കണ്ണൂരില്‍ ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ഭക്തിഗാനങ്ങളുടെയും കാവിക്കൊടികളുടെയും അകമ്പടിയോടെ ആഘോഷിക്കപ്പെട്ടിരുന്ന ഗണേശോത്സവത്തെ വേറിട്ട രീതിയിലാണ് അമ്പാടിമുക്കിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൊണ്ടായിയത്. സിനിമാഗാനങ്ങളും തൂവെള്ളക്കൊടികളുമാണ് സിപിഐഎമ്മുകാരുടെ ഗണേശോത്സവാഘോഷത്തിന് അകമ്പടിയായത്.
ചെഗുവേരയുടെ ഫഌക്‌സ്, സിപിഐഎം പതാക. ഇവയ്ക്കു നടുവില്‍ ഗണപതിയുടെ വിഗ്രഹവുമേന്തിയ വാഹനം. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന സിപിഐഎം പ്രവര്‍ത്തകര്‍. ഇതാണ് അമ്പാടിമുക്കിലെ ഗണേശോത്സവാഘോഷം. ബിജെപി വിട്ടുവെങ്കിലും പഴയ ആചാരങ്ങളും ആഘോഷങ്ങളും മാറ്റിവെക്കാന്‍ ഇവര്‍ തയ്യാറല്ല. നെറ്റിയിലും കയ്യിലുമുള്ള തൂവാലക്കെട്ടുകളുടെ നിറം കാവിയില്‍ നിന്ന് വെള്ളയായി എന്നു മാത്രം. ഭക്തിഗാനങ്ങള്‍ക്കു പകരം അടിപൊളി സിനിമാ പാട്ടുകളും. സിപിഐഎം നിയന്ത്രണത്തിലുള്ള വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എല്ലാം നേരിട്ടു കാണാന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനും സ്ഥലത്തെത്തി.
ഗണേശോത്സവത്തെ ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയാണ് ഇത്തരമൊരു നീക്കമെന്നാണ് സിപിഐഎം ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ ഹൈന്ദവഭൂരിപക്ഷ പ്രീണനത്തിനാണ് സിപിഐഎം ഇതിലൂടെ ശ്രമിക്കുന്നതെന്ന ആരോപണമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സിപിഐഎം നടത്തിയിരുന്നു. ബിജെപി വിട്ടവരെ പാര്‍ട്ടിയിലെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടത്തുന്ന ഗണേശോത്സവാഘോഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തല്‍.
http://www.reporterlive.com/2014/09/01/125964.html