Monday, March 31, 2014

ജനാധിപത്യത്തിന്റെ 'മോദി'വല്‍ക്കരണം


ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് കണ്ണോടിക്കുന്നു -ജെ എസ് മനോജ്

'സംസ്ഥാനമായാല്‍ ഗുജറാത്തായിരിക്കണം. നേതാവായാല്‍ 
നരേന്ദ്ര മോദിയെ പോലെയിരിക്കണം.' കുറെ നാളായി ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണിത്. വരും പൊതുതിരഞ്ഞെടുപ്പിലെ കേന്ദ്ര കഥാപാത്രം മോദി തന്നെ. പുറത്ത് വരുന്ന സര്‍വ്വേകളിലെല്ലാം പ്രധാന മന്ത്രി പദത്തിന് അടുത്ത് നില്‍ക്കുന്നത് മോദിയായിരിക്കാം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായു ള്ള പ്രവര്‍ത്തനമാണ് മോദിയെ ഈ സ്ഥാനത്ത് എത്തിച്ച ത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അമരത്തേക്ക് കയറാന്‍ അദ്ദേഹം ഡ്രസ്സ് റിഹേഴ്‌സല്‍ നടത്തുമ്പോള്‍ മോദിവിരുദ്ധരും അനുകൂലികളും ഉയര്‍ത്തുന്ന വികസനവാദ, വര്‍ഗീയവാദ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില വിവരങ്ങളാണ് ഇവിടെ.
'ജനാധിപത്യം ഒരു ജൈവ വ്യവസ്ഥയാണ്. അത് ഒരു സ്വയം തിരുത്തല്‍ സംവിധാനം കൂടിയാണ്. നിയന്ത്രണങ്ങള്‍ അതില്‍ ആന്തരികമായി അടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകാനുള്ള പ്രക്രിയയും സാധ്യതയും ജനാധിപത്യത്തിലുണ്ട്.'-ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കുറച്ചുനാള്‍ മുമ്പ് നരേന്ദ്ര മോദി പ്രസ്താവിച്ചു.

