Friday, August 29, 2014

ഞാന്‍ എങ്ങനെ ദുവൈസക് ആയി


ഞാന്‍ എങ്ങനെ ദുവൈസക് ആയി എം. എ. അനൂജ് അമേരിക്കയില്‍ പഠിക്കുന്ന സാറാ ദുവൈസക് ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. പേരുകേട്ടാല്‍ റഷ്യന്‍ വിദ്യാര്‍ഥിയാണെന്നു തോന്നുമെങ്കിലും ആളു മലയാളിക്കുട്ടിയാണ്. ആലപ്പുഴ എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് എംഎല്‍എയുടെ മകള്‍. മലയാളിയെങ്കിലും എങ്ങനെ ഈ പേരു വന്നു? സാറ ദുവൈസക് പറയുന്നു


ഞാന്‍ കുട്ടിക്കാലത്തു കേരളത്തിലാണു പഠിച്ചത്. അച്ഛനെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ, തോമസ് ഐസക് എംഎല്‍എ. അമ്മയുടെ പേര് നാടാ ദുവ്വുരി. ആന്ധ്രപ്രദേശ് ആണ് അമ്മയുടെ നാട്. ഞാന്‍ ജനിച്ചപ്പോള്‍ അച്ഛനും അമ്മയും വീതംവെച്ചു തന്നത് അവരുടെ പേരു തന്നെയാണ്. അമ്മയുടെ പേരിനൊപ്പമുള്ള ദുവ്വുരിയുടെ ദുവ് അച്ഛന്റെ പേരിന്റെ രണ്ടാംഭാഗമായ ഐസക്കിനൊപ്പം ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്കു കുടുംബപ്പേരായി- ദുവൈസക്. അങ്ങനെ എന്റെ പേര് സാറ ദുവൈസക് ആയി. അനുജത്തിയുടെ പേര് ഡോറ ദുവൈസക്.

നാട്ടില്‍ ആദര്‍ശം പ്രസംഗിച്ചിട്ടു മക്കളെ വിദേശത്തു പഠിപ്പിക്കുന്ന കമ്യൂണിസ്റ്റു നേതാക്കളെപ്പറ്റി പറയുമ്പോള്‍ സാറാ ദുവൈസക് ചിരിക്കും. സാറ പഠിക്കുന്നതു ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ്. 

 പിതാവ് കേരള ധനമന്ത്രിയായിരുന്നപ്പോള്‍ പഠിക്കാനായി സാറ അമേരിക്കയില്‍ റസ്റ്ററന്റില്‍ എച്ചില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സെക്യൂരിറ്റി ഓഫിസിലെ റിസപ്ഷനിസ്റ്റായും ജോലി ചെയ്തു. ഇവിടെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നതുപോലെ സാറ അമേരിക്കയില്‍ പഠിച്ചിരുന്ന കോളജിലും സമരം ചെയ്തിട്ടുണ്ട്. പഠിക്കാനായി റസ്റ്ററന്റില്‍ ജോലി ചെയ്തപ്പോള്‍ അച്ഛനോടു പണം ചോദിക്കാമായിരുന്നില്ലേയെന്നു ചോദിച്ചാല്‍ സാറയ്ക്കു മറുപടിയുണ്ട്: അച്ഛന്റെ കയ്യില്‍ പണമില്ല. സ്വന്തമായി വീടും സ്ഥലവും ബാങ്ക് അക്കൗണ്ടില്‍ പണവും ഇല്ലാത്ത ഏക എംഎല്‍എ അച്ഛനായിരിക്കും!  

ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാര്‍ നിര്‍മാണ ഫാക്ടറികളിലെ തൊഴിലാളികളുടെ സേവന - വേതന പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യയിലെത്തിയതാണു സാറ. കുറച്ചു ദിവസം അച്ഛനോടൊപ്പം കഴിയാന്‍ കേരളത്തിലുമെത്തി. പതിനൊന്നു വയസ്സുവരെ മാത്രം കേരളത്തില്‍ പഠിച്ച സാറ പക്ഷേ, മലയാളം മറന്നിട്ടില്ല. എല്ലാവര്‍ഷവും സാറയും സഹോദരി ഡോറയും അച്ഛനെക്കാണാന്‍ കേരളത്തിലെത്താറുണ്ട്. 

