Wednesday, May 1, 2024

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?

 

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?


കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളില്‍ ഓടിയ അപസര്‍പ്പക കഥയാണു് ലാവ്‌ലിന്‍ ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിന്‍ അഴിമതിആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെനവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്. സി വി പത്മരാജന്‍ , ജി കാര്‍ത്തികേയന്‍ , പിണറായി വിജയന്‍ , എസ് ശര്‍മ്മ , കടവൂര്‍ ശിവദാസന്‍ , ആര്യാടന്‍ മുഹമ്മദ് എന്നീ ഊര്‍ജ്ജമന്ത്രിമാര്‍, കെ കരുണാകരന്‍ ,എ കെ ആന്റണി , ഉമ്മന്‍ ചാണ്ടി , ഇ കെ നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍. വി എസ് അച്യുതാനന്ദന്‍ , ഇ ബാലാനന്ദന്‍ എന്നീ നേതാക്കള്‍. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി. എസ്എന്‍സി ലാവലിന്‍, ടെക്നിക്കാലിയ, ആള്‍സ്റ്റോം, ഭെല്‍ എന്നീ കമ്പനികള്‍. കെഎസ്ഇബി എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അഥോറിറ്റി എന്ന സിഡാ. വിദേശവായ്പ മുതല്‍ സഹായധനം വരെ. അമ്പുകൊള്ളാത്തവരില്ല, കുരുക്കളില്‍. ഞരമ്പുത്രസിപ്പിക്കുന്ന ത്രില്ലര്‍ സ്റ്റോറി വായിക്കുംപോലെയാണു്, ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം. ഈ പ്രശ്നം സംബന്ധിച്ചു് ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കള്ള ഉത്തരങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രശ്നോത്തരിയാണു് ചുവടെ. കേസ് സംബന്ധമായി ഒരു നിലപാടെടുക്കാന്‍ ഇതില്‍ ശ്രമിച്ചിരിക്കുന്നു. യോജിക്കാനും വിയോജിക്കാനുമായി അതു് ഇവിടെയിടുന്നു.



1. എന്താണു് ലാവലിന്‍ കേസിലേക്ക് നയിച്ച കരാര്‍?

ഉ: പള്ളിവാസല്‍ ശെങ്കുളം പന്നിയാര്‍ (PSP) പ്രോജക്റ്റിനു വേണ്ടിയുള്ള കരാറായിരുന്നു അതു്. Black up arrow

2. ആരാണു്, എന്നാണു് ആ കരാര്‍ ഒപ്പുവച്ചതു്‍?

ഉ: കരാറുകള്‍ ഒപ്പുവയ്ക്കുന്നതു് ഉദ്യോഗസ്ഥരാണു്. രാജ്യത്തെയോ സംസ്ഥാനത്തെയോ വകുപ്പുകളെയോ പ്രതിനിധീകരിച്ചു് മന്ത്രിമാര്‍ കരാറുകളില്‍ ഒപ്പിടാറില്ല. വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും കെഎസ്ഇബിയെ പ്രതിനിധീകരിച്ചു് അതാതുകാലത്തെ ചെയര്‍മാന്മാരാണു് ഒപ്പിടാറുള്ളതു്. പിഎസ്‌പി പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നതു് 1996 ഫെബ്രുവരി 24നാണു്. അന്നു് കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍ ആയിരുന്നു, മന്ത്രി. Black up arrow

3. എന്തായിരുന്നു കാര്‍ത്തികേയന്റെ കാലത്തെ കരാര്‍ വ്യവസ്ഥപ്പെടുത്തിയതു്‍?

ഉ: റെനവേഷനായി വാങ്ങേണ്ട സാമഗ്രികളെന്തൊക്കെയെന്നു നിശ്ചയിച്ചു, 1995ലെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ സൂചിതവില നിശ്ചയിച്ചു, അതിനായി സ്വീകരിക്കുന്ന വായ്പയുടെ പലിശനിരക്ക് നിശ്ചയിച്ചു, കരാര്‍ സംബന്ധമായി ഭാവിയിലുണ്ടാവുന്ന തര്‍ക്കങ്ങളുടെയെല്ലാം ആര്‍ബിട്രേഷന്‍ ആദ്യം ഇന്ത്യന്‍ കോടതികളുടെ അധികാരപരിധിക്കു പുറത്തു്, വിദേശ കോടതികളിലാവണം നടത്തേണ്ടതു് എന്ന വ്യവസ്ഥ നിശ്ചയിച്ചു. ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെ കണ്‍സല്‍ട്ടന്‍സി കരാര്‍ വഴി ഏകപക്ഷീയമായി ലാവലിന്‍ കമ്പനിയെ പണി ഏല്‍പ്പിച്ചു. Black up arrow

4 ആരുടെ കാലത്താണു് കരാര്‍ നടപ്പാക്കിയതു്?