നിയമസഭ വെറും ചടങ്ങ്


മോദിയുടെ കാലത്ത് ഗുജറാത്തിലെ ജനാധിപത്യ രംഗത്ത് എന്ത് മാറ്റങ്ങളുണ്ടായി?
ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാന ഘടകമായ നിയമസഭയുടെ പ്രവര്‍ത്തനം ഗുജറാത്തില്‍ ഒരു ചടങ്ങായി മാറി. മോദിയുടെ കാലയളവില്‍ ഗുജറാത്ത് നിയമസഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് വര്‍ഷത്തില്‍ ശരാശരി 49 ദിവസം നിയമസഭ ചേരുമായിരുന്നെങ്കില്‍ മോദിയുടെ കാലത്ത് ഇത് 29 ആയി ചുരുങ്ങി. കേരളത്തില്‍ ഇത് ശരാശരി 54 ആണെന്ന് ഓര്‍ക്കണം. '20-25 ദിവസങ്ങള്‍ നീളുന്ന ബജറ്റ സമ്മേളനം. പിന്നെ ഒന്നോ രണ്ടോ ദിവസം നീളുന്ന വര്‍ഷ കാല സമ്മേളനം. കഴിഞ്ഞ കൂറേ കാലമായി ഗുജറാത്ത് സഭ കൂടുന്നത് ഇങ്ങനെയാണ്. അര ദിവസം മാത്രം സഭ കൂടി പിരിഞ്ഞ സമ്മേളനവും ഗുജറാത്ത് നിയമസഭയുടെ ചരിത്രത്തിലുണ്ട്. ഒരിക്കല്‍ ഏതോ മുന്‍ എം.എല്‍.എ.യുടെ ചരമത്തില്‍ അനുശോചിക്കല്‍ മാത്രമായിരുന്നു സമ്മേളനത്തില്‍ ആകെ നടന്ന ബിസിനസ്സ്്- നിയമസഭയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച ഗുജറാത്ത് സോഷ്യല്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് പാണ്ഡ്യ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ്് സോഷ്യല്‍ വാച്ച് 12-ാം സഭയുടെ അവസാന സമ്മേളനം പഠനത്തിന് വിധേയമാക്കിയത്. വളരെ ഗൗരവമേറിയ പലതും പഠനം കണ്ടെത്തി. നരേന്ദ്ര മോദി വലിയ പ്രസംഗകനാണ്. പ്രസംഗത്തിന്റെ കാര്യത്തില്‍ ഇന്ന് അദ്ദേഹത്തെ കഴിഞ്ഞേയുള്ള ഇന്ത്യയിലെ ഏത് നേതാവും. പക്ഷേ നിയമസഭയിലെത്തിയാല്‍ മോദി മൗനിയാണ്. നിയമസഭയിലിരിക്കുന്നത് തന്നെ ചോദ്യോത്തര വേളയില്‍ മാത്രം. പതിനഞ്ചിലേറെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ചോദ്യത്തിനും മറുപടി പറയില്ല. ചോദ്യങ്ങള്‍ക്ക് സഹമന്ത്രിമാരായിരിക്കും മറുപടി പറയുക. ചോദ്യോത്തരവേള കഴിഞ്ഞാല്‍ മോദി ചേംബറിലേക്ക് മടങ്ങും. പിന്നെ ടി.വി.യിലൂടെ സഭാനടപടികള്‍ വീക്ഷിക്കും. ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ച് നിര്‍ദ്ദേശം നല്‍കും. വേണ്ടപ്പോള്‍ ശാസനയും. സോഷ്യല്‍ വാച്ച് നടത്തിയ പഠനത്തില്‍ 25 ദിവസം നീണ്ട ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് വെറും മൂന്നു തവണ മാത്രം. അതില്‍ രണ്ട് തവണ അനുശോചന പ്രമേയം അവതരിപ്പിക്കാനും.

