെ 30 മുതല്‍ 40 ശതമാനം വരെ തുക സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുമുണ്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠനമനുസരിച്ച് കുടിയേറ്റത്തൊഴിലാളികള്‍ വര്‍ഷം 17,500 കോടി രൂപയാണ് നാട്ടിലേക്കയയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇവര്‍ ശരാശരി 32,500 കോടി രൂപയോളം ഇവിടെ ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ഇതിന്റെ സ്വാധീനമെത്രയെന്ന് ഊഹിക്കുക.

മുറുക്കാന്‍കട മുതല്‍ പലചരക്ക് കടവരെയും പാനിപൂരി ബങ്ക് മുതല്‍ ബാര്‍ ഹോട്ടലുകള്‍ വരെയും വഴിയോരവിപണിമുതല്‍ തുണിക്കടകള്‍ വരെയും മൊബൈല്‍ റീച്ചാര്‍ജിങ് മുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഷോപ്പുകള്‍ വരെയും കുടിയേറ്റത്തൊഴിലാളികളുടെ സ്വാധീനം പ്രകടമാണ്. ഇവര്‍ക്ക് താമസസൗകര്യം നല്‍കുന്നത് വഴിയും നാട്ടുകാര്‍ നല്ല വരുമാനമുണ്ടാക്കുന്നുണ്ട്. ഇവിടെ കടകളില്‍നിന്ന് പണിപഠിച്ചവര്‍ നാട്ടുകാരില്‍നിന്ന് കടകള്‍ ദിവസവാടകയ്‌ക്കെടുത്തുനടത്തുന്ന പ്രവണതയും അടുത്തകാലത്തായി തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡുകളില്‍ പാട്ടും വീഡിയോ ക്ലിപ്പിങ്ങുകളും നിറച്ചുനല്‍കുന്ന കടകളാണിങ്ങനെ ഇവര്‍ ഏറ്റെടുത്ത് നടത്തുന്നത്. അതേപോലെ വഴിയോരവാണിഭത്തിലും കുടിയേറ്റക്കാര്‍ സക്രിയമാണ്.

കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം വ്യാപാരമേഖലയ്ക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്ന് വ്യാപാരിവ്യസായി ഏകോപനസമിതി എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും പെരുമ്പാവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ സി.കെ. അബ്ദുള്ള പറഞ്ഞു. ''വ്യാപാരസ്ഥാപനങ്ങളില്‍ നിരവധി കുടിയേറ്റത്തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇലക്‌ട്രോണിക് ഉത്പന്നങ്ങളും തുണിയും പലചരക്ക് സാധനങ്ങളുമൊക്കെ കൂടുതല്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വഴിയോരവിപണിയില്‍നിന്ന് സാധങ്ങള്‍ വാങ്ങാനാണ് ഇവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. അവിടെ വിലയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ഇവര്‍ വഞ്ചിക്കപ്പെടും. ഗുണമേന്മനോക്കാതെ കാഴ്ചയ്ക്കുള്ള പകിട്ടുമാത്രം വിലയിരുത്തിയാണ് പലരും സാധങ്ങള്‍ വാങ്ങുന്നത്. വഴിയോരവാണിഭം ശക്തിപ്പെടുമ്പോള്‍ നികുതിയടച്ച് നിയമപ്രകാരം കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്'' അദ്ദേഹം അഭിപ്രായപ്പെട്ടു.