ഉ: കാര്‍ത്തികേയന്റെ കാലത്തു് ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ പാലിച്ചു് തുടര്‍ന്നുവന്ന എല്‍ഡിഎഫ്ഗവണ്‍മെന്റിന്റെ കാലത്താണു് പൂര്‍ത്തിയാക്കിയതു്. കണ്‍സല്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകളനുസരിച്ചു് അനുബന്ധമായ സപ്ലൈ കരാര്‍ ഒപ്പിടുന്നതു് എല്‍ഡിഎഫിന്റെ കാലത്താണു്. ജി കാര്‍ത്തികേയന്‍ ലാവലിനുമായേര്‍പ്പെട്ട മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (MoU) പ്രകാരമാണു് സപ്ലൈ കരാര്‍ ലാവലിനു ലഭിക്കുന്നതു്. 1995 ഓഗസ്റ്റ് 10നു് ലാവലിനുമായി കേരളസര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പ്രകാരം കെഎസ്ഇബിയുടെ എല്ലാ പ്രോജക്റ്റുകളുടെയും മാനേജ്മെന്റ് ലാവലിനു് വിട്ടുകൊടുത്തിരുന്നു. 1996 ഫെബ്രുവരി 24നു് ഒപ്പിട്ട രണ്ടാമത്തെ കരാര്‍ അനുസരിച്ചു് മൂന്നുവര്‍ഷത്തിനുള്ളില്‍ പിഎസ്‌പി പ്രോജക്റ്റ് മാനേജ്മെന്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം എന്നിവ ലാവലിനെ ഏല്‍പ്പിച്ചു. ഇതുരണ്ടും ജി കാര്‍ത്തികേയനാണു് ഒപ്പുവയ്ക്കുന്നതു്. അന്നു് പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എ മാത്രമായിരുന്നു. Black up arrow

5. എന്താണു് പിഎസ്‌പി പ്രോജക്റ്റില്‍ സിഎജി കണ്ടെത്തിയ പ്രമാദം?

ഉ: പുതുക്കിപ്പണിയലിനു് (renovation) ചെലവാക്കിയ 374.50 കോടി രൂപയ്ക്കു് ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല. Black up arrow

6. ആനുപാതികനേട്ടമുണ്ടായില്ലെന്നു പറയണമെങ്കില്‍ അതിനു് എന്തെങ്കിലും അളവുകോല്‍ വേണമല്ലോ. എന്തായിരുന്നു ആ അളവുകോല്‍?

ഉ: കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് മുടക്കിയ തുകയും അതില്‍ നിന്നു ലഭ്യമായ ഉത്പാദനവും ആയിരുന്നു അളവുകോല്‍. കേരളത്തിലെ ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും ലാഭകരമായി പവര്‍ ജനറേഷന്‍ നടത്തുന്നു എന്നു സിഎജി പ്രത്യേകം എടുത്ത പറഞ്ഞ പ്രോജക്റ്റ് ആണിതു്. Black up arrow

7. ആരാണു് കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് കരാര്‍ ഒപ്പിട്ടതു്?

ഉ: മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണു് ഒപ്പിടുന്നതു് എന്നു് പറഞ്ഞിരുന്നല്ലോ. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് തുടക്കമിടുന്നതു് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു് സിപിഐ(എം) നേതാവു് പിണറായി വിജയന്‍ വകുപ്പു് കൈകാര്യം ചെയ്യുമ്പോഴാണു്. Black up arrow

8 എങ്ങനെയാണു് ആ കരാര്‍ ഒപ്പിട്ടതു്?

ഉ: എംഒയു റൂട്ട് ഒഴിവാക്കി ആഗോളവ്യാപകമായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചു. ലാവലിനേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത പൊതുമേഖലാ സ്ഥാപനമായ BHELനു് പ്രോജക്റ്റ് നല്‍കി. Black up arrow

9. എന്താണു് ഈ എംഒയു റൂട്ട്?

ജലവൈദ്യുതപദ്ധതികളുടെ നവീകരണം ഭാരിച്ച ചെലവുവരുന്നവയാണു്. വിദേശത്തുനിന്നുള്ള ഉപകരണങ്ങളുടെ ഇറക്കുമതിക്കു് ആവശ്യമായ വിദേശനാണ്യശേഖരം (forex) പോലും അക്കാലത്തു് ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു. ഇതേത്തുടര്‍ന്നു് 1991-96 കാലഘട്ടത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റ് വലിയ പദ്ധതികള്‍ക്കു് ആഗോളടെണ്ടറിനു പകരം ഒരു പുതിയ രീതി ആവിഷ്കരിച്ചു. ആവശ്യത്തിനു ഫണ്ടുള്ളതോ അല്ലെങ്കില്‍ ഫണ്ടോ എയ്ഡോ ലഭ്യമാക്കാന്‍ വഴിയുള്ളതോ ആയ സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്കു് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യാനും വന്‍കിട പദ്ധതികള്‍ നടപ്പാക്കാനുമുള്ള ശേഷിയുണ്ടോയെന്നു് പരിശോധിച്ചു് അവരുമായി ചര്‍ച്ചചെയ്തു് കരാറുണ്ടാക്കി നവീകരണം നടപ്പാക്കാനുള്ള അനുമതിയായിരുന്നു, അതു്. അത്തരം കമ്പനികളുമായി അടിസ്ഥാകാര്യങ്ങളെ സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (ധാരണാപത്രം) ഒപ്പിടുന്നതായിരുന്നു, ആദ്യപടി. ഇതിനെയാണു് എംഒയു റൂട്ട് എന്നു് പറയുന്നതു്. Black up arrow

10. അപ്പോഴത്തെ സാഹചര്യത്തില്‍ എംഒയു റൂട്ട് ശരിയായിരുന്നു, അല്ലേ? 

കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു് കേന്ദ്രം നിര്‍ദ്ദേശിച്ച എംഒയു റൂട്ട് എടുക്കാന്‍ ആന്റണി സര്‍ക്കാര്‍ ആണു് തീരുമാനിക്കുന്നതു്. പൂര്‍ണ്ണമായും ശരി എന്നു പറയാനാവില്ലെങ്കിലും രാഷ്ട്രത്തിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഒരുതരത്തില്‍ അതു് ഒരു അനിവാര്യതയായിരുന്നു എന്നുപറയാം. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ അവസരം പരമാവധി ദുരുപയോഗം ചെയ്യുകയായിരുന്നു. അക്കാലത്തു് ഊര്‍ജ്ജമേഖലയില്‍ തുടക്കംകുറിച്ച 13 പദ്ധതികളും എംഒയു റൂട്ടിലാണു് പോയതു്. അവയില്‍ മൂന്നെണ്ണം ജലവൈദ്യുതപദ്ധതികളുടെ നവീകരണമായിരുന്നു.  Black up arrow

11. എന്തായിരുന്നു എംഒയു റൂട്ടിന്റെ രീതി? പിഎസ്‌പി പദ്ധതിയില്‍ എങ്ങനെയാണു് അതു് നടപ്പാക്കിയതു്?