ചോദ്യങ്ങള്‍ക്ക് നിയന്ത്രണം


ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഒരു സംസ്ഥാനത്തുമില്ലാത്ത ചില നിയന്ത്രണങ്ങള്‍ ഗുജറാത്ത് സഭയില്‍ നിലവിലുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വിവരങ്ങള്‍ തേടുന്ന ചോദ്യം എം എല്‍ എല്‍ എ മാര്‍ക്ക് ഉന്നയിക്കാന്‍ പാടില്ല. ജില്ലാതല കണക്കുകള്‍ മാത്രമേ ചോദിക്കാവൂ. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നെന്നോ എത്ര സ്ത്രീ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നോ ഒന്നും ചോദിച്ചുകൂട. ഏതെങ്കിലും ജില്ലയുടെ കണക്ക് മാത്രമേ ചോദിക്കാനാവൂ. ബി ജെ പി അംഗങ്ങളുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് സ്വന്തമായി ചോദ്യങ്ങള്‍ ചോദിക്കാനേ പാടില്ല. സര്‍ക്കാറിന് വേണ്ടുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി ഒരോരുത്തര്‍ക്കായി വിതരണം ചെയ്യും.
2007ല്‍ അതി വിചിത്രമായ ഒരു സംഭവവും ഗുജറാത്തില്‍ അരങ്ങേറി. നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട ഫാറങ്ങള്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കാര്‍ ഇ-മെയില്‍ വഴി അയച്ചുകൊടുത്തു. ശൂന്യമായ ഫാറങ്ങളില്‍ ബി ജെ പി എം എല്‍ എമാരുടെ ഒപ്പ് ശേഖരിച്ച് തിരിച്ചയക്കണമെന്ന നിര്‍ദ്ദേശത്തോടെ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയാതെ ഫാറം കോണ്‍ഗ്രസ് എം എല്‍ എയുടെ പക്കലെത്തി്ച്ചു. ആ എം എല്‍ എ ഫാറം നിയമസഭയിലെത്തിച്ചപ്പോഴാണ് നാടകം ജനം അറിഞ്ഞത്.
പ്രതിപക്ഷ ബഹുമാനം എന്ന പദം സഭയുടെ നിഘണ്ടുവിലില്ല. സഭയില്‍ ആവശ്യത്തിലേറെ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തെ നേരിടുന്നത് ചര്‍ച്ചയിലൂടെയല്ല. സ്പീക്കറെ ഉപയോഗിച്ചാണ്. പ്രതിപക്ഷത്ത്് നിന്ന് ബഹളം ഉണ്ടായാല്‍ പ്രതിപക്ഷാംഗങ്ങളെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്യുന്നത് സഭയില്‍ പതിവാണ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് രണ്ട് ദിവസമാണ് പ്രതിപക്ഷത്തെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരുന്ന ശക്തി സിംഗ് ഗോഹിലിനെ ഒരു ബജറ്റ സമ്മേളനത്തില്‍ പൂര്‍ണമായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത്് ഇവിടെ സാധാരണമാണെന്ന്് നിയമസഭ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാറുള്ള പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പുതിയ ബില്ലുകളുടെ മേല്‍ ഒരിക്കലും പൊതുജനങ്ങളുടെ അഭിപ്രായം തേടാറില്ലെന്ന്് മഹേഷ് പാണ്ഡ്യ ചൂണ്ടിക്കാട്ടുന്നു. കരട് ബില്ലുകള്‍ നിയമസഭയിലെത്തി അതു പോലെ പാസ്സായി പോകുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്ത് സഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സാധാരണ ഈ സ്ഥാനം പ്രതിപക്ഷത്തിനാണ് ലഭിക്കുക. മിക്ക സംസ്ഥാനങ്ങളും ഈ മര്യാദ പാലിക്കാറുണ്ട്. എന്നാല്‍ ഗുജറാത്തില്‍ ഇത്തരം മര്യാദകള്‍ക്കൊന്നും സ്ഥാനമില്ല. ഡെപ്യൂട്ടര്‍ സ്പീക്കറെ നിയമിക്കാതെ ഇൗ മര്യാദയില്‍ നിന്ന് ഒഴിഞ്ഞ മാറി. ഒടുവില്‍ ഇതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇക്കഴിഞ്ഞ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ നടപടി സ്വീകരിച്ചു. മൂന്നാമത്തെ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് ദിവസത്തെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് മൂന്നാം ദിവസം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബി ജെ പിയുടെ തന്നെ മങ്കുഭായ് പട്ടേലിനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പതിവായി സമ്മേളനത്തിന്റെ അവസാനത്തെ ദിവസമേ സഭയില്‍ വെയ്ക്കാറുള്ളു. മിക്കവാറും അത് വെള്ളിയാഴ്ച യായിരിക്കും. വെള്ളിയാഴ്ചകളില്‍ രണ്ട് മണിക്കൂര്‍ മാത്രമേ സഭ സമ്മേളിക്കൂ. അതു കൊണ്ട് കുറെ വര്‍ഷങ്ങളായി സി എ ജി റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ ചര്‍്ച്ച നടക്കാറില്ല. പ്രതിപക്ഷം ആരോപിച്ച അഴിമതികളെക്കുറിച്ച അന്വേഷിച്ച എം. ബി. ഷാ കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ അത് സഭയില്‍ വെച്ചിട്ടില്ല.