കേരളവും അമേരിക്കയും കേരളത്തില്‍ എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുന്നുണ്ട്. നമ്മുടെ ജീവിതസാഹചര്യം മികച്ചതാണ്. എന്റെ അമ്മയുടെ വീട് ആന്ധ്രയിലാണ്. അവിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലെ വ്യത്യാസം പ്രകടമാണ്. ഞാന്‍ യുഗാണ്ടയിലും മറ്റും പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്കിടയിലെ സാമൂഹികമായ വ്യത്യാസത്തിനു പുറമേ പോഷകാഹാരക്കുറവും പട്ടിണിയുമൊക്കെ പ്രശ്‌നങ്ങളാണ്. കേരളം പലകാര്യങ്ങളിലും വികസിതരാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇവിടത്തെ കുടുംബശ്രീ സംവിധാനം പോലെ ശക്തമായ ജനങ്ങളുടെ ഒരു സഹകരണശൃംഖല മറ്റൊരിടത്തും കാണാന്‍ കഴിയില്ല. 

അച്ഛന്റെ നേതൃത്വത്തില്‍ മാരാരിക്കുളത്തു നടന്ന പച്ചക്കറിക്കൃഷിയിലെ മുന്നേറ്റവും ആലപ്പുഴയിലെ മാലിന്യ സംസ്‌കരണ പദ്ധതികളും മികച്ചതാണ്. ആലപ്പുഴയില്‍ നടക്കുന്നതുപോലെ മാലിന്യ സംസ്‌കരണ സംവിധാനം ന്യൂയോര്‍ക്കില്‍ ഇല്ല. അവിടെ കേന്ദ്രീകൃതമായി നഗരസഭ മാലിന്യം സംഭരിച്ചു സംസ്‌കരിക്കുകയാണു ചെയ്യുന്നത്. പക്ഷേ, അവര്‍ കൃത്യമായി സംസ്‌കരിക്കുന്നുണ്ട്. അവിടെയും ഇപ്പോള്‍ ആലപ്പുഴയില്‍ ചെയ്യുന്നതുപോലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടി പരീക്ഷണമായി നടത്താന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. നഗരവീടുകളുടെയും ഫðാറ്റുകളുടെയും ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്നതേയുള്ളു അവിടെ. ഇവിടെ അതു നേരത്തെ ആരംഭിച്ചതാണല്ലോ. പക്ഷേ, രാത്രിയില്‍ സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയില്ലെന്ന വിഷമമുണ്ട്.

കേരള രാഷ്ട്രീയം സ്ഥിരമായി കേരളത്തില്‍ നില്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, എത്രത്തോളം സാധ്യമാണെന്നറിയില്ല. അച്ഛനെപ്പോലെ കേരളത്തിലെ രാഷ്ട്രീയനേതാവാകണമെന്നു തോന്നിയിട്ടില്ല. ഞാനും ഒരു ഇടത് അനുഭാവിയാണ്. അച്ഛന്റെ പ്രസ്ഥാനത്തില്‍ നിന്നു സ്ഥാനാര്‍ഥിത്വ വാഗ്ദാനം ലഭിച്ചാല്‍ സ്വീകരിക്കുമോയെന്നു ചോദിച്ചാല്‍ ഉവ്വെന്നും ഇല്ലെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. 

ഭാവിയില്‍ എവിടെ ജീവിക്കുമെന്ന് അറിയില്ലെങ്കിലും അത് അമേരിക്കയ്ക്കു പുറത്താകണമെന്ന് ആഗ്രഹമുണ്ട്. അമേരിക്കയില്‍ സമരം അമേരിക്കയില്‍ ഞാന്‍ ഇടത് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യൂണിയനുകളിലെ അംഗമാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉണ്ട് - യുണൈറ്റഡ് ഫോറം ഓഫ് ഓട്ടൊമൊബൈല്‍ എന്ന സംഘടനയുടെ പോഷക സംഘടനയാണത്.  