ഇക്കാര്യങ്ങളെക്കുറിച്ചു് വളരെ വിശദമായി ഡോ. തോമസ് ഐസക് എഴുതിയ ഇനിയെന്ത് ലാവ്‌ലിന്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ടു്. എങ്കിലും ഇവിടെ ചുരുക്കിപ്പറയാം. മൂന്നു് ഘട്ടങ്ങളായിരുന്നു, ഈ രീതിക്കു് പിന്തുടരേണ്ടിയിരുന്നതു്.

  • ൧. കമ്പനിയെ കണ്ടെത്തി പദ്ധതിയുടെ വ്യാപ്തി ചര്‍ച്ച ചെയ്തു് തീര്‍പ്പാക്കിയശേഷം എന്തു പ്രവൃത്തിയാണു് ചെയ്യേണ്ടതെന്നും അവയ്ക്കു് എത്രമാത്രം തുക ചെലവാകുമെന്നും കണക്കാക്കി അതിനാവശ്യമായ ഫണ്ടു് എവിടെനിന്നു് എങ്ങനെ കണ്ടെത്തുമെന്നും ആരാകും കണ്‍സല്‍ട്ടന്റ് സേവനം നല്‍കുകയെന്നും നിശ്ചയിച്ചശേഷം ധാരണാപത്രം ഒപ്പിടുക. (പിഎസ്‌പി പദ്ധതിയുടെ കാര്യത്തില്‍ ഇതു് ജി കാര്‍ത്തികേയന്‍ ആണു് ചെയ്തതു്.)
  • ൨. കണ്‍സല്‍ട്ടന്റിന്റെ സേവനം അംഗീകരിക്കുക. പദ്ധതിയുടെ കണ്‍സെപ്ഷന്‍, ഡിസൈന്‍, ഉപകരണങ്ങള്‍ക്കായുള്ള ടെന്‍ഡര്‍, അവയുടെ വാങ്ങല്‍, സംസ്ഥാപനം, നിര്‍മ്മാണമേല്‍നോട്ടം, പ്ലാന്റിന്റെ കമ്മിഷനിങ്, വിദേശസഹായം സംഘടിപ്പിക്കല്‍ എന്നിവയൊക്കെ കണ്‍സല്‍ട്ടിന്റെ സേവനങ്ങളില്‍ പെടും.

    പിഎസ്‌പി പദ്ധതിക്കായി ഒപ്പുവച്ച ധാരണാപത്രത്തില്‍ ആഗോള ടെണ്ടറിലൂടെ ഉപകരണങ്ങള്‍ വാങ്ങാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നുവേണം ഇവ വാങ്ങാന്‍ എന്നു വ്യക്തമാക്കിയിരുന്നു. ടെണ്ടറിലൂടെ ഇതുവാങ്ങാനുള്ള ഉത്തരവാദിത്വം ലാവലിനെ ഏല്‍പ്പെടുത്തിയിരുന്നു. അവയുടെ സൂചിതവിലയും നിശ്ചയിച്ചിരുന്നു. ഇത്രയും കാര്‍ത്തികേയന്‍ തന്നെയാണു് ഒപ്പുവച്ചതു്.
  • ൩. ഔദ്യോഗികമായി അനുബന്ധകരാര്‍ എന്നു് അറിയപ്പെടുന്ന സപ്ലൈ കരാര്‍. രണ്ടാമത്തെ ഘട്ടം പൂര്‍ണ്ണമായി പിന്തുടര്‍ന്നു എന്നുറപ്പാക്കിയശേഷം വാങ്ങിയ ഉപകരണങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അനുമതി. സര്‍ക്കാരിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു് ശേഷമാവും ബില്‍ പാസ്സാക്കുക. Black up arrow

12. എംഒയു റൂട്ട് അനിവാര്യമായിരുന്നു എന്നു് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. അങ്ങനെയെങ്കില്‍ കാര്‍ത്തികേയന്‍ ആ വഴി തിരഞ്ഞെടുത്തതിനെ കുറ്റം പറയാനാവുമോ?

ജി കാര്‍ത്തികേയന്‍ ലാവലിനുമായി ധാരണാപത്രം ഒപ്പിടുന്നതിനുമുന്നെ കെഎസ്ഇബിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്ന ജനാര്‍ദ്ദനന്‍ പിള്ളയും ആര്‍ ഉണ്ണിക്കൃഷ്ണനും കെ ജി ചന്ദ്രശേഖരനും ഇക്കാര്യം സിബിഐയ്ക്കു് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടു്. താന്‍ ബോര്‍ഡില്‍ നിന്നു പിരിഞ്ഞതിനുശേഷം മാത്രമാണു്, ലാവലിനുമായി കാര്‍ത്തികേയന്‍ കരാറിലേര്‍പ്പെട്ട വിവരം അറിയുന്നതെന്നാണു് ആര്‍ ഉണ്ണിക്കൃഷ്ണന്‍ പറയുന്നതു്.