മന്ത്രിസഭ വണ്‍മാന്‍ ഷോ


ഗുജറാത്ത് ക്യാബിനെറ്റ് ഒരു വണ്‍ മാന്‍ ഷോയാണ്. പകുതിയിലേറെ വരുന്ന പ്രധാനപ്പെട്ട വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. 2010 ല്‍ തെഹല്‍ക്ക നടത്തിയ ഒരന്വേഷണം കണ്ടെത്തിയത് 29500 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന്റെ 44 ശതമാനവും ചെലവഴിക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പുകളാെണന്നാണ്. അതേ വര്‍ഷം മോദിക്ക് ഏറ്റവും അടുപ്പമുള്ള റവന്യു വകുപ്പ് മന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ബജറ്റിന്റെ മറ്റൊരു 14 ശതമാനവും നിയന്ത്രിച്ചു. മന്ത്രിസഭയിലെ മറ്റാര്‍ക്കും അഭിപ്രായ സ്വാന്ത്ര്യമില്ലെന്നത് ഒരു അരമനരഹസ്യമാണ്. പല മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ എന്താണ് നടക്കുന്നതെന്നു പോലും ചിലപ്പോള്‍ അറിയാറില്ല. മോദിയും സംഘവും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന കര്‍ത്തവ്യം മാത്രമാണ് മിക്ക മന്ത്രിമാര്‍ക്കും. തന്റെ വകുപ്പില്‍ നടപ്പാക്കുന്ന കാര്യം ക്യാബിനെറ്റ് യോഗത്തില്‍വെച്ച്് അറിയാനിടയായ ഒരു മന്ത്രിക്ക് 'ഫീല്‍' ചെയ്ത സംഭവം വരെ ഒരിക്കല്‍ ഉണ്ടായി. ഏഴ് പേര്‍ക്കാണ് ക്യാബിനെറ്റ് പദവി. ഏട്ട് സഹമന്ത്രിമാരും. മോദിയെ എതിര്‍ത്ത് ഒരക്ഷരം പറയാന്‍ കെല്പുള്ളവര്‍ മന്ത്രിയാവില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍തന്നെ ഇപ്പോഴില്ല. എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ (ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ) നിയമിക്കുന്നത് മോദിയായിരിക്കും.

ഒരു ആര്‍ക്കിടെക്ട് യുവതിയുടെ പിന്നാലെ ചാരന്മാരെ വിട്ടത് വിവാദമായപ്പോഴാണ് മോദിയുടെ രഹസ്യാന്വേഷണ വിദ്യകള്‍ വാര്‍ത്തകളിലെത്തിയത്. എന്നാല്‍ ഗാന്ധിനഗറിലെ സച്ചിവാലയ് (സെക്രട്ടേറിയറ്റ്) സദാ ചാരശൃംഘലയുടെ നിരീക്ഷണത്തിലാണെന്ന ഇവിടവുമായി ബന്ധപ്പെട്ട ആര്‍ക്കും അറിയാം. മന്ത്രിമാരും പ്രമുഖ ബ്യൂറോക്രാറ്റുകളും രാഷ്ട്രിയത്തില്‍ ഏതെങ്കിലും വിധത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളവരുമൊക്കെ ചാരക്കണ്ണുകളുടെ കീഴില്‍ കീഴില്‍ വരും.
കോടതി വിധികള്‍ ഒരു വിധത്തിലും മോദി സര്‍ക്കാറിനെ ബാധിക്കാറില്ല. വിധി എന്തായാലും സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ട് പോവില്ല. വിധിയെ മാനിക്കാത്തതിന് ഉദ്യോഗസ്ഥര്‍ കോടതിയുടെ ശകാരം കേട്ട് മാപ്പപേക്ഷിച്ച് മടങ്ങുന്നത് പതിവാണെന്ന് പ്രമുഖ അഭിഭാഷകന്‍ മുകുള്‍ സിന്ഹ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകും. അവിടെയും അനുകൂലമായില്ലെങ്കില്‍ പുന:പരിശോധനാഹര്‍ജി നല്‍കും. പിന്നെയും തോറ്റാല്‍ തിരുത്തല്‍ ഹര്‍ജി പരീക്ഷിച്ച് നോക്കും. കോടതി നടപടികളിലൂടെ സമയം നീട്ടിവാങ്ങുക എന്നതും ലക്ഷ്യമുണ്ടാകും. ലോകായുക്ത കേസിലും പ്രീ-മെട്രിക് സ്്‌കോളര്‍ഷിപ്പ് കേസിലുമൊക്കെ ഈ അടവ് സര്‍ക്കാര്‍ പ്രയോഗിച്ചതാണ്.