പലചരക്ക് കടകളില്‍ പരിപ്പിനും ഉരുളക്കിഴങ്ങിനും പുറമേ കടുകെണ്ണയും സോയച്ചണ്ടിയുമെല്ലാം ഇപ്പോള്‍ സുലഭം. പാന്‍പൂരി, ഭേല്‍പൂരി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും നല്ല വരുമാനമുണ്ട്. ഭായിമാര്‍ക്ക് വാടകയ്ക്ക് താമസസൗകര്യമൊരുക്കിയും നാട്ടുകാര്‍ നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭ്യമാക്കാതെയാണ് ഈ വാടകപ്പരിപാടി. 200 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറിയില്‍ പത്തും ഇരുപതും പേരെ വരെ താമസിപ്പിക്കുന്നുണ്ട്. സ്ഥലസൗകര്യമില്ലെങ്കിലും വാടകയ്ക്ക് കുറവില്ല. രാത്രി പത്തുരൂപ വാടകനല്‍കി കിടക്കാന്‍ മാത്രം സ്ഥലംനല്‍കുന്ന കേന്ദ്രങ്ങളുമുണ്ട്. പെരുമ്പാവൂര്‍ കാളച്ചന്തയ്ക്ക് സമീപം കോഓപ്പറേറ്റീവ് കോളേജ് പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കെട്ടിടം വാടകയ്‌ക്കെടുത്ത സ്വകാര്യവ്യക്തി ഇത്തരമൊരു കേന്ദ്രം നടത്തുന്നുണ്ട്. വൈകിട്ട് പണികഴിഞ്ഞ് വന്നാല്‍ പത്തുരൂപ നല്‍കി കയറിക്കിടക്കാം. രാവിലെ സ്ഥലംകാലിയാക്കിക്കൊള്ളണം.

പി.പി. റോഡിലെ ഭായ് ബസാര്‍


പെരുമ്പാവൂര്‍പുത്തന്‍കുരിശ് റോഡില്‍ ഞായറാഴ്ചയെത്തിയാല്‍ ഏതെങ്കിലും ഉത്തരേന്ത്യന്‍ തെരുവിലെത്തിയ പ്രതീതിയാവും. റോഡിനിരുവശവും വഴിവാണിഭക്കാര്‍ കൈയടക്കിയിട്ടുണ്ടാവും. നോക്കുന്നിടത്തെല്ലാം ബംഗാളികളും അസംകാരും ബിഹാറികളും ഒഡിഷക്കാരും. ബോര്‍ഡുകളില്‍ പേരിനുപോലും മലയാളമുണ്ടാവില്ല. എല്ലാം ഹിന്ദി, ഒറിയ, അസമീസ് തുടങ്ങിയ ഭാഷകളില്‍. വിളിച്ചുപറഞ്ഞ് വില്‍പ്പനയും വിലപേശലുമെല്ലാം തകര്‍ക്കും. സ്ഥലത്തിന്റെ മുഖച്ഛായതന്നെ മാറിയിട്ടുണ്ടാവും. ജീന്‍സും ടിഷര്‍ട്ടും ബര്‍മുഡയുമുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സി.ഡി.കള്‍, ടോര്‍ച്ച്, സ്റ്റീരിയോസെറ്റുകള്‍, കൂളിങ് ഗ്ലാസ്, ചെരിപ്പ്, ഷൂ, ഹെഡ് ഫോണ്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങി ഇവിടെ കിട്ടാത്തതൊന്നുമില്ല. കച്ചവടക്കാരായി മുന്നൂറിലധികം പേരുണ്ടാവും. ഇതാണ് പെരുമ്പാവൂരിലെ ഭായ് ബസാര്‍.

ഭായ് ബസാറില്‍നിന്ന് സാധങ്ങള്‍ വാങ്ങാന്‍ അയല്‍പ്രദേശങ്ങളില്‍നിന്നുവരെ കുടിയേറ്റത്തൊഴിലാളികള്‍ ഇവിടെയെത്തും. നാട്ടുകാര്‍ ഈ ദിവസം ഇവിടേക്ക് വരാറുതന്നെയില്ല. ഇവിടെ മറ്റ് കടകളുള്ള ഗാന്ധി ബസാര്‍ എന്നൊരു ഷോപ്പിങ് കോംപ്ലക്‌സുണ്ട്. ഞായറാഴ്ച ഇവിടെ മറ്റുകടകള്‍ തുറക്കാറില്ല. ഭായ് ബസാറില്‍ കച്ചവടത്തിനെത്തുന്നവര്‍ക്ക് ഷോപ്പുകളുടെ വരാന്ത വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഓരോ ഞായറാഴ്ചയും ലക്ഷങ്ങളുടെ കച്ചവടമാണ് ഭായ് ബസാറില്‍ നടക്കുന്നത്. സി.കെ. അബ്ദുള്ളയെപ്പോലുള്ള വ്യാപാരസംഘടനാ നേതാക്കളുടെ ആശങ്കയ്ക്ക് കാരണവും ഇതുതന്നെ.