കേരളത്തിന്റെ വൈദ്യുതമേഖലയെ സംബന്ധിച്ചു് ബോര്‍ഡിന്റെ അനുമതിയില്ലാതെ വകുപ്പുതലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ബോര്‍ഡിന്റെ അടുത്ത സിറ്റിങ്ങില്‍ അറിയിച്ചു് റാറ്റിഫൈ ചെയ്യണമെന്നാണു് നടപ്പു്. എന്നാല്‍ ധാരണാപത്രം ഒപ്പിട്ട ശേഷം ബോര്‍ഡിന്റെ ഇരുപതോളം യോഗങ്ങള്‍ നടന്നെങ്കിലും അതിലൊന്നും ഇക്കാര്യം കാര്‍ത്തികേയന്‍ കൊണ്ടുവന്നിട്ടില്ല. അതായതു് പരിപൂര്‍ണ്ണമായും ബോര്‍ഡിനെ മറച്ചുവച്ചാണു് ഇക്കാര്യങ്ങളെല്ലാം മന്ത്രി ചെയ്തതു്.

കെഎസ്ഇബിയുടെ ഭാഗത്തുനിന്നു് വിശദമായ പഠനമോ റിപ്പോര്‍ട്ടോ ഇല്ലാതെയാണു് കാര്‍ത്തികേയന്‍ ധാരണാപത്രം ഒപ്പിട്ടതെന്നു് ചീഫ് എഞ്ചിനീയര്‍മാരായ എ കെ ഹരിദാസും ജി എച്ച് അയ്യരും സിബിഐക്കു് മൊഴിനല്‍കിയിരുന്നു. നവീകരണം സംബന്ധിച്ച ഒരു ചര്‍ച്ച പോലും നടന്നിരുന്നില്ല എന്നാണു് അവര്‍ രേഖാമൂലം അറിയിച്ചതു്.

കനേഡിയന്‍ അംബാസിഡര്‍ കേരളത്തിലെത്തി ആന്റണിയേയും കാര്‍ത്തികേയനേയും കണ്ടുവെന്നും അതിനുശേഷമാണു് ധാരണാപത്രം ഒപ്പിട്ടതെന്നും ജി കാര്‍ത്തികേയന്‍ 2005ല്‍ സഭയില്‍ സമ്മതിച്ചിട്ടുണ്ടു്. എന്നാല്‍ ഈ യോഗത്തില്‍ എന്താണു് നടന്നതെന്നുള്ളതിനു് ഒരു രേഖയും പുറത്തുവന്നിട്ടില്ല. കാര്‍ത്തികേയനൊട്ടു് വെളിപ്പെടുത്തിയിട്ടുമില്ല. ഇവിടെ ഓര്‍ക്കേണ്ടതു്, തന്നെ സന്ദര്‍ശിച്ച ലാവലിന്‍ പ്രതിനിധികളായ ദിലീപ് രാഹുലന്‍, നാസര്‍ എന്നിവരോടു് പദ്ധതിക്കാര്യങ്ങള്‍ക്കു് കെഎസ്ഇ ബോര്‍ഡിനെ സമീപിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു എന്നതു് അദ്ദേഹത്തിന്റെ guiltനു് തെളിവായി സിബിഐ ഉന്നയിക്കുന്നു എന്നതാണു്. Black up arrow

13. പിഎസ്‌പി പ്രോജക്റ്റ് ശരിക്കും നഷ്ടമായിരുന്നോ?

ഉ: സിഎജി റിപ്പോര്‍ട്ട് അനുസരിച്ചു് പിഎസ്‌പി പ്രോജക്റ്റ് (കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍) മുടക്കിയ തുകയ്ക്കു് ആനുപാതികമായ ലാഭം ഉണ്ടാക്കിയില്ല എന്നാണു് പറയുന്നതു്. ആനുപാതികലാഭം ഉണ്ടായില്ല എന്നു പറയുന്നതു് നഷ്ടമുണ്ടായി എന്ന അര്‍ത്ഥത്തില്‍ ആവണമെന്നില്ല. കാരണം, ഖജനാവിനു് വന്‍നഷ്ടം വരുത്തിയ മറ്റൊരു പ്രോജക്റ്റിനെ കുറിച്ചു് അതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടു്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിന്റെ കാര്യത്തിലാണു് വളരെ വ്യക്തമായി തന്നെ, അതു് സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കി എന്നും പറയുന്നതു്. Black up arrow

14. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും ഒന്നാണോ?

ഉ: അല്ല. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന സി വി പത്മരാജന്റെ നിര്‍ദ്ദേശപ്രകാരമാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് ധാരണാപത്രം ഒപ്പിടുന്നതു്. ധാരണാപത്രം അനുസരിച്ചു് ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പുവയ്ക്കുന്നതു് ജി കാര്‍ത്തികേയന്റെ കാലത്താണു്. അതായതു്, പിഎസ്‌പി ഇടപാടില്‍ പിണറായി വിജയന്‍ ചെയ്ത അതേ കാര്യമാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ കാര്‍ത്തികേയന്‍ ചെയ്തതു്. പിഎസ്‌പി പ്രോജക്റ്റിനു് ലാവലിനുമായി കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന 1996 ഫെബ്രുവരി 24നാണു് കുറ്റ്യാടി എക്സ്റ്റ്ന്‍ഷന്‍ പ്രോജക്റ്റില്‍ ലാവലിനു സപ്ലൈ ഓര്‍ഡര്‍ ലഭിക്കുന്നതു്.

സംസ്ഥാനഖജനാവിനു് പരിപൂര്‍ണ്ണ നഷ്ടമുണ്ടാക്കിയ പദ്ധതിയാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് എന്നു് സിഎജി ആരോപിക്കുന്നു.  ഈ പദ്ധതിക്കായി ചെലവഴിച്ച 201 കോടി രൂപ പൂര്‍ണ്ണമായും നിഷ്ഫലമായി (expenditure of 201 crore rupees was rendered wholly unfruitful) എന്നാണു് സിഎജിയുടെ നിരീക്ഷണം.