നോക്കുകുത്തിയായി കമ്മീഷനുകള്‍


വിവരാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ വെറും പ്രഹസനമാണ്. ഏതാണ്ട് പതിനായിരത്തോളം അപ്പീലുകളാണ് ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മുമ്പാകെ തീര്‍പ്പ് കല്‍പ്പിക്കാനായിയുള്ളത്. ആവശ്യത്തിന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നിയമിക്കാത്തതാണ് പ്രധാന തടസ്സം. ഈ അടുത്ത കാലം വരെ ഒരു കമ്മീഷണറാണ് ഉണ്ടായിരുന്നത്. സമ്മര്‍ദ്ദമേറിയപ്പോള്‍ ഈയിടെ രണ്ടുപേരെ കൂടി നിയമിച്ചു. ഗുജറാത്ത് പോലെ വലിയ സംസ്ഥാനത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും വേണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. താഴെത്തട്ടിലുള്ള ഒരോഫീസില്‍ നിന്നും വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷനില്‍ ചെയര്‍മാനെ നിയമിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്റ്റാഫിനെ നല്‍കിയിട്ടില്ല. ഇതു കാരണം പരാതിയിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത് സ്ഥിതിയാണ്. ( മറ്റ് ചില സംസ്ഥാനങ്ങളിലെ വിവരാവകാസ കമ്മീഷന്‍ ഇങ്ങനെയാണ് - കേരളം: ഒരു ചീഫും 5 കമ്മീഷണര്‍മാരും, തമിഴ്‌നാട് : ഒരു ചീഫും നാല് കമ്മീഷണര്‍മാരും, മഹാരാഷ്ട്ര: ഒരു ചീഫും ആറ് കമ്മീഷണര്‍മാരും, ആന്ധ്രപ്രദേശ്: ഒരു ചീഫും എട്ട് കമ്മീഷണര്‍മാരും, ഉത്തര്‍പ്രദേശ്: ഒരു ചീഫും പത്ത് കമ്മീഷണര്‍മാരും...)
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. പലയിടത്തും ഗ്രാമസഭകള്‍ രേഖകളിലേ ഉള്ളു. സംസ്ഥാനത്തുടനീളം സമരസ് പഞ്ചായത്തുകള്‍ രൂപവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തിരഞ്ഞെടുപ്പ് പ്രക്രിയ ഒഴിവാക്കി നാട്ടുകാരെല്ലാം ചേര്‍ന്ന് വാര്‍ഡ് പ്രതിനിധിയെ തിരഞ്ഞെടുക്കണം. സര്‍പഞ്ചിനെ തിരഞ്ഞെടുക്കുന്നതും ഏകകണ്ഠമായാവണം. ഇതാണ് സമരസ് പഞ്ചായത്തുകള്‍. ഇത്തരം പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് വിഹിതത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. രണ്ടാം തവണയും സമരസ് പഞ്ചായത്തായാല്‍ കൂടുതല്‍ പണം. ഇങ്ങനെയാണ് പ്രോത്സാഹനം. പന്ത്രണ്ട് വര്‍ഷം ശ്രമിച്ചിട്ടും 20 ശതമാനം പഞ്ചായത്തുകള്‍ മാത്രമേ ഇങ്ങനെയായുള്ളു. ഇപ്പോള്‍ താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥരെ കൊണ്ട് സമരസ് പഞ്ചായത്തുകള്‍ക്ക് വേണ്ടി നാട്ടുകാരെ നിര്‍ബന്ധിപ്പിക്കുകയാണ്. നിശ്ചിത എണ്ണം ഉറപ്പാക്കാന്‍ ജീവനക്കാര്‍ പല കളവും പറഞ്ഞ് നാട്ടുകാരെ ഇതിന് പ്രേരിപ്പിക്കുകയാണെന്ന് കോളജ് അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹേമന്ത് ഷാ പറഞ്ഞു. ഗ്രാന്റുകള്‍ കാട്ടി സമരസ് പഞ്ചായത്തുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖ ഭാഷാപണ്ഡിതനും വിമര്‍ശകനുമായ ഗണേശ് ദേവിയും ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ നേരിടാനും മോദിക്ക് പ്രത്യേത ശൈലിയുണ്ട്. പത്ര റിപ്പോര്‍ട്ടര്‍മാരെ കാര്യമായി പരിഗണിക്കാറില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ടി.വി. റിപ്പോര്‍ട്ടര്‍മാരെ ക്ഷണിക്കും, പറയാനുള്ളത്് പറയും. ചോദ്യങ്ങളൊന്നും പാടില്ല. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ സര്‍ക്കാറിന്റെ വക്താവ് പത്രക്കുറിപ്പുമായി പത്രപ്രവര്‍ത്തകരെ കാണും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള അധികാരമില്ല. ആ കുറിപ്പിലുള്ളതും വാങ്ങി മടങ്ങിക്കൊള്ളണം. എതിരായി എഴുതുന്നവരെ ആദ്യകാലങ്ങളില്‍ മോദി തന്നെ നേരിട്ട് വിളിച്ച് വിരട്ടിയിരുന്നു. ഇന്ന് ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ മാത്രമേ മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടാറുള്ളു. മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഗുജറാത്ത് സമാചാറില്‍ പ്രസിദ്ധീകരിച്ചിരുന്ന തന്റെ പംക്തി മൂന്നാത്തെ പതിപ്പോടെ നിര്‍ത്തിച്ചതിന് പിന്നില്‍ മറ്റാരുമല്ലെന്ന് ഹേമന്ത് ഷാ കരുതുന്നു.
പേര് വെളിപ്പെടുത്താതെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ വാക്കുകളെ ഉദ്ധരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകയായ ഷീല ഭട്ട് ഗുജറാത്തിന്റെ അവസ്ഥയെ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്്. 'കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഗുജറാത്തില്‍ എന്താണ് ചെയ്തതെന്ന് ശ്രദ്ധിച്ചു നോക്കു. വളരെ വിദഗ്ദ്ധമായി കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച അവസാനിപ്പിച്ചു. ഗുജറാത്ത്് അസംബ്ലി ഏതാണ്ട് നിശ്ചലാവസ്ഥയിലായി. മിക്കപ്പോഴും ബി ജെ പിയുടെ എം എല്‍ എമാര്‍ പോലും നിയമയസഭയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാറില്ല. മാനേജര്‍മാരും എക്‌സിക്യൂട്ടീവുകളും ഐ.എ.എസുകാരും ഐ.പി.എസുകാരുമടങ്ങുന്ന സ്വന്തം സംഘവുമായാണ് മോദി പ്രവര്‍ത്തിക്കുന്നത്. അതീവ രഹസ്യമാണ് പ്രവര്‍ത്തനങ്ങള്‍. മോദിയുടെ ലക്ഷ്യങ്ങള്‍ സഫലമാക്കുന്ന യഥാര്‍ഥ ശക്തി കേന്ദ്രം ഗാന്ധി നഗറിലുളള മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാരാണ് മോദിയുടെ സേനയിലെ കാലാള്‍പട. അവരുടെ അധികാരം പക്ഷെ ഭരണകക്ഷി എം.എല്‍.എ.മാരെക്കാള്‍ ഉയരെയാണ്. ഗുജറാത്ത് ക്യാബിനെറ്റ വെറും ഒരു റബര്‍ സ്റ്റാമ്പ് മാത്രം.'