മൊബൈല്‍ മാനിയ


ഊണിലും ഉറക്കത്തിലും കുടിയേറ്റത്തൊഴിലാളികളുടെ കൈവശം മൊബൈല്‍ ഫോണുണ്ടാവും. പണിയെടുക്കുമ്പോഴും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിയിരിക്കും. പാട്ട് കേട്ടുകൊണ്ടാണ് പണിയെടുപ്പും ഭക്ഷണംകഴിപ്പുമെല്ലാം. വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കുന്നതിലുപരി പാട്ടുകേള്‍ക്കാനും വീഡിയോ കാണാനുമാണ് മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഓരോ ആഴ്ചയും ലക്ഷങ്ങളുടെ ബിസിനസാണ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടക്കുന്നത്. കുടിയേറ്റത്തൊഴിലാളികളുടെ വരുമാനത്തിന്റെ നല്ലൊരുപങ്കും ചോര്‍ത്തുന്നത് ഈ മൊബൈല്‍ മാനിയ തന്നെ. പെരുമ്പാവൂര്‍ ടൗണില്‍ മാത്രം ചെറുതും വലുതുമായി മുന്നൂറോളം മൊബൈല്‍ ഫോണ്‍ കടകളുണ്ട്. ഞായറാഴ്ചകളില്‍ ഇവിടെമാത്രം നാന്നൂറോളം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്.

ഇഷ്ടംതോന്നുന്ന ഫോണ്‍ എന്ത് വിലകൊടുത്തും ഭായിമാര്‍ വാങ്ങും. വാങ്ങി ദിവസങ്ങള്‍പോലും കഴിഞ്ഞിട്ടില്ലെങ്കിലും ഇഷ്ടം മാറിയാല്‍ ഇത് തിരികെനല്‍കി പുതിയതെടുക്കും. ലാഭം കച്ചവടക്കാര്‍ക്ക്. ഫോണ്‍ റീച്ചാര്‍ജ് ചെയ്തുനല്‍കുന്നതും പാട്ടും വീഡിയോയും കയറ്റിക്കൊടുക്കുന്നതുമാണ് മറ്റൊരു പ്രധാന ബിസിനസ്. ആവശ്യപ്പെടുന്ന ഒറിയ, അസമീസ്, ബിഹാറി പാട്ടുകള്‍ മെമ്മറി കാര്‍ഡില്‍ നിറച്ചുകൊടുക്കാന്‍ നാട്ടുകാരനായ കടയുടമയ്ക്കറിയാത്തതിനാല്‍ മിക്ക കടകളോടും ചേര്‍ന്ന് ഒരു ഭായിയെ കസേരയും കമ്പ്യൂട്ടറും നല്‍കി ഇരുത്തിയിട്ടുണ്ടാവും. സ്വന്തം ഭാഷയിലുള്ള സിനിമയും വീഡിയോ ക്ലിപ്പിങ്ങുകളും തേടിവരുന്നവരുമുണ്ട്. പാട്ടും വീഡിയോ ക്ലിപ്പിങ്ങും കയറ്റിനല്‍കുന്നതിന് 25 രൂപ മുതല്‍ മുകളിലേക്കാണ് നിരക്ക്. താത്പര്യമുള്ളവര്‍ക്ക് ചൂടന്‍ വീഡിയോകളും കിട്ടും. തുക കൂടുതല്‍ നല്‍കണമെന്നുമാത്രം. 