അതേ സമയം കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് പിണറായി വിജയന്റെ കാലത്താണു് തുടക്കമിടുന്നതു്. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബഞ്ച്മാര്‍ക്ക് ആക്കിയാണു് സിഎജി സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികള്‍ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതു്.  Black up arrow

15. അങ്ങനെയെങ്കില്‍ കാര്‍ത്തികേയനെതിരെയല്ലേ, ശരിക്കും അന്വേഷണം വരേണ്ടിയിരുന്നതു്?

ഉ: കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനെക്കുറിച്ചു് ഇതേവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പിഎസ്‌പി പദ്ധതി മാത്രമാണു് സിബിഐ അന്വേഷിക്കുന്നതു്. 'founder of the conspiracy' (ഗൂഢാലോചനയുടെ സ്ഥാപകന്‍) എന്നാണു് സിബിഐ റിപ്പോര്‍ട്ടില്‍ ജി കാര്‍ത്തികേയനെ വിശേഷിപ്പിക്കുന്നതു്. കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചന പിണറായി വിജയന്‍ പൂര്‍ത്തിയാക്കി എന്നാണു് സിബിഐ വാദം. പക്ഷെ ഗൂഢാലോചന തുടങ്ങിവച്ച കാര്‍ത്തികേയന്‍ ഈ പദ്ധതിയില്‍ നിന്നു സ്വകാര്യലാഭം ഉണ്ടാക്കിയതിനു തെളിവില്ല എന്ന ന്യായം പറഞ്ഞാണു് അദ്ദേഹത്തെ സിബിഐ കുറ്റപത്രത്തില്‍ നിന്നു് ഒഴിവാക്കിയതു്. Black up arrow

16. അപ്പോള്‍ പിണറായി വിജയന്‍ സ്വകാര്യലാഭമുണ്ടാക്കിയതിനു് തെളിവുണ്ടാവും, അല്ലേ?

ഇങ്ങനെയൊരു തെളിവു് പിണറായി വിജയനെതിരെയും ഇല്ലെങ്കിലും സപ്ലൈ ഓര്‍ഡര്‍ നല്‍കിയതു് അദ്ദേഹത്തിന്റെ കാലത്തായതിനാല്‍ സംസ്ഥാനത്തിനു് നഷ്ടം സംഭവിച്ചതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നാണു് സിബിഐ പറഞ്ഞുവയ്ക്കുന്നതു്.

അതേസമയം സംസ്ഥാനഖജനാവിനു പരിപൂര്‍ണ്ണ നഷ്ടം വന്ന കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് പൂര്‍ണ്ണമായും കാര്‍ത്തികേയന്റെ കാലത്തുതന്നെ പൂര്‍ത്തികരിച്ചതായിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങിവച്ച സി വി പത്മരാജനോ ലാവലിനു് ടെന്‍ഡര്‍ കൂടാതെ സപ്ലൈ ഓര്‍ഡര്‍ നല്‍കിയ ജി കാര്‍ത്തികേയനോ എതിരെ അന്വേഷണമോ കണ്ടെത്തലോ ഇല്ല. ആനുപാതിക ഗുണം ഇല്ലാതിരുന്ന പിഎസ്‌പി പ്രോജക്റ്റിലാവട്ടെ, കാര്‍ത്തികേയന്‍ നിശ്ചയിച്ചതിലും മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറില്‍ ഉള്‍ച്ചേര്‍ത്തു് സംസ്ഥാനത്തിനു് ഗുണമുണ്ടാക്കിയ ആള്‍ക്കെതിരെയാണു് അഴിമതിയാരോപണവും അന്വേഷണവും. കുരുക്കിനു ചേരുന്ന കഴുത്തുള്ളതിനാല്‍ തൂക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന നാടോടിക്കഥയിലെ ഗോവര്‍ദ്ധന്റെ സ്ഥാനത്താണു് ഈ കേസില്‍ പിണറായി വിജയന്റെ സ്ഥാനം. Black up arrow

17. സിഎജി ചൂണ്ടിക്കാട്ടിയ, കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ നഷ്ടം വിവാദമായിരുന്നോ?

ഈ പരാമര്‍ശത്തിനു് വേണ്ടത്ര മാദ്ധ്യമശ്രദ്ധ ലഭിച്ചില്ല. കാര്‍ത്തികേയനെ ആരും കുറ്റ്യാടിക്കള്ളന്‍ എന്നു വിളിക്കുന്നില്ല. ഖജനാവിനു് 201 കോടിയുടെ നഷ്ടം വരുത്തിയതിനു് (ചെലവാക്കിയ തുകയ്ക്കു് അനുസൃതമായ മെച്ചമുണ്ടാകാത്തതിനുപോലുമല്ല) കാര്‍ത്തികേയനെതിരെ കേസുമില്ല. Black up arrow

18. കാര്‍ത്തികേയന്‍ തുടങ്ങിവച്ച പിഎസ്‌പി പ്രോജക്റ്റിന്റെ ധാരണാപത്രത്തില്‍ പിണറായി വിജയന്‍ വരുത്തിയ മാറ്റമെന്താണു്?