അമേരിക്കയിലും ഇടത് ആശയത്തിനു പ്രസക്തിയുണ്ട്. സര്‍വകലാശാല യൂണിയനെ നിരോധിച്ചശേഷം അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് യൂണിയന്‍ വീണ്ടും സജീവമായത്. 99% വിദ്യാര്‍ഥികളും യൂണിയന്‍ വേണമെന്ന് ആവശ്യപ്പെട്ടു. സയന്‍സ് വിദ്യാര്‍ഥികള്‍ക്കു സ്‌റ്റൈപ്പന്‍ഡ് നല്‍കി അമിത ജോലി ചെയ്യിക്കുന്നതിനെതിരെയായിരുന്നു സംഘടന നയിച്ച ഒരു സമരം. ജോലി ചെയ്തിട്ടു പ്രതിഫലം നല്‍കാതിരിക്കുന്നതിന്റെ പേരിലാണ് അവിടെ സാധാരണയായി സമരങ്ങള്‍ ഉണ്ടാകുക. പിന്നെ, പബ്ലിക് സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് കൂടുന്നതിനെതിരെ സമരം ചെയ്യാറുണ്ട്. വോള്‍സ്ട്രീറ്റ് സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ കുറഞ്ഞ വാടകയ്ക്കു താമസിക്കാന്‍ സ്ഥലം ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിനെതിരെയാണു ടെനന്റ്‌സ് യൂണിയന്‍ രൂപീകരിച്ചത്. പുറത്തുനിന്നുള്ളവര്‍ വന്നു കെട്ടിടങ്ങള്‍ വാങ്ങിയിട്ടു മുപ്പതു നാല്‍പതു വര്‍ഷമായി താമസിക്കുന്നവരെ ഓരോ കാരണങ്ങളുണ്ടാക്കി പുറത്താക്കുന്നു. അങ്ങനെ ഒട്ടേറെ കെട്ടിടങ്ങളുണ്ട്. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. ആറു മാസം മുന്‍പ് യൂണിയന്‍ രൂപീകരിച്ചു ഞങ്ങള്‍ പ്രതിരോധിച്ചു. ഞങ്ങളുടെ കെട്ടിടത്തിന്റെ യൂണിയന്‍ പ്രതിനിധി ഞാനാണ്. കഴിഞ്ഞ മഞ്ഞുകാലത്തു ഞങ്ങളുടെ വീടിനു ചൂടു തരാതെ ഇരുപതു ദിവസം കഷ്ടപ്പെടുത്തിയിട്ടുണ്ടു കെട്ടിട ഉടമ. 

പഠിക്കാന്‍ പണിയെടുത്തു ഞാന്‍ പഠിച്ചതെല്ലാം അച്ഛന്റെ പണം ഉപയോഗിച്ചല്ല, സ്‌കോളര്‍ഷിപ് നേടിയാണ്. ബിഎയ്ക്കു കൊളംബിയ സര്‍വകലാശാലയുടെ ബര്‍ണാഡ് കോളജിലാണു പഠിച്ചത്. അവിടെ വിദ്യാഭ്യാസച്ചെലവിന്റെ 75% സ്‌കോളര്‍ഷിപ് കിട്ടും. ബാക്കി ഞാന്‍തന്നെ ലോണെടുത്താണു പഠിച്ചത്. അതിനോടൊപ്പം വൈകിട്ട് അഞ്ചു മുതല്‍ 11 വരെ റസ്റ്ററന്റില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സ്‌കോളര്‍ഷിപ് നേടുന്ന കുട്ടികള്‍ പകുതി സമയം എന്തെങ്കിലും ജോലി ചെയ്യണമെന്നു നിബന്ധനയുള്ളതിനാല്‍ കോളജിലെ സെക്യൂരിറ്റി ഓഫിസില്‍ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. പിഎച്ച്ഡിക്കു പൂര്‍ണമായി സ്‌കോളര്‍ഷിപ് കിട്ടി. 

 കേരളത്തിലെ ഓര്‍മകള്‍ ഞാന്‍ പതിനൊന്നു വയസ്സുവരെ തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തിലാണു പഠിച്ചത്. അതുവരെ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അറിയില്ല. ഡോറ അമേരിക്കയില്‍ കുച്ചിപ്പുഡിയും മോഡേണ്‍ ഡാന്‍സും പഠിക്കുന്നുണ്ട്. ഇപ്പോള്‍ ഫിലോസഫിയാണു പഠിക്കുന്നത്. അമ്മ അമേരിക്കയില്‍ പോയതുകൊണ്ടാണ് ഞങ്ങള്‍ക്കും അവിടേക്കു പോകേണ്ടി വന്നത്. എംഎല്‍എയായ അച്ഛന്‍ ഞാന്‍ അച്ഛന്റെ കൂടെ രണ്ടു ദിവസം പരിപാടികള്‍ക്കു പോയി. അച്ഛന്‍ ഓടി നടന്നു ജോലി ചെയ്യുന്നതുകണ്ടു കൂട്ടത്തില്‍കൂടിയതാണ്. പെട്ടെന്നു തളര്‍ന്നു പോയി. എന്റെ സുഹൃത്ത് ഏരിയലും കൂടെയുണ്ടായിരുന്നു. അവള്‍ അദ്ഭുതപ്പെട്ടു: എങ്ങനെയാ ഒരു മനുഷ്യന് ഇത്രയധികം ജോലി ചെയ്യാന്‍ കഴിയുന്നത്? അച്ഛന്‍ എല്ലാ ചെറിയ ചെറിയ യോഗങ്ങളിലും പങ്കെടുക്കും. അവര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കും. അതിനുള്ള ക്ഷമയുണ്ട്. വലിയ പരിപാടി, ചെറിയ പരിപാടി എന്ന വ്യത്യാസമില്ല.   

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?tabId=14&programId=9958859&BV_ID=%40%40%40&contentId=17466495&contentType=EDITORIAL


No comments:

Post a Comment