ഹരമായി ബംഗാളി ഗാനമേള


ജൂണ്‍ ആദ്യം പെരുമ്പാവൂരിനടുത്ത് വെങ്ങോല കമ്യൂണിറ്റി ഹാളില്‍ ഒരു ഗാനമേള നടന്നു. ഗായകര്‍ ബംഗാളില്‍നിന്നെത്തിയവരാണ്. പാടിയത് ബംഗാളി, ഒറിയ ഹിറ്റ് ഗാനങ്ങള്‍. ടിക്കറ്റ് വെച്ചായിരുന്നു പരിപാടിയെങ്കിലും ആസ്വാദകര്‍ക്ക് കുറവുണ്ടായില്ല. കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടമായെത്തി. മലയാളി ഗായകരുടെയും സിനിമാതാരങ്ങളുടെയും ഗള്‍ഫ് പരിപാടികള്‍ പോലെ കുടിയേറ്റത്തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടന്ന ആദ്യ കലാപരിപാടികളിലൊന്നായി ഇതിനെ കണക്കാക്കാം. ഇവര്‍ക്കായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടിയുടെ വിജയമെന്ന് കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഇ. നൗഷാദ് പറയുന്നു.

സംസ്ഥാനത്തെ പല സി ക്ലാസ് തിയേറ്ററുകളെ നിലനിര്‍ത്തുന്നതും കുടിയേറ്റത്തൊഴിലാളികളാണ്. ഈ തിയേറ്ററുകളില്‍ ഇവര്‍ക്കായി ഒറിയ, ബംഗാളി സിനിമകളും പ്രദര്‍ശിപ്പിക്കാറുണ്ട്. വളപട്ടണത്തെ വനജ, പെരുമ്പാവൂരിലെ ലക്കി തുടങ്ങിയ തിയേറ്ററുകള്‍ ഉദാഹരണം.

റെയില്‍വേക്കും കൊയ്ത്ത്


കുടിയേറ്റത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള തീവണ്ടികളിലെ സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ ക്ലാസ് യാത്രക്കാരില്‍നിന്ന് സാധാരണ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വരുമാനം റെയില്‍വേക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അധികസൗകര്യങ്ങളൊന്നുമേര്‍പ്പെടുത്താതെയാണ് ഈ വരുമാനവര്‍ധന. 33 ജോഡി ദീര്‍ഘദൂര തീവണ്ടികള്‍ സംസ്ഥാനത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും അഞ്ച് ജോഡി വണ്ടികളെയാണ് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്. കന്യാകുമാരിദിബ്രുഗഢ് കന്യാകുമാരി (15905, 15906), കൊച്ചുവേളിഗുവാഹാട്ടികൊച്ചുവേളി (06336,06335), തിരുവനന്തപുരംഗുവാഹാട്ടിതിരുവനന്തപുരം (12515, 12516), തിരുവനന്തപുരംഗുവാഹാട്ടിതിരുവനന്തപുരം (12507, 12508), തിരുവനന്തപുരംഷാലിമാര്‍തിരുവനന്തപുരം (22641, 22642) എക്‌സ്പ്രസ്സുകളാണവ. ഇതില്‍ ഒരു വണ്ടിയുടെ ഒറ്റയാത്രയില്‍ റെയില്‍വേക്ക് ലഭിക്കുന്ന വരുമാനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

ഉദാഹരണത്തിന് തിരുവനന്തപുരംഗുവാഹാട്ടി എക്‌സ്പ്രസിന്റെ (12515) കാര്യമെടുക്കുക. 75 ബര്‍ത്തുകളും അഞ്ച് ആര്‍.എ.സി.യും വീതമുള്ള പത്ത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും 90 വീതം യാത്രക്കാര്‍ക്ക് കയറാവുന്ന രണ്ട് ജനറല്‍ കോച്ചുകളും 40 പേര്‍ക്ക് വീതം കയറാവുന്ന രണ്ട് എസ്.എല്‍.ആര്‍. കോച്ചുകളുമാണ് ഈ വണ്ടിയിലുള്ളത്. കുടിയേറ്റത്തൊഴിലാളികള്‍ എ.സി. കോച്ചുകളില്‍ കയറാത്തതിനാല്‍ മറ്റുള്ളവയുടെ കാര്യം മാത്രം നോക്കാം. സ്‌ളീപ്പര്‍ ടിക്കറ്റിന് 1005 രൂപയും സാധാരണ രണ്ടാംക്ലാസ് ടിക്കറ്റിന് 595 രൂപയുമാണ് നിരക്ക്. സാധാരണഗതിയില്‍ എല്ലാ യാത്രക്കാരും തിരുവനന്തപുരം മുതല്‍ ഗുവാഹാട്ടി വരെ ടിക്കറ്റെടുത്താല്‍ റെയില്‍വേക്ക് 9.27 ലക്ഷം രൂപയാണ് ലഭിക്കുക.