ഉ: ധാരണാപത്രത്തില്‍ നല്‍കിയിരുന്ന സൂചിതവിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ടു് പരിശോധിപ്പിച്ചു് അതു് അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്നു് ഉറപ്പാക്കി. കരാര്‍ സംസ്ഥാനതാത്പര്യങ്ങള്‍ക്കു് കഴിയുന്നത്ര ഗുണകരമാക്കാന്‍ ലാവലിന്‍ കമ്പനിയുമായും കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും ചര്‍ച്ച നടത്തി. അവര്‍ പുതിയ സര്‍ക്കാരിന്റെ ആവശ്യത്തിനു് വഴങ്ങാന്‍ നിയമപരമായി ബാധ്യതയില്ലായിരുന്നിട്ടുകൂടി പദ്ധതിക്കു് ആവശ്യമായ സാമഗ്രികള്‍ക്കു് സൂചിതവിലയില്‍ നിന്നു് 32 കോടി രൂപയോളം കുറച്ചുനല്‍കിയാല്‍ മതിയെന്നു് സമ്മതിച്ചു (പലിശ കണക്കിലെടുക്കാതെയുള്ള തുകയാണിതു്). ലാവലിന്റെ കണ്‍സല്‍ട്ടന്‍സി ഫീസ് ഗണ്യമായി കുറപ്പിച്ചു. ഉറപ്പിച്ച വിലകളെല്ലാം കരാര്‍ തീരുംവരെ, പണപ്പെരുപ്പത്തെ ബാധിക്കാതെ ഇതേ നിലയില്‍ തുടരുമെന്നു് വ്യവസ്ഥപ്പെടുത്തി. (not indexed to inflation but kept at old prices until such time that the projects are completed). പദ്ധതിക്കായി സ്വീകരിക്കുന്ന വായ്പയ്‍ക്കു് മേലുള്ള പലിശ നിരക്കും വെട്ടിക്കുറച്ചു. (പട്ടിക കാണുക) Black up arrow

ഇനംയുഡിഎഫ് കാലംഎല്‍ഡിഫ് കാലം
ഉപകരണവില157 കോടി131 കോടി
കണ്‍സല്‍ട്ടന്‍സി ഫീ24 കോടി17 കോടി
പലിശ7.8%6.8%
കമ്മിറ്റ്മെന്റ് ചാര്‍ജ്ജ്0.5%0.375%
അഡ്മിനിസ്ട്രേഷന്‍ ഫീ0.75%0.5%
എക്സ്പോഷന്‍ ഫീ5.8% - 6.25%4.76%
സാമൂഹ്യാവശ്യങ്ങള്‍ക്കുള്ള
ഗ്രാന്‍ഡ്
46 കോടി

98 കോടി

Black up arrow

19. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കാമെന്ന വാഗ്ദാനം ഇതിനിടയില്‍ എവിടെയാണു് വരുന്നതു്? വൈദ്യുതിവകുപ്പിനെന്താണു് ആശുപത്രിനിര്‍മ്മാണത്തില്‍ കാര്യം?

ഊര്‍ജ്ജവകുപ്പും ആശുപത്രിയുമായി പ്രത്യക്ഷബന്ധമില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കോര്‍പ്പറേറ്റ് സോഷ്ല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ലാവലിന്‍ നടപ്പാക്കിയതുമല്ല. പിഎസ്‌പി നവീകരണക്കരാറിന്റെ പ്രതിഫലമായി ഈ ഗ്രാന്‍ഡിനെ കാണുന്നതിലും അര്‍ത്ഥമില്ല. ഏതെങ്കിലും തരത്തിലുള്ള ഡിസ്ക്കൗണ്ട് ലാവ്‌ലിൻ നൽകിയതുമല്ല

കനേഡിയന്‍ കോര്‍പ്പറേറ്റുകള്‍ക്കു് വിദേശത്തു് വലിയ പ്രോജക്റ്റുകള്‍ കിട്ടുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ഏജന്‍സിയായ CIDA (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അഥോറിറ്റി) നല്‍കുന്ന എയ്ഡ് ആണതു്. തെരഞ്ഞെടുത്ത സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വികസിതരാഷ്ട്രങ്ങള്‍ അവികസിതരാഷ്ട്രങ്ങള്‍ക്ക് സഹായം നല്‍കുന്ന പതിവുണ്ടു്. അതില്‍ പെടുന്നതാണു്, ഇതും.

സി വി പത്മരാജന്റെ കാലത്തു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് ധാരണാപത്രം ഒപ്പിടുമ്പോഴാണു് ഇത്തരമൊരു എയ്ഡിന്റെ സാധ്യതയെക്കുറിച്ചു് കമ്പനി അറിയിക്കുന്നതു്. ആ പദ്ധതിക്കാലത്തു് വൈദ്യുതവിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു് ഗ്രാന്‍ഡ് ലഭിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ടതു്, ഈ ഗ്രാന്‍ഡ് സംബന്ധിച്ചു് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് പോയിട്ടു് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് പോലും ഒപ്പിടാന്‍ കേരളസര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല എന്നതാണു്. എങ്കിലും ലാവലിന്റെ വാഗ്ദാനം പോലെ പണിനടന്നിരുന്നു.

തുടര്‍ന്നു് പിഎസ്‌പി പദ്ധതിയുടെ ആരംഭത്തില്‍ ജി കാര്‍ത്തികേയന്‍ കേരളത്തില്‍ ആശുപത്രി, ടെക്നിക്കല്‍ ട്രെയിനിങ് കോളജ്, ജലശുദ്ധീകരണ പ്ലാന്റ്, പദ്ധതിപ്രദേശത്തെ റോഡുകളുടെ പുനരുദ്ധാരണം, കുടിവെള്ളപദ്ധതി തുടങ്ങിയവയ്ക്കു് 46 കോടി രൂപ ഗ്രാന്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ടു് 1996 മാര്‍ച്ചില്‍ എസ്എന്‍സി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനു് കത്തെഴുതി. ഈ കത്തു് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എങ്കിലും ഇക്കാര്യത്തില്‍ കാര്‍ത്തികേയന്‍ ഒരുറപ്പും സമ്പാദിച്ചിരുന്നില്ല.

എന്നാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തു് മുഖ്യമന്ത്രി നായനാരും ഊര്‍ജ്ജമന്ത്രി പിണറായി വിജയനും കാനഡയില്‍ ചെന്നു് ചര്‍ച്ച നടത്തിയപ്പോള്‍ ഈ സഹായവാഗ്ദ്ധാനത്തിന്റെ കാര്യം എടുത്തിടുകയും അതേത്തുടര്‍ന്നു് ക്യാനഡയില്‍ വിവിധ സ്രോതസുകളില്‍ നിന്നായി സംഭാവന പിരിച്ചു് 98 കോടി രൂപ മുടക്കി മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ പണിതുനല്‍കാനുള്ള സന്നദ്ധത ലാവലിന്‍ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംസിസിക്കായി പ്രത്യേക ധാരണാപത്രവും ഒപ്പിട്ടു. ആശുപത്രി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എങ്ങനെയൊക്കെയാവണം പണം ചെലവഴിക്കേണ്ടതു് എന്നു വ്യക്തമാക്കുന്നതായിരുന്നു, ധാരണാപത്രം.

ആശുപത്രി സ്ഥാപിക്കുന്ന സ്ഥലം തിരഞ്ഞെടുത്തതില്‍ അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിലെ മന്ത്രി എന്ന നിലയില്‍ പിണറായി വിജയനു് കൂട്ടുത്തരവാദിത്വമുണ്ടു്. മുന്‍സര്‍ക്കാരിന്റെ കാലത്തു് യാതൊരു ഉറപ്പും വാങ്ങാതെയിരുന്ന ഒരു കാര്യത്തില്‍ ധാരണാപത്രം തന്നെ ഒപ്പിടാനും അതുവഴി സംസ്ഥാനത്തിനു് നഷ്ടമാകുമായിരുന്ന ഒരു പ്രോജക്റ്റ് നടപ്പാക്കാനും ഇടയാക്കുക എന്ന കുറ്റവും ഇതുവഴി പിണറായി വിജയന്‍ അനുവര്‍ത്തിച്ചിട്ടുണ്ടു്. Black up arrow

20. സര്‍ക്കാരിന്റെ ബാധ്യതകള്‍ ലഘൂകരിക്കയും കമ്പനിക്കു് അധികബാധ്യതകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നതിനു് ഏതെങ്കിലും കമ്പനി മന്ത്രിക്കു് കോഴ നല്‍കുമോ?

ഉ: ശരിയായ ചോദ്യം. ലാവലിന്‍ കമ്പനി പിണറായി വിജയനു് കോഴ നല്‍കിയതായി സിബിഐയോ അതിനുമുമ്പു് ഈ കേസ് അന്വേഷിച്ച വിജിലന്‍സോ കണ്ടെത്തിയിട്ടില്ല. അവര്‍ക്കു് അങ്ങനെയൊരു ആരോപണവുമില്ല. Black up arrow

21. ലാവലിനില്‍ നിന്നു കിട്ടിയ കോഴപ്പണം പിണറായി വിദേശത്തു് നിക്ഷേപിച്ചു എന്നാണല്ലോ ക്രൈം നന്ദകുമാറിന്റെ ആരോപണം?

ഉ: ലാവലിനില്‍ നിന്നു 'ലഭിച്ച' kickback ഉപയോഗിച്ചു് സിങ്കപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനി സ്ഥാപിച്ചു് പിണറായി വിജയന്‍ പണം വെട്ടിച്ചു എന്നാണു് ക്രൈം ആരോപിച്ചതു്. ആ പണം കൈരളി തുടങ്ങാന്‍ ഉപയോഗിച്ചു എന്നും പറഞ്ഞുപരത്തി. എന്നാല്‍ അന്വേഷണത്തില്‍ ഇങ്ങനെയൊരു കമ്പനി ഒരുകാലത്തും സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നു് വെളിവായി.

ഈ കമ്പനിയുടെ ആവശ്യത്തിനായി പിണറായി നൂറിലേറെത്തവണ സിങ്കപ്പൂര്‍ യാത്ര നടത്തി എന്നായിരുന്നു മറ്റൊരാരോപണം. പിണറായി വിജയന്റെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചതില്‍ നിന്നു് ഈ ആരോപണം ഭാവന മാത്രമാണെന്നു തെളിഞ്ഞു. കൈരളി ലിമിറ്റഡ് കമ്പനിയായതിനാല്‍ അതിലെ ഓഹരിപങ്കാളിത്തം മറച്ചുവയ്ക്കാനാവില്ല എന്ന വസ്തുതയും ഈ ആരോപണമുന്നയിച്ചവര്‍ കണക്കിലെടുത്തില്ല.

ഈ പണമുപയോഗിച്ചാണു് പിണറായി വിജയന്‍ വീടുവച്ചതു് എന്നായിരുന്നു അടുത്ത ആരോപണം. പിണറായി വിജയന്‍ പുതിയ വീടുവയ്ക്കുകയല്ല, നിലവിലുണ്ടായിരുന്ന വീടു് പുതുക്കിപ്പണിയുകയാണു് ചെയ്തതു്. അതിനായി എടുത്ത വായ്പകളുടെ രേഖകളും ചെലവുകണക്കും ഹാജരാക്കിയതോടെ ആ ആരോപണവും അസ്തമിച്ചു. Black up arrow

22. വീടുപണിയാന്‍ ചെലവായ തുക എങ്ങനെയാണു് കണ്ടെത്തിയതു്?