സമരത്തെ നേരിടാന്‍ ഏതറ്റം വരെയും

ഗുജറാത്തില്‍ സമരം ചെയ്യാന്‍ ആരും തയ്യാറല്ല. കാരണം സമരക്കാരോട് മോദി ഒരു ദയയും കാട്ടില്ല. അടുത്തകാലത്ത് ഭുമി ഏറ്റെടുക്കലിനെതിരെ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ചെറിയ വാഹനങ്ങളിലും മറ്റും വന്ന കര്‍ഷകരെ വഴിയില്‍ വെച്ച് പോലീസ് വിരട്ടി തിരിച്ചയച്ചിരുന്നു. കോണ്‍ഗ്രസ് ഈയിടെ ആഹ്വാനം ചെയ്ത ബന്ദിന്റെ തലേദിവസം ആയിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്‌ററ് ചെയ്തത്.
മോദിയുടെ കാലത്ത് കണ്ട ഏറ്റവും ശക്തമായ സമരം ബി ജെ പിയുടെ തന്നെ പോഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റേതാണ്. ആ സമരത്തെ പോലും മോദി നേരിട്ടത് ഇരുമ്പ് മുഷ്ടി കൊണ്ടാണ്. കര്‍ഷകര്‍ക്കുള്ള വൈദ്യൂതി നിരക്ക് ഒറ്റയടിക്ക് നാല് മടങ്ങ് വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു സമരം. മാന്യനും ആദര്‍ശവാനുമായ ജെതാഭായി പട്ടേലായിരുന്നു സമരസമിതി കണ്‍വീനര്‍. ആദ്യം സര്‍ക്കാര്‍ സമരത്തെ അവഗണിച്ചു. ഗാന്ധിനഗറിലേക്ക് ലക്ഷങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നപ്പോള്‍ പ്രതിനിധികള്‍ ജെതാഭായിയുമായി ചര്‍ച്ചയ്‌ക്കെത്തി.സമരം അവസാനിപ്പിക്കാനായി പണവും പദവിയും വാഗ്ദാനം ചെയ്തു.
ജെതാഭായി വഴങ്ങുന്നില്ലെന്ന കണ്ടതോടെ ഭീഷണിയായി. ഒരു ലക്ഷത്തിലേറെ കര്‍ഷകരുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിച്ചു. തുടര്‍ന്ന് 300 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ എടുത്തു മാറ്റി. വയറുകള്‍ അഴിച്ചു മാറ്റി. ഇതൊക്കെ ചെയ്തിട്ടും സമരത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. പക്ഷേ മോദി പിന്‍വാങ്ങിയില്ല. ഒരു ദിവസം അഹമ്മദാബാദില്‍ നിന്ന് 150 കി മീ അകലെയുള്ള ഹല്‍വാദ് എന്ന സ്ഥലത്തെ ജെതാഭായിയുടെ വീട് നഗരസഭാധികൃതര്‍ ഒരു കാരണവുമില്ലാതെ ഇടിച്ച് നിരത്തി. ഇതുകൊണ്ടും തീര്‍ന്നില്ല. എം എല്‍ എ ഹോസ്‌ററലിലെ ഒരു മുറിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കിസാന്‍ സംഘിനെ ഒറ്റ രാത്രി കൊണ്ട് പുറത്താക്കുകയും ചെയ്തു. മേശയും അലമാരയും പുസ്തകങ്ങളും മറ്റും വലിച്ച് പുറത്തിട്ടതിന്റെ കൂട്ടത്തില്‍ ഗോല്‍വല്‍ക്കറിന്റെയും ഹെഡ്‌ഗേവറിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നതായി ജെതാഭായി പറഞ്ഞു.


(മാതൃഭൂമിയിടെ അഹ്മദാബാദ് ലേഖകനാണ് മനോജ്)
http://www.mathrubhumi.com/election2014/article.php?id=442411

No comments:

Post a Comment