എന്നാല്‍, യഥാര്‍ഥത്തില്‍ ഓരോ സ്ലീപ്പര്‍ ക്ലാസ് കോച്ചിലും ശരാശരി 50 പേര്‍ വീതം വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായിട്ടുണ്ടാവും. ഇതുവഴി ലഭിക്കുന്നത് 5.03 ലക്ഷം രൂപ. ഇതിന് പുറമേ നൂറോളം പേര്‍ സെക്കന്‍ഡ് ക്ലാസ് ഓപ്പണ്‍ ടിക്കറ്റുമെടുത്ത് ഇതില്‍ക്കയറും. ഇവരില്‍നിന്ന് സ്‌ക്വാഡ് ടി.ടി.ഇ.മാര്‍ 250 രൂപ പിഴയും 150 രൂപ ടിക്കറ്റ് നിരക്കിന്റെ ബാക്കിയും ചേര്‍ത്ത് 400 രൂപവീതം ഈടാക്കി രസീത് നല്‍കും. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിപ്പോകണമെന്ന വ്യവസ്ഥയോടെയാണിത് നല്‍കുന്നതെങ്കിലും ആരും ഇറങ്ങില്ല. ഈ വകയില്‍ 9.95 ലക്ഷം രൂപകിട്ടും. എസ്.എല്‍.ആര്‍. കോച്ചുകളില്‍ ശരാശരി നൂറുപേര്‍ വീതവും ജനറല്‍ കോച്ചുകളില്‍ 250 പേര്‍ വീതവും കയറിയിട്ടുണ്ടാവും. ഇതെല്ലാം കൂട്ടുമ്പോള്‍ വരുമാനം 26.87 ലക്ഷമാവും. അതായത് സാധാരണ ലഭിക്കുന്നതിന്റെ മൂന്നിരട്ടി. യാത്രക്കാരുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകളും കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്‌റ്റേഷനുകളുടെ വ്യത്യാസവും കണക്കിലെടുത്താല്‍ ഇത് അല്പം കൂടുകയോ കുറയുകയോ ചെയ്യാമെന്ന് മാത്രം.

സൂചികുത്താന്‍പോലും ഇടമില്ലാതെയാണ് ഈ ട്രെയിനുകള്‍ കേരളത്തിലേക്ക് വരികയും പോവുകയും ചെയ്യുന്നത്. നരകയാത്രയാണ് ഈ വണ്ടികളില്‍. ടോയ്‌ലറ്റിലും സീറ്റുകള്‍ക്കിടയിലുള്ള സ്ഥലങ്ങളിലുമെല്ലാം യാത്രക്കാര്‍ നിറഞ്ഞിട്ടുണ്ടാവും. ചിലര്‍ മുകളില്‍ ഊഞ്ഞാല്‍കെട്ടി അതിലാണിരിപ്പ്. സ്‌ക്വാഡ് ടി.ടി.ഇ.മാര്‍ പിഴയീടാക്കുന്നതിന്റെ ക്വാട്ട തികയ്ക്കാന്‍ ഈ വണ്ടികള്‍ നോക്കിവെക്കും. മലയാളികളായ യാത്രക്കാര്‍ ഈ വണ്ടികള്‍ കഴിയുന്നതും ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കില്‍ എ.സി. ടിക്കറ്റെടുക്കും. സ്‌ളീപ്പറില്‍ കയറിയാല്‍ കുടുങ്ങിയതുതന്നെ. ഇതില്‍ ഷാലിമാര്‍ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടുദിവസവും മറ്റുള്ളവ ഓരോ ദിവസവുമാണുള്ളത്. ഇവ ദിവസേനയാക്കിയാല്‍ തിരക്ക് കുറയും. യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതിന് പുറമേ റെയില്‍വേക്ക് വരുമാനവും കൂടും. ദിവസേനയുള്ള ആലപ്പുഴധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് തന്നെ ഉദാഹരണം.

No comments:

Post a Comment