ഉ: ഇതു് വാസ്തവത്തില്‍ പിണറായി വിജയന്റെ സ്വകാര്യതയെ ലംഘിക്കുന്ന ചോദ്യമാണു്. കേരളത്തിലെ വേറെ ഏതെങ്കിലും നേതാവിന്റെ വീടിനെ സംബന്ധിച്ചു് ഇത്രമാത്രം ആകാംക്ഷയുണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. പിണറായി വിജയന്റെ കൊട്ടാരം എന്നുപറഞ്ഞു് ഒരു വിദേശമലയാളിയുടെ വീടിന്റെ ചിത്രംവരെ വച്ചു് പ്രചാരണം നടന്നിരിക്കുന്നു. വീടുകാണാന്‍ പോയതിനു് രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കി എന്ന ആരോപണത്തില്‍ നിന്നാണു് ആര്‍എംപിയുടെ രൂപീകരണത്തിലേക്കു് വളരുന്ന സംഭവങ്ങളുടെ തുടക്കം. ചുരുക്കത്തില്‍ സിപിഐ(എം)നെ തകര്‍ക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ കെട്ടിപ്പൊക്കിയ ഊഹാപോഹങ്ങളുടെ പുകമറയിലാണു് ഈ വീടിന്റെ സ്ഥാനം.

പുതുതായി വീടുവയ്ക്കുകയല്ല, ഉള്ളവീടു് പുതുക്കിപ്പണിയുകയാണു് ചെയ്തതെന്നു് നേരത്തെ പറഞ്ഞു.  ഇതിനായി 5,60,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലശ്ശേരി ബ്രാഞ്ചില്‍ നിന്നും 1,98,000 രൂപ ഭാര്യയുടെ പിഎഫില്‍ നിന്നും 2,00,000 രൂപ മകള്‍ വീണ തായക്കണ്ടിയുടെ അക്കൌണ്ടില്‍ ബാംഗ്ലൂരെ HDFCയില്‍ നിന്നും 1,42,000 രൂപ അവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ നിക്ഷേപത്തില്‍ നിന്നുമായി ശേഖരിച്ചാണു് 11,00,000 (പതിനൊന്നുലക്ഷം) രൂപ മുടക്കി വീടു് റെനവേറ്റ് ചെയ്തതു്. കണ്ണൂര്‍ ജില്ലയിലെ വേങ്ങോട് പഞ്ചായത്തില്‍ 1977ല്‍ പണിത പഴയവീടാണു് ഇത്രയും തുകയ്ക്കു് പുതുക്കിപ്പണിതതു്. ലാവലിനില്‍നിന്നു വന്‍തുക കോഴവാങ്ങിയയാള്‍ക്കു് വീടു പുതുക്കിപ്പണിയാന്‍ ബാങ്കില്‍ നിന്നു പെറുക്കിപ്പെറുക്കി ലോണ്‍ എടുക്കണോ? Black up arrow

23. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി ടെക്നിക്കാലിയ എന്ന കടലാസുകമ്പനിയെ ഏര്‍പ്പെടുത്തിയതു് പണം തട്ടാനാണെന്നു് ആരോപണമുണ്ടായിരുന്നല്ലോ?

ഉ: ടെക്നിക്കാലിയ കടലാസുകമ്പനിയല്ല. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രോജക്റ്റുകള്‍ ഏറ്റെടുത്തു് വിജയകരമായി നടപ്പാക്കിയ കണ്‍സല്‍ട്ടിങ് കമ്പനിയാണതു്. ഗള്‍ഫ് രാജ്യങ്ങളില്‍ ഗവണ്‍മെന്റ് മുന്‍കൈയില്‍ പണിത ആശുപത്രികളുടെ കോണ്ട്രാക്റ്റ് പോലും അവര്‍ക്കു കിട്ടിയിട്ടുണ്ടു്. ഇന്ത്യയില്‍ രാമചന്ദ്ര മെഡിക്കല്‍ കോളജും സായിബാബയുടെ ആശുപത്രികളും അടക്കം പണിതിട്ടുണ്ടു്.

കേരളത്തില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും എം വി രാഘവന്‍ സഹകരണമന്ത്രിയും ആയിരിക്കെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിയാരം സഹകരണ മെഡിക്കല്‍ കോളജിന്റെ പണിയാണു് ടെക്നിക്കാലിയ കേരളത്തില്‍ ആദ്യം ഏറ്റെടുത്തു് നടപ്പാക്കുന്ന പ്രോജക്റ്റ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കണ്‍സല്‍ട്ടിങ് കരാര്‍ ആണു് ടെക്നിക്കാലിയയ്ക്കു് നല്‍കിയതു്. തങ്ങളനുവദിക്കുന്ന പണം നേരാംവണ്ണമാണു് ചെലവാക്കുന്നതു് എന്നു് ഉറപ്പുവരുത്തേണ്ട ബാധ്യതയാണു് കണ്‍സല്‍ട്ടിങ് കമ്പനിക്കുള്ളതു്. ഈയിനത്തില്‍ ഒരുകോടിയോളം രൂപയാണു് ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ എത്തിയതു്. അതുകൂടി ചേര്‍ത്തു് ആകെ 13 കോടി രൂപയോളമാണു് എംസിസിക്കു് വിദേശസഹായമായി ലഭ്യമായതു് എന്നു് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. ആശുപത്രിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ലാവലിന്‍ കമ്പനി നേരിട്ടാണു് ചെയ്തതു്. Black up arrow

24. ടെക്നിക്കാലിയയില്‍ പിണറായി വിജയന്റെ ഭാര്യക്കു് ഓഹരി പങ്കാളിത്തമില്ലേ?

ഉ: ഇല്ല. കമ്പനിയുടെ ഉടമസ്ഥതാരേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാണു്. 

No comments:

Post a Comment